കൂടെ നിന്നവരെല്ലാം കലാഭവന്‍ മണിയെ സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സഹോദരൻ

ചേട്ടന്‍ ഒരുപാട് ആളുകള്‍ക്ക് പണം കടം കൊടുത്തിട്ടുണ്ട്. പാടിയോട് ചേര്‍ന്ന് കുറച്ചു സ്ഥലം ഒരേക്കറോളം സ്ഥലം കൂടി വാങ്ങിക്കാനും പാടിയില്‍ നാലുക്കെട്ട് പണിയാനും ചേട്ടന്‍ പ്ലാന്‍ ചെയ്തു വരികയായിരുന്നു. ആ സ്ഥലം വാങ്ങിക്കാന്‍ അഡ്വാന്‍സ് കൊടുക്കാന്‍ പണം വേണം, മാനേജര്‍ ജിബിയും ഷിബുവും ഒക്കെയുള്ള കെയറോഫില്‍ കുറെ പണം കൊടുത്തിട്ടുണ്ട്. ആ പൈസയൊക്കെ തിരിച്ചു വേണം എന്നു പറഞ്ഞു കൊണ്ട് ചോദ്യം തുടങ്ങി. അവിടെ നിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്

കൂടെ നിന്നവരെല്ലാം കലാഭവന്‍ മണിയെ സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സഹോദരൻ

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം സി ബി ഐ ക്ക് വിടുമ്പോള്‍  മരണം സംബന്ധിച്ച് കുടുംബത്തിന്റെ സംശയങ്ങള്‍ എന്തൊക്കെയാണെന്നതിനെ കുറിച്ച് സഹോദരന്‍ ആര്‍ എല്‍ വി രാമക്യഷ്ണന്‍ നാരദ ന്യൂസിനോട് സംസാരിക്കുന്നു

കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കാന്‍ കാരണം ? മരണത്തില്‍ ആരൊയൊക്കെ സംശയിക്കുന്നു?

ചേട്ടന്റെ മരണം കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളും ഉണ്ട്. മരണത്തിന്റെ തലേദിവസം അവിടെ വന്ന എല്ലാ വ്യക്തികളേയും സംശയിക്കുന്നുണ്ട്. സംശയിക്കാന്‍ കാരണം മദ്യ സല്‍ക്കാരത്തിന്നിടെ വിഷമദ്യം എത്തിയിട്ടുണ്ട്.  മെഥനോള്‍ എന്നു പറയുന്നത് അതാണല്ലോ. മെഥനോളിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ നല്ല പോലെയുണ്ട്.  ഹൈദരാബാദില്‍ നിന്ന് ലഭിച്ച റിസല്‍ട്ടില്‍ മെഥനോളിന്റെ  അളവ് ഇവിടെ കണ്ടതിനെക്കാള്‍ കൂടുതലാണ് കണ്ടിട്ടുള്ളത്. അങ്ങിനെയാണ് പോലീസ് പറഞ്ഞത്. കാക്കനാട് ലാബില്‍ ക്ലോര്‍ പൈറിഫോസ് കണ്ടെത്തിയിട്ടുണ്ട്. ക്ലോര്‍ പൈറിഫോസും മെഥനോളിന്റെ അംശവും ഉള്ളത് കൊണ്ട് , ഈ രണ്ട് വിഷാംശങ്ങളും എങ്ങിനെ ഉള്ളില്‍ ചെന്നു, എന്നതു കൊണ്ടാണ് തലേദിവസം വന്നിട്ടുള്ള ഗസ്റ്റുകളെ തുടങ്ങി നമ്മള്‍ സംശയിക്കാന്‍ കാരണം.


മറ്റുള്ള കാര്യങ്ങള്‍ എന്താന്ന് വെച്ചാല്‍ ചേട്ടന് നേരിയ തോതില്‍ കരള്‍ രോഗം ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ് കൂടെ നില്‍ക്കുന്ന എല്ലാവര്‍ക്കും. ഇവര്‍ക്ക് മദ്യപിക്കുന്നതിന് വേണ്ടി ഇദ്ദേഹത്തെ കൂട്ടുപിടിച്ച് അദ്ദേഹത്തെ മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയും മരുന്ന് കൊടുക്കുന്ന അതെ ആളുകള്‍ തന്നെയാണ് മദ്യവും കൊടുത്തത്. അപ്പോള്‍ അതിന് വേണ്ടി പ്രചോദനം ഉണ്ടാക്കുക അതാണ് കുറെക്കാലമായി നടന്നു വന്ന കാര്യങ്ങള്‍. കുറെ നാളായി ചേട്ടന് അസുഖമുണ്ടെന്ന് പറഞ്ഞ് മരുന്നും കൊടുത്തു, ഒപ്പം നശിപ്പിക്കുന്നതിന് വേണ്ടി മദ്യവും കൊടുക്കുക അറിഞ്ഞു തന്നെയാണ് അവര്‍ ചെയ്തത്.

മരണ ദിവസം എന്താണ് പാടിയിലും മറ്റും നടന്നത്?


അന്ന് രാവിലെ ചേട്ടന്റെ ഉള്ളില്‍ വിഷം ചെന്നതിന്റെ എല്ലാ തരത്തിലുള്ള എല്ലാ ലക്ഷണങ്ങളും അദ്ദേഹം അവിടെ കാണിച്ചിരുന്നു. ക്ലോര്‍ പൈറിഫോസ് വിഷം ഉള്ളില്‍ ചെന്നു കഴിഞ്ഞാല്‍ ഉണ്ടാകുന്ന എല്ലാ ലക്ഷണങ്ങള്‍, നല്ല ബ്ലീഡിങ്ങ്  ഉണ്ടാകും. ഛര്‍ദ്ദി ഉണ്ടാകും, സംഭ്രമം എടുത്ത് ഓടി നടക്കും. നിലത്ത് കിടന്ന് ഉരുളും. അങ്ങിനെ ഒരു പാട് പ്രശ്നങ്ങള്‍ ചേട്ടന്‍ അവിടെ ഉണ്ടാക്കിയിട്ടുണ്ട്. അതു പോലെ തന്നെ ഛര്‍ദ്ദിച്ചതിന് വലിയ ദുര്‍ഗന്ധം ഉണ്ടാകും. അരുണ്‍ എന്ന് പറഞ്ഞയാള്‍ അതാകെ അടിച്ചു വാരി കഴുകി ചന്ദനത്തിരി കത്തിച്ചു വെച്ചിട്ടുണ്ട്.

വെളുപ്പിന് അഞ്ചു മണിക്ക് വിപിന്‍ എന്നയാളാണ് പെപ്സി, കൊക്കോകോള ഇതില്‍ എന്തോ ബോട്ടില്‍ കൊടുത്തു എന്നാണ് പറയുന്നത്. അതിന് മൂന്നു മണിക്കൂറിനു ശേഷമാണ് നേരത്തെ പറഞ്ഞ പ്രശ്നങ്ങളൊക്കെ ഉണ്ടായത്. അതു കഴിഞ്ഞ് അവര്‍ സഫല്‍ ഹോസ്പ്പിറ്റലില്‍ നിന്ന് ഡ്രൈവര്‍, പീറ്റര്‍ ഡോക്ടറിനേയും നഴ്സിനേയും കൊണ്ടു വന്നിട്ട് അവിടെ ഗ്ലൂക്കോസ് കയറ്റി കിടത്തി. ഡ്രൈവര്‍ പീറ്ററിനെ അന്നു രാവിലെ ഞാന്‍ കണ്ടതാണ്. ഇത് ചെയ്തിട്ടാണ് ഡ്രൈവര്‍ പീറ്റര്‍ എന്നെ കണ്ടത്. എന്നിട്ടും ഡ്രൈവര്‍ പീറ്റര്‍ എന്നോടിത് പറഞ്ഞില്ല. അതിനു ശേഷം വിപിന്‍ മാനേജരായ ജോബിയെ വിളിച്ചു, ജോബി അവിടെ വരുന്നു, ജോബി വന്ന ശേഷം ഡോക്ടര്‍ സുമേഷിനെ വിളിക്കുന്നു. സുമേഷിനെ വിളിക്കുന്നത് ഡോക്ടര്‍ എന്ന നിലയിലല്ല. ഇവരുടെ ഒരു സുഹ്യത്താണ്. പാഡിയില്‍ സ്ഥിരം വരികയും കമ്പനി കൂടുകയും ചെയ്യുന്ന ആളാണ്. ഡോക്ടര്‍ സുമേഷിനെ വരുത്തിയിട്ട് സഡേഷന്‍ കൊടുത്തു. നമ്മളോട് ചോദിക്കാതെ, ആരോടു ചോദിക്കാതെ. അതു കഴിഞ്ഞ് നമ്മുടെ കലാഗ്യഹത്തിന് മുമ്പിലൂടെയാണ് ചേട്ടനെ കൊണ്ടു പോകുന്നത്. ആ സമയത്ത് ഞാനവിടെ ക്ലാസ്സ് എടുക്കുന്നുണ്ടായിരുന്നു. പറയാനോ വണ്ടി നിര്‍ത്തി  കൂടെ വരണമെന്നോ പറയാനുള്ള മനസാക്ഷി അവര്‍ കാണിച്ചില്ല. ഇത്രയും സാഹചര്യങ്ങളാണ് നമ്മള്‍ ഇവരെ സംശയിക്കാനുള്ള കാരണം. ഇത് കൂടാതെ കുറച്ച് കാലം മുന്‍പ് ഞങ്ങളൊന്നും അറിയാതെ ആലപ്പുഴ എവിടേയോ വീട്ടില്‍ കൊണ്ടു പോയിട്ട് താമസിപ്പിച്ചിട്ട്  ചേട്ടന് ട്രീറ്റ്മെന്റ് കൊടുത്തിട്ടുണ്ട്.

ആലപ്പുഴയിൽ വച്ച്  എന്ത് ചികിത്സയാണ് നടത്തിയത് ?

എന്ത് ചികിത്സയാണ് നടത്തിയതെന്ന് ഞങ്ങളോട്  പറയുന്നില്ല. ഇവരു വിളിക്കുമ്പോ ഷൂട്ടിംഗിന് പോകുന്നതാണ് എന്നാണ് പറയുന്നത്. നമ്മളോടിത് പറയുന്നില്ല. എല്ലാം ഒളിച്ചു വെച്ചിട്ടാണ് ഇവര്‍ ചെയ്യുന്നത്. ഡോക്ടര്‍ സുമേഷ് ഇവരുടെ സുഹ്യത്താണ്.  ഡോക്ടര്‍ സുമേഷിന്റെ വീട് പണിക്ക് സാമ്പത്തികമൊക്കെ കുറെ വന്ന് ചോദിച്ചിട്ടുണ്ട്. ഇവരും ജോബിയുമായി ചേര്‍ന്നാണ് ഈ പണികളൊക്കെ ചെയ്യുന്നത്. ഇവരൊക്കെ ചേട്ടന്റെ സാമ്പത്തികം നല്ല വിധത്തില്‍ ചൂഷണം ചെയ്യുന്ന ആളുകളാണ് എന്ന് എല്ലാവര്‍ക്കുമറിയാം. ഇവര്‍ക്ക് കൊടുത്ത തുക തിരിച്ചു ചോദിച്ചപ്പോഴാണ് ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടായത്.

മണിയുടെ മ്യതദേഹം അമൃത ഹോസ്പ്പിറ്റലില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു വരുന്ന കാര്യം കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നോ?


ഇല്ല. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഞാന്‍ എഴുതി കൊടുത്തത് ചേട്ടന്റെ ബോഡി അമ്യത ആശുപത്രി മോര്‍ച്ചറിയില്‍ കിടത്തിയിട്ടുണ്ട്. എവിടേക്ക് കൊണ്ടു വരണമെന്ന് തീരുമാനിച്ചിരുന്നില്ല. അവിടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഞങ്ങളുടെ ആളുകളെ പോലും അറിയിക്കാതെയാണ് അവര്‍ ആശുപത്രിക്ക് പുറത്ത് മോര്‍ച്ചറിക്ക് സമീപത്ത് നിന്നിരുന്നു, അവരെ പോലും അറിയിക്കാതെയാണ് ഡോ. സുമേഷും എല്ലാവരും ചേര്‍ന്ന് ആംബുലന്‍സില്‍ കൊണ്ടു പോകുന്നത്. അപ്പോള്‍ പോലും ഞങ്ങളുടെ വീട്ടുകാരെ ആംബുലന്‍സില്‍ കയറ്റാനോ ഞങ്ങളോട് കാര്യങ്ങള്‍ പറയാനോ തയ്യാറായിരുന്നില്ല.

മൃതദേഹം സൂക്ഷിക്കാനുള്ള സംവിധാനം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ഇല്ലായിരുന്നുവെന്നത് ശരിയാണോ ?

ഈ ബോഡി തൃശൂരില്‍ എത്തിയപ്പോള്‍ ഉണ്ടായ സംഭവം അത് അവിടത്തെ ഷേര്‍ലി എന്ന  റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍  പിന്നീട് വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. അമ്യത ആശുപത്രിയില്‍ വച്ച് മരിച്ചായാളെ പോസ്റ്റ് മോര്‍ട്ടത്തിന് അങ്ങോട്ടു കൊണ്ടു വരില്ലല്ലോ.  ബോഡി ചാലക്കുടി കഴിഞ്ഞ ശേഷമാണ് ഇവരറിയുന്നത് ബോഡി അവിടേക്കാണ് കൊണ്ടു വരുന്നതെന്ന്. ഒരു തരത്തിലും ഒരു വിഐപി എന്ന നിലയില്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യാനും കഴിഞ്ഞില്ല. ഫ്രീസര്‍ വെക്കാനുള്ള ഒരു സോക്കറ്റു പോലും ഉണ്ടായിരുന്നില്ല അവിടെ. വെളുപ്പിന് മൂന്നുമണിക്കാണ് ഫ്രീസര്‍ വെക്കാനുള്ള സോക്കറ്റ് പോലും തയ്യാറാക്കിയത്. പിന്നെ പോസ്റ്റ്മോര്‍ട്ടം മുറിയിലും ഇവര്‍ തന്നെയാണ് മുഴുവന്‍ സമയവും ഉണ്ടായിരുന്നത്.

കാക്കനാട്ടെ ലാബില്‍ ചെന്ന് മണിയുടെ ആന്തരികാവയങ്ങള്‍ പരിശോധന നടത്തേണ്ട എന്നു പറഞ്ഞ് പോലീസ് മടക്കി വാങ്ങിയ സംഭവം ഉണ്ടായിരുന്നോ?

കാക്കാനാട് ലാബ്  റിസല്‍റ്റ് എന്താണെന്ന കാര്യം  പോലീസ് അറിയുന്നതിന് മുമ്പ് പത്രത്തില്‍ വന്നു. അതാണ് കാക്കനാട് ലാബിനോട് പോലീസിന് അവിശ്വാസം തോന്നാന്‍ കാരണം. പിന്നെ ലാബിന്റെ പരിശോധനയില്‍ നെഗറ്റീവ് ഓര്‍ പോസിറ്റീവ് എന്നു മാത്രമേ ഉണ്ടാകു. അവര്‍ ക്ലോര്‍ പൈറിഫോസ്, മെഥനോളും പോസിറ്റീവ് ആണെന്ന നിലയിലാണ്  പോലീസിന് റിപ്പോര്‍ട്ട് കൊടുത്തിട്ടുള്ളത്. പക്ഷെ അവര്‍ പറയുന്നത് പത്രങ്ങള്‍ക്ക് കൊടുത്തതാണ് അവര്‍ക്ക് ബുദ്ധിമുട്ടായത് എന്നാണ്. അതിന്റെ പേരിലാണ് പിന്നെ അവര്‍ ഹൈദരാബാദിലേക്ക് അയച്ചത്. അല്ലാതെ കാക്കനാട് ലാബിലെ റിപ്പോര്‍ട്ടിനെ അവിശ്വസിച്ചിട്ടൊന്നും അല്ല. ഈ കേസില്‍ ഒരു അട്ടിമറി എന്ന നിലയിലാണ് നമുക്ക്  അവിടെ സംശയം ഉണ്ടാകാന്‍ കാരണം. എന്തു കൊണ്ട് കാക്കനാട്ടെ ലാബിലെ പരിശോധന ഫലത്തെ തള്ളികൊണ്ട് ഹൈദ്രാബാദിലേക്ക് അയച്ചു? കാക്കനാട്ടെ ലാബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങിനെയുള്ള ഒരു അന്വേഷണത്തില്‍ ഒരു റീ ടെസ്റ്റ് ആവശ്യപ്പെടുന്നത്. തന്നേയുമല്ല ബാക്കിയുള്ള തൊണ്ടി സാധനങ്ങള്‍ ഇവിടെ നിന്ന് കിട്ടിയിട്ടുള്ള തെളിവുകള്‍, ചേട്ടന്‍ ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഒരു ടൗവലില്‍ തെറിച്ചതിന്റെ അവശിഷ്ടങ്ങള്‍ ഇതൊക്കെ  വൈകുന്നേരം വളരെ വൈകീട്ടാണ് സി ഐ കൊണ്ടു പോയി കൊടുക്കുന്നത്. അതായത് ലാബ് അടക്കാന്‍ പോകുന്ന സമയത്ത് അവരെ വിളിച്ചു പറഞ്ഞ് അവരെ അവിടെ വെയ്റ്റ് ചെയ്യിച്ചിട്ടാണ് വളരെ വൈകീട്ടാണ്  സി ഐ ഈ സാധനങ്ങള്‍ എല്ലാം കൊണ്ടു കൊടുക്കുന്നത് ശനിയാഴ്ച്ച വൈകുന്നേരം. അതു കഴിഞ്ഞ് ഞായറാഴ്ച്ച അവധി.തിങ്കളാഴ്ച്ച അതി രാവിലെ അതായത് കാക്കനാട് ലാബുകാര്‍ അവിടെ ചെല്ലുമ്പോള്‍ സി ഐ എല്ലാം അവിടെ വെയ്റ്റ് ചെയ്യുന്നുണ്ട്. എന്നിട്ട് അവരോട് പറഞ്ഞു. ഇത് ടെസ്റ്റ് ചെയ്യരുത്, തിരിച്ചു തരാന്‍ പറഞ്ഞു. ഓര്‍ഡര്‍ വരുമെന്ന് പറഞ്ഞു. അങ്ങിനെ ഡി ജി പിയുടെ കയ്യില്‍ നിന്ന് ഒരു ഓര്‍ഡര്‍ ഉണ്ടാക്കിയിട്ടാണ് സാധനങ്ങള്‍ മുഴുവന്‍ തിരിച്ചു വാങ്ങിച്ചിട്ട് ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിരിക്കുന്നത്.

പിന്നൊരു കാര്യം 90 ശതമാനം ആന്തരിക അവയവങ്ങള്‍ കാക്കനാട് ലാബില്‍ പരിശോധിച്ചിട്ട് തൊണ്ണൂറ് ശതമാനം പരിശോധന പൂര്‍ത്തിയായതിന്റെ ബാക്കിയാണ് കേവലം അതിന്റെ പത്ത് ശതമാനം മാത്രമാണ് ഹൈദ്രാബാദിലേക്ക് അയച്ചിട്ടുള്ളു. അതെങ്ങനെ പോയാലും ഈ മൂന്ന് മാസ കാലയളവില്‍ വിഷമദ്യമായാലും മറ്റു വിഷമായാലും അത് അതില്‍ നിന്നു വിഘടിച്ചു പോകും. അതു കൊണ്ട് തന്നെ ഇനി ആ ആന്തരികാവയങ്ങള്‍ വീണ്ടും പരിശോധിച്ചാലും കാക്കനാട്ട് ലാബില്‍ തന്നെ പരിശോധിച്ചാലും റിസല്‍റ്റ് ചിലപ്പോള്‍ ഇല്ലാന്നായിരിക്കും വരിക. അപ്പോ എന്തു കൊണ്ട് കാക്കനാട്ടെ ലാബിനെ സംശയിക്കുന്നു പോലീസ്?  എന്തിനാണ് ഹൈദ്രാബാദിലേക്ക് അയച്ചത്.? അവിടേക്ക് അയച്ചതില്‍ എന്തു കൊണ്ട് ഇങ്ങിനെ ഒരു റിസല്‍ട്ട് വന്നു? റിസള്‍ട്ടില്‍ ഇതിന്റെ അളവുകളെ തമ്മിലുള്ള വ്യത്യാസം വന്നാലും ക്ലോര്‍ പൈറിഫോസ് എങ്ങിനെ മാറ്റപ്പെട്ടു അതില്‍? പിന്നെ ഇവിടെ നിന്ന് പോയതിന്റെ ഇരട്ടിയാണ് മെഥനോള്‍ അവിടെ കാണുന്നത് തുടങ്ങിയ സംശയങ്ങളുണ്ട്.

കലാഭവന്‍ മണിയുടെ മാനേജര്‍മാര്‍ തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നോ?

ഉണ്ടായിരുന്നു. രണ്ട് മാനേജര്‍മാരാണ് ഉണ്ടായിരുന്നത്. ഒന്നൊരു ഷിബുവും, ഒന്നൊരു ജോബിയും. ജോബിക്ക് ലിവര്‍ സിറോസിസ് ബാധിച്ച് ശസ്ത്രക്രിയ ചെയ്ത് വിശ്രമിക്കുന്ന സമയത്താണ് ഷിബു മനേജറായി വരുന്നത്.  ജോബിയുടെ അസുഖം മാറിയതിനു ശേഷം വീണ്ടും വന്നപ്പോഴേക്കും ഷിബുവും ജോബിയും തമ്മില്‍ വഴക്കായി. അവര്‍ തമ്മില്‍ വാശിയും വൈരാഗ്യവുമായിരുന്നു. അതു പോലെ തന്നെയാണ് ചേട്ടനെ കണ്ടിരുന്നത്. അതു കൊണ്ടു തന്നെ കഴിഞ്ഞ രണ്ട് വര്‍ഷം പിന്നെ പടങ്ങള്‍ എല്ലാം കുറഞ്ഞു തുടങ്ങി. ഒരു സിനിമക്കോ പ്രോഗ്രമിനോ ഇവര്‍ക്ക് കമ്മീഷന്‍ കൊടുത്താല്‍ മാത്രമേ അവര്‍ കഥ കേള്‍ക്കാന്‍ തയ്യാറാവുകയുള്ളൂ.  സിനിമയിലേക്ക് സജസ്റ്റ് ചെയ്യാനും ഇവര്‍ക്ക് കമ്മീഷന്‍ കൊടുക്കണം.

കലാഭവന്‍ മണിയെന്ന വ്യക്തിയുടെ മാനേജരായി നിന്നാല്‍ ഇത്രയധികം ലാഭമുണ്ടെന്നു ഇവര്‍ക്ക് രണ്ട് പേര്‍ക്കുമറിയാം. പ്രോഗ്രാമിന് പോകുമ്പോള്‍ ഇരട്ടി തുക കമ്മീഷന്‍ ഈടാക്കും. കലാഭവന്‍ മണിയുടെ പ്രതിഫലം കൂടാതെ ഇവരുടെ കമ്മീഷനും ചോദിച്ച് വാങ്ങിയിരുന്നു. ചേട്ടന്റെ പരിപാടി വേണമെന്ന് പറഞ്ഞു വരുമ്പോള്‍ കമ്മീഷന്‍ കൂടി ഇവര്‍ വാങ്ങും. ഇത് പല ആളുകളും പരാതി പറഞ്ഞ് വരാറുമുണ്ട്.  ചേട്ടന്‍ ഫ്രീയായി ചെയ്തു കൊടുക്കാമെന്ന് പറഞ്ഞ് പരിപാടിക്കു പോലും ഇവര്‍ കാശു വാങ്ങും. അതു കൊണ്ടു തന്നെയാണ് കലാഭവന്‍ മണിയുടെ പിന്നില്‍ ഇവര്‍ കടിച്ചു തൂങ്ങി നിന്നത്. ഇവര്‍ക്കു മദ്യപിക്കാന്‍ വേണ്ടി ചേട്ടനെ കൊണ്ട് നിര്‍ബന്ധിപ്പിക്കും. ചേട്ടന്‍ അങ്ങിനെ എന്തെങ്കിലും മൂഡിലായാലെ ഇവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റു. രോഗമുള്ള വ്യക്തിയെന്നറിഞ്ഞിട്ടും ഇതിന് പ്രേരിപ്പിക്കുന്നത് ഇങ്ങിനെ പണം കട്ടെടുക്കാനും കമ്മീഷന്‍ അടിച്ചു മാറ്റാനും വേണ്ടിയാണ്.

കലാഭവന്‍ മണിക്ക് അവസാനം കുടിക്കാന്‍ നല്‍കിയത് വിപിനല്ലേ ?

വിപിന്‍ കലാഭാവന്‍ മണിയുടെ ഭാര്യയുടെ വല്യച്ഛന്റെ മകനാണ്. അന്ന് രാവിലെ അഞ്ച് മണിക്ക് പെപ്സി കൊടുത്തത് വിപിനാണ്. ഈ മരണത്തിന്റെ മൂഡ് വെച്ച് നോക്കുമ്പോല്‍ ക്ലോര്‍ പൈറിഫോസ്  ഉള്ളില്‍ ചെന്നിട്ടുണ്ടാകുന്ന എല്ലാത്തരം ലക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. അതായത് മൂന്നു മണിക്കൂറിന് ശേഷം ഉണ്ടാകുന്ന ഛര്‍ദ്ദി തുടങ്ങി  മരണത്തിന്റെ ലക്ഷണങ്ങളും എല്ലാം അവിടെ ഉണ്ടായിട്ടുണ്ട്.

രാവിലെ എട്ട് മണിക്ക് ഛര്‍ദ്ദി തുടങ്ങിയിട്ട് വൈകുന്നേരം മൂന്നു മണിവരെ ഞങ്ങളേയും ആരേയും അറിയിക്കാതെ ചേട്ടനെ അവിടെ തന്നെ ഇട്ടിട്ട്   മരണത്തിന് വേണ്ടി കാത്തു നിന്ന പോലെ കൊണ്ടു പോയില്ല. വൈകീട്ട് അഞ്ചു മണിക്കാണ് അമൃതയില്‍ അഡ്മിറ്റായത്. 8 മണിക്ക് ഛര്‍ദ്ദി തുടങ്ങിയിട്ട് മൂന്നരയായപ്പോഴാണ് പാടിയില്‍ നിന്നു കൊണ്ടു പോയത്. അപ്പോഴേക്കും ചേട്ടന്റെ ഉള്ളില്‍ വിഷാംശം നല്ല രീതിയില്‍ പടര്‍ന്നു കഴിഞ്ഞു. പിന്നെ ഇവര്‍ പറയുന്നത് അമ്യത ഹോസ്പ്പിറ്റലില്‍ ചെന്നപ്പോള്‍ ചേട്ടന്‍ നടന്നു പോയെന്നാണ് പറയുന്നത്. നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇത്രയും സംഭ്രമം മരണ വൊപ്രാളമെടുത്ത് നില്‍ക്കുന്ന ഒരാള്‍ നടന്നു പോയെന്ന് പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ല. ഒരു പ്രാഥമിക ചികിത്സയും നല്‍കാതെ ഇത്രയും ലക്ഷണങ്ങള്‍ കാണിച്ച വ്യക്തി എങ്ങിനെ നടന്നു പോകും.? ഇവിടെ നിന്ന് സഡേഷന്‍ കൊടുത്ത് കൊണ്ടു പോയ വ്യക്തിയാണ്. ഞങ്ങള്‍ക്ക് തോന്നുന്നത് ഇതൊക്കെ ഡോ. സുമേഷിന്റെ നേത്യത്വത്തില്‍ പറഞ്ഞു കൂട്ടുന്ന നുണകളാണ്. ഞങ്ങള്‍ക്ക് സി സി ടി വി ദ്യശ്യങ്ങള്‍ വേണം അമ്യത ഹോസ്പ്പിറ്റലിലെ.  അതു പോലെതന്നെ ക്ലോര്‍ പൈറിഫോസ് എന്ന വിഷാംശത്തിന്റെ ആന്റിബോഡി അവിടെ കൊടുക്കപ്പെട്ടിട്ടില്ല. അവിടെ തിരിച്ചറിഞ്ഞത് മെഥനോള്‍, മീഥൈല്‍ ആല്‍ക്കഹോള്‍ തുടങ്ങിയ അംശങ്ങള്‍ മാത്രമാണ് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. അതുകൊണ്ട് ഇതില്‍ ഒരു അസ്വാഭാവികത ഉണ്ട്, അതു കൊണ്ട് പോലീസിനെ അറിയിക്കുന്നു എന്ന് പറഞ്ഞാണ് പോലീസിനെ അവര്‍ വിവരം അറിയിച്ചത്.

ചേരാനല്ലൂര്‍ പോലീസിനെ വിവരമറിയിച്ചു. ക്ലോര്‍ പൈറിഫോസ് അവിടെ നില്‍ക്കട്ടെ, മെഥനോള്‍ എന്ന വിഷത്തിന്റെ അംശം കൂടിയ അളവില്‍ എങ്ങിനെ വന്നു, ചേട്ടന്‍ വാറ്റു ചാരായം പോലുള്ള മദ്യം കഴിക്കുന്നയാളല്ല. അത് എങ്ങിനെ ഇവിടെയെത്തി, എങ്ങിനെ കലക്കി കൊടുത്തു ഇത്രയും ദുരൂഹമായ സാഹചര്യം ഉണ്ടായിട്ടു പോലും ഈ പ്രതികളെ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്യുക, അല്ലെങ്കില്‍ എന്തെങ്കിലും നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ല.

മരണത്തിന് പിന്നില്‍ സാമ്പത്തിക ചൂഷണം നടന്നിട്ടുണ്ടോ എന്നതാണോ സംശയം?

അതെ. സാമ്പത്തികമായിട്ടുള്ള ചൂഷണങ്ങളാണ് ചേട്ടന്‍ ഒരുപാട് ആളുകള്‍ക്ക് പണം കടം കൊടുത്തിട്ടുണ്ട്.  പാടിയോട് ചേര്‍ന്ന് കുറച്ചു സ്ഥലം ഒരേക്കറോളം സ്ഥലം കൂടി വാങ്ങിക്കാനും പാടിയില്‍ നാലുക്കെട്ട് പണിയാനും ചേട്ടന്‍ പ്ലാന്‍ ചെയ്തു വരികയായിരുന്നു. ആ സ്ഥലം വാങ്ങിക്കാന്‍ അഡ്വാന്‍സ് കൊടുക്കാന്‍ പണം വേണം, മാനേജര്‍ ജിബിയും ഷിബുവും ഒക്കെയുള്ള കെയറോഫില്‍ കുറെ പണം കൊടുത്തിട്ടുണ്ട്. ആ പൈസയൊക്കെ തിരിച്ചു വേണം എന്നു പറഞ്ഞു കൊണ്ട് ചോദ്യം തുടങ്ങി. അവിടെ നിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സാമ്പത്തിക ചൂഷണത്തില്‍ കൂടെ നിന്ന എല്ലാവരും ഒരു പോലെയായിരുന്നു. വളരെ താഴ്ന്ന ലെവലിലുള്ളവര്‍ക്ക് വളരെ കുറച്ച് പൈസയും വളരെ മുകളില്‍ നില്‍ക്കുന്ന മാനേജര്‍ പോലുള്ളവര്‍ക്ക്  ലക്ഷങ്ങളുമാണ് കൊടുത്തിരുന്നത്. ലക്ഷങ്ങള്‍ക്കു വേണ്ടിയുള്ള കളികളാണ് ഇവിടെ നടന്നു വന്നിരുന്നത്. അതുകൊണ്ട് തന്നെ ഒരു മാസമായിട്ടും ചേട്ടന് ഒന്ന് എണീറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. വീട്ടിലേക്കും വരാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.

താങ്കളെ കലാഭവന്‍ മണി വീട്ടില്‍ കയറ്റിരുന്നില്ലെന്ന്   ചിലര്‍ പറയുന്നുണ്ടല്ലോ. എന്താണ് അതിന്റെ വാസ്തവം?


എന്നെ വീട്ടില്‍ കയറ്റില്ലെന്ന് സാബു മാത്രമേ പറയുകയുള്ളു. നിങ്ങള്‍ വന്നു കണ്ടതാണ് രാമന്‍ സ്മാര കലാഗ്യഹം .അത് ചേട്ടന്‍ എനിക്ക് വേണ്ടി പണിത് തന്നതാണ്. എന്നെ വളര്‍ത്തിയതും വലുതാക്കിയതും ഇത്രയും പഠിപ്പിച്ചതും എന്റെ സഹോദരന്‍ തന്നെയാണ്. ഇവരെ പ്രതികളായി കണ്ടുവെന്ന് പറഞ്ഞത് കൊണ്ട് ഉണ്ടാക്കുന്നതാണ്. ഇവര്‍ പ്രതികളെല്ലെങ്കില്‍ ഇവര്‍ക്ക് പോലീസിനോട് സഹകരിച്ച് പോയാല്‍ പോരെ. ഇവര്‍ കാണിക്കുന്ന മാനസിക വിഭ്രാന്തികള്‍ എന്തൊക്കെയാണ്. അതവരുടെ ടെന്‍ഷനാണ്. എന്നെ വീട്ടില്‍ കയറ്റില്ലെന്ന് സാബു എങ്ങിനെ അറിഞ്ഞു.? സാബുവിനെ ഞാന്‍ കണ്ടിട്ടില്ല.സാബുവോ ജാഫറോ മണിചേട്ടന്റെ കുടുംബവുമായി സ്നേഹം ഉണ്ടാക്കാന്‍ വരുന്നവരല്ല. ഇവര്‍ കലാഭവന്‍ മണിയുടെ കയ്യില്‍ നിന്ന് കിട്ടുന്ന പൈസയും കുടിക്കാനും തിന്നാനും കിട്ടുന്ന സാധനങ്ങള്‍ കഴിച്ചു കൊണ്ടു പോകാന്‍ വരുന്ന ആള്‍ക്കാരാണ്. ഇവര്‍ മണിയുടെ ഭാര്യയേയോ കുട്ടിയേയോ കണ്ടിട്ടില്ല. മണിയുടെ തറവാടോ ഞങ്ങള്‍ സഹോദരന്‍മാരേയോ കണ്ടിട്ടുണ്ടോ?  ഇതൊന്നും അറിയാതെ സാബുവെങ്ങനെ എന്നെ വീട്ടില്‍ കയറ്റില്ലെന്നു പറയും. ചേട്ടന്‍ വീട്ടില്‍ കയറ്റില്ലെങ്കില്‍ ഏട്ടത്തിയമ്മ അവിടെ നിന്നു ഇറക്കി വിടേണ്ടതെല്ലെ? ഇവര്‍ കലാഭവന്‍ മണിയെന്ന കൂട്ടുകാരനെ കുടുംബക്കാരെ നോക്കിയില്ലെന്ന പറഞ്ഞ് ആക്ഷേപിക്കുകയാണ്.

മരണത്തിന് ശേഷം താങ്കള്‍ ടൂര്‍ പോയിയെന്ന് സാബു പറഞ്ഞതിലെ വാസ്തവം എന്താണ്?

ഞാന്‍ ടൂര്‍ പോയതല്ല. മേയ് 22 ാം തീയ്യതി  കട്ടപ്പനയില്‍ തപസ്യ കലാക്ഷേത്രയുടെ ന്യത്ത വിദ്യാലയത്തിന്റെ വാര്‍ഷികമായിരുന്നു. അവിടെ ഞാന്‍ ക്ലാസ്സ് ടുക്കുന്നതാണ്. അവിടേക്ക് ചേട്ടനും വന്നിട്ടുണ്ട്.  അവരുടെ 22 ാമത്   വാര്‍ഷികം നടത്തിയത് മെയ് 22 നാണ്. ചേട്ടന്റെ അനുസ്മരണം ഒപ്പം വെച്ചിരുന്നു. എന്നെ വിളിച്ചിരുന്നു. പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പോയത്. അവിടെ ഇവരുടെ വീട്ടിലാണ് താമസിച്ചത്. പുറത്ത് ഭക്ഷണം കഴിക്കാന്‍ വീട്ടുകാര്‍ വിളിച്ചപ്പോള്‍ പോയതാണ്. അപ്പോ അടുത്തുള്ള രാമക്കല്‍ എന്ന സ്ഥലത്തു അവരുടെ കൂടെ പോയെന്നേയുള്ളു. ഞാന്‍ ടൂര്‍ പോയിട്ടില്ല.

ചേട്ടന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഊമകത്ത് വന്നിരുന്നോ?

ഈ പറയുന്ന വ്യക്തികളുടെ പേരില്‍ പേര് പറഞ്ഞ് കൊണ്ട് ക്യത്യമായി പേരുകള്‍ കസ്റ്റംസിലെ സാബു, എനിക്ക് തോന്നുന്നത് ഇതായിരിക്കാം ഒരു പക്ഷെ സാബുവിന് തെറ്റിദ്ധാരണ ഉണ്ടാകാനുള്ള കാരണം, തരികിട സാബുവല്ല, കസ്റ്റംസ് സാബുവെന്ന സാബു. ഈ സാബു ചേട്ടന്റെ കയ്യില്‍ നിന്ന് പൈസ വാങ്ങിയെന്ന് പറഞ്ഞ് നമുക്ക് ഊമകത്ത് വന്നത്. പിന്നെ ഐസ്‌ക്രീം ജോയ് ഇവര്‍ കോടികള്‍ വാങ്ങിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഈ എഴുത്ത് എഴുതിയ ആള്‍ക്ക് എന്തായാലും പാടിയുമായി നല്ല ബന്ധവും കാര്യങ്ങള്‍ എല്ലാം അറിയുന്ന വ്യക്തിയാണ്. കാരണം ഇവരുടെ ലോക്കല്‍ പേരാണ് കസറ്റംസ് സാബു, ഐസ്‌ക്രീം ജോയി എന്നൊക്കെ. ഇതെല്ലാം പൊലീസിന് കൈമാറിയ തെളിവുകളാണ്.

Read More >>