തനതു നാടകവേദിയിലെ കുട്ടനാടൻ ഈണം

ശ്രീകണ്ഠൻ നായർ ഒരിക്കൽ പറഞ്ഞ കാര്യം വളരെ ശരിയാണ് 'ഞങ്ങൾ കുറച്ചു പേർ ഈ തനതു നാടകം എന്താണെന്ന് അന്വേഷിച്ചു പോകുകയും, കാവാലം നാരായണ പണിക്കർ അത് കണ്ടെത്തുകയും ചെയ്തു..' അന്വേഷിച്ചു പോയ പലരും പക്ഷെ, അത് കണ്ടെത്തിയ ആളും എന്ന ദൗത്യം നിർവഹിച്ച ജന്മം ആയി കാലം കാത്തുവച്ച പ്രതിഭയാണ് ഇന്ന് നാം അറിയുന്ന കാവാലം നാരായണ പണിക്കർ. പി ബാലചന്ദ്രൻ സംസാരിക്കുന്നു.

തനതു നാടകവേദിയിലെ കുട്ടനാടൻ ഈണം

പി ബാലചന്ദ്രൻ

നാടകം തന്നെ കവിതയാണ്. കവിയാണ് അടിസ്ഥാനപരമായ നാടകക്കാരനും. ജന്മനാ കവിയായിരിക്കുകയും നാടകത്തിൽ എത്തി ചേരുകയും ചെയ്ത പ്രതിഭാധനനായിരുന്നു കാവാലം നാരായണ പണിക്കർ. അദേഹത്തിന്റെ ജീവിതം മലയാളനാടക വേദിക്ക് കാവ്യാത്മകതയിൽ മിനുക്കി തേച്ച പ്രതലം സമ്മാനിച്ചു കൊണ്ട് വിട വാങ്ങിയിരിക്കുകയാണ്.

കവിയായ പി.കുഞ്ഞിരാമൻ നായരുടെ കാൽപാടുകൾ എന്ന ആത്മകഥയെ അടിസ്ഥാനമാക്കി ഞാൻ സംവിധാനം ചെയ്ത ചിത്രമാണ് ഇവൻ മേഘരൂപൻ. ഈ ചിത്രത്തിൻറെ ഗാനരചനയുമായി ബന്ധപ്പെട്ടു കാവാലം നാരായണപണിക്കരേ കാണുവാൻ ചെന്നപ്പോൾ എനിക്ക് വളരെ കുറച്ചു മാത്രമാണ് കഥയെ കുറിച്ചും, പി.കുഞ്ഞിരാമൻനായരേ കുറിച്ചും വിവരിക്കെണ്ടതായി വന്നിരുന്നുള്ളൂ. കാൽപ്പനിക കവിയായിരുന്ന കുഞ്ഞിരാമൻ നായരുടെ വ്യക്തിജീവിതം, കാവ്യ പ്രപഞ്ചം എന്നിവയെല്ലാം നന്നായി അറിയാമായിരുന്ന കാവലത്തിനോട് അധികമൊന്നും എനിക്ക് വിശദീകരിക്കെണ്ടതായി വന്നില്ല. അവതാരകനായി ചെന്ന ഞാൻ ശ്രോതാവായിരുന്ന ആ മനോഹര നിമിഷങ്ങളിൽ കാവാലം നാരായണപണിക്കർ എന്ന വ്യക്തിയെ കൂടുതൽ അടുത്തറിയുകയായിരുന്നു. ഇവൻ മേഘരൂപൻ എന്ന ചിത്രത്തിൽ 'ആണ്ടെ ലോണ്ടെ നേരെ കണ്ണിൽ, ചന്തിരന്റെ പുലാലാണെ..' എന്ന ഗാനത്തിൻറെ രചന നിർവഹിച്ചത് അദ്ദേഹം ആയിരുന്നു. നാടൻ പാട്ടിന്റെ ശീലുകൾ ഉള്ള ഈ ഗാനം സാധാരണ രീതിയിൽ ചിട്ടപ്പെടുത്തുവാനോ റെക്കോർഡ് ചെയ്യുവാനോ കഴിയുമായിരുന്ന ഒന്നല്ല എന്ന് ചിത്രത്തിൻറെ സംഗീത സംവിധായകനായ ശരത് എന്നോട് പറഞ്ഞിരുന്നു. എന്നാൽ, അതിമനോഹരമായ രീതിയിൽ ആ ശീലുകളെ സമന്വയിപ്പിച്ചു, ഒരു സംഭാഷണശകലം പോലെ കാവാലം നാരായണപണിക്കർ ആ ഗാനത്തെ അവിസ്മരണീയമാക്കി. ആത്മാവ് നഷ്ടപ്പെടാതെ ആ നാടൻ പാട്ടിനെ അദ്ദേഹം സിനിമാ ഗാനമാക്കി നമ്മുക്ക് സമ്മാനിച്ചു.


എൻറെ ഓർമ്മകളിൽ ഒളിമങ്ങാതെ നിൽക്കുന്ന ഒരു നാടകക്കളരിയാണ് ആദ്യമായി അദ്ദേഹത്തിന്റെ സ്മരണയോടു ചേർത്തു വയ്ക്കുവാൻ കഴിയുന്നത്. 1967ൽ ശാസ്താംകോട്ടയിലായിരുന്നു ആ നാടകക്കളരി സംഘടിപ്പിക്കപ്പെട്ടത്. അയ്യപ്പപണിക്കർ, എം.വി.ദേവൻ, ശങ്കരപിള്ള, ശ്രീകണ്ഠൻനായർ, കെ.എസ്.നാരായണപിള്ള തുടങ്ങിയവരുടെ ശ്രമഫലമായിരുന്നു ആ നാടകക്കളരി. ഒരു പോളണ്ട് സന്ദർശനതതിന്നു ശേഷമായിരുന്നു എം.ഗോവിന്ദൻ ആ കളരിയിൽ എത്തിയത്. പോളണ്ടിലെ തീയെറ്ററുകളിൽ നമ്മുടെ കഥകളി അവതരിപ്പിക്കുന്നത് കണ്ടതിനു ശേഷമായിരുന്നു അദേഹത്തിന്റെ വരവ്. വിദേശിയനായ ഒരു മനുഷ്യൻ നമ്മുടെ നാട്ടിലെത്തി കഥകളി ശാസ്ത്രം പഠിച്ചു, അത് മറ്റൊരു രാജ്യത്ത് അവതരിപ്പിക്കുമ്പോൾ, നമ്മുടെ നാട്ടിലെ കലയിൽ നിന്നും ഒരു തീയേറ്റർ ഉണ്ടാകാൻ ഉള്ള സാധ്യതകളെ കാണാതെ പോകരുത്. അതിനെകുറിച്ചുള്ള സങ്കല്പങ്ങൾ അദ്ദേഹം ഈ നാടകക്കളരിയിൽ പങ്കു വച്ചു. പിൽക്കാലത്ത് ഭരത് അവാർഡ് കിട്ടിയ ഭരത് ഗോപി തുടങ്ങിയ പ്രമുഖർ ആയിരുന്നു വിദ്യാർഥികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. അവിടെ വെച്ചാണ് ശ്രീകണ്ഠൻ നായർ ഒരു ചോദ്യം ചോദിക്കുന്നത്: 'എന്ത് കൊണ്ട് നമ്മുക്ക് ഈ പാശ്ചാത്യമായ സാഹചര്യങ്ങളെ ഒഴിവാക്കി നമ്മുടെതായ ഒരു നാടകവേദി രൂപീകരിച്ചു കൂടാ?' അതൊരു നിസ്സാരമായ ചോദ്യം ആയിരുന്നില്ല. ആ ചോദ്യത്തിന്റെ പ്രയോക്താവായി വന്നു ഭവിച്ച ആളാണ് ശ്രീ.കാവാലം നാരായണപണിക്കർ. ഇത് ശ്രീകണ്ഠൻ നായർ തന്നെ അനുസ്മരിച്ചിട്ടുണ്ട്. ജി.ശങ്കരപിള്ളയും, ശ്രീകണ്ഠൻനായരും നാടകത്തെ അല്പം കൂടി അർത്ഥവത്തായി അവതരിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ, അവരുടെ മുൻപിലാണ് ഇങ്ങനെ ഒരു ചോദ്യം ഉയരുന്നത്. കൂത്താട്ടുകുളത്ത് വച്ചു രണ്ടാമതൊരു നാടകക്കളരി നടന്നപ്പോഴേക്കും ഈ ചിന്ത കുറച്ചു കൂടി അർത്ഥവത്തായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തനതു നാടക വേദിയെ കുറിച്ചുള്ള ആശയം ശ്രീകണ്ഠൻ നായർ മുന്നോട്ടു വച്ചു.

നമ്മുടെ നാടൻ കലകളിൽ നിന്നും, നാട്ടറിവിൽ നിന്നും സംസ്‌കൃതിയിൽ നിന്നും എന്ത് കൊണ്ട് നമ്മുടെതായ ഒരു നാടൻ അവബോധം സൃഷ്ടിച്ചെടുത്തു കൂടാ? എന്നുള്ളതായിരുന്നു ആ ചിന്ത. തുടർന്ന് പ്രഭാഷണങ്ങളും ആശയങ്ങളും ഈ ചിന്തയെ അടിസ്ഥാനമാക്കി ആ കളരിയിൽ ഉയർന്നു വന്നു. കാവാലം നാരായണ പണിക്കാർ അതിന്നു മുൻപ് തന്നെ കവി എന്നാ നിലയിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായ അനുഭൂതികൾ കാഴ്ച വച്ചിട്ടുണ്ട്. അത് കുട്ടനാട്ടിലെ കാവാലത്തിന്റെ മണ്ണും ചെളിയും, വർണ്ണവും ഒക്കെയായി ബന്ധപ്പെട്ടു കിടക്കുന്ന താളവും, ഈണങ്ങളും ശീലുകളും ഒക്കെ കൂടി ചേർന്ന് വന്നിട്ടുള്ള ഒരു വാഗ്മയ കലാകാരൻ ആയിരുന്നു അദ്ദേഹം. അയ്യപ്പപണിക്കർ, എം.വി.ദേവൻ, ശങ്കരപിള്ള, ശ്രീകണ്ഠൻനായർ തുടങ്ങിയവർ തനതു നാടക വേദിയിൽ അന്വേഷിക്കുന്ന ഘടകങ്ങൾ ഇവയൊക്കെയായിരുന്ന. ഈ സത്ത ജന്മനാ തന്നെ സിദ്ധിച്ച ഒരാളാണ് കാവാലം നാരായണപണിക്കർ. ഈ സങ്കല്പം വീണു ഭവിച്ചത് അദ്ദേഹത്തിന്റെ ആത്മാവിലേക്കായിരുന്നു.

രണ്ടു രീതിയിൽ ഇതിനെ കാണാം. ഒന്ന്, കാവാലം നാരായണപണിക്കർ ജനിച്ചത് തന്നെ ഇങ്ങനെ ഒരു സങ്കൽപം നിവർത്തിക്കുവാനുള്ള ജന്മമായിരിക്കണം എന്ന് നമ്മുക്ക് തോന്നി പോകും. ശ്രീകണ്ഠൻ നായർ ഒരിക്കൽ പറഞ്ഞ കാര്യം വളരെ ശരിയാണ് 'ഞങ്ങൾ കുറച്ചു പേർ ഈ തനതു നാടകം എന്താണെന്ന് അന്വേഷിച്ചു പോകുകയും, കാവാലം നാരായണ പണിക്കർ അത് കണ്ടെത്തുകയും ചെയ്തു..' അന്വേഷിച്ചു പോയ പലരും പക്ഷെ, അത് കണ്ടെത്തിയ ആളും എന്ന ദൗത്യം നിർവഹിച്ച ജന്മം ആയി കാലം കാത്തുവച്ച പ്രതിഭയാണ് ഇന്ന് നാം അറിയുന്ന കാവാലം നാരായണ പണിക്കർ. അതൊരു അനിവാര്യതയായിരുന്നു. ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായിരുന്നു തനതു നാടകവേദി എന്ന സങ്കൽപ്പവും, അതിൽ കാവാലം നാരായണ പണിക്കരുടെ സാന്നിധ്യവും!

അന്ന് എം.ഗോവിന്ദൻ വിദേശത്ത് നിന്ന് കൊണ്ട് വന്നു നമ്മളിലേക്ക് പകർന്ന ഒരു പുതുചിന്ത ലോകം തിരികെ കാണുന്നത് കാവാലം നാരായണപണിക്കരുടെ പ്രയോഗങ്ങളിലൂടെയാണ്. അദേഹത്തിന്റെ രചനയിൽ, സംവിധാനത്തിൽ, പ്രഭാഷണങ്ങളിൽ, ലോകമെമ്പാടും ചുറ്റി സഞ്ചരിച്ചു നടത്തിയ ശില്പശാലകളിലൂടെയെല്ലാം ലോകം ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. ലോകത്തിൻറെ മുൻപിൽ എന്താണ് കേരളിയതയുടെയും, ഭാരതീയതയുടെയും സത്ത എന്ന് ബോധ്യപ്പെടുത്തുവാനുമുള്ള നാടകങ്ങൾ എഴുതി അവതരിപ്പിക്കുവാനുള്ള ഒരു പ്രതിഭയായി അദ്ദേഹം വന്നു ഭവിച്ചു എന്നതിൽപരം നമ്മുക്ക് അഭിമാനിക്കാൻ എന്ത് വേണം?

ഇന്ത്യൻ നാടക വേദിയുടെ നവോത്ഥാന കാലഘട്ടം ആയിരുന്നു 1967-70കൾ എന്ന് പറയാം. ഭാരതീയ നാടകവേദി അങ്ങനെയൊരു അന്വേഷണം പല ഭാഷകളിൽ നടത്തുന്നുണ്ടായിരുന്നു. മറാത്തി, ബംഗാളീ, കന്നട തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലുംഅ അതാതു ദേശത്തിന്റെ തനിമ ഉൾക്കൊണ്ടുകൊണ്ട് ഇത്തരത്തിലൊരു നവോത്ഥാന അന്വേഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു. അവർക്കൊക്കെ ഒരു പാഠപുസ്തകം ആയിരുന്നു കാവാലം നാരായണപണിക്കർ.

മറ്റൊന്ന്, നമ്മുക്കൊരു സംസ്‌കൃത നാടകാവതരണ സമ്പ്രദായം ഉണ്ടെന്നു എല്ലാവർക്കും അറിയാം. അതിന്റെ ആധികാരിക ഗ്രന്ഥമായി നാട്യശാസ്ത്രത്തെ കാണാറുണ്ട്. കാളിദാസ്‌ന്റെയും, ഭാസസ്‌ന്റെയും നാടകങ്ങൾ നമ്മുക്ക് ഇന്ന് ലഭ്യമായിട്ടും ഉണ്ട്. ഒരു പക്ഷെ, ഈ നാടകങ്ങൾ രംഗത്ത് ആവിഷ്‌കരിക്കുവാനുണ്ടായ ശ്രമത്തെ കുറിച്ച് ഇന്നുള്ള തലമുറയ്ക്ക് അറിവുണ്ടാകയില്ല. അതിനുള്ള തെളിവുകൾ ഇല്ലതെയിരിക്കുന്ന കാലത്താണ് കൂടിയാട്ടത്തിന്റെ ചിന്ത വരുന്നത്. സംസ്‌കൃത നാടകങ്ങളുടെ ഭാവങ്ങൾ കേരളത്തിലെ കൂടിയാട്ടം എന്ന കലാരൂപത്തിലുണ്ട്. സംസ്‌കൃത നാടകാഭിനയത്തിൻറെ അതേ രൂപമാണ് എന്ന് പറയാനും കഴിയില്ല. എന്നാലും, അവശേഷിപ്പ് വച്ചു നോക്കുമ്പോൾ ഭാരതത്തിൽ, കൂടിയാട്ടമാണ് ഏറെക്കുറെ നാട്യശാസ്ത്ര സങ്കൽപ്പത്തിൽ പറയുന്ന നാടകാവതരണത്തിനു ഒരു മാതൃകയാക്കുവാൻ സാധിക്കുമായിരുന്നത്.

ഈ കലാരൂപങ്ങളെ ഒക്കെ അടുത്തു കാണുവാനും തന്റെ ഉള്ളിൽ ഉണ്ടായിരുന്ന അന്വേഷണത്തിനു കൂടുതൽ പ്രയോജനപ്പെടുത്തുവാനും കാവാലം നാരായണപണിക്കർക്ക് സാധിച്ചു. അത് കൊണ്ട് ഭാരത്തിന്റെ ഇതര സംസ്ഥാനങ്ങളിൽ ഉള്ള തനതു നാടകാന്വേഷികൾ ആയിരുക്കുന്ന പ്രതിഭകളെക്കാൾ കൂടുതൽ കരുക്കൾ ഇദ്ദേഹത്തിനു ലഭിച്ചു എന്നുള്ളതും ഒരു വലിയ ഭാഗ്യമാണ്. മാത്രമല്ല, കേരളത്തിലെ കാക്കാരശ്ശി നാടകം പോലെയോ, കാവുകളിലും മറ്റും നടന്നു വരുന്ന നാട്ടാനുഷ്ഠാനങ്ങളും, തെയ്യം, തിറ പോലെയുള്ള കലാരൂപങ്ങൾ ആത്മാവിൽ വഹിച്ച ഒരു നാടാണ് കേരളം. ഇതിന്റെ ഒരു സമന്വയം കാവാലത്തിന്റെ പശിമയുള്ള കുട്ടനാടൻ മണ്ണിൽ മുളച്ചു പൊന്തുവാനും, അതിൽ നിന്നുമൊക്കെ പുതിയ പുതിയ വിഭവങ്ങൾ ഉണ്ടാക്കുവാനുള്ള ഒരു അവസ്ഥയും അദേഹത്തിനുണ്ടായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വല്ലാത്തൊരു കാലാവസ്ഥ തന്നെ കാവാലം നാരായണപണിക്കർക്ക് അദ്ദേഹത്തിന്റെ നാട് സമ്മാനിച്ചു എന്നു കാണാം. അതിൽ നിന്നൊക്കെയാണ്, ഇന്നിപ്പോൾ നമ്മൾ അതിശയത്തോടെയും, അത്ഭുതത്തോടെയും ആദരവോടെയും നമ്മൾ കാണുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ സംഭവിച്ചിട്ടുള്ളത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായി തീർന്ന ഒരു നാടകമാണ് അവനവൻ കടമ്പ. ഇത്രയും ലാളിത്യമുള്ള ഒരു നാടകം മലയാളത്തിൽ സംഭവിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്. അതേ സമയം പാശ്ചാത്യ രീതിയിലുള്ള സംഘർഷങ്ങളോ അതിന്റെ ഒരു ചെറിയ വിഷമാവസ്ഥയിൽ നിന്ന് വലിയൊരു ദുരന്തത്തിലേക്കു നാടകം വികസിക്കുന്നു എന്ന് പറയുന്ന തരം ധാർഷ്ഠ്യമുള്ള ഘടനയിൽ ചലിച്ചു കൊണ്ടിരിക്കുന്നതു കണ്ടു ശീലിച്ചട്ടുള്ളവർക്ക് അവനവൻ കടമ്പ വ്യത്യസ്തമായ ഒരു അനുഭവമാണ് നൽകിയത്. നാടക സങ്കൽപ്പങ്ങളിൽ പൊളിച്ചെഴുത്ത് നടത്തി ലാളിത്യമായ ഭാവത്തോടു കൂടി ജീവിതത്തിന്റെ പ്രഹേളികയെ വിവരിച്ച നാടകമായിരുന്നു അവനവൻ കടമ്പ. ആദ്യമായി, അതു സംവിധാനം ചെയ്തതു ജി.അരവിന്ദൻ ആയിരുന്നു. ഓപ്പൺ എയറിൽ നാടകം കളിക്കുന്നു എന്ന അത്ഭുതം കൂടി ഈ നാടകം സമ്മാനിച്ചിരുന്നു. ഹാളിൽ കെട്ടിപ്പൊക്കിയ ഒരു പ്രേസീനിയൻ വേദിയിൽ അവതരിച്ചു കണ്ടു ശീലമുള്ള നാടകങ്ങൾ ഉയർന്ന തലത്തിൽ നിന്ന ഒരു മണ്ണിൽ വന്നിറങ്ങിയ ഒരു അനുഭവമാണ് സമ്മാനിച്ചത്.
തിരുവനന്തപുരത്തെ അട്ടകുളങ്ങര സ്‌കൂൾ അങ്കണത്തിൽ വലിയ വട വൃക്ഷങ്ങളുടെ ചുവട്ടിൽ സന്ധ്യക്ക്, ആകാശത്തിൻ ചുവട്ടിൽ, കഥാപാത്രങ്ങൾ വന്നു നിന്ന് ആടുകയും പാടുകയുംനൃത്തം ചവിട്ടുകയും ഒക്കെ ചെയ്യുന്നത് തന്നെ പുതിയൊരു അനുഭവം ആയിരുന്നു.

സംസ്‌കൃത നാടകങ്ങളുടെ വിവർത്തനത്തെക്കാൾ രംഗപ്രയോജനത്തിന്നു ഇണങ്ങുമാറുള്ള നാടകങ്ങൾ ആക്കുന്ന ഒരു ദൗത്യവും കാവാലം നാരായണപണിക്കർക്കുള്ളതായിരുന്നു. കർണ്ണഭാരം, ഭഗവദജ്ജുകം, മധ്യമവ്യയോഗം തുടങ്ങി പല നാടകങ്ങളും അദ്ദേഹം മലയാളത്തിന്റെ നാടക വേദിയിൽ എത്തിച്ചു. വായിക്കുവാൻ വേണ്ടിയുള്ളതല്ല, രംഗാവതരണത്തിൻറെ സാധ്യതകളെ മുൻനിർത്തിയുള്ള വിവർത്തനങ്ങളായിരുന്നു അവയെല്ലാം. മലയാളത്തിന്റെതായ രീതിയിൽ അവതരിപ്പിക്കാൻ വേണ്ടി തർജ്ജമ ചെയ്തിട്ടുള്ളതാണ് ഈ നാടകങ്ങൾ. വായനയെ ലക്ഷ്യമിടാതെ, ദൃശ്യാനുഭാവത്തിലെക്ക് നമ്മളെ കൊണ്ടു പോകാനുതുകുമാറ് യഥാർത്ഥ നാടക സൃഷ്ടികളുടെ കൃതികളെ, അതേ മനോഭാവമുള്ള കേരളീയ തനിമയുള്ള വിവർത്തനങ്ങൾ ആയിരുന്നു അവയെല്ലാം.

മലയാള ചലച്ചിത്ര ഗാനശാഖയക്ക് ഇണങ്ങും വിധം എത്രയോ ഗാനങ്ങളും അദ്ദേഹം രചിച്ചിരിക്കുന്നു. അദേഹത്തിന്റെ മുദ്ര പതിപ്പിക്കുന്ന മനോഹരങ്ങളായ ഗാനങ്ങൾ ആയിരുന്നു അതെല്ലാം. അരവിന്ദേട്ടന്റെ ഒരു സിനിമയ്ക്ക് വേണ്ടി കാവാലം നാരായണ പണിക്കർ രചിച്ച കറുകറെ കാർമുകിൽ എന്ന ഗാനമുണ്ട്. വടക്കേ മലബാറിലെ കതിരന്നൂർ വീരൻ എന്ന തെയ്യത്തിന്റെ അടിസ്ഥാനത്തിൽ, പ്രണയവും ത്യാഗവും ഒക്കെ മനസ്സിൽ കണ്ടു കൊണ്ടുള്ള ആ രചന മനസ്സിൽ നിന്ന് മായുകയില്ല. അത് പോലെ തന്നെയായിരുന്നു കുമ്മാട്ടിയിലെ ഗാനങ്ങളും. പിന്നെയും എത്രയോ ഗാനങ്ങളും, ലളിത ഗാനങ്ങളും..

ചില പ്രതിഭകൾ, ചില സംഭവങ്ങൾ നടക്കുന്നതിനു മുൻപ് ജനിക്കും, ഒടുവിൽ ആ ദൗത്യം വന്നു ഭവിക്കുമ്പോൾ, അവർ അത് നിവർത്തിയാക്കി മടങ്ങും ..അതിനു വേണ്ടിയായിരുന്നു അവരുടെ ജന്മം എന്ന് നമ്മൾ തിരിച്ചറിയും!

ലോകമാകുന്ന വേദിയിൽ കേരളത്തെയും ഭാരതത്തെയും, ഭാരതീയമായ സാധ്യതകളെയും വെളിപ്പെടുത്താൻ ജന്മം കൊണ്ട ഒരു പ്രതിഭാനക്ഷത്രം ആയിരുന്നു കാവാലം നാരായണപണിക്കർ.

തയ്യാറാക്കിയത്: ഷീജ