പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുതുന്നത്...

കറങ്ങുന്ന ട്രോളീ ബെല്‍റ്റില്‍ നിന്നും ടാഗ് ചെയ്ത പെട്ടി എടുക്കുമ്പോള്‍, സൂക്ഷിക്കുക..അത് ഒരു പ്രവാസിയുടെ ജീവിതമാകരുത്!

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുതുന്നത്...

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുതുന്നത്,

ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ. ..എന്ന് സ്വന്തം ജമാല്‍.പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌

കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍ സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനി എല്ലാം നിന്‍റെ ഇഷ്ടം... എന്ന് സ്വന്തം ഉമ്മ.


പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുതുന്നത്,

ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈ മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ...ജമാല്‍ 


പ്രിയ മകന്‍ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്,


നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിപ്പിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം... എന്ന് സ്വന്തം ഉമ്മ.


പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍ ജമാല്‍ എഴുതുന്നത്,

ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദ്ദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് കരുതുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ ..എന്ന് സ്വന്തം ജമാല്‍


പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്,

നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു.......

പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍ സുഹറ എഴുത്ത്.

ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇപ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും?. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം...സുഹറ


പ്രിയത്തില്‍ സുഹറ അറിയുന്നതിന്.

എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍ നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.


പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ സുഹറ എഴുതുന്നത്,

കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനു എഞ്ചിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ. ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി അയക്കുമല്ലോ. ..സ്നേഹപൂര്‍വ്വം സുഹറ.


മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി തലേന്ന് വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത ഒരു കത്ത്.

അക്ബര്‍ എന്ന പ്രവാസി ബ്ലോഗറിന്‍റെ വരികളാണിത്. പ്രവാസികള്‍ ഏറെ സ്വീകരിച്ച ഈ കത്തുകളുടെ സമാഹാരത്തെ നമ്മുക്ക് ഭാവന എന്ന് വിളിക്കാം, അല്ലെങ്കില്‍ കഥയെന്നോ ആശ്വസിക്കാം. പക്ഷെ, പേരും നാടും മാറ്റിയാല്‍ പല പ്രവാസി കഥകളുടെയും തിരക്കഥ തന്നെയായിരിക്കും ഇത്. തുറന്ന കത്തുകളില്‍ ജീവിതം ഒരിക്കലും തിരിച്ചു വരുവാന്‍ കഴിയാത്ത വിധം അവസാനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാകാം ജമാല്‍ തലേന്ന് വന്ന കത്ത് തുറക്കാതിരുന്നത്.

കാലം മാറി, കത്തുകളുടെ ഉപയോഗവും നന്നേ കുറഞ്ഞു. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ കയ്യടക്കുന്ന കാലത്തില്‍ ഓരോ ജമാലുമാരെയും തേടി എത്തുന്നത് ഇതിലും നീണ്ട ആവശ്യങ്ങള്‍ ആയിരിക്കും എന്ന് മാത്രം. തുറക്കാതിരിക്കുവാന്‍ കഴിയുന്ന കത്തുകളെക്കാള്‍ എടുക്കാതിരിക്കുവാന്‍ കഴിയാത്ത ഫോണ്‍ വിളികളിലേക്ക് ആവശ്യങ്ങള്‍ പിന്നെയും വര്‍ധിച്ചുക്കൊണ്ടേയിരിക്കുന്നു.

ഒരു പ്രവാസി സുഹൃത്ത് തന്റെ എഫ്.ബി യില്‍ കുറിച്ചിട്ട ചില വരികള്‍ക്ക് മനസ്സിനെ തൊടാതെ പോകുവാന്‍ കഴിയുമായിരുന്നില്ല. നര്‍മ്മത്തില്‍ പൊതിഞ്ഞ വരികളാണ് എങ്കിലും, അതില്‍ നീറുന്ന ചില നൊമ്പരങ്ങളുടെ വേദനയുമുണ്ട്- 

"പ്രവാസി തന്നെ എപ്പോഴും നാട്ടിലേക്ക് വിളിക്കണം എന്നു നിയമം ഒന്നും ഇല്ലെല്ലോ. വീട്ടുകാര്‍ക്ക് ഗള്‍ഫിലേക്കും ഒരു ഔട്ട്‌ ഗോയിംഗ് കോള്‍ ഒക്കെയാകാം. രൂപ 50 പോയാലും പ്രവാസിക്ക് കിട്ടുന്ന സന്തോഷം വേറെ ലെവലാ!
"


110 രാജ്യങ്ങളിലായി രണ്ടുകോടി ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2015-16 വര്‍ഷത്തില്‍ 10.1 ശതകോടി രൂപയുടെ വരുമാനം ഇവരില്‍ നിന്നും പൊതു ഖജനാവില്‍ ലഭിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. മുന്‍വര്‍ഷം അത് 64,000 കോടി രൂപയായിരുന്നു. ഈ തുകയില്‍ 96 ശതമാനവും അറബ് ഗള്‍ഫ് നാടുകളിലെ സാധാരണക്കാരായ പ്രവാസികളുടെ അധ്വാനഫലമാണ് എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

മിഡില്‍-ഈസ്റ്റ്‌ പ്രവാസ ജീവിതങ്ങള്‍

നീണ്ട നെടുവീര്‍പ്പുകളുടെ തോഴന്മാരായി മാറുകയാണ് പ്രവാസജീവിതങ്ങള്‍. സുഖ സമ്പന്നതയില്‍ വളര്‍ന്നു വരുന്ന അവരുടെ പുത്തന്‍ തലമുറയില്‍ കാര്യങ്ങള്‍ ഇങ്ങനെയാവണമെന്നില്ല. കാരണം, ഹോമിക്കപ്പെട്ട ഒരു പ്രവാസ ജമാലിന്റെ ജീവിതം അവര്‍ക്ക് അടിത്തറയായി ഉണ്ടായിരിക്കണം. നാട്ടിന്‍പുറത്ത് ബാല്യവും യൗവനവും ആത്മാവിനോട് ചേര്‍ത്തു പിടിച്ചവരാണ് അറബ് നാടുകളിലെ പ്രവാസികളില്‍ ഏറെയും. കേരളത്തില്‍നിന്ന് മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ 34-40 ലക്ഷം മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പിറന്ന നാടിനോട് ഏറെ മാനസിക ബന്ധം സൂക്ഷിക്കുന്നവരാണ് അറബ് നാടുകളിലെ പ്രവാസികള്‍. വീട്ടിലെയും, നാട്ടിലെയും ചെറിയ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു..എന്നാല്‍ പലപ്പോഴും സാധ്യമാകാറില്ല എന്ന് മാത്രം! രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ തങ്ങളാല്‍ ആവും വിധം ഇടപെടല്‍ നടത്തുവാനും ഇവര്‍ ഉത്സാഹവന്മാരാണ്. സോഷ്യല്‍ മീഡിയകളിലൂടെയുള്ള ഇവരുടെ ഇടപെടലുകള്‍ തന്നെ ഇതിനു ഉദാഹരണമായി കാണാം. ചിലര്‍ക്കൊപ്പം അവരുടെ കുടുംബവും വിദേശത്ത് ഉണ്ടെങ്കിലും, നാടിനെയും, നാടിന്‍റെ പച്ചപ്പിനെയും അവര്‍ക്ക് അവിടേക്ക് പറിച്ചു നടുവാന്‍ കഴിയില്ലെലോ! എല്ലാറ്റിനും ഒടുവില്‍ മനസ്സില്‍ ഒരു നിരാശ മാത്രമെന്തേ ഇവരില്‍ ശേഷിക്കുന്നു..പത വന്നയൊരു വണ്ടിക്കാളയെ പോലെ വലിക്കുന്ന ജീവിതമാണ് തങ്ങളുടെതെന്നു ഇവര്‍ ചിന്തിക്കുന്നതില്‍ തെറ്റ് പറയുവാന്‍ കഴിയുമോ?

അമേരിക്കന്‍- യുറോപ്പിയന്‍ പ്രവാസികള്‍:

ഡോളറിലും യുറോയിലും ശമ്പളം വാങ്ങുന്നവര്‍ക്ക് പക്ഷെ, അറേബ്യന്‍ രാജ്യങ്ങളിലെ പ്രവാസികളുടെയത്ര ഗൃഹാതുരത്വം കണ്ടു വരുന്നില്ല. കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റിയുള്ള വികാരതീവ്രമായ സ്മരണയോ, സ്വദേശത്തു തിരിച്ചുപോകണമെന്നുള്ള അത്യാസക്തിയോ ഇവരില്‍ അധികം പ്രകടമല്ല. ഇത് ഒരു പക്ഷെ, നിലവിലെ സാഹചര്യങ്ങളില്‍ അവര്‍ സംതൃപ്തരായത് കൊണ്ടാകാം. ഇരട്ട പൗരത്വവുമായി, ഇരു രാജ്യങ്ങളെയും സ്വന്തമായി കാണുവാന്‍ ഇവര്‍ക്ക് കഴിയുന്നു. വല്ലപ്പോഴും ഒന്നു അവധിക്കാലം ചിലവിടുവാനുള്ള ഹോം ടൌണ്‍ ആയി കേരളത്തില്‍ അവര്‍ കോടികള്‍ മുടക്കിയ ആസ്തികള്‍ കരുതി വയ്ക്കുന്നു. വൈറ്റ് കോളര്‍ ജോലിയുടെ സുഖലോലുപതയില്‍ നൊസ്റ്റാള്‍ജിയ ഒരു ആഡംബര സ്വപ്നമാണ് ഇവര്‍ക്ക്...ഒരു വിമാന യാത്രയ്ക്ക് അപ്പുറം സാധ്യമായ സ്വപ്നം! ഇവരെ പ്രവാസിയെന്നു വിളിക്കാനാണ് നമ്മുക്ക് ഏറെ ഇഷ്ടം. വശ്യ സുഗന്ധിയായ പെരഫ്യുമുകളും, ആധുനിക സൗകര്യങ്ങളും മംഗ്ലീഷ് പറയുന്ന മക്കളുമായി നമ്മുക്ക് അടുത്ത് അവര്‍ എത്തുമ്പോള്‍ പ്രവാസ ജീവിതത്തിന്റെ മാസ്മരികതയില്‍ നമ്മളും അതിശയിക്കുന്നു..പ്രവാസ ജീവിതം എത്ര മനോഹരമാണെന്ന്! ഇവരില്‍ നാട്ടിലേക്ക് മടങ്ങുവാന്‍ നൊമ്പരപ്പെടുന്നവര്‍ ഇല്ലന്നല്ല..കുറവാണെന്ന് മാത്രം!

തീവണ്ടി ജീവിതങ്ങള്‍ 

ഇനിയും മറ്റൊരു കൂട്ടരുണ്ട്. അവരെ നമ്മുക്ക് പ്രവാസികള്‍ എന്ന് വിളിക്കുവാന്‍ കഴിയില്ലായിരിക്കാം. കേരളത്തിനു പുറത്തു ഇന്ത്യയില്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ജീവിക്കുന്നവരെ നമ്മുക്ക് അങ്ങനെ വിളിക്കുവാന്‍ കഴിയില്ലെലോ. പക്ഷെ അവരും അവരുടെ ജന്മനാടിന്നു പുറത്തു അന്നം തേടി പോയവരാണ്. രാജ്യങ്ങളുടെ അന്തരം ഇല്ലെങ്കിലും, സംസ്ഥാനങ്ങള്‍ തന്നെ പരസ്പരം അന്യരാകുമ്പോള്‍, അവരെയും നമ്മള്‍ പ്രവാസികള്‍ എന്ന് വിളിക്കേണ്ടതല്ലേ ? മദിരാശികള്‍ എന്ന സംബോധനയിലും അവര്‍ ആഗ്രഹിക്കുന്നത് അത് തന്നെയാകാം. വിദേശരാജ്യങ്ങളിലെ വരുമാനവും അവര്‍ക്കുണ്ടായിരിക്കില്ല. പ്രവാസിയുടെ മതിപ്പും ഇക്കൂട്ടര്‍ക്ക് ലഭിക്കില്ല. പക്ഷെ, അവരും, സ്വന്തം വീടിനു ഏറെ ദൂരത്തായിട്ടാണ്...ഒരു പക്ഷെ, അന്യരാജ്യങ്ങളില്‍ ഉള്ളവരിലും ഏറെ ദൂരത്തില്‍!

എംബസിയും കോണ്‍സുലേറ്റും വിദേശ മന്ത്രാലയവും ഒക്കെ ചേര്‍ന്ന് ഭാവി നിശ്ചയിക്കുന്ന പ്രവാസികള്‍ പോരാട്ടത്തിലാണ്. പെട്രോളിയത്തിന്‍റെ വിലയിടിവ്‌ ,വിദേശ രാജ്യങ്ങളിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥ, സ്വദേശിവത്കരണത്തിന്‍റെ ഭീഷണികള്‍ എല്ലാം കൂടി സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയ്ക്കു എതിരെയുള്ള പോരാട്ടമാണത്. നാടിനെ സ്നേഹിക്കുകയും,എന്നാല്‍ നാട്ടിലേക്ക് മടങ്ങുവാന്‍ കഴിയാത്ത ഒരു നിസ്സഹായതയുടെ പോരാട്ടം!

പെരുന്നാളിന്റെ നാളുകളായി..ഇനി കുറച്ചു കാലം നാട്ടിലേക്ക് മടങ്ങണം. കൊതി തീരും മുന്പേ, തിരിച്ചെത്തണം..പാസ്പ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ടെല്ലോ..മടങ്ങാതിരിക്കുവാന്‍ കഴിയില്ല.

ജമാല്‍ ഇപ്പോള്‍ കത്ത് എഴുതുന്നുണ്ടാവില്ല..വായിക്കുകയും ചെയ്യുന്നുണ്ടാവില്ല.. എത്രയെത്ര ജമാലുമാര്‍ ! നാളെയുടെ നേര്‍ത്ത മരുപ്പച്ചയിലേക്ക്‌ നോക്കി അവര്‍ അവിടെയുണ്ട്..വിദേശ മലയാളികള്‍ എന്ന് നാം വിളിക്കും വരെയും!

Story by