പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം: ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് സ്‌റ്റേ

10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം: ഹരിത ട്രൈബ്യൂണല്‍  ഉത്തരവിന് സ്‌റ്റേ

കൊച്ചി: പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുടമകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. ജസ്റ്റിസ് പിബി സുരേഷ് കുമാറാണ് ഹര്‍ജി പരിഗണിച്ചത്.

10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന ഇത്തരം വാഹനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ  ഉത്തരവ്. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണം. കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.

ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ലോയേഴ്സ് എന്‍വയോണ്‍മെന്റ് അവെയര്‍നസ് ഫോറം എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഡല്‍ഹിയിലേത് പോലെ കേരളത്തിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്നായിരുന്നു ഹര്‍ജി.

Read More >>