കര്‍ണ്ണാടകയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ക്രൂരമായ റാഗിങ്; മലയാളി വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

റാഗിങിനിടെ ടോയ്‌ലെറ്റ് ക്ലീന്‍ ചെയ്യുന്ന ഹാര്‍പ്പിക്ക് പെണ്‍കുട്ടിയെക്കൊണ്ട് ബലമായി കുടിപ്പിക്കുകയും ചെയ്തു. ഹാര്‍പ്പിക്ക് ഉള്ളില്‍ പോയതുമൂലം അന്നനാളം വെന്തുരുകയതിനാൽ ഭക്ഷണം പോലും കഴിക്കാനാകാതെ 41 ദിവസങ്ങളായി അശ്വതി നരകിക്കുകയാണെന്ന് മാതാവ് ജാനകി പറഞ്ഞു. ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ദ്രാവകരൂപത്തിലുളള ഭക്ഷണം ട്യൂബ് വഴിയാണ് അശ്വതിക്ക് നല്‍കുന്നത്.

കര്‍ണ്ണാടകയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ക്രൂരമായ റാഗിങ്; മലയാളി വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍

കര്‍ണാടക ഗുല്‍ബര്‍ഗ നഴ്സിങ് കോളെജിലെ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനി അശ്വതി(19)യെന്ന ദളിത് വിദ്യാര്‍ത്ഥിനിക്കാണ് കറുത്ത നിറത്തിന്റെ പേരില്‍ ക്രൂരമായ റാഗിങിന് ഇരയാകേണ്ടി വന്നത്. റാഗിങില്‍ ഗുരുതരമായി പരിക്കേറ്റ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അശ്വതിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. റാഗിങിനിടെ ടോയ്‌ലെറ്റ് ക്ലീന്‍ ചെയ്യുന്ന ഹാര്‍പ്പിക്ക് പെണ്‍കുട്ടിയെക്കൊണ്ട് ബലമായി കുടിപ്പിക്കുകയും ചെയ്തു. ഹാര്‍പ്പിക്ക് ഉള്ളില്‍ പോയതുമൂലം അന്നനാളം വെന്തുരുകിയതിനാൽ ഭക്ഷണം പോലും കഴിക്കാനാകാതെ 41 ദിവസങ്ങളായി അശ്വതി നരകിക്കുകയാണെന്ന് മാതാവ് ജാനകി പറഞ്ഞു. ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ദ്രാവകരൂപത്തിലുളള ഭക്ഷണം ട്യൂബ് വഴിയാണ് അശ്വതിക്ക് നല്‍കുന്നത്.


കഴിഞ്ഞ മെയ് ഒമ്പതിനാണ് കര്‍ണാടക ഗുല്‍ബര്‍ഗ നഴ്സിങ് കോളെജില്‍ വിദ്യാര്‍ത്ഥിനിയെ മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ക്രൂരമായി റാഗ് ചെയ്തത്. റാഗിങ്ങിനിടെ നിലവിളിച്ച പെണ്‍കുട്ടിയുടെ വായില്‍ വിദ്യാര്‍ത്ഥിനികള്‍ ബലമായി ഹാര്‍പ്പിക്ക് ഒഴിക്കുകയായിരുന്നു. ഈ രംഗങ്ങളെല്ലാം വിദ്യാര്‍ത്ഥിനികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തതായും പറയപ്പെടുന്നു.

അശ്വതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥികള്‍ തന്നെ റാഗിങിനെതിരെ പരാതി നല്‍കുകയും ചെയ്തു. നാലുദിവസം ഐസിയുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും കഴിഞ്ഞ അശ്വതിയുടെ മൊഴി എടുക്കാന്‍ പോലീസ് എത്തിയിരുന്നെങ്കിലും പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ നടന്നിരുന്നില്ല. ഇതിനിടെ റാഗിങ് നടത്തിയ വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലെത്തുകയും സംഭവം പുറത്ത് പറയരുതെന്ന് അശ്വതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ വരുമെന്ന് അറിഞ്ഞ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയുടെ അനുവാദമില്ലാതെ അശ്വതിയെ ഡിസ്ചാര്‍ജ് ചെയ്ത് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അശ്വതിയെ അമ്മ ജാനകി എടപ്പാളുള്ള ആശുപത്രിയിലും തൃശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവരികയായിരുന്നു.

വിദ്യാഭ്യാസ ലോണ്‍ എടുത്താണ് നിര്‍ധന കുടുംബമായ അശ്വതി കര്‍ണാടകയിലേക്ക് പഠിക്കാന്‍ പോയത്. മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ കറുത്തവളെന്ന് പറഞ്ഞാണ് തന്നെ റാഗ് ചെയ്തതെന്നും അശ്വതി കര്‍ണാടക മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, ഇടുക്കി സ്വദേശിനികളായ സീനിയര്‍ വിദ്യാര്‍ഥിനികള്‍ പറഞ്ഞതുള്‍പ്പെടെയുളള കാര്യങ്ങളും വിദ്യാര്‍ത്ഥിനി തന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അമ്മയും ഒരു സഹോദരിയും മാത്രമാണ് അശ്വതിക്കുള്ളത്.