ജിഷ വധക്കേസ്; കേസന്വേഷണം മാജിക് അല്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ

"എല്ലാ കേസിലും 24 മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടിക്കാന്‍ കഴിയില്ല. ചില കേസുകളില്‍ ഒരു വര്‍ഷം വരെ വേണ്ടി വരും"

ജിഷ വധക്കേസ്; കേസന്വേഷണം മാജിക് അല്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ

പെരുമ്പാവൂര്‍: കേസന്വേഷണം എന്നാല്‍ ജാലവിദ്യയല്ലെന്നു ഡി ജി പി ലോക്നാഥ് ബെഹ്റ. ജിഷ വധക്കേസിന്‍റെ ഭാഗമായി പെരുമ്പാവൂരില്‍ ജിഷയുടെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി ജി പി. ജിഷയുടെ ഘാതകനെ ഉടന്‍ കണ്ടുപിടിക്കുമെന്നും കേസന്വേഷണം ശാസ്ത്രീയമായി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കേസിലും 24 മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടിക്കാന്‍ കഴിയില്ല. ചില കേസുകളില്‍ ഒരു വര്‍ഷം വരെ വേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു. ജിഷയുടെ വീടും പരിസരവും അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഒരു മണിക്കൂറോളം പരിശോധിച്ച ബെഹ്റ തുടര്‍ന്ന് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെയും സന്ദര്‍ശിച്ചു.


ജിഷയുടെ വീട് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി ഇന്നലെ കൊച്ചിയില്‍ ഇ ഡി ജി പി സന്ധ്യയുടെ നേത്രുത്വത്തിലുള്ള അന്വേഷണ സംഘവുമായി ഡി ജി പി ചര്‍ച്ച നടത്തിയിരുന്നു. ജിഷയുടെ കൊലയാളിയുടെ രേഖാചിത്രത്തോട് സാമ്യമുള്ളവരെ ഡി എന്‍ എ ടെസ്റ്റിനു വിധേയരാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ വെച്ചാകും  പരിശോധന നടത്തുക.

Read More >>