"എംസി റോഡ് കണക്ട്സ്" നവദമ്പതികളുടെ സംഗീത യാത്ര

പാട്ട് പാടാനും കേള്‍ക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ കോട്ടയംകാരിയും ഭര്‍ത്താവ് വിശാഖും ചേര്‍ന്ന് പുറത്തിറക്കിയ മാഷപ്പ് വീഡിയോ പ്രേക്ഷക ശ്രദ്ധനേടുന്നു.

"എംസി റോഡ് കണക്ട്സ്" നവദമ്പതികളുടെ സംഗീത യാത്ര

കൈരളി ചാനല്‍ നടത്തുന്ന  'മാമ്പഴം' എന്നറിയാലിറ്റി ഷോയിലെവിജയിയാണ് സൂര്യ. പാട്ട് പാടാനും കേള്‍ക്കാനും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ കോട്ടയംകാരിയും ഭര്‍ത്താവ് വിശാഖും ചേര്‍ന്ന്  പുറത്തിറക്കിയ മാഷപ്പ് വീഡിയോ പ്രേക്ഷക ശ്രദ്ധനേടുന്നു.

തങ്ങള്‍ ഏറെ ആരാധിക്കുന്ന എആര്‍ റഹ്മാൻ പാട്ടുകൾ ചേർത്തുവച്ചൊരു വീഡിയോയാണ് കോഴിക്കോട് എൻഐടിയിൽനിന്ന് ബിടെക് പൂർത്തിയാക്കിയ വിശാഖും ഫിസിക്സിൽ ബിരുദാനന്തര ബിരുദമെടുത്ത സൂര്യയും ചേര്‍ന്ന് പുറത്തിറക്കിയിരിക്കുന്നത്.


https://youtu.be/MfG8N-2ubp0

"വിവാഹ ജീവിതത്തിലേക്ക് കടക്കണമെന്നാഗ്രഹിച്ചപ്പോൾ വിശാഖ് ആഗ്രഹിച്ചത് സംഗീതമിഷ്ടപ്പെടുന്ന, പാട്ടു പാടാനറിയുന്ന ഒരു പെണ്‍കുട്ടിയെയായിരുന്നു. എനിക്കും അങ്ങനെ തന്നെ. ചെറുപ്പം തൊട്ടേ കലാരംഗത്തോട് ഒരുപാടിഷ്ടം. പ്രസംഗവും പാട്ടും കഥാപ്രസംഗവും വയലിൻ വായനയുമൊക്കെയായി വിദ്യാർഥി ജീവിതം അടിച്ചുപൊളിച്ചതാണ്. പെട്ടെന്ന് വിവാഹജീവിതത്തിലേക്ക് കടക്കേണ്ടി വന്നപ്പോൾ നിബന്ധന ഒന്നേയുണ്ടായിരുന്നുള്ളൂ. എന്റെ ഈ ആഗ്രഹങ്ങൾക്ക് എതിരു പറയാത്ത ആളായിരിക്കണം. എന്തായാലും അങ്ങനെ തന്നെ സംഭവിച്ചു. രണ്ടു പേരുടേയും ഇഷ്ടം ഒന്നായതിനാൽ എന്നെങ്കിലുമൊരുനാൾ പാട്ടിനൊപ്പം പൂർണമായും കൂടണം. ഈ കവർ‌ വേർഷൻ കണ്ടിട്ട് കുറച്ചിടങ്ങളിൽ നിന്നൊക്കെ പരിപാടി അവതരിപ്പിക്കുവാൻ ക്ഷണമെത്തി. അതിന്റെ സന്തോഷത്തിലാണിപ്പോൾ. ഹംസധ്വനി വിശാഖിന് ഏറെയിഷ്ടമുള്ള രാഗമാണ്. റഹ്മാനെയും ഒരുപാടിഷ്ടമാണ്. അതുകൊണ്ടാണ് പാട്ടുലോകത്തേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടപ്പോൾ ഈ രണ്ട് ഇഷ്ടങ്ങളും ഒന്നിച്ചു വന്ന പാട്ട് തിരഞ്ഞെടുത്തത്. ആസ്വാദകരുടെ നല്ല വാക്കുകൾ ആത്മവിശ്വാസം പകരുന്നുണ്ട്. കവിതയെഴുതാറുണ്ട്. സ്വന്തമായി എഴുതി ഈണമിട്ട മ്യൂസികൽ വിഡിയോയാണ് അടുത്ത സ്വപ്നം." സൂര്യ പറയുന്നു.

ഇരുവരും ചേർന്നൊരു പേജും തുടങ്ങിയിട്ടുണ്ട്. "എംസി റോഡ് കണക്ട്സ്" എന്നാണ് ഫേസ്ബുക്ക് പേജിന് പേരിട്ടിരിക്കുന്നത്. ഇത് മറ്റൊന്നും കൊണ്ടല്ല. തിരുവനന്തപുരത്തെ വിശാഖിന്റെ വീട്ടിൽ നിന്ന് കോട്ടയത്തെ സൂര്യയുടെ വീട്ടിലെത്തണമെങ്കില്‍ മാർഗം എംസി റോഡ് ആണ്. കൗതുകമുള്ള പേരിട്ട ഈ ഫേസ്ബുക്ക് പേജ് ഒരിക്കൽ ബാൻഡായി വളർത്തുകയെന്ന ആശയവും ഇരുവരുടെയും മനസിലുണ്ട്

Story by