ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടിമപ്പണിക്ക് തുല്യമായ തൊഴില്‍ ചൂഷണം; പണിയെടുക്കാന്‍ തൊഴിലാളികളും കമ്മീഷന്‍ തട്ടാന്‍ മേസ്തിരിമാരും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിൽ എത്തുന്നവര്‍ അടിമപണിക്ക് തുല്യമായ , തൊഴില്‍ ചൂഷണമാണ് നേരിടുന്നത്. കേരളത്തിലെ ഉയര്‍ന്ന കൂലിയും ജീവിതസാഹചര്യവും ചൂണ്ടിക്കാട്ടിയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബ സഹിതം കേരളത്തിലേക്ക് തൊഴിലാളികളെ കടത്തുന്നത്. ഇതിന് പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടിമപ്പണിക്ക് തുല്യമായ തൊഴില്‍ ചൂഷണം; പണിയെടുക്കാന്‍ തൊഴിലാളികളും കമ്മീഷന്‍ തട്ടാന്‍ മേസ്തിരിമാരും

കോഴിക്കോട്: മഴ കൊള്ളാതിരിക്കാന്‍ ടാര്‍പായ കൊണ്ട് മേല്‍ക്കൂര, കിടക്കാന്‍ നാലു മരക്കഷണം മണ്ണില്‍ മരക്കഷണങ്ങള്‍ കുഴിച്ചിട്ട് മേലെ പാഴ്മരങ്ങള്‍ വിരിച്ച്  നിര്‍മ്മിച്ച കട്ടില്‍, കുനിഞ്ഞ് മാത്രമേ കയറാനും ഇറങ്ങാനും പറ്റൂ, അകത്ത് നില്‍ക്കണമെങ്കില്‍ മുട്ട് കുത്തണം. റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്തെ പുറമ്പോക്കിലും മറ്റ് പുറമ്പോക്ക് സ്ഥലങ്ങളിലും കാണുന്ന കൊച്ചു ടെന്റുകളുടെ അവസ്ഥയാണിത്. മേസ്തിരിമാര്‍ പ്രതിമാസം അഞ്ഞൂറ്  രൂപ മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപ വരെ വാടക വാങ്ങുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ പാര്‍പ്പിടത്തില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ള ടെന്റുകളാണ്.


കേരളത്തില്‍ ചേരി സംസ്‌കാരം ഇല്ലെന്നാണ് നമ്മള്‍ അവകാശപ്പെടുന്നതെങ്കിലും  ഇതര  സംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റം കേരളത്തില്‍ ഒരു ചേരി സംസ്‌കാരത്തിന് രൂപം കൊടുത്തു കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും കമ്മീഷന്‍ പറ്റുന്ന മലയാളികള്‍ തന്നെയാണ് പുതിയ ചേരിസംസ്‌കാരത്തിന്‍ തുടക്കമിടുന്നത്. ഇത്തരം ചേരികള്‍ക്കകത്ത് താമസിക്കുന്നത് ഒരു കുടുംബമാണ്. കുട്ടികളും മുതിര്‍ന്ന പെണ്‍കുട്ടികളും ഒക്കെയുള്ള കുടുംബം. പകല്‍ സമയത്ത് ഇവര്‍ ജോലി സ്ഥലത്താവും. രാത്രി തലചായ്ക്കാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനും ഒരിടം. മഴയോടും മറ്റ് ഇഴ ജന്തുക്കളോടും മല്ലടിച്ചാണ്  കുട്ടികളടക്കമുള്ളവര്‍ ഇവിടെ കഴിയുന്നത്. എന്നാല്‍ ഇത്തരം ടെന്റുകള്‍ക്കുമുണ്ട്  ഓരോ സ്ഥലത്തും ഓരോ മുതലാളി. കിട്ടിയ സ്ഥലങ്ങളിലെല്ലാം ഇത്തരം ടെന്റുകള്‍ കെട്ടി വാടകക്ക് കൊടുത്ത് പണം ഉണ്ടാക്കുന്ന കേരളത്തില്‍ വളര്‍ന്നു വരികയാണ്. മേസ്തിരിമാര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ കേരളത്തില്‍ അടിമപണിക്ക് തുല്യമായ ഒരു സംസ്‌കാരം തന്നെ സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കുന്ന ഇടനിലക്കാര്‍ കൂടിയാണിവര്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്  എത്തുന്നവര്‍ അടിമപണിക്ക് തുല്യമായ , തൊഴില്‍ ചൂഷണമാണ് നേരിടുന്നത്. കേരളത്തിലെ ഉയര്‍ന്ന കൂലിയും ജീവിതസാഹചര്യവും ചൂണ്ടിക്കാട്ടിയാണ്  അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബ സഹിതം കേരളത്തിലേക്ക് തൊഴിലാളികളെ കടത്തുന്നത്. ഇതിന് പിന്നില്‍ ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ് കേരളത്തില്‍ ഏറെയുള്ള  തൊഴിലാളികള്‍.ഇതില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ഏറെ ചൂഷണത്തിന് ഇരയാകുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ വലവീശി പിടിക്കുന്നതില്‍ കേരളത്തില്‍ തന്നെ ചിലരാണ് ചുക്കാന്‍ പിടിക്കുന്നത്. ഇതിലധികവും നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ടവരാണ്.  ഇവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളാണ്  അവരുടെ പ്രദേശത്ത് നിന്ന് തൊഴിലാളികളെ പ്രലോഭിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടു വരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് അധികവും കുടുംബസമേതം എത്തുന്നത്. ഇവരെ കേരളത്തിലെത്തിച്ച്  ഇടുങ്ങിയ മുറികളിലും, റെയില്‍വേ സ്റ്റേഷനരികിലും, പുഴയരികിലും, മറ്റുമുള്ള സ്ഥലത്ത്  ടെന്റ് കെട്ടി താമസിപ്പിക്കുകയാണ്  ചെയ്യുന്നത്. താമസ സ്ഥലത്തിന് വാടക തൊഴിലാളികള്‍ നല്‍കണം. കേരളത്തിലെത്തി ജോലികിട്ടിയാലും ഇല്ലെങ്കിലും താമസ സ്ഥലത്തിന് വാടക നല്‍കണം. നിര്‍മ്മാണ പ്രവ്യത്തികളും ,ക്വാറിപ്രവര്‍ത്തനം, പുഴയില്‍നിന്ന് മണലെടുപ്പ്, ചാലുകീറല്‍ തുടങ്ങിയ ജോലികള്‍ക്കാണ് ഇവര്‍ നിയോഗിക്കപ്പെടുന്നത്. അവിദഗ്ധ തൊഴിലാളികളെ നിര്‍മ്മാണ മേഖലയില്‍ ഹെല്‍പ്പര്‍മാരായാണ്  ഉപയോഗിക്കുന്നത്.
ജോലികള്‍ ഉയര്‍ന്ന പ്രതിഫലത്തില്‍ കേരളത്തിലെ ഇടനിലക്കാര്‍ ഏറ്റെടുത്ത്  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെകൊണ്ടു വന്ന മേസ്തിരിമാരെ ഏല്‍പ്പിക്കുയാണ്  ചെയ്യുന്നത്. ഓരോ ഇടനിലക്കാരന്റെ കീഴിലും പത്തിലധികം മേസ്തിരിമാരും നിരവധി തൊഴിലാളികളുമുണ്ടാകും. ചുരുങ്ങിയത് ഇരുപത് മുതല്‍ നൂറ്  പേരെങ്കിലും തൊഴിലാളികള്‍  ഓരോ മേസ്തിരിയുടെ കീഴിലുണ്ടാകും. ഓരോ ഇടനിലക്കാരന്റെ കീഴിലും നൂറുകണക്കിന് തൊഴിലാളികള്‍ ഉണ്ടാകും.
നിര്‍മ്മാണ ജോലി നല്‍കുന്നവരുമായി തൊഴിലാളികള്‍ക്ക് ബന്ധം ഉണ്ടാകില്ല. തൊഴില്‍ നല്‍കിയവരില്‍ നിന്ന്  ഇടനിലക്കാരന്‍ ഇവര്‍ക്കുള്ള കൂലി നേരിട്ട് വാങ്ങി  ഓരോ തൊഴിലാളിയുടേയും എണ്ണപ്രകാരം കമ്മീഷന്‍ എടുത്താണ്  മേസ്തിരിയെ ഏല്‍പ്പിക്കുന്നത്. ഒരു തൊഴിലാളിയുടെ പേരില്‍ മാത്രം നൂറ്റമ്പത്  രൂപയെങ്കിലും ഇവര്‍ കൈപ്പറ്റും. കൂടാതെ തൊഴിലാളികളുടെ വൈദഗ്ധ്യം നിശ്ചയിക്കുന്നതും അതനുസരിച്ച്  ഇവരുടെ കൂലി തീരുമാനിക്കുന്നതും ഇവരാണ്. നൂറുകണക്കിന് തൊഴിലാളികളെകൊണ്ട് ഇടനിലക്കാരന്‍ ഈയിനത്തില്‍ തന്നെ ആയിരകണക്കിന്  രൂപയാണ് ഒറ്റ ദിവസം കൊണ്ട് തന്നെ ഉണ്ടാക്കുന്നത്.

മേസ്തിരിയെ ഏല്‍പ്പിക്കുന്ന തുക അയാളും  ഓരോ തൊഴിലാളിയുടേയും പേരില്‍ കമ്മീഷൻ എടുത്താണ്  തൊഴിലാളിക്ക്‌ നല്‍കുന്നത്. നൂറു രൂപ മുതല്‍ നൂറ്റമ്പത് വരെയാണ് ഇവരുടെ നിരക്ക്. ഒരു തൊഴിലാളിക്ക് അറുന്നൂറ് രൂപയാണ് തൊഴില്‍ ദാതാവ് നല്‍കുന്നതെങ്കില്‍ കമ്മീഷന്‍ കഴിച്ച്  തൊഴിലാളിക്ക് കിട്ടുന്നത് 300 രൂപ മുതല്‍ 450 രൂപ വരെ മാത്രമാണ്. കേരളത്തിലേക്ക് ഒരു മേസ്തിരിയുടെ കീഴില്‍ എത്തിയാല്‍ സ്വതന്ത്രമായി മറ്റൊരു ജോലിക്ക് പോകാനും അനുവാദമില്ല.ഓരോ തൊഴിലാളിയുടേയും തിരിച്ചറിയല്‍ രേഖകളും, പണിയാധുങ്ങളും സൂക്ഷിക്കുന്നത് മേസ്തിരിമാരാണ്. സ്വതന്ത്രമായി മറ്റൊരു ജോലിക്ക് പോകാന്‍ പണിയായുധങ്ങള്‍ നല്‍കില്ല.അഥവാ പോയാലും പിഴയായി ഒരു തുക കമ്മീഷനായി നല്‍കേണ്ടി വരും. താമസിക്കുന്ന ടെന്റിന് പുറമെ  കിടക്കുന്ന പായക്ക് വരെ പ്രതിമാസം വാടക നല്‍കണം. പണിയായുധം സൂക്ഷിക്കാന്‍ വേറെയും വാടക നല്‍കണം. അഞ്ഞൂറ് രൂപ വരെ ഈ ഇനത്തിൽ വാടക വാങ്ങുന്നവരുണ്ട്. സംഘത്തിലെ കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും ഭക്ഷണം വെക്കലും തൊഴിലാളികള്‍ക്ക്  എത്തിക്കലുമാണ് ജോലി. എതിര്‍ക്കുന്നവരെ തിരിച്ചയക്കുകയോ പ്രദേശത്തെ പോലീസ് സ്റ്റേഷനുകളില്‍ കള്ള കേസുകളില്‍ കുടുക്കുകയും ചെയ്യുന്നത് പതിവാണ്.

Story by
Read More >>