തൃപ്പൂണിത്തുറയിലെ മണികണ്ഠന്‍ കേരളത്തിന്റെ ബാലേട്ടനായി മാറിയ കഥ

കമ്മട്ടിപാടമെന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ 'മണികണ്ഠന്‍' നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു

തൃപ്പൂണിത്തുറയിലെ മണികണ്ഠന്‍ കേരളത്തിന്റെ ബാലേട്ടനായി മാറിയ കഥ

ഒറ്റ ചിത്രത്തിലെ അഭിനയംകൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരുപാട് അഭിനേതാക്കളുണ്ട്. 'മുത്തെ പൊന്നെ' സുരേഷേട്ടന് പിന്നാലെ കമ്മട്ടിപാടത്തിലെ 'ബാലേട്ടനും' മലയാളി മനസ്സില്‍ സ്ഥാനംനേടി കഴിഞ്ഞു. ഒരുപാട് നാള്‍ 'ബ്രേക്കിന്' വേണ്ടി കാത്തിരിക്കുകയും ചെയ്ത ചിത്രങ്ങള്‍' ബ്രേക്ക്' ആവാതെ പോവുകയും ചെയ്ത മണികണ്ഠന്‍ എന്ന തൃപ്പൂണിത്തുറ നിവാസിക്ക് കമ്മട്ടിപാടത്തിലെ ബാലേട്ടന്‍ 'ബ്രേക്ക്‌' കൊണ്ട് വന്നു.

ചിത്രത്തിലെ ബാലേട്ടന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മണികണ്ഠന്‍ നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു...


 • നാടകത്തില്‍ നിന്നും സിനിമയിലേക്ക് വരുമ്പോള്‍ മണികണ്ഠന് അനുഭവപ്പെട്ട വ്യത്യാസം എന്താണ്?


സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മുടെ പ്രേക്ഷകന്‍ എന്നത് ക്യാമറയാണ്. ക്യാമറ എവിടെ സ്ഥാപിക്കുന്നു എന്നതിനിനനുസരിച്ച് നമ്മള്‍ നമ്മുടെ എനര്‍ജി ലെവല്‍ കൂട്ടുകയും കുറക്കുകയും ചെയ്യണം. ഡയറക്ടര്‍ക്ക് വേണ്ടത് കൊടുക്കുക. അതാണ്‌ സിനിമയില്‍ വേണ്ടത്. നാടകത്തില്‍ കാണികളുടെ പ്രതികരണം അപ്പോള്‍ തന്നെ അറിയാമെന്നതാണ് മറ്റൊരു വ്യത്യാസം

 • സാധാരണയായി സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുമ്പോള്‍ കാണികളില്‍ നിന്നും അപ്പോള്‍ തന്നെ കൈയ്യടി നേടുക എന്നത് വളരെ വിരളമാണ്. എന്നാല്‍ കമ്മട്ടിപ്പാടത്തിലെ ഒരു സീന്‍ അഭിനയിച്ചുതീര്‍ന്നപ്പോള്‍ കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടം ബാലനു കൈയ്യടി നല്‍കിയെന്ന് കേട്ടു. അതെക്കുറിച്ച്..


'കമ്മട്ടിപ്പാട'ത്തിലെ മാര്‍ക്കറ്റില്‍ വെച്ചുള്ള സംഘട്ടന രംഗത്തിനുശേഷം 'കൈ അടിക്കെടാ.." എന്ന് ബാലേട്ടന്‍ പറയുന്ന രംഗത്തിനാണ് കാണികളില്‍ നിന്നും കൈയ്യടി ലഭിച്ചത്. സത്യത്തില്‍ തിരക്കഥയില്‍ അങ്ങനെയൊരു ഡയലോഗ് ഉണ്ടായിരുന്നില്ല.ഷോട്ട് തീര്‍ന്നപ്പോള്‍ ഞാന്‍ തന്നെ രാജീവേട്ടനോട്  ഒരു ഡയലോഗ് കൂടി കൂട്ടിച്ചേര്‍ത്തോട്ടെ എന്ന് ചോദിക്കുകയായിരുന്നു. രാജീവേട്ടന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ അത് പറഞ്ഞതും കാണികള്‍ എല്ലാരും ഒന്നടങ്കം കൈയ്യടിച്ചു. അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. ഇങ്ങനെ കൈയ്യടി നേടാനുള്ള ചില ബുദ്ധികള്‍ എനിക്ക് കിട്ടിയത് നാടകത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം കൊണ്ടായിരിക്കാം.

 • ബാലന്‍ എന്ന കഥാപാത്രത്തിന് പൂര്‍ണ്ണത കൈവരുത്താന്‍ സംവിധായകന്‍ രാജീവ് രവി സഹായിച്ചു എന്ന് പല അഭിമുഖങ്ങളിലും മണികണ്ഠന്‍  പറഞ്ഞു കേട്ടു. അദ്ദേഹവുമായുള്ള മണികണ്ഠന്‍റെ വ്യക്തിപരമായ സൌഹൃദത്തെക്കുറിച്ച് പറയാമോ?


നാല് തവണയോളം ഓഡിഷന്‍ ചെയ്ത ശേഷമാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിശ്ചയിച്ചത്. ഓഡിഷന്റെ സമയത്ത് തന്നെ രാജീവേട്ടനുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാനായി. ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ തോളില്‍ കൈയിട്ടു ഒരു സഹോദരന്‍ എന്നപോലെയാണ് അദ്ദേഹം  പെരുമാറിയത്.

പിന്നെ ഇതിനുമുന്‍പ് 3 സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതിലെ സംവിധായകര്‍ എല്ലാം എന്നോട് പറഞ്ഞത് ഈ സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ എന്റെ ബ്രേക്ക് ആണ് , ഞാന്‍ രക്ഷപെട്ടു എന്നൊക്കെയാണ്. ഞാന്‍ കുറ്റപ്പെടുത്തുകയല്ല, അതൊക്കെ അവരുടെ ഒരു സ്വപ്ന ആയിരുന്നിരിക്കാം. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി രാജീവേട്ടന്‍ എന്നോട് പറഞ്ഞത് സിനിമ ചെയ്തു എന്നുവെച്ചു മാര്‍ക്കറ്റിലെ പണി കളയണ്ട എന്നായിരുന്നു. അത്രത്തോളം ജെന്യൂവിന്‍ ആയിട്ടുള്ള മനുഷ്യനാണ് രാജീവ് രവി.

 • മണികണ്ഠന് ഇപ്പോള്‍ 32 വയസ്സായി. സിനിമയില്‍ ഇനിയുള്ള യാത്രയില്‍ പ്രായം ഒരു തടസ്സം ആകും എന്ന് തോന്നുന്നുണ്ടോ?


ഒരിക്കലുമില്ല. കാരണം പ്രതിഭയാണ് സിനിമയിലെ താരം, പ്രായമല്ല. യുവനായകന്മാര്‍ കടന്നു വരുന്നു എന്നത് ശരി തന്നെ.പക്ഷെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, അതുപോലെ തന്നെ മധ്യവയസ്സു കഴിഞ്ഞ നടന്മാരും അതിലും പ്രായാധിക്യം ഉള്ളവരും വരെ ഇപ്പോള്‍ പല ചിത്രങ്ങളിലായി അരങ്ങേറ്റം കുറിക്കുന്നുണ്ട്.

അരിസ്റ്റോ സുരേഷിനെപ്പോലെയുള്ള നടന്‍ 'ആക്ഷന്‍ ഹീറോ ബിജു'വിലൂടെ അരങ്ങേറിയില്ലേ. അതുപോലെ പുതുമുഖങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കുന്ന മികച്ച അന്തരീക്ഷമാണ് ഇന്ന് മലയാള സിനിമയില്‍ ഉള്ളത്. അതിനു പ്രായം ഒരു തടസ്സമല്ല.കഴിവുള്ളവര്‍ വരും.

 • 'കമ്മട്ടിപ്പാട'ത്തിലെ മിക്ക നടീനടന്‍മാരും മണികണ്ഠനേക്കാള്‍  സീനിയര്‍ ആണ്. അവരോടൊപ്പമുള്ള എക്സ്പീരിയന്‍സ് എങ്ങനെയായിരുന്നു?


ചിത്രത്തിലെ എല്ലാ അഭിനേതാക്കളും, സീനിയറായാലും ജൂനിയറായാലും, എല്ലാവരും വളരെ സ്നേഹത്തോട്കൂടിയാണ് എന്നോട് പെരുമാറിയത്. നാലഞ്ചു സിനിമകളില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയം ഉള്ളതുപോലെയാണ് ദുല്‍ഖരും വിനായകനും ഒക്കെ എന്നോട് ആദ്യം മുതലേ ഇടപെട്ടത്.അതെന്റെ ആത്മവിശ്വാസം വളര്‍ത്താന്‍ വളരെയേറെ സഹായിച്ചു. നാടകത്തില്‍ ഒക്കെ കാണുന്നപോലെ അഞ്ചാറ് മാസം റിഹേഴ്സല്‍ ചെയ്തിട്ട് സ്റ്റേജില്‍ കയറുന്ന പ്രതീതിയായിരുന്നു ഷൂട്ടിംഗ് സമയത്ത് എനിക്ക് അനുഭവപ്പെട്ടത്.

 • വിനായകനെപ്പോലെയൊരു നടന്‍റെ ചേട്ടന്റെ വേഷം അവതരിപ്പിക്കുന്നതില്‍ ആശങ്ക തോന്നിയിരുന്നോ എപ്പോഴെങ്കിലും?


ചിത്രം ആരംഭിക്കുന്നതിനു മുന്‍പ് ഇക്കാര്യത്തില്‍ എനിക്കും ചെറിയൊരു പേടി തോന്നാതിരുന്നില്ല. കാരണം വിനായകന്‍ വളരെ കരുത്തനായ ഒരു നടനാണ്‌. എന്റെ വേഷത്തെപ്പറ്റി ചോദിച്ചറിഞ്ഞ കൂട്ടുകാരും എന്നോട് ചോദിച്ചത് അദ്ദേഹത്തിന്റെ ചേട്ടന്റെ വേഷം അവതരിപ്പിക്കുന്നതില്‍ പേടി തോന്നുന്നില്ലേ എന്നാണ്.

എന്നാല്‍ ചിത്രീകരണം തുടങ്ങി എന്റെ കഥാപാത്രത്തെ ഞാന്‍ വല്ലാതെ  സ്നേഹിച്ചുതുടങ്ങി. അതിനുശേഷം വിനായകന്റെ കൂടെയഭിനയിക്കുന്നതിലോ ദുല്‍ഖറിന്റെ കൂടെയഭിനയിക്കുന്നതിലോ ഒന്നുമുള്ള ആശങ്കകള്‍ എന്നെ അലട്ടിയില്ല എന്നതാണ് സത്യം. അത്രമാത്രം എന്റെ കഥാപാത്രത്തെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.

 • ചിത്രത്തില്‍ കുട്ടിക്കാലം മുതലുള്ള പല കാലഘട്ടങ്ങള്‍ മണികണ്ഠന്‍  അവതരിപ്പിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മണികണ്ഠന്‍റെ കുട്ടിക്കാലം എങ്ങനെയുള്ളതായിരുന്നു?


കുട്ടിക്കാലത്തെപ്പറ്റി കയ്പുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വേണമെങ്കില്‍ പറഞ്ഞു കരയാനുള്ള ചില അനുഭവങ്ങള്‍ ഒക്കെയുണ്ട്. 3 വയസ്സില്‍ എന്‍റെ അച്ഛന്‍ മരിച്ചു. പിന്നെ എന്നെയും എന്റെ മൂന്നു ചേട്ടന്മാരെയും വളര്‍ത്തിയതും പഠിപ്പിച്ചതും അച്ഛന്റെയും അമ്മയുടെയും ബന്ധുക്കള്‍ ആണ്. അവരുടെ ഒക്കെ കാരുണ്യം കൊണ്ട് പട്ടിണി കിടക്കേണ്ട അവസ്ഥ എനിക്കുണ്ടായിട്ടില്ല. അതുപോലെ എന്റെ നാട്ടിലും ഞാന്‍ ജനകീയന്‍ ആണ്. പൈസ ഇല്ലാതെ തന്നെ പോയി അവടുത്തെ ഹോട്ടലുകളില്‍ ചെന്ന് ഭക്ഷണം കഴിക്കാന്‍  തക്ക അടുപ്പം അവ്ടെയുല്ലവരുമായി ഉണ്ട്. അതുകൊണ്ട് ഭക്ഷണത്തിന് മുട്ട് ഉണ്ടായിട്ടില്ല ഇതുവരെ.

പിന്നെ നാടകത്തില്‍ അഭിനയിച്ചു നടന്ന കാലത്ത് ഒരു ക്ലീഷേ ജീവിതം നയിക്കാന്‍ ശ്രമിച്ചു വീട്ടുകാര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ജോണ്‍ എബ്രഹാമും സുരാസുവും ഒക്കെയാണ് അന്ന് ഞങ്ങളുടെ ഹീറോസ്. അവരുടെയൊക്കെ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ആരെയും കൂസാതെ എല്ലാത്തിനെയും ധിക്കരിച്ചു ഒരുതരം അലസതയോടെ ജീവിതത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെ മനസ്സിലായി സുഖവും സൌകര്യവും സ്വന്തമായാല്‍ എല്ലാം മറന്നു അതിന്റെ പിന്നാലെ പോകുന്നവരാണ് ഞാന്‍ ഉലള്‍പ്പടെ എല്ലാവരുമെന്നു. അങ്ങനെയാണ് മറ്റുള്ളവരെ അനുകരിച്ച് ജീവിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചത്.

 • ഈയിടെ ഒരു പ്രമുഖ മാധ്യമത്തില്‍ ഇനിമുതല്‍ മാര്‍ക്കറ്റിലെ ജോലിക്ക് പോകുന്നില്ല എന്നാ രീതിയില്‍ മണികണ്ഠന്‍ ഒരു പ്രസ്താവന നടത്തിയതായി കണ്ടു..


അത് തെറ്റായ വാര്‍ത്തയാണ്. കാരണം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷവും ഞാന്‍ മാര്‍ക്കറ്റില്‍ ജോലിക്ക് പോയിട്ടുണ്ട്. ജീവിക്കാന്‍ വേണ്ടി എന്ത് പണിയും ചെയ്യാന്‍ മടിയില്ലാതെ ഒരാളാണ് ഞാന്‍. പിന്നെ ചിത്രം പൂര്‍ത്തിയായ ശേഷം ഞാന്‍ പോകാത്തത് മാര്‍ക്കറ്റിലെ മറ്റു പണിക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകണ്ട എന്ന് കരുതിയാണ്. ഞാന്‍ പോയതില്‍ പിന്നെ അവിടെ ആള് കൂടാനും മാധ്യമ പ്രവര്‍ത്തകര്‍ എന്നെ കാണാന്‍ വരാനും തുടങ്ങിയത് അവിടെയുള്ള മറ്റുള്ളവര്ടെ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ അവിടെ പോകാഞ്ഞത്‌. അല്ലാതെ അഭിമാനക്കുറവു കൊണ്ടല്ല. ഇക്കാര്യം ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നു.

 • മണികണ്ഠന്‍റെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?


സിനിമകള്‍ കിട്ടുകയാണെങ്കില്‍ അഭിനയം മുന്നോട്ടുകൊണ്ടുപോകണം എന്നാണു ആഗ്രഹം,. കാരണം കലാകാരനായി അറിയപ്പെടണമെന്നത് എന്റെ സ്വപ്നമായിരുന്നു. മരിക്കുന്നതിനു മുന്‍പ് ഒരിക്കല്‍ എങ്കിലും ഏതെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അത്രത്തോളം ശക്തമായ മാധ്യമം ആണ് സിനിമ.  പിന്നെ നാടകാഭിനയവും മുന്നോട്ടു കൊണ്ടുപോകണം എന്നും ആഗ്രഹം ഉണ്ട്. ഇതൊന്നുമില്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടി എന്ത് പണിയും ചെയ്യാന്‍ സന്നദ്ധനാണ്. അതില്‍ അഭിമാനക്കുറവു ഒന്നും ഞാന്‍ കാണുന്നില്ല.

 • പുതിയ പ്രോജക്റ്റുകളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക്‌ ആഗ്രഹം കാണും.


പുതിയ രണ്ടുമൂന്നു അവസരങ്ങള്‍ വന്നിട്ടുണ്ട്. അവയെക്കുറിച്ച് പറയാന്‍ അവയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും വിലക്കുണ്ട്. അതുകൊണ്ട് പറയാന്‍ കഴിയില്ല

 • ജീവിതത്തില്‍ എപ്പോഴെങ്കിലും ചെയ്യണം എന്നാഗ്രഹം തോന്നിയിട്ടുള്ള കഥാപാത്രങ്ങള്‍ ഉണ്ടോ? അല്ലെങ്കില്‍ ഇനി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സ്വപ്ന കഥാപാത്രം?


അങ്ങനെയൊന്നും ഞാന്‍ ചിന്തിക്കുന്നില്ല എന്നതാണ് സത്യം. പണ്ട് നാടകത്തില്‍ ഒരു ഡയലോഗ് എങ്കിലും പറയാന്‍ സാധിക്കണേ.. ഒരു നല്ല കഥാപാത്രമെങ്കിലും ചെയ്യാന്‍ സാധിക്കണേ എന്നൊക്കെ പ്രാര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ വന്ന ശേഷം അങ്ങനെയൊന്നും ഞാന്‍ സ്വപ്നം കണ്ടിട്ടില്ല. രാജീവ് രവിയുടെ ഒരു മികച്ച ചിത്രത്തിലൂടെ സ്വപ്നതുല്യമായ ഒരു എന്‍ട്രി എനിക്ക് ലഭിച്ചു. അതിനു മികച്ച പ്രതികരണവും ലഭിച്ചു. ഇനി ആ പേരിനു കോട്ടം തട്ടാതെ മുന്നോട്ടു പോകണം എന്ന് മാത്രമേയുള്ളൂ.

 • സിനിമാലോകത്ത് മണികണ്ഠന്‍ ആരാധിക്കുന്ന നടന്മാര്‍ ആരൊക്കെയാണ്?


എല്ലാവരെയും പോലെ മോഹന്‍ലാലിനെയും മമ്മൂട്ടിയും കമലഹാസനെയും ആരാധിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാ തരാം കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ പറ്റുന്ന സ്വഭാവ നടന്മാര്‍ ആണ് ഇവരൊക്കെ. കമലഹാസന്റെ നായകന്‍ ഒക്കെ ഞാന്‍ ഒരുപാട് തവണ കണ്ടാസ്വദിച്ചിട്ടുള്ള സിനിമയാണ്.