സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് ഉണ്ടാകരുതെന്ന് ഹൈക്കോടതി

യുപി വരെ മിക്‌സഡ് സമ്പ്രദായം പ്രോത്സാഹിപ്പിക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് ഉണ്ടാകരുതെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പ്രൈമറി തലത്തില്‍ ബോയ്‌സ് സ്‌കൂളില്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും തിരിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ വിദ്യാഭ്യാസ ഓഫിസറുടെയോ പ്രത്യേകാനുമതിപോലും ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്താതെ ഇക്കാര്യത്തില്‍ മാറ്റം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


പാലക്കാട് കുനിശേരി സീതാറാം യുപി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ മകള്‍ക്കു പ്രവേശനം നിഷേധിച്ചതിനെതിരെ കുനിശേരി സ്വദേശി ജയശ്രീ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് വി.ചിദംബരേഷിന്റെ ഉത്തരവ്. മൂത്തമകന്‍ പഠിക്കുന്ന അതേ സ്‌കൂളില്‍ മകളെ ചേര്‍ക്കാനാണു കുട്ടിക്കു പ്രവേശനം തേടിയത്. എന്നാല്‍, വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമെന്നു പറഞ്ഞു ഹെഡ്മാസ്റ്റര്‍ അപേക്ഷ തള്ളുകയായിരുന്നുവെന്നും രക്ഷകര്‍ത്താവ് വ്യക്തമാക്കി.

യുപി വരെ മിക്‌സഡ് സമ്പ്രദായം പ്രോത്സാഹിപ്പിക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ''കുട്ടികള്‍ക്കിടയില്‍ സാഹോദര്യവും അച്ചടക്കവും ധാര്‍മികതയും വളരാന്‍ ഒന്നിച്ചുള്ള പഠനം സഹായകമാണ്. ആരോഗ്യകരമായ സാഹചര്യമൊരുക്കാന്‍ ഇതു നല്ലതാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു നിര്‍ത്തുന്നതു വളര്‍ച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ദോഷമാണ്.'' കോടതി പറയുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേക സാഹചര്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി പ്രവേശനം പരിമിതിപ്പെടുത്താമെന്നും പ്രത്യേക സാഹചര്യമില്ലെങ്കില്‍ നിയന്ത്രണം എടുത്തുകളയാമെന്നും കോടതി സൂചിപ്പിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ ഗേള്‍സ് സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കു പരിമിതപ്പെടുത്താമെന്നും എന്നാല്‍, പരിസരത്തു മറ്റു ബോയ്‌സ് സ്‌കൂള്‍ ഇല്ലെങ്കില്‍ ഏഴുവരെ ക്ലാസുകളില്‍ 12ല്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളെ ചേര്‍ക്കാമെന്നും കോടതി പറഞ്ഞു. 12 വയസ്സു പൂര്‍ത്തിയാകുന്നതോടെ അക്കാദമികവര്‍ഷം കഴിയുമ്പോള്‍ സ്‌കൂള്‍വിട്ടു പോകണമെന്നും കോടതി പറഞ്ഞു.

Story by
Read More >>