ഇടതുപക്ഷ സർക്കാരിനോട് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പറയാനുള്ളത്

പറഞ്ഞ വാക്ക് പാലിയ്ക്കാൻ ഇടത് പാർട്ടികളും കോൺഗ്രസ്സും തയാറാകാതിരിയ്ക്കുമോ എന്നും ഇതെഴുതുമ്പോൾ ഭയം തോന്നാതെയല്ല, കാരണം ലൈംഗിക ന്യൂനപക്ഷം എന്നത് ഇവിടെ ഒരിക്കലും ഒരു വോട്ടു ബാങ്കല്ല, നിങ്ങൾക്ക് ഞങ്ങളോട് വെറും ധാർമിക ബാധ്യത മാത്രമേ ഉള്ളൂ, അത് നടപ്പാക്കിയില്ല എങ്കിൽ ഒന്നും വരാനില്ല, പക്ഷേ ഒന്നുണ്ട്, നിങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും വാഗ്ദാനം ചെയ്ത ഈ കാര്യം നടപ്പിലാക്കൽ എന്നത് മറ്റൊരു വഴിയുമില്ലാത്ത സ്വവർഗ പ്രണയികളുടെ സമൂഹത്തിനു ഏറ്റവും അത്യാവശ്യമുള്ള ഘട്ടമാണ് ഇത്, അതിനു വേണ്ട ഏറ്റവും അനുകൂലമായ സാഹചര്യങ്ങൾ ഇവിടെ നിലവിലുണ്ട് താനും. വ്യാസ് ദീപ് എഴുതുന്നു.

ഇടതുപക്ഷ സർക്കാരിനോട് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പറയാനുള്ളത്

വ്യാസ് ദീപ്

കേരള അസംബ്ലി ഇലക്ഷൻ വിജ്ഞാപനം നടന്ന അന്ന് മുതൽ ശ്രദ്ധിയ്ക്കുന്നതാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾക്ക് നേരെ എന്ത് നിലപാടാണ് എടുക്കും എന്നുള്ളത്. പ്രത്യേകിച്ചും ഭരണത്തിലെത്തുമെന്ന് ഉറപ്പിച്ച സിപിഐഎമ്മിന്റെയും ഇടത് മുന്നണിയുടെയും നീക്കങ്ങളിലും നയങ്ങളിലും വിമതലൈംഗികതകളെ സംബന്ധിച്ച് കാര്യമായി എന്തെങ്കിലുമൊക്കെ വാഗ്ദാനങ്ങളും പരാമർശങ്ങളും ഒക്കെ ഉറപ്പായും പ്രതീക്ഷിച്ചിരുന്നു. അതിനുള്ള ഏറ്റവും പ്രധാന കാരണം എന്നു പറയുന്നത് സെക്ഷൻ 377നോടുള്ള അവരുടെ നയം തന്നെയാണ്. പാർട്ടി തലത്തിൽ ഈ വിഷയം ചർച്ച ചെയ്യുകയും ഈ കരിനിയമം നീക്കം ചെയ്യണം എന്ന് പാർട്ടിയ്ക്കകത്ത് പ്രമേയം പാസാക്കിയ ഒരേയൊരു ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയാണ് അവർ എന്നുള്ളതാണ്. ഐക്യകണ്‌ഠേന ഇങ്ങനെയൊരു പ്രമേയം പാസാക്കിയതിൽ തീരുന്നില്ല അവർ ഈ കാര്യത്തിൽ എടുത്തു പോന്ന നടപടികൾ.


2014 ലെ ലോകസഭാ ഇലക്ഷൻ പ്രകടന പത്രികയിലും ഇതേ വാഗ്ദാനം അവർ ആവർത്തിച്ചിരുന്നു. ഇനി 2016ലെ കേരള സംസ്ഥാന ഇലക്ഷന്റെ കാര്യമെടുത്താൽ വിജ്ഞാപനം വരുന്നതിനു മുമ്പ് നടത്തിയ അന്താരാഷ്ട്ര കേരള വികസന പഠന കോൺഗ്രസ്സിൽ ട്രാൻസ്‌ജെന്റർ-ഗേ റൈറ്റ്‌സ് ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്യുന്ന ശീതൾ ശ്യാം, ജിജോ കുര്യാക്കോസ് എന്നിവരടക്കമുള്ളവരെ ക്ഷണിച്ചിരുന്നു.

ഈ പരിപാടിയെ തുടർന്ന് വരാനിരിയ്ക്കുന്ന എൽഡിഎഫ് പ്രകടന പത്രികയെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ഹോമോസെക്ഷ്വൽ സമൂഹത്തിനെപ്പറ്റിയുള്ള പരാമർശം അതിലെ ഒറ്റ വരിയിൽ ഒതുങ്ങിപ്പോവുകയാണ് ഉണ്ടായത്. അത് ട്രാൻസ്‌ജെന്റർ ആയവർക്ക് നൽകാൻ ഉദ്ദേശിയ്ക്കുന്ന പ്രത്യേക പരിഗണനയെപ്പറ്റി മാത്രമായിരുന്നു.

ഗേ-ലെസ്ബിയൻ-ഇന്റർസെക്ഷ്വൽ-ട്രാൻസ്സെക്ഷ്വൽ-അസെക്ഷ്വൽ എന്നിങ്ങനെയുള്ള എൽജിബിടി വിഭാഗത്തിൽ പെടുന്ന ബഹുഭൂരിപക്ഷത്തിനെപ്പറ്റിയും പ്രകടനപത്രിക കമ്മിറ്റിയ്ക്ക് അറിവ് പോലുമില്ല എന്ന് തോന്നിയ്ക്കുന്ന തരത്തിലായിരുന്നു അത്. ഇതേ സമയത്ത് കേരളത്തിലെ ട്രാൻസ്‌ജെന്റർ-ഇതര വ്യക്തികളും ഗ്രൂപ്പുകളും കേരളത്തിലെ രാഷ്ട്രീയപാർട്ടികളോട് ഇതുമായി ബന്ധപ്പെട്ട സെക്ഷൻ 377 സംസ്ഥാനനിയമസഭയിൽ ബിൽ പാസാക്കിക്കൊണ്ട് നീക്കം ചെയ്യപ്പെടുന്നത് അടക്കമുള്ള ഒരുപാട് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ക്യാമ്പയിനിങ് നടത്തുന്നുണ്ടായിരുന്നു, എന്നാൽ പതിവു പോലെ ഇതൊന്നും ഒരു പാർട്ടിയും അറിഞ്ഞതായിപ്പോലും ഭാവിച്ചില്ല.
.
ഇനി കേരളത്തിലെ പ്രതിപക്ഷകക്ഷികളുടെ കാര്യത്തിലേയ്ക്ക് വന്നാൽ മുസ്ലിം ലീഗ് പ്രതിനിധിയായ മുൻ സാമൂഹ്യ വകുപ്പ് മന്ത്രി എംകെ മുനീർ ആണ് രാജ്യത്തിന് തന്നെ മാതൃകയാകുന്ന വിധത്തിൽ കേരളത്തിന് ഒരു ട്രാൻസ്ജന്റർ നയം രൂപീകരിച്ചത്. എന്നാൽ പാർലമെന്റിൽ പാസാക്കിയ ട്രാൻസ്‌ജെന്റർ അവകാശബില്ലോ സംസ്ഥാനത്ത് പ്ലാൻ ചെയ്ത ട്രാൻസ്‌ജെന്റർ പോളിസിയോ ഒന്നും തന്നെ 'ക്രിമിനൽ' ആക്കപ്പെടുന്ന വകുപ്പിൽ നിന്ന് ട്രാൻസ്‌ജെന്റേഴ്‌സിന് രക്ഷ നൽകുന്നില്ല. റെയ്പ്, സെക്ഷൻ 377 നെ പ്രതിയുള്ള ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നിങ്ങനെയുള്ള ഗേ -ട്രാൻസ്‌ജെന്റർ അടക്കമുള്ള സെക്ഷ്വൽ മൈനോറിറ്റികളുടെ അവസ്ഥ പണ്ടും ഇന്നും ഒരേ പോലെ തുടരുന്നു. കാരണം ഈ പറഞ്ഞ ബില്ലിൽ ഒരിടത്തും സെക്ഷൻ 377 നെപ്പറ്റി പരാമർശിയ്ക്കുന്നു പോലുമില്ല. നിയമം പോലും കുറ്റവാളികൾ എന്ന് മുദ്ര കുത്തിയതുകൊണ്ട് ഹോമോസെക്ഷ്വൽ ആയ ആരെയും ആര്ക്കും എന്തും പറയാം എന്നുള്ള ഒരവസ്ഥയാണ് നിലനില്ക്കുന്നത്. ഇങ്ങനെയൊരു നിയമനിര്മാണം നടക്കുന്ന പക്ഷം അത് ഞങ്ങളുടെ അന്തസ്സിനേയും ആത്മാഭിമാനത്തിനെയും ചോദ്യം ചെയ്യുന്ന പ്രവണതയ്ക്ക് എന്നേയ്ക്കുമായി തടയിടും.

ജീവിതകാലം മുഴുവൻ കുറ്റവാളികൾ ആക്കി നിലനിർത്തിക്കൊണ്ട് ഇന്നാട്ടിൽ എന്ത് തരം പരിഗണനകൾ ട്രാൻസ്‌ജെന്റർ ആയവർക്ക് നൽകിയാലും അതൊന്നും പൂർണമാകുന്നില്ല, അവരെയും മറ്റ് ഹൊമൊസെക്ഷ്വൽ വിഭാഗങ്ങളെയും വേട്ടയാടുന്ന ഈ കരിനിയമം മാറ്റിയെഴുതിയ ശേഷമേ വിമത ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് എന്തെങ്കിലും പരിഗണന നൽകി എന്ന് അർത്ഥപൂർണമായി രാഷ്ട്രീയ പാർട്ടികൾക്കും പൊതു സമൂഹത്തിനും അവകാശപ്പെടാൻ സാധിയ്ക്കൂ. അതില്ലെങ്കിൽ പല്ലില്ലാത്ത കടുവയ്ക്ക് ഇറച്ചി കൊടുത്തു എന്ന് പറയുന്ന പോലെ വിരൊധാഭാസമാകും അത്.
.
ട്രാൻസ്‌ജെന്റർ ബിൽ രാജ്യ സഭയിൽ അവതരിപ്പിച്ച ഡിഎംകെ പ്രതിനിധി തിരുച്ചി ശിവ പത്ര പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് സെക്ഷൻ 377 നെപ്പറ്റി തന്റെ ബില്ലിൽ പരാമർശിച്ചിട്ടില്ല എന്നും സെക്ഷൻ 377 നീക്കം ചെയ്യുന്നതിനെപ്പറ്റി തനിയ്ക്ക് 'മറ്റൊരഭിപ്രായമാണ് ഉള്ളത്' എന്നുമാണ്. അതായത് ട്രാൻസ്‌ജെന്ററായവരെയും ഗേ അടക്കമുള്ള മറ്റ് ലൈംഗികന്യൂനപക്ഷങ്ങളും നിയമപരമായി അന്നും ഇന്നും ഒരേ പോലെ അരക്ഷിതാവസ്ഥയിലാണ്. (ഈ നിയമം ഉപയോഗിച്ച് എതിർലിംഗത്തിൽ (straights) പെട്ടവരെയും കേസിൽ പെടുത്താൻ കഴിയും എന്നതും ശ്രദ്ധേയമാണ്). ഈ സാഹചര്യത്തിൽ എംകെ മുനീർ അവതരിപ്പിച്ച ട്രാൻസ്‌ജെന്റർ പോളിസിയെയും കൂടി പൂർണമാക്കുന്ന വിധത്തിൽ ട്രാൻസ്‌ജെന്റേഴ്‌സിന്റെയും കൂടി അടിയന്തിര ആവശ്യമായ സെക്ഷൻ 377നെ (സംസ്ഥാന നിയമസഭയിലെ നിയമനിർമാണം വഴിയെങ്കിലും) നീക്കം ചെയ്യുക എന്ന ആവശ്യത്തെ സഭയിലുള്ള കെ എം മുനീറോ അദ്ദേഹത്തിന്റെ പാർട്ടിയോ എതിർക്കുമെന്ന് കരുതുന്നില്ല.
.
കേരളത്തിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് സെക്ഷൻ 377നീക്കം ചെയ്യണമെന്ന നയം അർഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ സോണിയാഗാന്ധിയും രാഹുലും ചിദംബരവും അടക്കമുള്ളവർ ഈ വിഷയത്തിൽ കോടതി വിധിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. 2014 ലെ ഇലക്ഷൻ സമയത്ത് സിപിഐഎമ്മിനെപ്പോലെ പ്രകടന പത്രികയിൽ സെക്ഷൻ 377 നീക്കം ചെയ്യാമെന്ന് വാഗ്ദാനം നൽകിക്കൊണ്ട് കോൺഗ്രസ് അവർക്ക് ഈ വിഷയത്തിലുള്ള നയം വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതേ വിഷയം ഉന്നയിച്ചു തിരുവനന്തപുറത്ത് നിന്നുള്ള കോൺഗ്രസ് എംപി ശശി തരൂർ പാർലമെന്റിൽ സ്വകാര്യബിൽ കൊണ്ടുവരാൻ ശ്രമിയ്ക്കുകയും എന്നാൽ അവതരണാനുമതി പോലും അതിനു നിഷേധിക്കപ്പെടുകയും ചെയ്തത് ഈയടുത്ത കാലത്താണ്.
.
കേരളത്തിലെ ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയും ഇക്കാര്യത്തിൽ പൊതുവേ ഉദാരമായ നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്.
.
ഐപിസി സെക്ഷൻ 377 എന്ന ഈ വകുപ്പ് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്. കൺകറന്റ് ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും നിയമനിർമാണം നടത്താവുന്നതാണ്. സെക്ഷൻ 377 കേരള സംസ്ഥാനപരിധിയിൽ നടപ്പിലാകുന്നതിനെ തടയുന്ന തരത്തിൽ സംസ്ഥാന നിയമ സഭ ഒരു ബിൽ പാസാകുകയും അതിൽ ഗവർണർ ഒപ്പിടുകയും ചെയ്താൽ കേരളത്തിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരേ പോലെ യോജിയ്ക്കുന്ന ഈ ആവശ്യം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാകും. ബിൽ കൊണ്ടുവരുക എന്നതല്ലാതെ സെക്ഷൻ 377 സംസ്ഥാനത്ത് നടപ്പാകുന്നിൽ നിന്നും തടയിടാൻ യാതൊരു വിധത്തിലും ഉള്ള മറ്റെന്തെങ്കിലും തടസങ്ങൾ ഉള്ളതായി തോന്നുന്നില്ല.
.
കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരു വിഷയത്തിൽ കേന്ദ്ര നിയമവും സംസ്ഥാനം പാസാക്കിയ നിയമവും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ ഉണ്ടാകുന്ന സാഹചര്യം ഈ വിഷയത്തിൽ ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിയുന്നത്, അഥവാ അത്തരം ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പോലും ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാന്തന്ത്ര്യത്തെ സാധൂകരിയ്ക്കുന്നതാണ് എന്ന കാരണം കൊണ്ട് സംസ്ഥാന സർക്കാർ പാസാക്കിയ നിയമഭേദഗതിയ്ക്ക് അനുകൂലമായി നടത്തുന്ന നീക്കത്തിനേ മുൻകൈ കിട്ടുകയുള്ളൂ എന്നുമാണ് മനസിലാക്കാൻ സാധിയ്ക്കുന്നത്.

ട്രാൻസ്‌ജെന്റർ അവകാശ നിയമം പോലും സംവരണം മാത്രം ഉറപ്പു നല്കുകയും അതിനപ്പുറം അവരെ കുറ്റവാളികൾ ആക്കി നിലനിർത്തുന്ന സാഹചര്യത്തിനു നേരെ അന്ധത കാണിയ്ക്കുകയും ചെയ്യുന്നു എന്നിരിക്കെ കേരള നിയമസഭ ഇത്തരം ഒരു ബില്ല് പാസാക്കുക എന്നത് വലിയ വിപ്ലവകരമായ ഒരു മാറ്റമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടാക്കുക. ഏറ്റവും കുറഞ്ഞത് കേരളത്തിലുള്ള സ്വവർഗപ്രണയികൾക്കെങ്കിലും ആരെയും ഭയക്കാതെ ജീവിയ്ക്കാമെന്ന അവസ്ഥയെങ്കിലും അത് ഉറപ്പു വരുത്തും. നിലവിലെ സാഹചര്യങ്ങൾ നോക്കിയാല ഇന്ത്യയിൽ മറ്റേതെങ്കിലും ഒരു സംസ്ഥാനത്ത് നിന്ന് സമീപഭാവിയിലൊന്നും തന്നെ ഇത്തരമൊരു നീക്കം ഉണ്ടാകുമെന്ന് കരുതാൻ വയ്യ. അരവിന്ദ് കേജ്രിവാൾ ദൽഹിയിൽ അധികാരമേറ്റ സമയത്ത് ഇത്തരം ചർച്ചകൾ എൽജിബിറ്റി വൃത്തങ്ങൾക്കിടയിൽ വലിയ തോതിൽ നടന്നിരുന്നുവെങ്കിലും യാതൊരു പുരോഗതിയും ഈ ദിശയിൽ ഉണ്ടായില്ല. എന്നാൽ കേരളത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ ഒരേ നയം എടുത്തിരിയ്ക്കുന്നവരായതുകൊണ്ട് തന്നെ ഇവിടെ ഇനി ഒരു ബില് കൊണ്ടുവരുക എന്നത് മാത്രമേ നടക്കാനുള്ളൂ. പുരോഗമനേഛുക്കളായ ധാരാളം പേരുള്ള കേരള നിയമ സഭയിൽ ഈയൊരു ബില്ല് കൊണ്ടുവരാൻ ആരാവും തയാറാകുക എന്ന കാര്യത്തിൽ മാത്രമേ ഒരു തരത്തിൽ നോക്കിയാൽ കൺഫ്യൂഷൻ ഉണ്ടാവേണ്ടതുള്ളൂ, അത്രയ്ക്കു വ്യക്തി മികവുള്ളവരാണ് ഇപ്പോഴത്തെ അസംബ്ലിയിൽ ഉള്ളത് എന്നുള്ളതും ഇതെഴുതുമ്പോൾ ശുഭ സൂചനയായി തോന്നുന്നു. ഐപിസി 377 നെ തള്ളിക്കളയാനുള്ള ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യം നിലനില്ക്കുന്നത് കേരളത്തിലാണ്. ഒരുപാട് കാര്യങ്ങളിൽ രാജ്യത്തിനും ലോകത്തിനും മാതൃകയായവരല്ലേ നമ്മൾ മലയാളികൾ അതുകൊണ്ട് ആ വലിയ വിപ്ലവം തുടങ്ങുന്നത് ഇന്ത്യയുടെ വാലറ്റത്ത് നിന്നുതന്നെയാവട്ടെ.
.
സ്വവർഗപ്രണയം ഭ്രാന്താണെന്നും അവരെ ചങ്ങലയ്ക്ക് ഇടണമെന്നും പറയുകയും ചികിൽസിച്ചു മാറ്റാൻ കേന്ദ്രങ്ങൾ തുടങ്ങാൻ പദ്ധതി തയാറാക്കുകയും ചെയ്തവരാണ് ഇന്ന് ഇന്ത്യ ഭരിയ്ക്കുന്നത്.
ഈ വിഷയത്തിൽ എളുപ്പത്തിൽ നടപടി എടുക്കാൻ കഴിയുക കേന്ദ്ര ഗവണ്മെന്റിനാണ്, എന്നാൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്നുവരെ ഐപിസി സെക്ഷൻ 377നെപ്പറ്റി യാതൊരു തരത്തിലും ചർച്ച ചെയ്യുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. ഈയൊരു വാക്ക് പോലും അലർജി ഉള്ള തരത്തിലാണ് അവിടത്തെ കാര്യങ്ങൾ. മറ്റ് പല കാര്യങ്ങളിലും അഭിപ്രായം പറയാൻ വെമ്പൽ കൊള്ളുന്ന പ്രധാനമന്ത്രി പോലും നാളിതുവരെയായിട്ടും ഈ കാര്യത്തിൽ ഒരക്ഷരം പോലും ഉരിയാടിയിട്ടുമില്ല, അങ്ങനെ ആ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ആരെങ്കിലും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതിലും കാര്യമില്ല . പൊതുവേ സദാചാര വിഷയത്തിൽ അവരുടെ കടുംപിടിത്തം വെച്ച് നോക്കിയാൽ സെക്ഷൻ 377നെപ്പറ്റി ബിജെപിയുടെ അകത്ത് ചർച്ച വരുകയോ അതിനെതിരെ ഒരു ബില്ല് ബിജെപിയുടെ പിന്തുണയോടെ കേന്ദ്ര ഗവണ്മെന്റ് പാസാക്കുകയോ ഒന്നും സമീപഭാവിയിൽ സംഭവിക്കാൻ ഒട്ടും സാധ്യതയില്ലാത്ത കാര്യമാണ്. അരുൺ ജയ്റ്റ്‌ലിയെപ്പോലെ അപൂർവം ചില അപസ്വരങ്ങൾ ബിജെപിയിൽ നിന്ന് ഉയർന്നു എന്നതൊഴിച്ചാൽ (അതും തന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടും ഉണ്ട്) അവർ പൂർണമായും സ്വവർഗപ്രണയികൾക്കെതിരാണ്. അതായത് കേന്ദ്രഭരണത്തിൽ ബിജെപിയ്ക്ക് സ്വാധീനം ഉള്ളിടത്തോളം കാലം സ്വവർഗപ്രണയികളായവർക്ക് ദുരിതമായിരിക്കും എന്നർഥം. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ വെച്ച് നോകുമ്പോൾ അടുത്തെങ്ങും യാതൊരു പ്രതീക്ഷയ്ക്കും ഒരു വിധത്തിലും വകയില്ല. കേന്ദ്രത്തിലെ അധികാരത്തിന്റെ ഹുങ്കിൽ 'യോഗി'മാരും 'സ്വാമി'മാരും ഒക്കെ നിത്യേനയെന്നോണം സ്വവർഗ പ്രണയികളെ ദ്രോഹിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സര്ക്കാരിനെ മാത്രമേ ഈ വിഷയത്തിൽ ഞങ്ങൾക്ക് സമീപിയ്ക്കാനും വിശ്വസിയ്ക്കാനും കഴിയുള്ളൂ.
.
കേരളത്തിലെ മാധ്യമ പ്രവർത്തകരിലും പൊതുപ്രവർത്തകരിലും പരക്കെയുള്ള തെറ്റിദ്ധാരണ ഈ വിഷയത്തിൽ സംസ്ഥാന ഗവണ്മെന്റിന് ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളതാണ് എന്ന് തോന്നുന്നു, ധാരാളം പേർ ഇത്തരം അഭിപ്രായം പറഞ്ഞിരുന്നു. ആ ധാരണ ഇതോടെ മാറിയിട്ടുണ്ടാവും എന്ന് കരുതുന്നു. ശബ്ദമില്ലാത്ത, നിരന്തരം അവഗണന മാത്രം നേരിടുന്ന എല്ജിബിടി സമൂഹത്തിന് ഈ ഘട്ടത്തിൽ നിങ്ങളുടെ സഹായം തീർച്ചയായും ആവശ്യമുണ്ട്.ഓൺലൈൻ-ഇതര മുഖ്യധാരാ മാധ്യമങ്ങളും പത്രപ്രവർത്തക സുഹൃത്തുക്കളും മൌനം വെടിഞ്ഞ് എൽജിബിടി സമൂഹത്തിന് പിന്തുണയുമായി എത്തുന്നുണ്ട് എന്നുള്ളത് 'ശബ്ദമില്ലാത്ത' 'റീച്ച്' ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം അനുഗ്രഹമാണ്, എന്നാൽ ഗേ അഥവാ ഹോമോസെക്ഷ്വൽ എന്ന വാക്കിനു കിട്ടുന്ന ജനശ്രദ്ധയെ ദുരുപയോഗിച്ച് ഹിറ്റ് വാരിക്കൂട്ടൽ നടത്തുന്ന കച്ചവട പ്രവണതയും വലിയ തോതിൽ പത്രപ്രവർത്തക സമൂഹത്തിനിടയിൽ നിലവിലുണ്ട് എന്നുള്ളതും പറയാതെ വയ്യ. എല്ലാവരുടെയും സഹായം ഈ സമയത്ത് ഞങ്ങൾക്ക് ഏറ്റവും അത്യാവശ്യമാണ്.
.
അന്താരാഷ്ട്ര തലത്തിൽ സ്വവർഗപ്രണയികളുടെ അവകാശങ്ങളെപ്പറ്റി അവബോധം സൃഷ്ടിയ്ക്കുന്നതിനു വേണ്ടി ജൂൺ മാസം പ്രൈഡ് മാസം ആയി ആചരിച്ചു പോരുന്നുണ്ട്, അതിന്റെ ഭാഗമായി കേരളത്തിലും ജൂൺ-ജൂലൈ സമയത്ത് പതിവായി പ്രൈഡ് മാർച്ചുകൾ നടത്താറുണ്ട്, ഈ വർഷം ഓഗസ്റ്റ് പതിനഞ്ച് സ്വാന്തന്ത്ര്യദിനത്തിൽ കോഴിക്കോട്ട് വെച്ച് കേരളത്തിന്റെ പ്രൈഡ് മാർച്ച് നടക്കും എന്നാണ് അറിയാൻ കഴിഞ്ഞത്, അതിനു മുന്പ് തന്നെ കേരള നിയമ സഭയിൽ ഐപിസി സെക്ഷൻ 377നെ സംസ്ഥാനത്ത് ബാധകമാകുന്നതിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ബിൽ അവതരിപ്പിക്കപ്പെടുന്ന പക്ഷം വരാനിരിയ്ക്കുന്ന പ്രൈഡ് മാർച്ച് പൂർണമായ അർഥത്തിലുള്ള 'ഫ്രീഡം പ്രൈഡ് മാർച്ച്' ആവും. ഇന്ത്യയിലെ എല്ലാ പ്രൈഡ് മാർച്ചിലും മുഴങ്ങുന്ന പതിവ് വാചകമാണ് സെക്ഷൻ 377 എടുത്തുകളയുക എന്നുള്ളത്, ആ അരക്ഷിതത്വത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടുള്ള ഒരു പ്രൈഡ് വോക്ക് എന്ന് ആലോചിക്കുമ്പോൾ തന്നെ ഒരുപാട് ആഹ്ലാദം തോന്നുന്നു.
.
പറഞ്ഞ വാക്ക് പാലിയ്ക്കാൻ ഇടത് പാർട്ടികളും കോൺഗ്രസ്സും തയാറാകാതിരിയ്ക്കുമോ എന്നും ഇതെഴുതുമ്പോൾ ഭയം തോന്നാതെയല്ല, കാരണം ലൈംഗിക ന്യൂനപക്ഷം എന്നത് ഇവിടെ ഒരിക്കലും ഒരു വോട്ടു ബാങ്കല്ല, നിങ്ങൾക്ക് ഞങ്ങളോട് വെറും ധാർമിക ബാധ്യത മാത്രമേ ഉള്ളൂ, അത് നടപ്പാക്കിയില്ല എങ്കിൽ ഒന്നും വരാനില്ല, പക്ഷേ ഒന്നുണ്ട്, നിങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും വാഗ്ദാനം ചെയ്ത ഈ കാര്യം നടപ്പിലാക്കൽ എന്നത് മറ്റൊരു വഴിയുമില്ലാത്ത സ്വവർഗ പ്രണയികളുടെ സമൂഹത്തിനു ഏറ്റവും അത്യാവശ്യമുള്ള ഘട്ടമാണ് ഇത്, അതിനു വേണ്ട ഏറ്റവും അനുകൂലമായ സാഹചര്യങ്ങൾ ഇവിടെ നിലവിലുണ്ട് താനും. ഇനിയും നിങ്ങൾ രണ്ടു കൂട്ടരും ഒന്നും ചെയ്തില്ല എങ്കിൽ ഹോമോസെക്ഷ്വൽ കമ്യൂണിറ്റിയോട് അറപ്പ് ഭാവിച്ച് മിണ്ടാതിരിക്കുന്ന കേന്ദ്ര ഭരണകൂടത്തിൽ നിന്നും നിങ്ങളും യാതൊരു തരത്തിലും വ്യത്യസ്തരല്ല എന്നും വരും. വാഗ്ദാനങ്ങൾ മറന്ന് കേരള ഗവണ്മെനറും ഇവിടത്തെ ഇരു രാഷ്ട്രീയ സഖ്യങ്ങളും അനങ്ങാപ്പാറ നയം എടുക്കുകയാണ് എങ്കിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ലാതെ പേടിച്ചു ഭയന്ന് ക്രിമിനൽ ഭീഷണിയെ പേടിച്ച് തന്നെ ജീവിതം തുടരേണ്ടി വരും. അതുകൊണ്ട് തന്നെ പ്രതീക്ഷയുടെ അവസാന വെളിച്ചത്തിനോടെന്ന പോലെ യാചിയ്ക്കുകയാണ്, സ്വാതന്ത്ര്യത്തിനു വേണ്ടി...
.
We are begging for Azadi.. 377 se Azadi..
.
(ഗേയോ ട്രാൻസോ ഫെമിനെയ്റ്റോ ആയതിന്റെ പേരിൽ ഒറ്റപ്പെട്ട് പേടിച്ച് ജീവിയ്ക്കുന്ന കൂട്ടുകാരോട്: നിങ്ങൾ ഒറ്റയ്ക്കല്ല, ഒരായിരം പേരുണ്ട് നിങ്ങളെപ്പോലെ, എല്ലാവർക്കും അഭിമാനത്തോടെയും അന്തസ്സോടെയും ജീവിയ്ക്കാനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കിയെടുക്കുക തന്നെ ചെയ്യും <3 വിഷാദവും ആത്മഹത്യയുമൊന്നുമല്ല, സന്തോഷം നിറഞ്ഞ നാളുകൾ തന്നെയാണ് വരാനിരിക്കുന്നത് :) Be positive കടുത്ത ഫോബിക് ആയ സമൂഹത്തിൽ ജീവിക്കുമ്പോൾ തൊട്ടാവാടികൾ ആവരുത്, ലേശമൊക്കെ ധൈര്യം വേണം, എങ്കിലേ പിടിച്ചു നില്ക്കാൻ പറ്റൂ)

Story by