വൈദ്യുതി ബോര്‍ഡില്‍ ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാരില്‍ നിന്നും കോടികള്‍ നിര്‍ബന്ധിത പിരിവ് നടത്തുന്നു

സിപിഎമ്മിനോട് ആഭിമുഖ്യമുള്ള ലൈന്‍മാന്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ 16,500 പേര്‍ യുണിയനില്‍ അംഗങ്ങളാണ്. ഇങ്ങിനെ പിരിച്ചെടുക്കുന്ന തുക പേരിന് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എഴുതിമാറ്റുകയാണ് എന്നതാണ് ആരോപണം.

വൈദ്യുതി ബോര്‍ഡില്‍ ശമ്പള പരിഷ്‌കരണത്തിന്റെ മറവില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാരില്‍ നിന്നും കോടികള്‍ നിര്‍ബന്ധിത പിരിവ് നടത്തുന്നു

സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 2016ലെ ശമ്പളപരിഷ്‌കരണത്തിന്റെ മറവില്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കെഎസ്ഈബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോടികളുടെ പിരിവ് നടത്തുന്നതായി ആരോപണം. എല്ലാ വിഭാഗം ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായി പിരിവെടുക്കുന്നുണ്ട് എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യൂണിയന്‍ അംഗം നാരദ ന്യുസിനോട് വ്യക്തമാക്കി. വര്‍ദ്ധനവിന്റെ പകുതിയോ ഒരു നിശ്ചിത തുകയോ ആണ് മറ്റ് യൂണിയനുകള്‍ സാധാരണ പിരിവായി വാങ്ങാറുള്ളത്.എല്ലാ ശമ്പള പരിഷ്‌കരണത്തിലും ഈ നിര്‍ബന്ധിത പിരിവ് യൂണിയന്‍ നടത്തിയിട്ടുണ്ട്.ഈ പിരിച്ചെടുത്ത തുകയ്‌ക്കൊന്നും കൃത്യമായ കണക്കുകളുമില്ല.മറ്റ് യുണിയനുകള്‍ ശരാശരി 2000 രൂപ പിരിവായി ആവശ്യപ്പെടുമ്പോള്‍ ഇത്തവണ പിരിവ് 3000 മുതല്‍ 10,000 രുപ വരെയാണ്.


യുണിയന്‍ അംഗങ്ങളായവരില്‍ നിന്നാണ് ഈ പിരിവ് നടത്തുക. സിപിഎമ്മിനോട് ആഭിമുഖ്യമുള്ള ലൈന്‍മാന്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ 16,500 പേര്‍ യുണിയനില്‍ അംഗങ്ങളാണ്. ഇങ്ങിനെ പിരിച്ചെടുക്കുന്ന തുക പേരിന് വേണ്ടി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എഴുതിമാറ്റുകയാണ് എന്നതാണ് ആരോപണം. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ നാല് കോടിയോളം രൂപയാണ് സിഐടിയു യൂണിയന്‍ പിരിച്ചെടുത്തത്. 25 ലക്ഷം രൂപ മുടക്കി അഞ്ച് വര്‍ഷം മുന്‍പ് ഒരു കെയര്‍ ഹോം പണിതു എന്നത് മാത്രമാണ് ഈ തുക വിനിയോഗിച്ച ഏക തെളിവ്.അതേസമയം,കെയര്‍ ഹോം കെട്ടിട നിര്‍മ്മാണത്തിനായി 15 ലക്ഷം പോലും ചിലവായില്ല എന്നാണ് പരക്കെയുള്ള ആക്ഷേപം. കഴിഞ്ഞ 40 വര്‍ഷമായി ഒരാള്‍ തന്നെയാണ് യുണിയന്റെ തലപ്പത്ത് തുടരുന്നത്.സിഐടിയു സംസ്ഥാന നേതൃത്വത്തിനോ സിപിഐഎമ്മിനോ ഈ നേതൃത്തിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല എന്നതാണ് വാസ്തവം. പിരിവ് നല്‍കാതിരിക്കുന്നവര്‍ക്കെതിരേ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കും എന്നാണ് ഭിഷണി.ഈ നിര്‍ബന്ധിത പിരിവെനെതിരേ യൂണിയനില്‍ തന്നെ വ്യാപകമായ അഭിപ്രായവ്യത്യാസമുണ്ട്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പലവിധ ക്രമവിരുദ്ധ നടപടികള്‍ ബോര്‍ഡില്‍ അരങ്ങേറിയിട്ടും ഇതിനെതിരേ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ യുണിയന്‍ നേതൃത്വം തയ്യാറായില്ല എന്നതാണ് ഇവരുടെ ആക്ഷേപം.മന്ത്രിയുടെ വിശ്വസ്തരായി കൂടേ കൂടുകയും നേതാക്കളുടെ സ്വന്തം ആവശ്യങ്ങള്‍ കേടുപാട് കൂടാതെ നടത്തിയെടുക്കുകയും ആയിരുന്നു പതിവെന്നും ഇവര്‍ ആക്ഷേപിക്കുന്നു.കഴിഞ്ഞ യുഡിഎഫ ഭരണത്തില്‍ വൈദ്യുതി വാങ്ങിയതില്‍ ഉള്‍പ്പടെ കോടികളുടെ ബാദ്ധ്യത ബോര്‍ഡിന് വരുത്തിവെച്ചിട്ടും കോടികണക്കിന് രൂപയുടെ വൈദ്യുതവാങ്ങല്‍ കരാറിന് അനുകൂലമായി യൂണിയന്‍ നിലപാടെടുകയും ചെയ്തു.വൈദ്യുതി ഉല്‍പാദനം 1000 മെഗാവാട്ട് വര്‍ദ്ധിക്കേണ്ടിടത്ത് 36 മെഗാവാട്ട് മാത്രമാണ് വര്‍ദ്ധിച്ചത്.ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അലംഭാവമായിരുന്നു ഇതിന് പിന്നില്‍ എന്നും ഇവര്‍ ആരോപണം ഉന്നിയക്കുന്നു. അതേസമയം, ഇതിനെതിരേ പ്രതികരിക്കാന്‍ യൂണിയന്‍ തയ്യാറായില്ല.

വൈദ്യുതിബോര്‍ഡിലും ഉല്‍പ്പാദക പ്രസരണ രംഗങ്ങളിലെല്ലാം മുന്‍ സര്‍ക്കാരിന്റെ കാലത്തും തൊഴിലാളികള്‍ക്ക് നിരവധി തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പലയിടത്തും ലൈന്‍മാന്‍മാര്‍ വൈദ്യുതി അപകടത്തില്‍ മരിച്ചപ്പോള്‍ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കാന്‍ പോലും യൂണിയന്‍ തയ്യാറായില്ല എന്നും അംഗങ്ങള്‍ ചൂണ്ടികാട്ടുന്നു. സ്ഥിതി ഇങ്ങനെയായിരിക്കെ എന്തിന് വേണ്ടിയാണ് ഇത്തരത്തില്‍ വ്യാപകമായ പിരിവ് എന്നതാണ് ജിവനക്കാരുടെ ചോദ്യം.

അതേസമയം,ഇത്തരത്തില്‍ പിരിവ് നടക്കുന്നതായി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാവ് ഹബീബ് നാരദാന്യുസിനോട് സ്ഥിതീകരിച്ചു. എന്നാല്‍ ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആണ് ഉപയോഗിക്കുന്നത് എന്നും സംഭാവന നല്‍കാത്തതിന്റെ പേരില്‍ ജിവനക്കാര്‍ക്കെതിരേ പ്രതികാര നടപടികള്‍ ഉണ്ടാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Read More >>