ചട്ടങ്ങള്‍ ലംഘിച്ച് മുന്‍സര്‍ക്കാര്‍ ഡിജിപിയാക്കിയ നാല് ഐപിഎസ് ഉദ്യോഗസ്ഥരുടെ 'ജിപി' സംസ്ഥാന സര്‍ക്കാര്‍ എടുത്തുമാറ്റുന്നു

ഉദ്യോഗസ്ഥരെ വിവാദതീരുമാനത്തിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഡി.ജി.പിമാരാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണത്തുടര്‍ച്ചയില്ലാതെ വരികയും എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തതോടെ പോലീസ് തലപ്പത്ത് അടിമുടി അഴിച്ചുപണിയുണ്ടാകുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇവരില്‍ മൂന്നുപേര്‍ക്കു സ്ഥാനചലനം ഉറപ്പാകുകയും ചെയ്തു.

ചട്ടങ്ങള്‍ ലംഘിച്ച് മുന്‍സര്‍ക്കാര്‍ ഡിജിപിയാക്കിയ നാല് ഐപിഎസ് ഉദ്യോഗസ്ഥരുടെ

ചട്ടങ്ങള്‍ ലംഘിച്ച് മുന്‍സര്‍ക്കാര്‍ ഡിജിപിയാക്കിയ നാല് ഐപിഎസ് ഉദ്യോഗസ്ഥരുടെ 'ജിപി' സംസ്ഥാന സര്‍ക്കാര്‍ എടുത്തുമാറ്റുന്നു. എന്‍. ശങ്കര്‍ റെഡ്ഡി (മുന്‍ വിജിലന്‍സ് ഡയറക്ടര്‍), എ. ഹേമചന്ദ്രന്‍ (മുന്‍ ഇന്റലിജന്‍സ് മേധാവി), മുഹമ്മദ് യാസിന്‍ (തീരസുരക്ഷാ പോലീസ് മേധാവി), രാജേഷ് ദിവാന്‍ (പരിശീലനവിഭാഗം മേധാവി) എന്നിവരാണ് പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിധേയരാകുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.


പ്രസ്തുത ഉദ്യോഗസ്ഥരെ വിവാദതീരുമാനത്തിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഡി.ജി.പിമാരാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണത്തുടര്‍ച്ചയില്ലാതെ വരികയും എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തതോടെ പോലീസ് തലപ്പത്ത് അടിമുടി അഴിച്ചുപണിയുണ്ടാകുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇവരില്‍ മൂന്നുപേര്‍ക്കു സ്ഥാനചലനം ഉറപ്പാകുകയും ചെയ്തു.

ശങ്കര്‍ റെഡ്ഡിയെ ഫയര്‍ഫോഴ്‌സിലും ഹേമചന്ദ്രനെ സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലും രാജേഷ് ദിവാനെ പോലീസ് ആസ്ഥാനത്തും മാറ്റിനിയമിക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഡിജിപി റാങ്കില്‍ നിന്നും താഴെയിറങ്ങി എഡിജിപി റാങ്കുള്ള പദവികള്‍ സ്വീകരിക്കാന്‍ ഇവര്‍ വിസമ്മതിക്കുകയായിരുന്നു. അതല്ലെങ്കില്‍ പ്രസ്തുത പദവികള്‍ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തുകയെന്ന നിബന്ധനയും അവര്‍ സര്‍ക്കാരിന് മുന്നില്‍വെച്ചു.

ഇവരുടെ സ്ഥാനക്കയറ്റംതന്നെ നിയമവിരുദ്ധമാണെന്നിരിക്കേ എഡിജിപി തസ്തികയിലുള്ള ശമ്പളം മാത്രമേ നല്‍കാന്‍ കഴിയൂവെന്ന് അക്കൗണ്ടന്റ് ജനറല്‍ നിലപാടെടുക്കുയും ഇക്കാര്യം ഇക്കാര്യം ചീഫ് സെക്രട്ടറിയേയും ആഭ്യന്തര സെക്രട്ടറിയേയും അറിയിക്കുകയും ചെയ്തു. ഇതോടെ ഒരര്‍ത്ഥത്തില്‍ സര്‍ക്കാര്‍ വെട്ടിലാകുകയായിരുന്നു.

സ്വീകാര്യമായ പരിഹാരം കണ്ടെത്താനുള്ള ഭരണതലത്തിനുള്ളിലെ ആലോചനകള്‍ക്കൊടുവിലാണ് നാലുപേരെയും അതതു തസ്തികകളില്‍ ഡയറക്ടര്‍മാരായി മാത്രം നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അനുകൂലമായ നിയമോപദേശവും സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. കേന്ദ്രനിയമപ്രകാരം രണ്ടു കേഡര്‍ ഡിജിപിമാരുടെയും രണ്ട് എക്‌സ് കേഡര്‍ ഡിജിപിമാരുടെയും തസ്തികകള്‍ മാത്രമാണു കേരളത്തിന് അനുവദിച്ചിട്ടുള്ളതിനാല്‍ ഇത് മറികടക്കാന്‍ എഡിജിപിക്കും ഡിജിപിക്കും മധ്യേ പുതിയൊരു തസ്തികതന്നെ സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, ജേക്കബ് തോമസ് എന്നിവരെ മറികടന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാലുപേര്‍ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. ജേക്കബ് തോമസിനെ ഡി.ജി.പിയായി ഉയര്‍ത്തിയതിനൊപ്പം പാറ്റൂര്‍ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തില്‍നിന്നു മാറ്റി പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനില്‍ നിയമിച്ച് ഒതുക്കുകയും ചെയ്തു.

സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായി ഋഷിരാജിനും ബെഹ്‌റയ്ക്കും അര്‍ഹമായ ശമ്പളംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സില്‍തന്നെ നിലനിര്‍ത്തുന്നതിനൊപ്പം, ടിപി സെന്‍കുമാറിന്റെ പിന്‍ഗാമിയായി ഹേമചന്ദ്രനെ സംസ്ഥാന പോലീസ് മേധാവിയാക്കാനുമായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ആ നീക്കത്തിന് തടയിടുകയായിരുന്നു.