'ഓം' മുദ്രണം ചെയ്ത ചെരുപ്പ് വിറ്റതിനു പാകിസ്ഥാനില്‍ കടയുടമ അറസ്റ്റില്‍

ചെരുപ്പ വില്‍പ്പന കൂട്ടാന്‍ വേണ്ടിയുള്ള നൂതന ആശയം പ്രയോഗിച്ച കടയുടമ ഒടുവില്‍ ജയിലിലായി

'ഓം' എന്ന് മുദ്രണം ചെയ്ത ചെരുപ്പ് വിറ്റതിനു പാകിസ്ഥാനില്‍ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കടയുടമയാണ് അറസ്റ്റിലായത്.

ഹൈന്ദവ വിശ്വാസത്തില്‍ അതിവിശുദ്ധ നല്‍കപ്പെട്ടിരിക്കുന്ന വാക്കാണ്‌ 'ഓം'. മന്ത്രങ്ങളിലും പ്രാര്‍ത്ഥനയിലും ഉപയോഗിക്കുന്ന ഈ വാക്കിനെ, ചെരുപ്പില്‍ മുദ്ര ചെയ്തു വില്‍പ്പന നടത്തിയത് വഴി, തങ്ങളുടെ വിശ്വാസത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് രാജ്യത്തെ ന്യൂനപക്ഷത്തിന്‍റെ പരാതിയിന്മേലാണ് കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തത്.


"കടയുടമ തെറ്റ് സമ്മതിച്ചിട്ടുണ്ട്. ഓം മുദ്ര ചെയ്ത ചെരുപ്പുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. വിശദമായ തുടര്‍അന്വേഷണം പോലീസ് നടത്തി വരികയാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്." പാകിസ്ഥാന്‍ ഹിന്ദു കൗണ്‍സില്‍ മേധാവി രമേശ്‌ കുമാര്‍ വാങ്ക്വനി മാധ്യമങ്ങളോട് പറഞ്ഞു.

"ഏതെങ്കിലും ഒരു സമൂഹത്തെയോ, മതത്തെയോ അപമാനിക്കുന്നത് അധാര്‍മ്മികതയാണ്. അത് ഭൂരിപക്ഷമോ, ന്യൂനപക്ഷമോ ആയിക്കൊള്ളട്ടെ, എല്ലാവര്‍ക്കും അവരവരുടെ വിശ്വാസം സംരക്ഷിക്കപെടണം."

"ഹിന്ദുക്കള്‍ക്ക് അപമാനം സൃഷ്ടിച്ച ഈ സംഭവത്തെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഗൗരവമായി കാണണം. ഈശ്വര നിന്ദ നടത്തിയവര്‍ക്ക് രാജ്യം അനുയോജ്യമായ ശിക്ഷ നല്‍കണം" എന്നും രമേശ്‌കുമാര്‍ പറഞ്ഞു.

പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ അധികമായി താമസിക്കുന്ന സിന്ധ് പ്രവിശ്യയില്‍ സമാനമായ സംഭവങ്ങള്‍ മുന്പും നടന്നതായി പാകിസ്ഥാനി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തു.

Read More >>