ഡിഫ്ത്തീരിയക്കുള്ള ആന്റിടോക്‌സിന്റെ സ്‌റ്റോക്ക് തീര്‍ന്നു; വാര്‍ത്ത ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നാരദ ന്യൂസ്; മരുന്നെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ കെ ശൈ�

ആന്റിടോക്‌സിന് പുറമെ ഡിഫ്ത്തീരിയ പ്രതിരോധ മരുന്നായ ടി.ഡി വാക്സിനും വേണ്ടത്ര സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഡിഫ്ത്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ നൂറ് ശതമാനം പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ 1 32000 കുട്ടികള്‍ക്കും ഡിഫ്ത്തീരിയ രോഗലക്ഷണമുള്ളവരുമായി ബന്ധപ്പെടുന്ന ഡോക്ടര്‍മാര്‍, രോഗിയുടെ ബന്ധുക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമുണ്ട്.

ഡിഫ്ത്തീരിയക്കുള്ള  ആന്റിടോക്‌സിന്റെ  സ്‌റ്റോക്ക് തീര്‍ന്നു; വാര്‍ത്ത ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി നാരദ ന്യൂസ്; മരുന്നെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കെ കെ ശൈ�

കോഴിക്കോട്: മലപ്പുറം ജില്ലയില്‍ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഡിഫ്ത്തീരിയ രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ രാജ്യത്ത് രോഗത്തിനുള്ള ആന്റിടോക്സിന്‍  മരുന്നിന്റെ സ്‌റ്റോക്ക് തീര്‍ന്നു. ഡല്‍ഹിയില്‍ അവശേഷിച്ചിരുന്ന മരുന്നെല്ലാം കേരളത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് രാജ്യത്ത് ഇതിന്റെ ലഭ്യത ഇല്ലാതായത്. ഡല്‍ഹിയില്‍ നിന്ന് എത്തിക്കുന്നതാകട്ടെ രാജ്യത്ത് ഡിഫ്ത്തീരിയ രോഗത്തിനായി കരുതിയിരുന്ന ആകെയുള്ള 50 വയല്‍ മരുന്ന് മാത്രമാണ്. 65000 രൂപ ചെലവ് വരുന്ന ഈ മരുന്ന് ഇന്ന് കേരളത്തിലെത്തും. മരുന്ന് അടിയന്തരമായി രാജ്യത്ത് എത്തിക്കണമെങ്കില്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.


ആന്റിടോക്‌സിന് പുറമെ ഡിഫ്ത്തീരിയ പ്രതിരോധ മരുന്നായ ടി.ഡി വാക്സിനും വേണ്ടത്ര സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഡിഫ്ത്തീരിയ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ നൂറ് ശതമാനം പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ 1,32,000 കുട്ടികള്‍ക്കും ഡിഫ്ത്തീരിയ രോഗലക്ഷണമുള്ളവരുമായി ബന്ധപ്പെടുന്ന ഡോക്ടര്‍മാര്‍, രോഗിയുടെ ബന്ധുക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമുണ്ട്. എന്നാല്‍ 50,000 ടി ഡി വാക്സിനുകള്‍ മാത്രമാണ് സംസ്ഥാനത്ത് ആകെ സ്റ്റോക്കുള്ളത്.

മരുന്ന് സ്‌റ്റോക്ക് തീര്‍ന്ന കാര്യം നാരദ ന്യൂസ് ആണ് ആരോഗ്യ  മന്ത്രി കെ കെ ശൈലജയുടെ ശ്രദ്ധയില്‍ പെടുത്തിയത്. മരുന്ന് സ്റ്റോക്കില്ലാത്തത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുന്നതെന്നും അടിയന്തരമായി അന്വേഷിച്ച് മരുന്ന് എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി നാരദ ന്യൂസിനോട് പറഞ്ഞു.

പ്രതിരോധ കുത്തിവെപ്പിലൂടെ ഡിഫ്ത്തീരിയ രോഗം നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്നു ആരോഗ്യ വകുപ്പ് നിഗമനത്തിലെത്തിയിരുന്നതിനാല്‍ രാജ്യത്ത് മരുന്നിന്റെ ഉത്പാദനം നിര്‍ത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ മരുന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുകയോ  അല്ലെങ്കില്‍ രാജ്യത്ത് വീണ്ടും ഉത്പാദിപ്പിക്കുകയോ ചെയ്യേണ്ടി വരും. ഏതായാലും മരുന്ന് ലഭ്യമാകാന്‍ ഇനി ആഴ്ച്ചകള്‍ എടുക്കും. നിലവിലെ അവസ്ഥയില്‍ ഇന്ന് കേരളത്തിലെത്തുന്ന മരുന്ന് തീര്‍ന്നാല്‍ ഡിഫ്ത്തീരിയക്ക് ഇന്ത്യയില്‍ ചികിത്സയില്ലാതാകും.

ഡിഫ്ത്തീരിയ സ്ഥിരീകരിക്കുന്ന രോഗികള്‍ക്ക് ആന്റിടോക്സിന്‍ ലഭ്യമല്ലെങ്കില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കുറച്ച് കാലം മാത്രമേ ജീവന്‍ നില നിര്‍ത്താന്‍ കഴിയൂ. വ്യത്യസ്ത ദിവസങ്ങളിലായി പത്ത് വയല്‍ ആന്റിടോക്സിന്‍ ആണ് ഒരു രോഗിക്ക് വേണ്ടത്. ചില സാഹചര്യങ്ങളില്‍ കൂടുതല്‍ മരുന്ന് ആവശ്യമായി വന്നേക്കാം. ഇങ്ങിനെ നോക്കിയാല്‍ അഞ്ച് രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ രാജ്യത്തുള്ളു എന്നതാണ് സ്ഥിതി.

രാജ്യത്ത് മലപ്പുറം ജില്ലയില്‍ മാത്രമാണ് ഡിഫ്ത്തീരിയ കണ്ടെത്തിയിട്ടുള്ളതും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുളളതും. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ അഞ്ചു രോഗികള്‍ക്ക് ഡിഫ്ത്തീരിയ രോഗലക്ഷണം കാണുകയും  രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനു പുറകെ ഈ വര്‍ഷവും ജില്ലയില്‍ അഞ്ചു പേര്‍ക്ക് രോഗലക്ഷണം കാണുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിഫ്ത്തീരിയ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ച 50 വയല്‍ ആന്റിടോക്സിന്‍ മരുന്ന് കൊണ്ടാണ് ഇതുവരെ ചികിത്സ  നടത്തിയത്. ഈ മരുന്ന് തീര്‍ന്നതോടെയാണ് ഡല്‍ഹിയില്‍ സൂക്ഷിച്ചിരുന്ന 50 വയല്‍ ആന്റിടോക്സിനും കോഴിക്കോട് ഇന്നെത്തിക്കുന്നത്.