സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ സമ്പൂര്‍ണ പരാജയം; മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാരിനെ ഏറെ ബുദ്ധിമുട്ടിച്ച നടപടികളാണ് സെന്‍കുമാറില്‍ നിന്നുമുണ്ടായത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിലും ജിഷ വധക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതിന് ഉത്തരവാദി ഡിജിപിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ സമ്പൂര്‍ണ പരാജയം; മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍

മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയില്‍ സെന്‍കുമാര്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് ഡിജിപി സ്ഥാനത്തുനിന്ന് നീക്കംചെയ്തത് ചോദ്യംചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.


സര്‍ക്കാരിനെ ഏറെ ബുദ്ധിമുട്ടിച്ച നടപടികളാണ് സെന്‍കുമാറില്‍ നിന്നുമുണ്ടായത്. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിലും ജിഷ വധക്കേസിലും പൊലീസിന് വീഴ്ചയുണ്ടായതിന് ഉത്തരവാദി ഡിജിപിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജിഷ വധക്കേസില്‍ ഉത്തരവാദികളായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുന്നതിനു പകരം സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും സംസ്ഥാന സര്‍ക്കാരിന്റെ മേല്‍ ജനങ്ങള്‍ക്ക് അതൃപ്തി വളരാന്‍ ഇത് ഇടയാക്കിയെന്നും സര്‍ക്കാര്‍ ഭാഗം വിശദീകരിച്ചു. ജനങ്ങള്‍ക്കും പൊലീസ് സേനക്കും തെറ്റായതും അപകടകരവുമായ സന്ദേശമാണ് ഇത് നല്‍കിയത്.

പുറ്റിങ്ങല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കാര്യത്തിലും ഡിജിപിയുടെ ഇടപെടലുണ്ടായകാര്യവും വിശദീകരണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എഡിജിപി ആവശ്യപ്പെട്ട അംഗങ്ങളെ ഒഴിവാക്കി മറ്റു ചിലരെയാണ് സംഘത്തിന്റെ പാനലില്‍ ഉള്‍പ്പെടുത്തിയതെന്നും ഒടുവില്‍ അംഗങ്ങളെ മാറ്റരുതെന്ന് എഡിജിപിക്ക് അഭ്യര്‍ഥിക്കേണ്ടിവന്നുവെന്നും വശദീകരണത്തില്‍ പറയുന്നു.

ജിഷ വധക്കേസിന്റെ തുടക്കം മുതല്‍ വീഴ്ചകളുണ്ടായി. കൊലപാതകം അവഗണിക്കാനുള്ള ശ്രമമാണ് ആദ്യമുണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിലും മൃതദേഹം ദഹിപ്പിക്കുന്നതിലുംവരെ വീഴ്ചകളുണ്ടായി. സര്‍ക്കാരിന് വിവരം നല്‍കുന്ന റിപ്പോര്‍ട്ട് അഞ്ചാം ദിവസമാണ് ഡിജിപി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ അന്വേഷണസംഘത്തിന്റെ മഹത്ത്വമാണ് വിവരിച്ചിരുന്നത്. വീണ്ടും രണ്ടുതവണ കൂടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മറ്റു കാര്യങ്ങളാണ് വിവരിച്ചിരുന്നത്. പൊലീസ് മേധാവി എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരണത്തില്‍ സൂചിപ്പിക്കുന്നു.

Read More >>