സംവിധായകനെ വിളിച്ചിരുത്തി എങ്ങനെ സിനിമ ചെയ്യണമെന്ന് പഠിപ്പിക്കലല്ല സെന്‍സര്‍ ബോര്‍ഡിന്റെ ജോലി: കമല്‍

സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നുള്ളതാണ് സെന്‍സര്‍ ഓഫീസറുടെ ജോലി. അതല്ലാതെ സംവിധായകനേയും വിളിച്ചുവരുത്തി എങ്ങിനെ സിനിമ നിര്‍മ്മിക്കണം എന്ന് പഠിപ്പിക്കല്ലല്ല അവരുടെ ഉത്തരവാദിത്വം.കേരളത്തില്‍ ഇതാണ് ഇപ്പോള്‍ നടക്കുന്നത്. അത് കൊണ്ടാണ് സെന്‍സിബിളായിട്ടുള്ള ഉദ്യോഗസ്ഥര്‍ വരണമെന്ന് ആവശ്യപ്പെടുന്നത്. പപ്പോഴും വെറും രാഷ്ട്രീയ നിയമനങ്ങളാണ് സെന്‍സര്‍ ബോര്‍ഡില്‍ നടക്കുന്നത്.കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവര്‍ക്ക് താത്പര്യമുള്ളവരെ അംഗങ്ങളാക്കുന്നു. ബിജെപി ഭരിക്കുമ്പോള്‍ അവര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കുന്നു. അതല്ലാതെ സാമൂഹിക ബോധമുള്ള, സിനിമയോ ഏതെങ്കിലും കലയോ അറിയണം എന്നതല്ല മാനദണ്ഡം.

സംവിധായകനെ വിളിച്ചിരുത്തി എങ്ങനെ സിനിമ ചെയ്യണമെന്ന് പഠിപ്പിക്കലല്ല സെന്‍സര്‍ ബോര്‍ഡിന്റെ ജോലി: കമല്‍

നിര്‍മ്മാല്യം സിനിമയിലെ വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയപ്പോള്‍ വരാത്ത മുറിച്ചുമാറ്റലും 'എ' സര്‍ട്ടിഫിക്കറ്റും ആസ്വാദന കല വളര്‍ന്ന കാലത്ത് ആശങ്കപ്പെടുത്തുന്നത് എന്ത് കൊണ്ടാണെന്ന് സംവിധായകന്‍ കമല്‍. സെന്‍സര്‍ബോര്‍ഡിലെ രാഷ്ട്രീയ നിയമനങ്ങളും കലാമൂല്യം തിരിച്ചറിയാത്ത ഉദ്യോഗസ്ഥരും ആണ് സിനിമയെ കോടതി കയറ്റുന്നത്. എകാധിപതിയെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ കലയെ പിന്നോട്ടടിക്കുകയാണ് എന്നും കമല്‍ നാരദ ന്യൂസിനോടു പറഞ്ഞു. അംഗപരിമിതനായ സൈജോ കണ്ണാനിക്കൽ സംവിധാനം ചെയ്ത കഥകളി എന്ന ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഫെഫ്ക കോടതിയെ സമീപിക്കുന്നതായി ചെയർമാൻ ബി ഉണ്ണിക്കൃഷ്ണൻ പ്രസ്താവിച്ച സാഹചര്യത്തിൽ നാരദാ ന്യൂസിനോടു സംസാരിക്കുകയായിരുന്നു, കമൽ.


'ഉഡ്താ പഞ്ചാബി'ന് പിന്നാലെ കേരളത്തില്‍ 'കഥകളി'യും കോടതി കയറുകയാണ്. ഹര്‍ജിയില്‍ ഫെഫ്ക കക്ഷി ചേരുകയും ചെയ്തു. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് വില്ലനാകുന്നത് എങ്ങിനെയാണ്?


ഇന്ത്യയില്‍ തീയറ്റര്‍പ്രദര്‍ശനത്തിനും ഫെസ്റ്റിവല്‍ പ്രദര്‍ശനത്തിനും യു സര്‍ട്ടിഫിക്കിറ്റ് നിര്‍ബന്ധമാണ്. പണ്ട് മുതല്‍ക്കേ നിയമം അനുശാസിക്കുന്ന തരത്തിലാണ് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നതും. പക്ഷെ പലപ്പോഴും സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ കലാകാരനെ പഠിപ്പിക്കുന്ന ഉത്തരവാദിത്വത്തിലേക്ക് തിരിയുകയാണ്.

സിനിമ അറിയുന്ന കലാകാരന്‍മാരെ ബോര്‍ഡില്‍ അംഗങ്ങളായി നിയമിക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. സെന്‍സര്‍ നിയമങ്ങള്‍ അനുസരിക്കേണ്ട എന്നല്ല. കല അറിയുന്നവരേ നിയമിക്കുക. കാലാകാലങ്ങളില്‍ അങ്ങിനെയാണല്ലോ നടന്നിരുന്നത്. സെന്‍സറിങ്ങ് തുടങ്ങിയിട്ട് എത്ര വര്‍ഷമായി. ഐഎഎസ് നിയമനങ്ങളായ സെന്‍സര്‍ ഉദ്യോഗസ്ഥര്‍ സിനിമ എന്ന മാധ്യമത്തെ കുറിച്ചു പഠിച്ച ശേഷം മാത്രം അതിലേക്ക് ഇറങ്ങുക. അതല്ലെങ്കില്‍ ഇത്തരം അബദ്ധങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. ഏതു മേഖലയാണെങ്കിലും അതിനെക്കുറിച്ചു പഠിച്ചിട്ടു വേണമല്ലോ അതിലേക്ക് ഇറങ്ങാന്‍. അതില്ലാത്തതിന്റെ കുഴപ്പമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.

എഴുതി വച്ച നിയമങ്ങള്‍ അനുസരിച്ച്  പ്രായപൂര്‍ത്തിയാവര്‍ കാണേണ്ട സിനിമ, 12 വയസ്സിനും മുകളിലുളള കുട്ടികള്‍ അച്ഛനമ്മമാരോടോപ്പം കാണേണ്ട സിനിമ, എല്ലാവര്‍ക്കും കാണാന്‍ പറ്റുന്നത് എന്നൊക്കെയാണ് തിരിക്കുക. ഇതിനനുസരിച്ച് യു, എ, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. മുതിര്‍ന്നവര്‍ മാത്രം കാണേണ്ട സിനിമ എന്ന് പറയുമ്പോള്‍ അതില്‍ അല്പം നഗ്‌നതയൊക്കെ കഥയ്ക്ക് ആവശ്യമെങ്കില്‍ ആവാം.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സെന്‍സര്‍ നിയമങ്ങള്‍ അനുശാസിക്കുന്നത് മുന്‍വശത്തെ നഗ്‌നത കാണിക്കരുത് എന്നാണ്. ഫ്രണ്ടല്‍ നൂഡിറ്റി കാണിക്കാതിരിക്കുന്ന രീതിയില്‍ എന്ന് പറയുമ്പോള്‍ വിദേശ സിനിമകളിലൊക്കെ അത് കാണിക്കുന്നുണ്ട്. അല്ലാത്ത രീതിയില്‍ നഗ്‌നത കാണിക്കുന്നത് കൊണ്ട് തെറ്റില്ല. എ സര്‍ട്ടിഫിക്കറ്റാകും എന്ന് മാത്രമേയുള്ളു.

അതു മുറിച്ചുമാറ്റി കാണിച്ചോളൂ,  യു സര്‍ട്ടിഫിക്കറ്റ് തരാം എന്നു പറയുന്നത് മനസ്സിലാക്കാം. കഥകളി സിനിമയെ സംബന്ധിച്ച് ഇവിടെ അതല്ല സംഭവിക്കുന്നത്.

രാജ്യത്തിനും സമൂഹത്തിനും ഹാനിയുണ്ടാകുന്ന രീതിയില്‍ വരുന്ന പരമാര്‍ശങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. വയലന്‍സ് കൂടിയാല്‍ അത് കുറയ്ക്കാന്‍ ആവശ്യപ്പെടാറുണ്ട്.  മൃഗങ്ങളെ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്.  ഇതൊക്കെ ഞങ്ങള്‍ അനുസരിക്കാറുമുണ്ട്.

പക്ഷെ ഇവിടെ സംഭവിക്കുന്നത് ഒരു സെന്‍സര്‍ ഓഫീസര്‍ ഇരുന്ന് അവരുടെ ചിന്തയ്ക്കും സെന്‍സിബിലിറ്റും അനുസരിച്ചുള്ള ചിത്രങ്ങള്‍ വേണമെന്ന് വാശിപിടിക്കുകയാണ്. ധാര്‍ഷ്ട്യപരമായ നിലപാടാണ്. ഇത് ഉഡ്ത പഞ്ചാബിന് സമാനമാണ്.

ഉഡ്താ പഞ്ചാബിനെ സംബന്ധിച്ചിത്തോളം രാഷ്ട്രീയ താത്പര്യങ്ങളാണ്. എം എല്‍ എ, എം പി, ഭരണകൂടം എന്നൊന്നും പറയാന്‍ പാടില്ല. ഇതിന് മുമ്പും ഭരണകൂടത്തെ വിമര്‍ശിക്കുന്ന എത്രയോ സിനിമകള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. പഞ്ചാബ് സര്‍ക്കാര്‍ ലഹരി മാഫിയയെ സഹായിക്കുന്നു എന്ന രീതിയില്‍ സിനിമയില്‍ വന്നാല്‍ അത് ഫിക്ഷന്‍ എന്ന രീതിയില്‍ അല്ലേ വിലയിരുത്തേണ്ടത്.

കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ ഉത്തരവാദിത്തമില്ലേ? ഇത് തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥയുടെ മാത്രം പ്രശ്നമാണോ?

സെന്‍സര്‍ ഓഫീസറും അംഗങ്ങളും ഒരുമിച്ചിരുന്നാണ് സിനിമ കാണുന്നത്. ഏത് ക്ലാസിഫിക്കേഷനില്‍ ആണ് ഈ സിനിമ കാണിക്കേണ്ടത് എന്ന് നിര്‍ദ്ദേശിക്കലാണ് അംഗങ്ങളുടെ ഉത്തരവാദിത്വം. അതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നുള്ളതാണ് സെന്‍സര്‍ ഓഫീസറുടെ ജോലി. അതല്ലാതെ സംവിധായകനേയും വിളിച്ചുവരുത്തി എങ്ങിനെ സിനിമ നിര്‍മ്മിക്കണം എന്ന് പഠിപ്പിക്കല്ലല്ല അവരുടെ ഉത്തരവാദിത്വം. കേരളത്തില്‍ ഇതാണ് ഇപ്പോള്‍ നടക്കുന്നത്. അത് കൊണ്ടാണ് സെന്‍സിബിളായിട്ടുള്ള ഉദ്യോഗസ്ഥര്‍ വരണമെന്ന് ആവശ്യപ്പെടുന്നത്.

പപ്പോഴും വെറും രാഷ്ട്രീയ നിയമനങ്ങളാണ് സെന്‍സര്‍ ബോര്‍ഡില്‍ നടക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അവര്‍ക്ക് താത്പര്യമുള്ളവരെ അംഗങ്ങളാക്കുന്നു. ബിജെപി ഭരിക്കുമ്പോള്‍ അവര്‍ക്ക് താത്പര്യമുള്ളവരെ നിയമിക്കുന്നു. അതല്ലാതെ സാമൂഹിക ബോധമുള്ള, സിനിമയോ ഏതെങ്കിലും കലയോ അറിയണം എന്നതല്ല മാനദണ്ഡം. കലാപരമായ കാഴ്ചപ്പാടുള്ളവര്‍ക്ക് മാത്രമേ ആ മൈന്‍ഡ് സെറ്റില്‍ നിന്നു സിനിമയെ കാണാന്‍, ഉള്‍ക്കൊള്ളാന്‍ കഴിയൂ.

പാനല്‍ അംഗങ്ങളെ തീരുമാനിക്കുന്നത് കേന്ദ്രമാണ്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച് നിയമനങ്ങള്‍ നടത്തുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നത്. വിജയകൃഷ്ണനെ പോലെ സിനിമ അറിയാവുന്നവര്‍ ഉണ്ട്, ഇത്തവണ. ഏതു സര്‍ക്കാര്‍ വന്നാലും അത്തരക്കാരെ ഞങ്ങള്‍ സ്വാഗതം ചെയ്യാറുമുണ്ട്. പക്ഷെ ഇവിടെ സെന്‍സര്‍ ഓഫീസര്‍ തീരെ ജനാധിപത്യ മര്യാദ ഇല്ലാതെയാണ് സിനിമക്കാരോട് പെരുമാറുന്നത്. അവര്‍ ഒരു ഏകാധിപതിയെ പോലെ അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ കല്പിക്കുന്നു.

അപേക്ഷ നല്‍കിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ ഡോ പ്രതിഭ ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ടല്ലോ ?


കഥകളി സിനിമക്ക് എ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്താല്‍ നല്‍കാമെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. എ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കുക എന്നൊരു പരിപാടിയില്ല ഇത് വരെ. എ സര്‍ട്ടിഫിക്കറ്റ് മതിയോ എന്ന് അവര്‍ക്ക് ചോദിക്കാം. യു സര്‍ട്ടിഫിക്കറ്റ് വേണം എന്നാണ് സംവിധായകന് താതപര്യമെങ്കില്‍ അത്തരം സീനുകള്‍ മുറിച്ച് മാറ്റണം എന്നാവശ്യപ്പെടാം. ആദ്യം സിനിമ സെന്‍സറിങ്ങിന് നല്‍കുമ്പോള്‍ അപേക്ഷ ഫോമില്‍ ഒരു കോളം ഉണ്ട്. അതില്‍ ഏത് സര്‍ട്ടിഫിക്കറ്റ് വേണം എന്നാവശ്യപ്പെടാം.

ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ യു സര്‍ട്ടിഫിക്കറ്റ് വേണം. അതു കൊണ്ട് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമകള്‍ പലപ്പോഴും തീയറ്ററില്‍ എ സര്‍ട്ടിഫിക്കറ്റില്‍ കാണിക്കും. ടെലിവിഷന്‍ ചാനലില്‍ അത് മുറിച്ചുമാറ്റിയ ശേഷം പ്രദര്‍ശിപ്പിക്കുകയാണ് പതിവ്. എ സര്‍ട്ടിഫിക്കറ്റ് മതി എന്നു പറഞ്ഞിട്ടും അതു കൊടുക്കാതെ ഇന്ന് വിവാദമായശേഷം അപേക്ഷിക്കണം എന്നു പറഞ്ഞാല്‍ അത് എങ്ങിനെയാണ് ന്യായീകരിക്കുക?

ഇതിന് മുമ്പ് ചായം പൂശിയ വീട് എന്ന സിനിമക്ക് ഈ ഉദ്യോഗസ്ഥ എ സര്‍ട്ടിഫിക്കറ്റ് പോലും നല്‍കിയില്ല. അവര്‍ ഹൈക്കോടതിയില്‍ പോയി. കോടതി ഇടപെട്ട ശേഷമാണ് അന്ന് എ സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. അതില്‍ ന്യൂഡിറ്റി ഉണ്ടായിരുന്നില്ല.

ഇക്കാര്യത്തില്‍ കൊമേഴ്സ്യല്‍ എന്നോ പാരലല്‍ സിനിമ എന്നോ ഇല്ല. കഥകളി എന്ന സിനിമയെ സംബന്ധിച്ചിടത്തോളം കഥകളി കലാകാരന്റെ മാനസിക സംഘര്‍ഷം കാണിക്കാനാണ് ആ വേഷം മുഴുവന്‍ അഴിച്ചു മാറ്റി നഗ്‌നനാകുന്നത്. ഒരു കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് തോന്നുംപടി മുറിച്ചു മാറ്റുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല.

മുന്‍ കാലങ്ങളില്‍ പോലും ഇതൊന്നും സംഭവിച്ചിട്ടില്ല. നിര്‍മ്മാല്യം സിനിമയില്‍ ഭഗവതിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന വെളിച്ചപ്പാടിനെ ചിത്രീകരിച്ച രംഗം പ്രദര്‍ശിപ്പിക്കാന്‍ അനുമതി കൊടുത്ത നാടാണ് നമ്മുടേത്. അന്നത്തെ സാമൂഹിക പശ്ചാത്തലം മറ്റൊന്നായിരുന്നു എന്ന് അംഗീകരിക്കുമ്പോഴും ആസ്വാദന കല വളെരയധികം മുന്നോട്ടു പോയ കാലത്ത് നമുക്ക് അത്ര പോലും ഓര്‍മ്മകളില്ലാത്തത് എന്താണെന്നു മനസ്സിലാകുന്നില്ല. അതു കൊണ്ടു തന്നെ ഇത്തരം നപടികള്‍ക്കെതിരേ പ്രതികരിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം.

Read More >>