ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തി

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി രജത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പാന്‍മസാല വില്‍പ്പനക്കാരനുമായി വാക്കു തര്‍ക്കത്തിൽ ഏർപ്പെട്ടതായും തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: മലയാളിയായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയെ ഡല്‍ഹിയില്‍ പാന്‍മസാല വില്‍പ്പനക്കാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പാലക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണൻ - കൃഷ്ണ ദന്പതികളുടെ  മകൻ രജത് ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ വൈകീട്ട് രജത് ഉള്‍പ്പെടെയുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് മര്‍ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് പാന്‍മസാല കച്ചവടക്കാരന്‍ മര്‍ദിച്ചത്. മര്‍ദനത്തിനിടെ ബോധം നഷ്ടപ്പെട്ട രജതിനെ അക്രമികള്‍ തന്നെ ആണ് സമീപത്തുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി രാത്രിയോടെയാണ് മരിച്ചത്.


വിദ്യാർത്ഥികളെ മർദ്ദിച്ചത് പ്രദേശത്തെ പാൻ മസാല കച്ചവടക്കാരനായ അലോക് ആണന്ന് പ്രദേശവാസികൾ പറഞ്ഞു. പൊലീസുകാരെ തല്ലിയതടക്കം നിരവധി കേസുകള്‍ പാന്‍മസാല വിൽപ്പനക്കാരനെതിരെ നിലനില്‍ക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ക്ക് സ്ഥലത്തെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് മലയാളി അസോസിയേഷന്‍ ആരോപിച്ചു.  ഇന്നലെ രാത്രി മുതൽ നൂറോളം വരുന്ന മലയാളികൾ  ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കാണോ തുടർ നടപടി സ്വീകരിക്കാനോ എസ്ഐ തയ്യാറായില്ലെന്നും ഇവർ പറഞ്ഞു. പ്രദേശത്ത് ഇത്തരത്തിലൊരു അക്രമം നടന്നില്ലെന്ന നിപാടാണ് എസ്ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഡൽഹി പൊലീസ് ഡൽഹി സർക്കാരിന്റെ കീഴിലായിരുന്നെങ്കിൽ നിഷക്രിയത്വം തുടരില്ലായിരുന്നു എന്നും പൊലീസ് നടപടി കൂടുതൽ സുതാര്യവും വേഗത്തിലുള്ളതും ആകുമായിരുന്നു എന്നും ഇവർ അഭിപ്രായപ്പെട്ടു.

ആംആദ്മി എംഎൽഎ മനോജ് കുമാർ സ്ഥലത്തെത്തി പൊലീസ് നടപടി വേഗത്തിലാക്കുമെന്ന ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധിച്ചവർ പിരിഞ്ഞ് പോയത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.

ആലത്തൂർ എംപി പികെ ബിജു  ആശുപത്രിയിൽ എത്തി ബന്ധുക്കളെ സന്ദർശിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായി എംപി കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തി.

Story by