പ്രേക്ഷകനെ കരയിപ്പിച്ച ലൈഫ് ഓഫ് ജോസൂട്ടി

ചിത്രം ഒന്ന് തീർക്കാൻ വേണ്ടി സംവിധായകൻ പാടുപെടും പോലെ തോന്നും ക്ലൈമാക്‌സ് അടുക്കാറാകുമ്പോൾ. ഒടുവിൽ നാട്ടിലെ കാശുകാരനായ ജോസൂട്ടി തന്റെ വീട്ടിൽ വരുന്ന സെയിൽസ് ഗേളിനെ കല്ല്യാണം കഴിക്കുന്നിടത്ത് തട്ടി കൂട്ടി ചിത്രം അവസാനിക്കുകയാണ്. നയൻതാരയാണ് സെയിൽസ് ഗേൾ ആയി ഗസ്റ്റ് റോളിൽ വരുന്നത്.

പ്രേക്ഷകനെ കരയിപ്പിച്ച ലൈഫ് ഓഫ് ജോസൂട്ടി

അശ്വന്ത് കെ ഒ കെ

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ദൃശ്യത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലക്ക് റിലീസിനു മുൻപേ തന്നെ ഏറെ പ്രതീക്ഷ പുലർത്തിയ ഒന്നായിരുന്നു 'ലൈഫ് ഓഫ് ജോസൂട്ടി'. ജീത്തുവിനൊപ്പം മലയാളത്തിലെ ജനപ്രിയ നായകൻ ദിലീപ് കൂടി ചേരുന്നു എന്നത് ആ പ്രതീക്ഷ ഇരട്ടിയാക്കി. സ്വന്തം തിരക്കഥയിൽ അല്ലാതെ ജീത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഇതിന്. ഇടുക്കിയിലും ന്യൂസിലാണ്ടിലും ആയാണ് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.


മുകളിൽ പരാമർശിച്ചതിനൊക്കെ നേർ വിപരീതമായി നിലവിലുള്ള മലയാള സംവിധായകരിൽ മികച്ച ഒരു ക്രാഫ്റ്റ്‌സ്മാനായ ജീത്തു തന്റെ പേരിന് യോജിക്കാത്ത വിധത്തിൽ തീർത്തും നിരാശാജനകമായ ഒരു ചിത്രമാണ് പ്രേക്ഷകർക്ക് നൽകിയത് എന്ന് പറയാതെ വയ്യ. വളരെ മികച്ച രീതിയിൽ എടുക്കാവുന്ന ഒരു കഥാതന്തു ഉണ്ടായിരുന്നു. പക്ഷെ ഏച്ചു കെട്ടിയ പോലുള്ള ഉടനീളം കൃത്രിമത്വം പുലർത്തിയ ഒഴുക്കില്ലാത്ത തിരക്കഥയും, 'അൻപത് കിലോ ഇറച്ചിയും ഒരു വെട്ടും' പോലുള്ള സ്ത്രീവിരുദ്ധവും തരം താണതുമായ സംഭാഷണങ്ങളും, എല്ലാത്തിനുമുപരി നൂലറ്റ പട്ടം പോലെയുള്ള ജീത്തുവിന്റെ സംവിധാനവും ഈ ചിത്രത്തെ ഒരു ദുരനുഭാവമാക്കി മാറ്റി.

പതിവ് ദിലീപ് ചിത്രങ്ങൾക്കുളള ഒരു ക്യാൻവാസ് ആയിരുന്നില്ല ഈ ചിത്രത്തിനുള്ളത്. ബഹളവും ചുറ്റിലും ആൾക്കൂട്ടവും ഇല്ലാത്ത ഫ്രെയ്മുകളിൽ ദിലീപിന്റെ പതിവ് നമ്പരുകളും അഭിനയ ശൈലിയും അരോചകമായി. ആവശ്യത്തിനും അനാവശ്യത്തിനുമായി ചിത്രത്തിൽ ഉടനീളം ഡ്രോണുകൾ ഉപയോഗിച്ചുള്ള ഷോട്ടുകളുടെ പ്രവാഹമായിരുന്നു. ഇത് ചിത്രത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയും അത്തരം ഷോട്ടുകൾക്ക് സാധാരണ ചിത്രങ്ങളിൽ ഉണ്ടാകാറുള്ള സൗന്ദര്യം നഷ്ടപ്പെടുത്തുന്ന അവസ്ഥയുമാണ് ഉണ്ടാക്കിയത്. അനിൽ ജോൺസന്റെ സംഗീതം ഈ ചിത്രത്തെ കാര്യമായി സഹായിച്ചില്ല.

ഇടുക്കിയിൽ വെച്ചുള്ള ആദ്യ പകുതിക്ക് ശേഷം പിന്നീട് ചിത്രത്തിന്‌ടെ കഥ പൂർണ്ണമായും ന്യൂസിലാണ്ടിൽ ആണ് നടക്കുന്നത്. നടികൾ രണ്ടാം പകുതിയിൽ ശരാശരി നിലവാരം പുലർത്തിയപ്പോൾ ജോസൂട്ടിയുടെ അയൽക്കാരനായി അഭിനയിച്ച ചെമ്പിൽ അശോകാൻ തീർച്ചയായും പ്രക്ഷകന്റെ ക്ഷമയെ പരീക്ഷിക്കും. മാലാഖയും പിശാചും ആയി സിംബോളിക് ആയി വന്നു പോകുന്ന കഥാപാത്രങ്ങൾ സ്‌കൂൾ നാടകങ്ങളെ ഓർമ്മിപ്പിച്ചു. പിന്നീടങ്ങോട്ട് തിരക്കഥയിൽ നിരന്തരം പൊരുത്തക്കേടുകളാണ്. ന്യൂസിലാണ്ടിൽ എത്തിയ ഉടനെ ഇംഗ്ലിഷ് വശമില്ലാത്ത ജോസൂട്ടിക്ക് അതേ സമയം ഇമോഷണൽ ആയി സംസാരിക്കുമ്പോൾ നല്ല ഇംഗ്ലിഷ് വാക്കുകളൊക്കെ എഴുതി കൊടുത്തിട്ടുണ്ട് രചയിതാവ്. ഒൻപത് വർഷം കൊണ്ട് പണക്കാരൻ ആകുന്ന ജോസൂട്ടിയിൽ ഈ കാലയളവിൽ സംഭവിച്ച മാറ്റങ്ങൾ കാണാമെങ്കിലും മറ്റു കഥാപാത്രങ്ങൾ എല്ലാം തന്നെ പഴയ പടി ഒട്ടും പ്രായമാകാത്ത അവസ്ഥയിൽ തന്നെ തുടരുന്നു. തുടക്കത്തിൽ 68 വയസ്സുള്ള അയൽക്കാരൻ ദേവസ്യ 77 വയസ്സിലും പഴയ പോലെ തന്നെ. ജോസൂട്ടിയുടെ അപ്പനായി അഭിനയിച്ച ഹരീഷ് തന്നിലെ കൈതേരി സഹദേവൻ ഇപ്പോഴും ഒഴിഞ്ഞു പോയിട്ടില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

സിനിമയുടെ അവസാന ഭാഗം ആവുമ്പോഴേക്കും നിരന്തരം മരണങ്ങൾ ആണ്. ജോസൂട്ടി കരയുക വഴി പ്രേക്ഷകനെയും കരയിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി ജോസൂട്ടിയുടെ അമ്മ, അപ്പൻ, കൂട്ടുകാരൻ എന്നിവർ പരമ്പര പോലെ മരിക്കുകയാണ്. ചിത്രത്തിലാകെ നന്നായി ചിത്രീകരിച്ച ഏക രംഗംജോസൂട്ടി ന്യൂസിലാണ്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ഏതൊരു പ്രവാസിയും അവരുടെ വീട്ടുകാരും അനുഭവിക്കുന്ന അവസ്ഥ അതെ പോലെ പകർത്തിയതാണ്.

ചിത്രം ഒന്ന് തീർക്കാൻ വേണ്ടി സംവിധായകൻ പാടുപെടും പോലെ തോന്നും ക്ലൈമാക്‌സ് അടുക്കാറാകുമ്പോൾ. ഒടുവിൽ നാട്ടിലെ കാശുകാരനായ ജോസൂട്ടി തന്റെ വീട്ടിൽ വരുന്ന സെയിൽസ് ഗേളിനെ കല്ല്യാണം കഴിക്കുന്നിടത്ത് തട്ടി കൂട്ടി ചിത്രം അവസാനിക്കുകയാണ്. നയൻതാരയാണ് സെയിൽസ് ഗേൾ ആയി ഗസ്റ്റ് റോളിൽ വരുന്നത്.

രാജേഷ് വർമ്മ എന്നയാളുടെതാണ് തിരക്കഥ എങ്കിലും ഈ ചിത്രം കണ്ടു കഴിയുമ്പോൾ മെമ്മറീസും ദൃശ്യവും എടുത്ത ജീത്തു ജോസഫ് തന്നെയാണോ ഇതും ചെയ്തത് എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ദിലീപിനെ പോലെ മാർക്കറ്റ് വാല്യൂ ഉള്ള ഒരു നടനെ കയ്യിൽ കിട്ടിയിട്ടും നല്ലൊരു തിരക്കഥയിൽ നല്ലൊരു ചിത്രം ചെയ്യാമായിരുന്നു ജീത്തു ജോസഫിന്. പ്രിത്വിരാജിനെ നായകനാക്കി ചെയ്യുന്ന അടുത്ത ചിത്രം 'ഊഴം' ജീത്തുവിന്റെ ഒരു വൻ തിരിച്ചുവരവാകും എന്ന് പ്രതീക്ഷിക്കുന്നു.

Story by