കണ്ണൂരില്‍ സിപിഐഎമ്മിന്റെ പരാതിയിന്‍മേല്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

സിപിഎം ബ്രാഞ്ച് ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന പരാതിയിനമേല്‍ ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില (30), അഞ്ജന(25) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ സിപിഐഎമ്മിന്റെ പരാതിയിന്‍മേല്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

കണ്ണൂരില്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍. തലശേരി സ്വദേശി അഞ്ജനയെ ഗുരുതരാവസ്ഥയില്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ജയില്‍ മോചിതയായ അഞ്ജന രാത്രിയോടെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഇവരുടെ പിതാവ് രാജു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് യുവതികള്‍ക്കെതിരെയുള്ള കേസ്. കുട്ടിമാക്കൂല്‍ ഡിവൈഎഫ്‌ഐ തിരുവങ്ങാട് മേഖല സെക്രട്ടറിയും സിപിഐഎം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തത്.


എന്നാല്‍ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളെ ബ്രാഞ്ച് ഓഫീസിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അസഭ്യം പറയുകയായിരുന്നുവെന്നും അതു ചോദിക്കാനായി ചെന്നപ്പോള്‍ കൈയേറ്റം ചെയ്തതായും യുവതികള്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതികളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പരിഹാസങ്ങള്‍ കേട്ട് പൊറുതിമുട്ടിയാണ് പ്രതികരിച്ചത് എന്നാണു യുവതികള്‍ പറയുന്നത്.

ഇത് ഒരു ദിവസം മാത്രം സംഭവിച്ച കാര്യമല്ല. നിരന്തരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയാണ്. സഹികെട്ടപ്പോഴാണ് ഇത് ചോദിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്. അവിടെ ഞങ്ങള്‍ക്ക് കിട്ടയത് മര്‍ദ്ദനവും - യുവതികള്‍ പറയുന്നു. തുടര്‍ന്ന് കസേരകൊണ്ട് അടിച്ചെന്നും കുറെ സമയം റോഡില്‍ തടഞ്ഞുവച്ചെന്നും ഇവര്‍ പറയുന്നു.

തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്യാന്‍ ഉത്തരവിട്ടത്. എന്നാല്‍ സാധാരണ കേസെന്ന നിലയില്‍ പരിഗണിക്കേണ്ടതും ജാമ്യം ലഭിക്കേണ്ടതുമായ പരാതിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടികളെ റിമാൻഡ് ചെയ്തതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

യുവതികളെ ആക്രമിച്ച കേസില്‍ നേരത്തെ മൂന്നു സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവർ റിമാൻഡിലാണ്.

Read More >>