ഓർമ്മകളിലെ കാവാലം

കാവാലം നാരായണ പണിക്കർ എന്ന മഹാപ്രതിഭയോടൊപ്പം സമയം ചെലവഴിച്ചതിന്റെയും ചിത്രങ്ങൾ പകർത്തിയതിന്റെയും ഓർമ്മകൾ പങ്കുവെയ്ക്കുന്നു, ഫോട്ടോഗ്രഫർ ഷാജി മുള്ളൂക്കാരൻ.

ഓർമ്മകളിലെ കാവാലം

ഷാജി മുള്ളൂക്കാരൻ

മണിക്കൂറുകൾക്കു മുന്നേ ഒരാളെ കണ്ടുമുട്ടി, അയാളോടോപ്പമുള്ള ചില സംസാരങ്ങൾക്കും ചില ഓർമ്മപ്പെടുത്തലുകൾക്കും അപ്പുറം നമ്മെ കാത്തിരിക്കുന്നത് ആ കണ്ടുമുട്ടലിലൂടെ ഓർമ്മപ്പെടുത്തിയ, സംസാരിച്ച ഒരാളുടെ വിയോഗ വാർത്തയാകുന്നത് തികച്ചും യാദൃശ്ചികമായിരിക്കുമോ? ശനിയാഴ്ച, പാലക്കാട് കൽപ്പാത്തി സ്വാതി സംഗീത സഭയുടെ കച്ചേരിക്കിടെയാണ് ഒരാൾ വന്ന് പരിചയപ്പെടുന്നത്. കാവാലത്തുകാരൻ ഒരു റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥൻ. അവിടെ നിന്ന് Palakkad Mehfil കൂട്ടായ്മയുടെ പ്രോഗാമിലേക്കും കൂടെ വന്നു അദ്ദേഹം. തിരികെ പോകുന്നതിനിടയിൽ പലതും പറഞ്ഞ കൂട്ടത്തിൽ, കാവാലമെന്ന തന്റെ സ്ഥലം, കാവാലം നാരായണ പണിക്കരുടെ സ്ഥലം തന്നെയാണെന്നും അദ്ധേഹത്തിന്റെ ട്രൂപിലും യാത്രകളിലും ഒപ്പം കൂടാറുള്ളയാളാണ് എന്നും പറഞ്ഞു വാചാലനായി. അരമണിക്കൂറോളം പലതും സംസാരിച്ചു പിരിഞ്ഞതാണ്. വെറും മണിക്കൂറുകൾക്കിപ്പുറം, ഇന്നലെ വൈകീട്ട്, സുഹൃത്തുക്കളുടെ ഒരു നാടകാവതരണം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ, കാവാലത്തിന്റെ മരണവാർത്തയാണ് കേട്ടത്.


പാലക്കാട് വന്നിട്ട് വർഷങ്ങൾ പലതായി. പതിയെ പതിയെ കൂടെ കിട്ടിയ പലവിധ സൗഹൃദങ്ങളാണ്, ദൂരെ നിന്ന് കാണാൻ പോലും കഴിയുമെന്ന് കരുതാൻ പറ്റാത്തത്രയും വലിയ ചില മനുഷ്യരെ അടുത്ത് നിന്ന് കാണാനും സംസാരിക്കാനും ബന്ധങ്ങൾ ഉണ്ടാക്കാനും ഉതകിയത്. ചിലപ്പോൾ, ഒരു കാമറ കയ്യിലുള്ളതിന്റെ ഗുണമാവാം അതൊക്കെ. അത്തരം സുഹൃത്തുക്കളിൽ ഒരാൾ ശ്രീചിത്രനായിരുന്നു.

kavalam1കാവാലമെന്ന മഹാപ്രതിഭയെ കാണാനുള്ള ആഗ്രഹം വളരെയേറെയായിരുന്നു. കഴിഞ്ഞ വർഷം മേയിലാണ്, ദേശാഭിമാനി വാരികക്ക് വേണ്ടി കാവാലത്തിനെക്കുറിച്ച് എഴുതുന്നതിലേക്ക്, കുറച്ചു ഫോട്ടോസ് എടുക്കാൻ ശ്രീചിത്രൻ ആവശ്യപ്പെട്ടത്. ദേശാഭിമാനിക്ക് വേണ്ടി പടമെടുക്കുന്നതിനേക്കാളുപരി, ആ വലിയ മനുഷ്യനെ കാണാൻ കഴിയുമെന്നതും, സ്വന്തം ഫോട്ടോ കളക്ഷനിൽ അദ്ധേഹത്തിന്റെ കുറച്ചു ചിത്രങ്ങൾ കിട്ടുമെന്നതും, വിക്കിയിലേക്ക് അദ്ധേഹത്തിന്റെ കുറച്ചു ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ പറ്റുമല്ലോ എന്നതുമായിരുന്നു ഏറെ സന്തോഷിപ്പിച്ചത്. തിരുവനന്തപുരത്തെ അദ്ധേഹത്തിന്റെ വീട്ടിലും, വീടിനു പിന്നിലുള്ള സോപാനം കളരിയിലുമൊക്കെയായി ശ്രീചിത്രന്റെ ഇന്റർവ്യൂവും എന്റെ പടമെടുക്കലും നടന്നു. കാലത്ത് പത്തുമണിക്ക്, പെട്ടെന്ന് നിർത്താം എന്ന മട്ടിൽ തുടങ്ങിയ ഇന്റർവ്യൂ, ഒടുക്കം ഒരു സംവാദമായി പരിണമിക്കുന്നതാണ് കണ്ടത്. വളരെ സാധാരണ രീതിയിൽ തുടങ്ങിയ ചർച്ച, ചോദ്യങ്ങളും മറു ചോദ്യങ്ങളും വിയോജിപ്പുകളും ഒക്കെയായി കത്തിക്കയറി. കാവാലമെന്ന മഹാപ്രതിഭയുടെ ലാളിത്യം, അറിവിന്റെ വലിപ്പം, അനുഭവങ്ങളുടെ തീഷ്ണത ഒക്കെ നേരിട്ട് കണ്ട ദിവസം. സമയം പോകുന്നതറിയാതെ തുടർന്ന സംവാദം ഉച്ചക്ക് രണ്ടുമണിക്കാണ് അവസാനിപ്പിച്ചത്. വീട്ടിൽ നിന്ന് അദ്ധേഹത്തിന്റെയും ഭാര്യയുടെയും കൂടെയിരുന്നുള്ള ഉച്ചയൂണും കഴിച്ച്, പിന്നെയും ചെറു ചർച്ചകളും സംവാദങ്ങളും ഒക്കെ കഴിഞ്ഞ്, കൂടെയിരുന്നു ഒരു ഫോട്ടോകൂടിയെടുത്ത് ഞങ്ങൾ പിരിഞ്ഞത് പിന്നെയും നേരമേറെക്കഴിഞ്ഞ്....

kavalam2അദ്ധേഹത്തിന്റെ ചിത്രങ്ങളെടുക്കാൻ അവസരമുണ്ടായിട്ടും, കുറച്ചു വീഡിയോ കൂടി എടുക്കാമായിരുന്നു എന്ന് ശ്രീചിത്രനോട് അന്ന് പറഞ്ഞിരുന്നു. അതും നടന്നു. വീണ്ടും അദ്ധേഹത്തെ കാണാൻ പോയത്, കഴിഞ്ഞ ഏപ്രിലിൽ, ആർട്ട് ക്രിട്ടിക്.ഇൻ എന്ന വെബ്‌സൈറ്റിന് വേണ്ടി, അദ്ധേഹത്തിന്റെ, സോപാനതത്വം എന്ന പുസ്തകത്തെ അധികരിച്ചുള്ള ഒരു വീഡിയോ ഇന്റർവ്യൂ എടുക്കാനായിരുന്നു. കഴിഞ്ഞ വർഷം കണ്ട കാവാലമായിരുന്നില്ല, ഇത്തവണ കണ്ടപ്പോൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ശാരീരികമായി അസ്വസ്ഥതകൾ ഉണ്ടായിരുന്നു എങ്കിലും, ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു എങ്കിലും ഞങ്ങൾക്ക് വേണ്ടി അദ്ദേഹം മുക്കാൽ മണിക്കൂറോളം ചിലവിട്ടു. അന്നും കുറെയേറെ ചിത്രങ്ങളെടുത്തു. അന്നാ ഇന്റർവ്യൂ അവസാനിപ്പിക്കുമ്പോൾ അദ്ദേഹം പറഞ്ഞത്, വയ്യ, ബാക്കി നമുക്ക് പിന്നീടാകാം എന്നായിരുന്നു. ഇല്ല, ഇനിയൊരു കൂടിക്കാഴ്ചയില്ല.

kavalam3ആദ്യ യാത്രയിൽ എടുത്ത ചിത്രങ്ങളിൽ ചിലത്, ശ്രീചിത്രന്റെ ഇന്റർവ്യൂവിന്റെ ഒപ്പം, ദേശാഭിമാനി വാരികയുടെ കവർ ചിത്രമായും ആർട്ടിക്കിളിന്റെ കൂടെയും വന്നു. (
ദേശാഭിമാനി വാരികയിൽ വന്ന കവർ സ്റ്റോറി ഇവിടെ വായിക്കാം
) വീഡിയോ ഇന്റർവ്യൂ ഏപ്രിലിൽ തന്നെ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്തു.( വീഡിയോ ഇന്റർവ്യൂ ഇവിടെ കാണാം )

കാവാലത്തിന്റെ കറുകറേ കറുകറേ കാർമുകിൽ എന്ന പ്രശസ്തമായ ഗാനത്തിനൊപ്പം ദിവ്യ നെടുങ്ങാടി ചുവടുവെക്കുന്നത് ഷൂട്ട് ചെയ്തത് രണ്ടു മാസം മുന്നേയാണ്.കാവാലത്തിന് പകരം കാവാലം മാത്രം. അദ്ധേഹത്തിന്റെ കുറച്ചേറെ ചിത്രങ്ങളും, ഒരു വീഡിയോ ഇന്റർവ്യൂവും അടക്കം ചില രേഖപ്പെടുത്തലുകൾ ചരിത്രത്തിലേക്കായി നൽകാനായി എന്നത് അദ്ധേഹത്തിന്റെ വിയോഗത്തെ ഓർത്തുള്ള സങ്കടത്തോടെയെങ്കിലും, ചെറിയ സന്തോഷത്തിനു വക നൽകുന്നു. കാവാലമെന്ന മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ.