മൃതദേഹം സംസ്‌കരിക്കാത്ത ആറ്റാമംഗലം പള്ളി അധികൃതരുടെ നിലപാട് തെറ്റല്ല; തിമോത്തിയോസിനെതിരെ ശ്രേഷ്ഠ കാതോലിക്ക ബാവ

'കുമരകം ആറ്റാമംഗലം പള്ളി അധികൃതരുടെ നിലപാട് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് വ്യക്തമായ കീഴ്‌വഴക്കങ്ങളുണ്ട്. പള്ളിക്കമ്മിറ്റിക്ക് അവിടത്തെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാകൂ. ഉന്നത വ്യക്തികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കാന്‍ സഭയ്‌ക്കോ ഇടവകാംഗങ്ങള്‍ക്കോ സാദ്ധ്യമായെന്നു വരില്ല'- ശ്രേഷ്ഠ കാതോലിക്കബാവ തോമസ് പ്രഥമന്‍ പറഞ്ഞു.

മൃതദേഹം സംസ്‌കരിക്കാത്ത ആറ്റാമംഗലം പള്ളി അധികൃതരുടെ നിലപാട് തെറ്റല്ല; തിമോത്തിയോസിനെതിരെ ശ്രേഷ്ഠ കാതോലിക്ക ബാവ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് മലങ്കര യാക്കോബായ സഭയില്‍ ഉടലെടുത്ത വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ശവസംസ്‌കാര ചടങ്ങ് നടത്താന്‍ അനുമതി നല്‍കാത്ത കുമരകം പള്ളിയുടെ നിലപാടിനെ വിമര്‍ശിച്ച കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസിനെതിരെ ശ്രേഷ്ഠ കാതോലിക്ക ബാവ രംഗത്തെത്തി. തിമോത്തിയേസിന്റെ നിലപാട് തള്ളിയും കുമരകം പള്ളിയുടെ കമ്മിറ്റിക്കാരെ പിന്തുണച്ചും ബാവ പ്രസ്താവനയും നടത്തി.


'കുമരകം ആറ്റാമംഗലം പള്ളി അധികൃതരുടെ നിലപാട് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് വ്യക്തമായ കീഴ്‌വഴക്കങ്ങളുണ്ട്. പള്ളിക്കമ്മിറ്റിക്ക് അവിടത്തെ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാനാകൂ. ഉന്നത വ്യക്തികളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്കാന്‍ സഭയ്‌ക്കോ ഇടവകാംഗങ്ങള്‍ക്കോ സാദ്ധ്യമായെന്നു വരില്ല'- ശ്രേഷ്ഠ കാതോലിക്കബാവ തോമസ് പ്രഥമന്‍ പറഞ്ഞു. കോട്ടയം ഭദ്രാസന സംരക്ഷണസമിതിയും തിമോത്തിയോസിന്റെ നിലപാട് ചോദ്യം ചെയ്തതോടെ വിവാദത്തില്‍ തിമോത്തിയോസ് ഒറ്റപ്പെട്ടരിക്കുകയാണ്.

പള്ളിയുടെ നിപാടിനെതിരെ പ്രതികരിച്ച തിമോത്തിയോസിന്റെ നിലപാടിനെ ചോദ്യം ചെയ്തു കുമരകം ആറ്റാമംഗലം പള്ളി അധികാരികള്‍ വികാരിയുടെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തുവന്നിരുന്നു. കോട്ടയത്ത് ഭദ്രാസന സംരക്ഷണസമിതിയും തിമോത്തിയോസിനെതിരെ രംഗത്തെത്തി. കുമരകം പള്ളി അധികൃതരുടെ വാദം കാതോലിക്ക ബാവയും അംഗീകരിച്ചതോടെ ഈ വിഷയത്തില്‍ തിമോത്തിയോസിനെ പിന്തുണയ്ക്കാന്‍ സഭയില്‍ ആരുമില്ലെന്നായിരിക്കുകയാണ്.

തിമോത്തിയോസിനെ ഭദ്രാസന ചുമതലയില്‍ നിന്നൊഴിവാക്കിയ സുന്നഹദോസ് തീരുമാനം മരവിപ്പിച്ച നടപടി താത്കാലികം മാത്രമാണെന്നും അവസാന തീരുമാനം എടുക്കാനും അന്വേഷണം തുടരാനും അഞ്ചംഗ സമിതിയെ നിയോഗിച്ചെന്ന വസ്തുത ബിഷപ് മറച്ചുവച്ചെന്നും ഭദ്രാസന സംരക്ഷണസമിതി ആരോപിച്ചു. തിമോത്തിയോസിനെതിരെ ഭദ്രാസനത്തിലെ 41 പള്ളികളിലെ 47 വൈദികര്‍ ഒപ്പിട്ടു നല്‍കിയ പരാതിയാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്ന് സമിതി പ്രസിഡന്റ് റെജി ചാലക്കുഴി, സെക്രട്ടറി അനില്‍ കെ. കുര്യന്‍ എന്നിവര്‍ പറഞ്ഞു.

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്‌കാരം തടഞ്ഞ കുമരകം പള്ളി അധികാരികളുടെ നടപടി അക്രൈസ്തവമാണെന്നും സംസ്‌കാരം നിഷേധിച്ചത് മനുഷ്യാവകാശ ധ്വംസനമാണെന്നും ബിഷപ് തിമോത്തിയോസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇതിനിടെ കോട്ടയം ഭദ്രാസന ചുമതലകളില്‍ നിന്ന് ബിഷപ്പിനെ ആറ് മാസത്തേക്ക് ഒഴിവാക്കിയ നടപടി പാത്രിയാര്‍ക്കിസ് ബാവ ഇടപെട്ട് മരവിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി സഭയിലെ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്.