മൂന്ന് തവണ ഒന്നാം സമ്മാനം അടിച്ചിട്ടും അനുഭവിക്കാന്‍ യോഗമുണ്ടായില്ല; സ്വാമി ലോട്ടറി വാങ്ങാന്‍ ചെലവിട്ടത് ലക്ഷങ്ങള്‍

മൂന്ന് തവണ ഒന്നാം സമ്മാനം അടിച്ചിട്ടും അനുഭവിക്കാന്‍ യോഗമുണ്ടായില്ല. ലോട്ടറി വാങ്ങാന്‍ ചെലവിട്ടത് ലക്ഷങ്ങള്‍ പക്ഷെ സ്വാമിക്ക് എഴുപത്തിയഞ്ചാം വയസിലും ഉറപ്പുണ്ട് 'ഒരു നാള്‍ ബമ്പറടിക്കും.'

മൂന്ന് തവണ ഒന്നാം സമ്മാനം അടിച്ചിട്ടും അനുഭവിക്കാന്‍ യോഗമുണ്ടായില്ല; സ്വാമി ലോട്ടറി വാങ്ങാന്‍ ചെലവിട്ടത് ലക്ഷങ്ങള്‍

 

തൃശൂര്‍ : പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ കുഞ്ചു നായര്‍ ആധിയിലാണ്. സര്‍ക്കാറിന് ലോട്ടറിയില്‍ വല്ല പുതിയ നയവുമുണ്ടോ എന്നാണ് അലട്ടുന്ന ആശങ്ക. ലോട്ടറിയുടെ വില കുറക്കുകയോ കൂട്ടുകയോ ചെയ്യുന്നതിലല്ല ഈ ആധി. ഏതെങ്കിലും ഒരു ലോട്ടറി നിരോധിച്ചാല്‍ ആ ദിവസം കുഞ്ചുനായര്‍ക്ക് ഇല്ലാതാകും. ഇപ്പോള്‍ കുഞ്ചുനായര്‍ക്ക് ദിവസങ്ങള്‍ ഞായറും തിങ്കളുമൊന്നുമല്ല, പൗര്‍ണ്ണമി, വിന്‍വിന്‍, കാരുണ്യ അങ്ങിനെയൊക്കെയാണ്. ദിവസങ്ങളുടെ പേരുകള്‍ മറന്നാലും ലോട്ടറി പേരുകള്‍ മറക്കില്ല. 'ആരെ കണ്ടാലു സ്വാമി ലോട്ടറി നീട്ടി പറയും. 'അടിക്കും സ്വാമി, ഒരെണ്ണം എടുത്തു നോക്കു..' കാണുന്നവരെയെല്ലാം സ്വാമി എന്നു വിളിക്കുന്നത് കൊണ്ട് സ്വാമിക്കും നാട്ടുകാര്‍ ഒരു പേരിട്ടു, ലോട്ടറി സ്വാമി. ഭാഗ്യ പരീക്ഷണത്തിനായി ലോട്ടറിയെടുത്ത് ലക്ഷങ്ങള്‍ നഷ്ടമായപ്പോഴാണ് ലോട്ടറി വില്‍പ്പനക്കാരനായി വേഷം കെട്ടിയത്.

ലോട്ടറി ഇറങ്ങിയ കാലം മുതലെ ഭാഗ്യപരീക്ഷണം ശീലമാക്കിയതാണ് ഇദ്ദേഹം. ഇനി അവസാന ശ്വാസം വരെ ലോട്ടറി ജീവിതത്തില്‍ ഉണ്ടാകുമെന്ന് തീരുമാനിച്ചിട്ടുണ്ട് മായന്നൂര്‍ മേനാത്ത് ശങ്കരനാരായണന്‍ എന്ന കുഞ്ചുനായര്‍. 75 കാരനായ കുഞ്ചുനായര്‍ക്ക് ലോട്ടറി ജീവിതമാണ്. ലോട്ടറി ഇറങ്ങാത്ത ഒരു ദിവസത്തെക്കുറിച്ച് സങ്കല്പിക്കാന്‍ പോലുമാകില്ല. ഭാഗ്യദേവത  മൂന്നു തവണ സ്വാമിക്ക്    ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നല്‍കി. പക്ഷെ ഒന്നാം സമ്മാനം  അടിച്ചിട്ടും അത്    അനുഭവിക്കാനുള്ള യോഗം കുഞ്ചുനായര്‍ക്കുണ്ടായില്ല.

പതിനേഴ് വര്‍ഷം മുമ്പ് കേരള ലോട്ടറിയുടെ ബുക്ക് മൊത്തം വാങ്ങി ഭാരതപ്പുഴയിലൂടെ മായന്നൂരിലേക്ക് പോകുമ്പോള്‍ ഒരാള്‍ ഒരു ടിക്കറ്റ് ചോദിച്ചു. ഇഷ്ടമില്ലാഞ്ഞിട്ടും ഒരു ടിക്കറ്റ് നല്‍കി. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് സ്വാമി ഞെട്ടിയത്. തലേന്ന് കൊടുത്ത ടിക്കറ്റിന് പത്തു ലക്ഷം. അതിന് മുമ്പൊരിക്കലും സ്വാമിക്ക് അഞ്ചുലക്ഷം അടിച്ചിരുന്നു.  കീറി പോയ  ടിക്കറ്റില്‍ സമ്മാനമുണ്ടാവില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഏജന്റ് വന്നു പറഞ്ഞത്. കീറിയ ടിക്കറ്റില്‍ ഒന്നാം സമ്മാനം. അന്ന് സ്വാമി രണ്ടാമതും കരഞ്ഞു.

1964 ല്‍ കര്‍ണ്ണാടക പോലീസില്‍ ചേര്‍ന്ന കുഞ്ചുനായര്‍ 25 വര്‍ഷത്തോളം ബാംഗ്ലൂര്‍ സിറ്റിയില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. ഇവിടെ നിന്ന് പെന്‍ഷനായി മാസം തോറും ലഭിക്കുന്ന എട്ടായിരം രൂപ ലോട്ടറിക്കായി ചിലവിടും. ഇതിനകം ലോട്ടറി എടുക്കാനായി ചിലവഴിച്ചത് ലക്ഷക്കണക്കിനു രൂപയാണ്. ലോട്ടറിയെടുത്ത വകയിലെ കടം വീട്ടാനായി മായന്നൂരിലെ ഒരേക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റു. പിന്നീട് പുഴയോരത്ത് പന്ത്രണ്ട് സെന്റ്, പതിനെട്ട് പറ നെല്ലു വിളഞ്ഞിരുന്ന പാടവും ലോട്ടറി കടം വീട്ടാന്‍ വിറ്റു. വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലാതായപ്പോള്‍ സ്വാമി ലോട്ടറി ഏജന്റായി. ടിക്കറ്റുകള്‍ വാങ്ങി   നടന്നു വില്‍ക്കും. സമ്മാനം പ്രതീക്ഷിച്ച് അധികം ടിക്കറ്റുകളും മാറ്റി വെയ്ക്കും.ആറുകൊല്ലം മുമ്പ് സ്വാമി ഇങ്ങനെ മാറ്റി വെച്ച ഒരു ടിക്കറ്റും വഴിയോരത്ത് കച്ചവടം ചെയ്യുന്ന ഒരാള്‍ ചോദിച്ചു വാങ്ങി. അതിലും സ്വാമിക്ക് പോയത് 21 ലക്ഷം. അങ്ങനെ മൂന്നാം തവണയും ഒന്നാം സമ്മാനം സ്വാമിയെ കൈവിട്ടു.

അടുത്ത കാലത്താണ് ഒരു കൊച്ചു വീട് സ്വന്തമാക്കിയത്.    21 ലക്ഷം മറ്റൊരാള്‍ക്ക് അടിച്ച വകയില്‍ കിട്ടിയ കമ്മീഷനും മറ്റും ചേര്‍ത്താണ് വീട് സ്വന്തമാക്കിയത്. എന്നാല്‍ ലോട്ടറി ഹരം കൊണ്ട് ആ  വീടും ഇപ്പോള്‍ കടത്തിലായി. കുറച്ചു വര്‍ഷം മുമ്പ്  വരെ ഭാഗം കഴിയാതെ തകര്‍ന്നു വീഴാറായ തറവാടിന്റെ വരാന്തായിലാണ് സ്വാമി ഏകനായി കഴിഞ്ഞുകൂടിയത്. പുലര്‍ച്ചെ അഞ്ച് മണിക്ക് എണീറ്റ് കിണറ്റില്‍ നിന്ന് വെള്ളം കോരി കുളി, പിന്നെ ഈറനായി മൂന്നു തവണ വീടു വെക്കും. വസ്ത്രം മാറി ഭാരതപ്പുഴയിലൂടെ നടന്നാണ് ഒറ്റപ്പാലത്തേക്കു പോകുക. പുഴയില്‍ ഉദിച്ചു വരുന്ന സൂര്യനെ നോക്കി കുറച്ചു നേരം ഇരിക്കും. ആ പതിവ് കൊണ്ട് ഏത് നട്ടുച്ചക്കും സൂര്യനെ നോക്കാനുള്ള കഴിവും കണ്ണിനുണ്ടായി. സൂര്യഭഗവാന്‍ ചതിക്കില്ലെന്നാണ് സ്വാമി പറയുക. ചെരിപ്പ് അഴിച്ചാണ് പുഴയിലൂടെ നടക്കുക. പുഴയോടുള്ള ആദരവാണത്. രാവിലെ ടൗണിലെത്തിയാല്‍ ഭക്ഷണമൊക്കെ കഴിക്കാന്‍ സ്ഥിരം ഹോട്ടലുകള്‍. .ഉച്ചക്ക് കോടതി പരിസരത്ത് ആലിന്‍ച്ചുവട്ടില്‍ വിശ്രമം. ഭക്ഷണം മൂന്നു നേരം ഹോട്ടലില്‍ റിസല്‍റ്റ് വരുന്ന സമയം ഫലമറിയാന്‍ ഏതെങ്കിലും ലോട്ടറി കടയുടെ വരാന്തയിലുണ്ടാവും. മായന്നൂര്‍ പാലം വന്നപ്പോള്‍ യാത്ര ബസ്സിലാക്കിയതാണ് ഉണ്ടായ മാറ്റം. 39-ാം വയസ്സില്‍ ഭാര്യ മരിച്ചിരുന്നു. അന്ന് മാസങ്ങള്‍ പ്രായമുണ്ടായിരുന്ന കുഞ്ഞിനെ ഭാര്യവീട്ടുകാര്‍ കൊണ്ടുപോയി. ഇപ്പോള്‍ മകനെ കണ്ടാല്‍ തിരിച്ചറിയുകപോലുമില്ല. ലോട്ടറിയിലൂടെ സ്വാമിക്ക് പോയത് ഒരു കടലോളമാണ്. ഒരു കുമ്പിളോളം തിരിച്ച് കിട്ടിയിട്ടില്ല. പക്ഷെ സ്വാമിക്ക് ഉറപ്പുണ്ട് 'ഒരു നാള്‍ ബമ്പറടിക്കും.'
.

Story by
Read More >>