പവിഴദ്വീപുകളിൽ നിന്നൊരു ഡയറിക്കുറിപ്പ്

നമ്മുടെ ഇൻഡ്യയുടെ തൊട്ടടുത്തുള്ള അയൽരാജ്യമാണ് മാലദ്വീപ് അല്ലെങ്കിൽ മാൽഡീവ്‌സ്. മാലദ്വീപ് യാത്രാവിവരണം- രഞ്ജിനി സുകുമാരൻ എഴുതുന്നു.

പവിഴദ്വീപുകളിൽ നിന്നൊരു ഡയറിക്കുറിപ്പ്

രഞ്ജിനി സുകുമാരൻ

പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾക്കിടയിൽ നിന്ന് ഒരൽപം കൂടി താഴ്ന്നു പറക്കുകയാണ് എയർ ഇൻഡ്യ ഫ്‌ളൈറ്റ്. ജനലിലൂടെ ഞാൻ താഴേയ്ക്കു നോക്കി. താഴെ നിഗൂഡ സൗന്ദര്യമെല്ലാം ആഴങ്ങളിലൊളിപ്പിച്ച് അലയടിച്ചുയരുന്ന ഇൻഡ്യൻ മഹാസമുദ്രം. നീലത്തിലരമാലകൾക്കിടയിൽ പച്ചത്താമര ഇലകൾ പോലെ പൊങ്ങിക്കിടക്കുന്നതെന്താണ്...? വൃത്താകൃതിയിൽ കടലിൽ ചിതറിക്കിടക്കുന്ന പവിഴ ദ്വീപുകളാണവ. മാലദ്വീപിലെ മനോഹരമായ പവിഴ ദ്വീപുകൾ!

നമ്മുടെ ഇൻഡ്യയുടെ തൊട്ടടുത്തുള്ള അയൽരാജ്യമാണ് മാലദ്വീപ് അല്ലെങ്കിൽ മാൽഡീവ്‌സ്. എന്നാൽ ഈ രാജ്യത്തെക്കുറിച്ചറിയാവുന്നവർ അധികമില്ല. ലോകത്തിലെ തന്നെ ഏറ്റവും രമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മാലദ്വീപ്. ഔദ്യോഗിക പേര് റിപ്പബ്‌ളിക് ഓഫ് മാൽഡീവ്‌സ് എന്നാണ്. ഇൻഡ്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കു പടിഞ്ഞാറായി ഏകദേശം 700 കിലോ മീറ്റർ അകലെയാണീ രാജ്യം. ഇൻഡ്യയുമായി അടുത്ത ബന്ധമുള്ള രാജ്യമാണിത്. ആയിരത്തിലേറെ ചെറു ദ്വീപുകൾ ചേർന്ന് ഒരു മാല പോലെ കാണപ്പെടുന്നതു കൊണ്ടാണ് മാലദ്വീപ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.


ഇവിടുത്തെ ഭാഷയാണ് 'ദിവേഹി'. ഈ ഭാഷയിലെ പല വാക്കുകൾക്കും മലയാളത്തോടും തമിഴിനോടും ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ വംശപാരമ്പര്യം നമ്മൾ മലയാളികളിൽ നിന്നോ തമിഴരിൽ നിന്നോ ആണ്. നൂറുകണക്കിനു വർഷങ്ങൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിന്നുള്ളവരാരോ കടലിൽ പോയി എങ്ങനെയോ വഴി തെറ്റി ഈ ദ്വീപുകളിലെത്തുകയും വർഷങ്ങൾക്കു ശേഷം ഒരു പുതിയ രാജ്യവും സംസ്‌കാരവുമൊക്കെയായി മാറിയതാവാം.

maldives_1പ്രാചീന മാലദ്വീപുകാർ ബുദ്ധമത വിശ്വാസികളായിരുന്നു. അറബി വ്യാപാരികൾ വഴിയാണ് ഇവർ മുസ്‌ളീം മതത്തെയറിഞ്ഞത്. ഇന്ന് മാലദ്വീപ് പൂർണ്ണമായും ഒരു മുസ്‌ളീം രാജ്യമാണ്. മറ്റൊരു മതങ്ങളുടെയും ആചാരങ്ങളോ ആരാധനാലയങ്ങളോ ഇവിടെ അനുവദനീയമല്ല. വർഷങ്ങൾക്കു മുൻപിവിടെ രാജഭരണമായിരുന്നുണ്ടായിരുന്നത്. 1153 ലാണ് അവസാനത്തെ രാജാവും ബുദ്ധമതമുപേഷിച്ച് ഇസ്‌ളാം മതം സ്വീകരിച്ചത്. പോര്‍ച്ചുഗീസുകാര്‍ ആധിപത്യമുറപ്പിച്ചിരുന്ന ഈ രാജ്യത്തെ രക്ഷിച്ചത് മുഹമ്മദ് തക്രു ഫാനു എന്ന വിപ്ളവകാരിയുടെ ശ്രമഫലമായാണ്. 1563 ല്‍ അദ്ദേഹം പോര്‍ച്ചുഗീസുകാരെ ഇവിടെ നിന്ന് ഉന്‍മൂലനം ചെയ്തു. അദ്ദേഹത്തെക്കുറിച്ച് ഇവിടെ പാഠപുസ്തകങ്ങളിൽ പഠിയ്ക്കുന്നു, ദേശീയ ദിനമായും ആചരിയ്ക്കുന്നു. പോർച്ചുഗീസുകാരു നാടു കടന്നപ്പോൾ ഇവിടെ ഡച്ചുകാർ മേൽക്കോയ്മ നേടി. ഇതിനിടയിൽ ബ്രിട്ടീഷുകാരും ഇവിടെയെത്തി. ശ്രീലങ്കയിൽ നിന്നും മാലദ്വീപിൽ നിന്നും ഡച്ചുകാരെ തുരത്തിയ ബ്രിട്ടൻ ഇവിടെ ഭരണം ഏറ്റെടുത്തു. ഇവിടെ സുൽത്താൻ ഭരണമൊക്കെയുണ്ടായിരുന്നെങ്കിലും നമ്മുടെ ഇൻഡ്യയെ പോലെ തന്നെ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു മാലദ്വീപും .

1965 ജൂലൈ 25 നാണ് മാലദ്വീപ് ബ്രിട്ടീഷ് ഭരണത്തിൽ നിന്നു മോചിതയായി സ്വാതന്ത്രം നേടിയത്. 1968 ൽ രാജവാഴ്ചയും അവസാനിച്ചു , ആദ്യ പ്രസിഡൻറായി ഇബ്രാഹിം നസീർ അധികാരത്തിലെത്തി. സാമ്പത്തികമായി അന്നു വളരെ താഴ്ന്നു നിന്നിരുന്ന മാലദ്വീപിലെ പ്രധാന വരുമാനം മത്സ്യസമ്പത്ത് മാത്രമായിരുന്നു. അങ്ങനെ രാജ്യമാകെ തകർന്ന അവസ്ഥയിൽ പ്രസിഡൻറായിരുന്ന നസീർ ലക്ഷക്കണക്കിനു ഡോളറുമായി സിംഗപ്പൂരിലേക്ക് കടന്നു കളഞ്ഞു. അങ്ങനെ അനാഥമാക്കപ്പെട്ട രാജ്യം മൗമൂൺ അബ്ദുൾ ഗയും ഏറ്റെടുത്തു , 1978 മുതൽ അദ്ദേഹം പ്രസിഡൻറായി ഭരണം തുടർന്നു. അങ്ങനെ ഒരുപാടു രാഷ്ട്രിയക്കളികളും അധികാര പോരാട്ടങ്ങളുമൊക്കെ നടക്കുന്ന ഈ രാജ്യത്തെ ഇപ്പോഴത്തെ പ്രസിഡൻറ് അബ്ദുള്ള യമീൻ അബ്ദുള്ള ഗയൂം ആണ്.ഭീകരവിരുദ്ധ കുറ്റം ചുമത്തി 13 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മുൻ പ്രസിഡൻറ് മുഹമ്മദ് നഷീദ് ഇന്ന് ബ്രിട്ടനിലഭയം കണ്ടെത്തിയിരിക്കുകയാണ്. ഇപ്പോഴും ഏകാധിപത്യം നില നിൽക്കുന്ന രാജ്യമല്ലേയിതെന്നു നമുക്ക് തോന്നാം.

maldives_3ഇതൊക്കെയാണ് ഈ പവിഴ ദ്വീപുകളുടെ പിന്നിലെ ചരിത്ര കഥകൾ. നമ്മുടെ അയൽപക്കത്തുള്ള ഈ സുന്ദരമായ രാജ്യം തീർച്ചയായും സന്ദർശിക്കണം. തിരുവനന്തപുരത്തു നിന്നും എല്ലാ ദിവസവും ഫ്‌ളൈറ്റുണ്ട്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഫ്‌ളൈറ്റ് ശ്രീലങ്ക വഴിയാണ് പോകുന്നത്. ഏകദേശം ഒരു മണിക്കൂർ മാത്രം യാത്രയാണ് തിരുവന്തപുരത്ത് നിന്നുള്ളത്. താഴെ നീലയും പച്ചയും കലർന്ന നിറത്തിൽ ശാന്തമായ കടലും ദ്വീപുകളുമൊക്കെ കണ്ട് സമയം പോയതറിഞ്ഞില്ല. മാലെ ഇൻറർനാഷണൽ എയർപോർട്ടിലെത്തിയിരിക്കുന്നു. ഒരു ചെറിയ ദ്വീപു മുഴുവനായി എയർപോർട്ടാണ്. പല രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ നിറഞ്ഞ എയർപോർട്ട്. ഇവിടെ എത്തിയതിനു ശേഷമാണ് ടൂറിസ്റ്റ് വിസ കിട്ടുന്നത്. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Maldives Visa site സന്ദർശിയ്ക്കുക.

അങ്ങനെ ഇമിഗ്രേഷൻ ഫോർമാലിറ്റീസൊക്കെ കഴിഞ്ഞ് ഞാൻ പുറത്തേയ്ക്ക് വന്നു. എയർപോർട്ടിനടുത്തുള്ള മറ്റൊരു ദ്വീപാണ് ക്യാപ്പിറ്റൽ സിറ്റി. ബോട്ടു ജെട്ടിയുടെയടുത്തുള്ള കൗണ്ടറിൽ നിന്ന് 5 റുഫിയ കൊടുത്തു ടിക്കറ്റ് വാങ്ങി. ഓരോ 10 മിനിട്ട് കൂടുമ്പോഴും യാത്രാ ബോട്ട് വരും. 15 മിനിട്ട് കൊണ്ടു ക്യാപിറ്റൽ സിറ്റിയിലെത്താം. എയർപോർട്ടിൽ നിന്നിറങ്ങിയവരുടെ തിരക്കാണ് ബോട്ടു ജട്ടിയിൽ...ഒരുപാടു മലയാളികളുമുണ്ടിവിടെ....പുതിയൊരു നാടിനെയും സംസ്‌കാരത്തെയും അടുത്തറിയാൻ പോവുകയാണ് ഞാൻ. അങ്ങകലെ നിന്നു ഓളപ്പരപ്പിനെ കീറിമുറിച്ച് എനിയ്ക്കു പോകേണ്ട ഫെറി ബോട്ടു വരുന്നതു നോക്കി ഞാൻ നിന്നു....!

Story by