നാടകാചാര്യൻ കാവാലം നാരായണ പണിക്കർ അന്തരിച്ചു

നാടകാചാര്യൻ കാവാലം നാരായണ പണിക്കർ അന്തരിച്ചു. 88 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. തനതു നാടകവേദിയെ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹം നാടകകൃത്ത്, കവി, സൈദ്ധാന്തികൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

നാടകാചാര്യൻ കാവാലം നാരായണ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണ പണിക്കർ അന്തരിച്ചു. 88 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് അന്തരിച്ചത്. തനതു നാടകവേദിയെ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹം നാടകകൃത്ത്, കവി, സൈദ്ധാന്തികൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

1928 ഏപ്രിൽ 28ന് കാവാലത്ത് ജനിച്ച കാവാലം നാരായണ പണിക്കർ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് നാടകവഴിയിലേക്ക് എത്തിച്ചേർന്നത്. കുട്ടിക്കാലം മുതൽക്കെ സംഗീതത്തിലും നാടൻ കലകളിലും താത്പര്യം കാണിച്ച കാവാലം ചലച്ചിത്ര സംവിധായകൻ ജി അരവിന്ദൻ, എം ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ എന്നിവരുമായുള്ള സൗഹൃദമാണ് നാടകരംഗത്തെക്കുറിച്ച് ഗൗരവപൂർവ്വമായ അന്വേഷണങ്ങൾക്ക് പ്രേരിപ്പിച്ചത്.


അക്കാലത്തെ തീഷ്ണചിന്തകളുടെ ഉറവിടമായി വിലയിരുത്തപ്പെടുന്ന എം ഗോവിന്ദനുമായുള്ള അടുപ്പമാണ് പിന്നീട് തനതു നാടകവേദി എന്നറിയപ്പെടുന്ന നാടകസങ്കല്പത്തിന്റെ രൂപപ്പെടലിന് വഴിവെച്ചത്. സി എൻ ശ്രീകണ്ഠൻ നായർ 1968ൽ അവതരിപ്പിച്ച തനതു നാടകവേദിക്ക് അവതരണ സമ്പ്രദായം എന്ന രീതിയിൽ ജീവൻ നൽകിയത് കാവാലമാണ്.

സാക്ഷി, തിരുവാഴിത്താൻ, ജാബാലാ സത്യകാമൻ, ദൈവത്താർ, അവനവൻ കടമ്പ, കരിംകുട്ടി, കൈക്കുറ്റപ്പാട്, ഒറ്റയാൻ തുടങ്ങിയവാണ് പ്രധാനപ്പെട്ട നാടകങ്ങൾ. കാളിദാസന്റെയും ഭാസന്റെയും സംസ്‌കൃത നാടകങ്ങൾ പരിഭാഷപ്പെടുത്തുകയും ആധികാരികമായ പഠനങ്ങൾ എഴുതുകയും ചെയ്തു. സാർത്രിന്റെ നാടകമായ ട്രോജൻ സ്ത്രീകൾ ഷേയ്‌സ്പിയന്റെ നാടകമായ കൊടുങ്കാറ്റ് തുടങ്ങിയവയും വിവർത്തനം ചെയ്തു. മധ്യമവ്യായോഗം, വിക്രമോർവശീയം, ശാകുന്തളം, കർണഭാരം തുടങ്ങിയ നാടകങ്ങൾ അരങ്ങിലെത്തിച്ചു.

1975ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ൽ പത്മഭൂഷൺ പുരസ്‌കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009ൽ വള്ളത്തോൾ പുരസ്‌കാരവും ലഭിച്ചു. വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, രതിനിർവ്വേദം, ആരവം, പടയോട്ടം, മർമ്മരം, ആൾക്കൂട്ടത്തിൽ തനിയെ, അഹം, സർവ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നാൽപതോളം സിനിമകൾക്ക് കാവാലം ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ആദ്യകാലങ്ങളിൽ സംഗീത പ്രധാനമായ നാടകങ്ങൾ എഴുതിയ കാവാലം നാരായണപ്പണിക്കർ പിന്നീട് നാടോടി കലകളുടെ സ്വീകാര്യമായ അംശങ്ങൾ ഉപയോഗിച്ചും നിലനിർത്തിയുമാണ് തനതു നാടകവേദി നാഴിക കല്ലുകളായ നാടകങ്ങൾ രചിച്ചത്. തെയ്യത്തിന്റെയും തിറയാട്ടത്തിന്റെയും ദൃശ്യപ്പൊലിമയും നാടോടിക്കലകളുടെ ശബ്ദസൗന്ദര്യങ്ങളും കാലാവം നാടകങ്ങളുടെ പ്രത്യേകതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആദ്യകാല നാടകങ്ങൾ ജി അരവിന്ദനും പ്രൊഫ. കുമാരപിള്ളയുമാണ് സംവിധാനം ചെയ്തത്. പിൽക്കാല നാടകങ്ങളെല്ലാം തന്നെ കാവാലം തന്നെയാണ് സംവിധാനം ചെയ്തത്.

ഭാര്യ ശാരദാമണി. പരേതനായ കാവാലം ഹരികൃഷ്ണൻ, പ്രശസ്ത പിന്നണിഗായകൻ കാവാലം ശ്രീകുമാർ എന്നിവരാണ് മക്കൾ.

മലയാള സാംസ്‌കാരിക ലോകത്തിനു കനത്ത നഷ്ടമാണ് കാവാലം നാരായണപണിക്കരുടെ മരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച ആലപ്പുഴയിലെ കാവാലത്ത് നടക്കും.

Read More >>