അവയവമാറ്റ ശസ്ത്രക്രിയയുടെ മറവില്‍ സ്വകാര്യ ആശുപത്രിയുടെ കച്ചവടം; സര്‍ക്കാരിന്റെ ഒത്താശയോടെ ലൈസന്‍സ്

തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അവയവമാറ്റ ശസ്ത്രക്രിയ നടക്കുമ്പോള്‍ ഇവിടുത്തെ ഡോക്ടര്‍മാരെ സഹായിക്കുകയാണ് കിംസിന്റെ ജോലി. ഇതിനായി വിദഗ്ധ സര്‍ജന്‍മാരെ കിംസ് വിട്ടുകൊടുക്കും. മൂന്നു ലക്ഷം രൂപയാണ് ഒരു ശസ്ത്രക്രിയക്കായി കിംസിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ജറിയില്‍ മാത്രമാണ് കിംസിന് പങ്കുള്ളത്

അവയവമാറ്റ ശസ്ത്രക്രിയയുടെ മറവില്‍ സ്വകാര്യ ആശുപത്രിയുടെ കച്ചവടം; സര്‍ക്കാരിന്റെ ഒത്താശയോടെ ലൈസന്‍സ്

തിരുവനന്തപുരം: അവയവദാനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച മൃതസഞ്ജീവനിയുടെയും അവയവമാറ്റ ശസ്ത്രക്രിയയുടേയും മറവില്‍ സ്വകാര്യ ആശുപത്രിയുടെ കൊള്ള. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാണ് തലസ്ഥാനത്തെ കിംസ് ആശുപത്രി കോടികള്‍ നേടുന്നത്. വലിയ ക്രമക്കേടിലൂടെ മറ്റു സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയാണ് കിംസിന് സര്‍ക്കാര്‍ ഇതിനായുള്ള കരാര്‍ നല്‍കിയത്.

സംസ്ഥാനത്തെ മൂന്നു സോണുകളായി തിരിച്ചാണ് മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രികളെ തെരഞ്ഞെടുത്തത്. പാറശാല മുതല്‍ ചേര്‍ത്തല വരെയുള്ള സോണിന്റെ ചുമതലയാണ് കിംസിന് നല്‍കിയത്. ഈ ഭാഗത്ത് ഏതെങ്കിലും വ്യക്തികള്‍ അവയവദാനത്തിന് തയ്യാറായാല്‍ ഈ സോണില്‍ മാത്രമേ അവയവം ദാനം ചെയ്യാന്‍ കഴിയുകയുള്ളൂ. ഇവിടെ അവയവം സ്വീകരിക്കാന്‍ ആളില്ലെങ്കില്‍ മാത്രമേ മറ്റു സോണുകളിലേക്ക് നല്‍കുകയുള്ളൂ. ഇങ്ങനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ അവയവമാറ്റ ശസ്ത്രക്രിയ നടക്കുമ്പോള്‍ ഇവിടുത്തെ ഡോക്ടര്‍മാരെ സഹായിക്കുകയാണ് കിംസിന്റെ ജോലി. ഇതിനായി വിദഗ്ധ സര്‍ജന്‍മാരെ കിംസ് വിട്ടുകൊടുക്കും. മൂന്നു ലക്ഷം രൂപയാണ് ഒരു ശസ്ത്രക്രിയക്കായി കിംസിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ജറിയില്‍ മാത്രമാണ് കിംസിന് പങ്കുള്ളത്. പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ സംവിധാനമെല്ലാം ഒരുക്കേണ്ടത് മെഡിക്കല്‍ കോളജിന്റെ ചുമതലയാണ്. മേയ് 23ന് പെരുമാതുറ സ്വദേശി ബഷീറിന്റെ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നതും സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തതോടെ (പി.പി.പി മോഡല്‍)യാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ആശുപത്രികള്‍ക്ക് സ്വന്തം നിലയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്താനും ലൈസന്‍സുണ്ടായിരിക്കും.


മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള സംഘമാണ് ആശുപത്രികള്‍ പരിശോധിച്ച് ശസ്ത്രക്രിയയില്‍ പങ്കാളിയാകാനുള്ള സ്വകാര്യ ആശുപത്രികളെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ പരിശോധന നടത്തി തെക്കന്‍ മേഖലയില്‍ നിന്നും തെരഞ്ഞെടുത്തത് കിംസിനെ മാത്രമാണ്. വലിയ തരത്തിലുള്ള ക്രമക്കേടും അഴിമതിയും നടത്തി അര്‍ഹരായ മറ്റു സ്വകാര്യ ആശുപത്രികളെ ഒഴിവാക്കുകയും കിംസിനെ മാത്രം തെരഞ്ഞെടുക്കുകയുമായിരുന്നുവെന്ന് രേഖകള്‍ തെളിയിക്കുന്നു. മറ്റു ആശുപത്രികളില്‍ പരിശോധന നടത്തുന്ന സമയത്ത് ഗാസ്ട്രോഎന്ററോളജിസ്റ്റ് ഹാജരായിരുന്നില്ല, ഉപകരണങ്ങള്‍ കാണിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പല ആശുപത്രികള്‍ക്കും അനുമതി നിഷേധിച്ചത്. തിരുവനന്തപുരത്ത് തന്നെയുള്ള ഒരു പ്രമുഖ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തിന് കൃത്രിമമായി പിന്തുണ നല്‍കുന്ന സംവിധാനം (സിആര്‍ആര്‍ടി) ഇല്ലായിരുന്നു എന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സംഘം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മേയ് 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബഷീറിനു വേണ്ടി 'ഉപകരണമില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സംഘം കണ്ടെത്തിയ സ്വകാര്യ ആശുപത്രിയില്‍ നിന്നായിരുന്നു എന്നതാണ് വിചിത്രം.

സിആര്‍ആര്‍ടി മെഷീന്‍ മെഡിക്കല്‍ കോളെജില്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ ഫില്‍റ്റര്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ബഷീറിന് ഈ സൗകര്യം ലഭ്യമാക്കിയില്ല. മുന്നു ദിവസം കഴിഞ്ഞതോടെ രോഗിയുടെ നില വഷളായി. ശസ്ത്രക്രിയയില്‍ പങ്കാളിയായ കിംസ് ആശുപത്രിയോട് ഫില്‍റ്റര്‍ കടം ചോദിച്ചുവെങ്കിലും അവര്‍ നല്‍കിയില്ല. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ച സ്വകാര്യ ആശുപത്രിയില്‍ നിന്നും സിആര്‍ആര്‍ടി ഫില്‍റ്റര്‍ കടം വാങ്ങിയത്. ഇതിന് മെഡിക്കല്‍ കോളെജ് സ്വകാര്യ ആശുപത്രിയോട് രേഖാമൂലം നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മറ്റു സ്വകാര്യ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളുണ്ടായിരുന്നുവെങ്കിലും കിംസിനു വേണ്ടി ഇവയെ എല്ലാം ഒഴിവാക്കുകയായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മറ്റു സ്വകാര്യ ആശുപത്രികള്‍ക്കും ശസ്ത്രക്രിയയില്‍ പങ്കാളിയാകാനുള്ള അവസരവും ലൈസന്‍സും ലഭിച്ചിരുന്നുവെങ്കില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ ചെലവ് വന്‍തോതില്‍ കുറയുമായിരുന്നു. എന്നാല്‍ ഒരു ആശുപത്രിക്ക് മാത്രമായി അനുമതി നല്‍കിയതിലൂടെ സര്‍ക്കാരില്‍ നിന്നും വന്‍തുക ലഭിക്കും. മാത്രമല്ല അവയവമാറ്റത്തിനുള്ള രോഗികള്‍ വന്‍തോതില്‍ ഈ ആശുപത്രിയിലേക്ക് പ്രവഹിക്കുകയും ചെയ്യും. ആശുപത്രി നിശ്ചയിക്കുന്ന നിരക്കില്‍ സര്‍ജറിയും നടത്താം. സര്‍ക്കാരിന്റെ ഈ ലൈസന്‍സിലൂടെ കോടികളാണ് കിംസ് നേടുന്നത്.

Read More >>