ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

മദ്യനിരോധനം കേരളത്തിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ലേഖന പരമ്പരയിൽ ആദ്യഭാഗം. ഇതിൽ മദ്യനിരോധനം ടൂറിസം മേഖലയിൽ ഉണ്ടാക്കിയ പ്രശ്‌നങ്ങളും ആശങ്കകളും ചർച്ച ചെയ്യുന്നു. രവിശങ്കർ കെ വി എഴുതുന്നു. 

ടൂറിസം മേഖലയെ ഇല്ലാതാക്കിയ മദ്യനിരോധനം

രവിശങ്കർ. കെ വി

പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട്, ഒരു മാസം പൂർത്തിയായി. അഞ്ചു വർഷം കാലയളവുള്ള ഒരു ജനാധിപത്യ സർക്കാരിനെ വിലയിരുത്താൻ ഇതൊരു കലയാളവേ അല്ല. പക്ഷെ ഇതു വരെയുള്ള പല തീരുമാനങ്ങളും, ചർച്ചകളും, കേരളത്തിന് പുതിയ പ്രതീക്ഷകളും, വാഗ്ദാനങ്ങളും നൽകുന്നു. പുതിയ സർക്കാരിന്റെ ഔദ്യോഗിക നയങ്ങൾ മുഖ്യമന്ത്രി പൊതുജന മദ്ധ്യത്തിലും, ഗവർണർ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗലത്തിലും കൂടുതൽ വ്യക്തമാക്കി കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനമാണ്, കഴിഞ്ഞ രണ്ടു വർഷം കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മദ്യനയം പുനപരിശോധിക്കുമെന്ന തീരുമാനം. അതിനെ പറ്റി-വിശദമായി പഠിക്കാൻ ഇടതു പക്ഷ മുന്നണിയും, സർക്കാരും മുന്നോട്ടു പോയി കഴിഞ്ഞു. ഇനി ഇത് സമയ ബന്ധിതമായി നടപ്പിലാക്കുകയും വേണം. അല്ലെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ വ്യവസായമായി തീർന്ന ടൂറിസം ഇപ്പോഴത്തെ തകർച്ചയുടെ നിലയിൽ നിന്നും കൂടുതൽ മോശമായ നിലയിലേക്ക് നീങ്ങും.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, ആദർശത്തിന്റെ മൂടുപടം എടുത്തണിഞ്ഞ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പിടിവാശിയിൽ, തോറ്റു പോകുമെന്ന് സ്വയം തിരിച്ചറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അതേ നാണയത്തിൽ തിരിച്ചടിക്കാൻ തയ്യാറായപ്പോൾ, യാതൊരു വിധ ചർച്ചകളും കൂടാതെ ധൃതി പിടിച്ച്, ഒറ്റ രാത്രി കൊണ്ട് നടപ്പിൽ വരുത്തിയ മദ്യ നിരോധനം ഫലത്തിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വിലയിരുത്താം. സുധീരന്റെ പ്രതിശ്ചായക്ക് മങ്ങലേൽപ്പിക്കാൻ കഴിഞ്ഞതും, കേരള ജനത ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത അഴിമതി ആരോപണങ്ങളെ വെളിച്ചത്തു കൊണ്ട് വരാൻ കഴിഞ്ഞതും മാത്രമായിരുന്നു അതു കൊണ്ടുണ്ടായ നേട്ടം.

കേരളം ടൂറിസം ഒരു വ്യവസായി അംഗികരിച്ചിട്ട് മൂന്നു ദശകം പൂർത്തിയാകുന്നു. ഇന്ന് ഏകദേശം 1 ലക്ഷം കോടി മുതൽ മുടക്കും, 15 ലക്ഷം പേർ നേരിട്ടും മറ്റൊരു 15 ;ലക്ഷം പേർ പരോക്ഷമായും ജോലി ചെയ്യുന്ന കേരളത്തിന്റെ മൊത്തം അഭ്യന്തര ഉൽപാദനതിന്റെ 11 ശതമാനത്തോളം നേടി തരുന്ന നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സേവന വ്യവസായ മേഖലയായി ടൂറിസം മേഖല വളർന്നു കഴിഞ്ഞു.
1990-91 കാലഘട്ടം മുതൽ 'കേരളം - ദൈവത്തിന്റെ സ്വന്തം നാട്' എന്ന പേരിൽ ആഗോളതലത്തിൽ വിപണനം ചെയ്യപ്പെട്ടു തുടങ്ങിയ നമ്മുടെ കൊച്ചു കേരളം ഇന്ന് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഏഷ്യയിലെ ഏറ്റവും മുൻപിൽ നിൽക്കുന്ന ടൂറിസം കേന്ദ്രമാണ്.

കഴിഞ്ഞ 20 വർഷം കൊണ്ട് സർക്കാരും, കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ സ്വകാര്യ സംരംഭകരും ചേർന്ന് ഏകദേശം 10, 000 കോടി രൂപയോളം ഇന്ത്യക്കകത്തും, പുറത്തും വിപണത്തിനായി ചിലവഴിച്ചു എന്നാണ്, ഇന്ത്യയിലെ മുൻനിര ടൂറിസം മാദ്ധ്യമ സ്ഥാപനമായ ടൂറിസം ഇന്ത്യ മാസിക, സൗത്ത് ഇന്ത്യ ടൂറിസം ഫൗണ്ടേഷൻ, ഗ്രീൻ സ്പ്രൗട് ടൂറിസം കൺസൽറ്റൻസി എന്നിവർ ചേർന്ന് നടത്തിയ സംയുക്ത പഠനത്തിലും, വിശകലനത്തിലും കണക്കാക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം 26689.63 കോടി രൂപയാണ് 2015 ൽ കേരളം ടൂറിസം വഴി നേടിയത്. അതിൽ 6,949.88 കോടി രൂപ വിദേശ നാണയയിനത്തിൽ ഉള്ള വരുമാനമാണ്.

11695411 സ്വദേശ സഞ്ചാരികളും, 977479 വിദേശ വിനോദ സഞ്ചാരികളും കഴിഞ്ഞ വർഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ കാണാനെത്തി. 2005 മുതൽ 2020 വരെ കേരളത്തിന്റെ ഈ രംഗത്തുള്ള വളർച്ചയുടെ തോത് 10 മുതൽ 12 % വരെ ആയിരിക്കുമെന്നാണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൌൺസിൽ വിലയിരുത്തിയിരുന്നത്. കഴിഞ്ഞ വർഷം വരെ ആ വളർച്ചാ നിരക്കിൽ വലിയ വ്യത്യാസമില്ലാതെ നാം മുന്നേറുകയും ചെയ്തു. പക്ഷെ ഉമ്മൻ ചാണ്ടി സര്ക്കാരിന്റെ വികലമായ മദ്യനയം മൂലം കേരളത്തിലെ 740 ബാറുകൾ പൂട്ടിയത് മൂലം കേരളത്തിലെ ടൂറിസം രംഗം അതിന്റെ ഏറ്റവും വലിയ തളർച്ച നേരിട്ടു. കഴിഞ്ഞ വർഷം ടൂറിസം രംഗത്തുണ്ടായ വളർച്ചാ നിരക്ക് 6.59 % ലേക്ക് മൂക്ക് കുത്തി.

ഇതിന് പ്രധാന കാരണം കേരളത്തിലെ മൊത്തം ടൂറിസം വരുമാനത്തിന്റെ ഏകദേശം 25% വരുന്നത് വിവിധ ഹോട്ടലുകളിൽ നടക്കുന്ന മീറ്റിംഗ്, കൺവെൻഷൻ, ഗ്രൂപ്പ് ടൂർ, എക്‌സിബിഷൻ എന്നിവക്കായി വരുന്ന ബിസിനസ് ട്രാവലർ, കോർപ്പറേറ്റ് മേധാവികൾ എന്നിവരിലൂടെയാണ്.

പകൽ മുഴുവൻ മീറ്റിംഗ്, ചരച്ചകൾ എന്നിവയ്ക്ക് ശേഷം രാത്രികളിൽ ഭൂരിപക്ഷം പേരും ഭക്ഷണത്തോടൊപ്പം മദ്യം ആവശ്യപ്പെടും. പ്രത്യേകിച്ചും മുംബൈ, ഡൽഹി, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്നവർ. ബാർ ഹോട്ടൽ അടച്ചപ്പോൾ ഈ ബിസിനസ് മുഴുവൻ അയൽ സംസ്ഥാനങ്ങളിലേക്കും, ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും പോയി. അതുവഴി കഴിഞ്ഞ സാമ്പത്തിക വർഷം കോവളം, കൊച്ചി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടൽ റിസോർട്ടുകൾക്ക് ഉണ്ടായ നഷ്ടം മാത്രം 1000 കോടി രൂപയിൽ അധികം വരും വാസ്തവത്തിൽ കേരളത്തിൽ സമ്പൂർണ മദ്യ നിരോധനം ഉണ്ടായിരുന്നില്ല. നല്ല നിലയിൽ ടൂറിസം ആവശ്യത്തിന് മാത്രം പ്രവർത്തിച്ചിരുന്ന ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ ഡിലക്‌സ് വരെയുള്ള സകലമാന ഹോട്ടൽ - റിസോർട്ട് ബാറുകളും മോശം നിലയിൽ കച്ചവടം നടത്തിയിരുന്ന ബാറുകളുടെ കൂട്ടത്തിൽ അടച്ചു പൂട്ടി. അതെ സമയം സർക്കാർ ഉടമസ്ഥതയിൽ ഉള്ള ബീവറേജസ് കോർപറേഷൻ ഔട്ട് ലെറ്റ് വഴി കേരളം മുഴുവൻ മദ്യം ഒഴുക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ജനങ്ങൾ സ്വസ്ഥമായി ഇരുന്ന് മദ്യം കഴിച്ചിരുന്നത് മാത്രമാണ് നിർത്തലാക്കിയത്.

കേരളത്തിൽ മദ്യ നിരോധനം എന്ന പേരിൽ ബാറുകൾ അടച്ചു പൂട്ടിയപ്പോൾ സംഭവിച്ചത് എന്താണെന്ന് പരിശോദിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. യഥാർത്ഥത്തിൽ ഇവിടെ മദ്യ ഉപഭോഗം കുറയുകയല്ല ചെയ്തത്. അത് പതിൻമടങ്ങ് കൂടുകയാണ് ഉണ്ടായത്.

വീര്യം കൂടിയ ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങളുടെ വിൽപ്പനയിൽ 2015 -16 സാമ്പത്തിക വർഷത്തിൽ 9% മാത്രം കുറവുണ്ടായപ്പോൾ ബിയർ വിൽപ്പനയിൽ ഇത് വരെ കേരളം കണ്ടിട്ടില്ലാത്ത വളർച്ച നിരക്കായ 61 % ത്തിലേക്ക് ഉയരുകയാണ് ചെയ്തത്.

11,577.29 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ വിറ്റഴിച്ചത്. അത് വഴി സർക്കാർ ഖജനാവിലേക്ക് നികുതി ഇനത്തിൽ 9787.05 കോടി മുതൽ കൂട്ടായി. മദ്യ നിരോധനം വരുന്നതിന് മുൻപ് ഇത് യഥാക്രമം 9,353.74 കോടിരൂപയും, 7,577.77 കോടി രൂപയുമായിരുന്നു.

മദ്യ നിരോധനം കാരണം കേരളത്തിന്റെ ഖജനാവിന് വലിയ നഷ്ടം സംഭവിച്ചു എന്ന് പറഞ്ഞ അന്നത്തെ മന്ത്രി കെ . ബാബു യഥാർത്ഥത്തിൽ മലയാളികളെ മുഴുവൻ വിഡ്ഢികളാക്കുകയായിരുന്നു. സംസ്ഥാനത്തെ 740 ബാറുകളും, 10% വിദേശ മദ്യവിൽപ്പന ശാലകളും അടച്ചു പൂട്ടിയ ശേഷവും, മദ്യ വിൽപന കുത്തനെ കൂടിയത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യ നിരോധനം എന്ന കാപട്യം തുറന്നു കാണിക്കുന്നതാണ്. സത്യത്തിൽ ബാറുകൾ പൂട്ടിയതിലൂടെ തടിച്ചു കൊഴിച്ചത് സർക്കാരാണെന്ന വിമർശനം യു ഡി എഫ് സർക്കാരിന്റെ കണക്കുകൾ പ്രകാരം തന്നെ ശരി വയ്ക്കുന്നതാണ്. യഥാർത്ഥത്തിൽ വ്യാജ മദ്യത്തിന്റെ ലഭ്യത കൂടിയതും, ബീവറെജസ് കോർപ്പരേഷൻ വഴിയുള്ള വിൽപനയുടെ കണക്കും കൂട്ടിയാൽ മദ്യ ഉപഭോഗത്തിൽ വൻ വർദ്ധനയാണ്, മദ്യ നിരോധനത്തിന് ശേഷം കേരളത്തിൽ ഉണ്ടായതെന്ന് നിസ്സംശയം പറയാം. ബോധവൽക്കരണം ഇല്ലാതെ നിരോധനം നടപ്പിൽ വരുത്തിയാലുള്ള സത്യസന്ധമായ ചിത്രം ഇതിൽ നിന്ന് തന്നെ വ്യക്തമാകും.

ആഗോള വൽക്കരണത്തിന് ശേഷമുള്ള മലയാളിയുടെ സമൂഹ ഒത്തു ചേരലിന്റെ വേദിയായിരുന്നു പലപ്പോഴും നമ്മുടെ ബാറുകൾ. നാട്ടിൻ പുറങ്ങളിൽ പണ്ടു ആൽമര ചോടുകളിൽ ഒത്തു കൂടി നാട്ടുകാര്യം പറഞ്ഞിരുന്ന മലയാളി പതുക്കെ തങ്ങളുടെ മാനസിക വ്യഥകളും, രാഷ്ട്രിയ - സാമൂഹിക -സാംസ്‌കാരിക സാഹിത്യ ചർച്ചകൾ പതുക്കെ ബാറുകളിലേക്ക് പറിച്ചു നട്ടു.

അവരിൽ കൂടുതലും ബാറിൽനിന്ന് രണ്ടോ മൂന്നോ പെഗ് മദ്യം കഴിച്ചു വീട്ടിൽപ്പോകുന്നവരായിരുന്നു. മദ്യ നിരോധനത്തിന് ശേഷം നമ്മുടെ സമൂഹം മോശമായി കാണുന്ന, സർക്കാരിന്റെ മദ്യവിൽപ്പനശാലകളിൽ ക്യൂ നിൽക്കേണ്ട സ്ഥിതിയായി അവരിൽ ഭൂരിപക്ഷത്തിനും. മദ്യപിച്ചു വണ്ടിയോടിച്ചാൽ പൊലീസ് പിടിക്കും എന്ന ബോധവും പലരെയും മദ്യപാനം നിയന്ത്രിക്കാനും നേരത്തേ വീട്ടിൽപ്പോകാനും പ്രേരിപ്പിച്ചിരുന്നു.
പലരും പലവട്ടം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ കിട്ടാവുന്നത്ര മദ്യം ഓരോതവണയും വാങ്ങി വീട്ടിൽ സൂക്ഷിക്കുക ആയിരുന്നു, ഇതിന് കണ്ടു പിടിച്ച ഒരു കുറുക്കു വഴി.

തന്റെ അധീനതയിൽ തന്റെ സൗകര്യത്തിന് കൂടുതൽ മദ്യം സൂക്ഷിച്ചിരുന്ന പലരും വീട്ടിൽ തന്നെ പാത്തും പതുങ്ങിയും നിരന്തരം കൂടുതൽ മദ്യം സേവിച്ചു തുടങ്ങി.

വേറെ ചിലർ വീര്യം കൂടിയ മദ്യം ഒഴിവാക്കി ബിയറിൽ അഭയം തേടി.രണ്ടോ മൂന്നോ പെഗ് കഴിച്ചിരുന്നവർ തുല്യ ലഹരിക്കായി രണ്ടോ മൂന്നോ കുപ്പി ബിയരിലേക്ക് കുടിയേറി. ഫലത്തിൽ അവരുടെ ശരീരത്തിൽ പ്രവേശിക്കുന്ന മദ്യത്തിന്റെ അളവ് കൂടുകയാണ് ഇത് വഴി ഉണ്ടായത്.

ബിയറിന്റെ എണ്ണം വർദ്ധിച്ചതോടെ അതിനുള്ള ചിലവും മറു വശത്ത് കൂടി കൊണ്ടിരിക്കുന്നു. രണ്ടു പെഗ്ഗിന് നൂറു നൂറ്റിരുപതു രൂപ ചിലവഴിച്ചവർ 300 രൂപ അതെ അളവിൽ ലഹരി കിട്ടാൻ ചിലവാക്കി.
വീട്ടിലേക്കു മദ്യവുമായി പോകാൻ സ്വാതന്ത്ര്യം ഇല്ലാത്ത പലരും പുതിയ സ്വകാര്യ പൊതു ഇടങ്ങൾ കണ്ടെത്തി. ഒരു വലിയ കുപ്പി വാങ്ങിയാൽ അത് തീരുന്നത് വരെയായി പലരുടെയും ശീലം. ഫലത്തിൽ മദ്യ ഉപഭോഗം ആറും ഏഴും പെഗ്ഗുകളിലേക്ക് ഉയർന്നു.

ഇങ്ങനെയുള്ള സംഘം ചേരലിൽ യുവാക്കളടക്കമുള്ളവർ കൂടുതലായി അകർഷനീയരായി. ഈ ശീലം വന്നതോടെ ബാറിൽപ്പോകാൻ ഭയമുണ്ടായിരുന്ന ഇളംമുറക്കാരും സംഘക്കുടി തുടങ്ങി. അതിനോടൊപ്പം നമ്മുടെ സമൂഹം ഒരിക്കലും പ്രതീക്ഷിക്കാത്ത ,മറ്റൊരു വിപത്ത് കൂടി യുവാക്കളിലും വിദ്യാർത്ഥികളിലും പിടി മുറുക്കാൻ തുടങ്ങി. മദ്യ നിരോധനം നിലവിൽ വന്ന ശേഷം പത്രങ്ങളിൽ ചരമകോളം പോലെ ലഹരി വസ്തുക്കളുടെയും, കഞ്ചാവ് വേട്ടയുടെയും വാർത്തകൾ സംസ്ഥാനത്ത് ഉടനീളം കേട്ടു തുടങ്ങി. കഴിഞ്ഞ വർഷം കേരളത്തിൽ അങ്ങോളം ഇങ്ങോളം ആയി 10000 കിലോയിൽ അധികം കഞ്ചാവും മറ്റു ലഹരി വസ്തുക്കളും പോലീസും എക്‌സ്സൈസും ചേർന്ന് പിടിച്ചെടുത്തത് എന്നറിയുമ്പോഴാണ് മദ്യ നിരോധനം എന്ന രാഷ്ട്രീയ പ്രഹസനതിന്റെ മറുപുറം നാം വായിച്ചെടുക്കുന്നത്. മദ്യ ലഹരി മുക്തിയുടെ പതിന്മടങ്ങ് ബുദ്ധിമുട്ടാണ് കഞ്ചാവ് തുടങ്ങിയ ലഹരിക്ക് അടിമയായവരെ തിരിച്ചെടുക്കാൻ എന്ന് സമൂഹം തിരിച്ചറിയെണ്ടിയിരിക്കുന്നു.

വർദ്ധിച്ച മദ്യ ഉപയോഗം മൂലം അത് ഉപയോഗിക്കുന്ന വ്യക്തിയുടെ ആരോഗ്യം, കുടുംബം, സമൂഹം എന്നിവയിൽ ചെലുത്തുന്ന സ്വാധീനവും അധികപണം മദ്യത്തിനു ചെലവഴിക്കുന്നതുമൂലം കുടുംബബജറ്റിലും അതുവഴി കുടുംബത്തിലെ ആഹാരം, ആരോഗ്യം, വൈദ്യശുശ്രൂഷ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ നാനാകാര്യങ്ങളിലും ചെലുത്തുന്ന സ്വാധീനവും നാം ഇനിയും വിശദമായി പഠിക്കേണ്ടതുണ്ട്. വിശകലനം ചെയ്യേണ്ടതുണ്ട്. എന്തായാലും ഒരു കാര്യം അസന്നിഗ്ദമായി പറയാൻ പറ്റും.

ഒറ്റ രാത്രി കൊണ്ട് സുധീരന്റെ പ്രതിശ്ചായക്ക് മങ്ങലേൽപ്പിക്കാൻ ഉമ്മൻ ചാണ്ടി യാതൊരു വിധ ചർച്ചകളും കൂടാതെ ധൃതി പിടിച്ച് നടപ്പിൽ വരുത്തിയ മദ്യ നിരോധനം ഫലത്തിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തു എന്ന് ഒറ്റ നോട്ടത്തിൽ തന്നെ വിലയിരുത്താം.പുതിയ സർക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കും.

ഒരു സർക്കാരിന് തങ്ങൾ ചെയ്യുന്ന കാര്യത്തിൽ,നടപ്പിലാക്കുന്ന തീരുമാനങ്ങളിൽ ഗഹനമായ പഠനമോ, വേണ്ടത്ര ഉൾക്കാഴ്ചയോ ഇല്ലെങ്കിൽ എന്തെല്ലാം, അവിഹിതമായി സംഭവിക്കും എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യ നിരോധനം എന്ന വ്യാജേനയുള്ള 740 ബാറുകളിലെ വീര്യം കൂടിയ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ നിരോധനം ഭാവി കേരളം വിലയിരുത്തും.

(സംസ്ഥാന സർക്കാരിന്റെ ടൂറിസം ഉപദേശക സമിതി അംഗവും , മുതിർന്ന പത്രപ്രവർത്തകനുമായ ലേഖകൻ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷെറുമാണ്. കേരളത്തിലെ ടൂറിസം മാധ്യമ രംഗത്തെ തുടക്കകാരിൽ ഒരാളാണ്)