ജിമ്മി ജോര്‍ജ് പരാമര്‍ശം: ഒരു കോമയുടെ കുറവ് മാത്രമാണ് സംഭവിച്ചതെന്ന് കെ സുധാകരന്‍

വാക്കുകള്‍ കൂട്ടിപ്പറഞ്ഞപ്പോള്‍ ഘടനയില്‍ അപാകത സംഭവിച്ചിട്ടുണ്ടാകാം, ഒരു കോമയുടെ കുറവ്.

ജിമ്മി ജോര്‍ജ് പരാമര്‍ശം: ഒരു കോമയുടെ കുറവ് മാത്രമാണ് സംഭവിച്ചതെന്ന് കെ സുധാകരന്‍

കായിക താരം അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവിന്റെ പേര് മാറ്റി പറഞ്ഞതില്‍ വിശദീകരണവുമായി കെ സുധാകരന്‍. താന്‍ പറഞ്ഞതില്‍ ഒരു അബദ്ധവും സംഭവിച്ചിട്ടില്ലെന്നും വാക്കുകള്‍ കൂട്ടിപ്പറഞ്ഞപ്പോള്‍ ഘടനയില്‍ അപാകത സംഭവിച്ചിട്ടുണ്ടാകാമെന്നുമാണ് സുധാകരന്റെ വിശദീകരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിശദീകരണം. വാക്കുകള്‍ കൂട്ടിപ്പറഞ്ഞപ്പോള്‍ ഘടനയില്‍ അപാകത സംഭവിച്ചിട്ടുണ്ടാകാം, ഒരു കോമയുടെ കുറവ് മാത്രമാണ് സംഭവിച്ചതെന്നും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സുധാകരന്‍ വിശദീകരിക്കുന്നു.കെ സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ കായികമന്ത്രി ശ്രീ ഇ.പി ജയരാജന്‍ ഇന്ത്യയുടെ പ്രഗത്ഭ കായികതാരമായ അഞ്ജു ബോബി ജോര്‍ജ്ജിനോട് നടത്തിയ പരാമര്‍ശവും ആക്ഷേപവും എല്ലാ മാധ്യമങ്ങളിലും വന്ന വാര്‍ത്തയാണ്. അതു സംബന്ധിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഭര്‍ത്താവിന്റെ പേര് മാറ്റിപ്പറഞ്ഞു എന്ന രീതിയില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞതില്‍ ഒരബദ്ധവും ഇല്ല. അഞ്ജുവും അഞ്ജുവിന്റെ ഭര്‍ത്താവിന്റെ കുടുംബവും കായികരംഗത്ത് വളരെയേറെ ആദരിക്കപ്പെടുന്നവരാണ് എന്ന് പറയാനാണ് ഞാന്‍ ശ്രമിച്ചത്. അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ്, ജിമ്മി ജോര്‍ജ്ജ് എന്ന് പറഞ്ഞതില്‍ ജിമ്മി ജോര്‍ജ്ജിനെ ഞാന്‍ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ എന്ന് എടുത്തു പറഞ്ഞില്ല എന്നു മാത്രം.

പക്ഷേ സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോയില്‍ കാണുന്നത് പോല അവിടെ ഞാന്‍ നിര്‍ത്തിയിട്ടുമില്ല. അഞ്ജുവിന്റെ കുടുംബം മുഴുവന്‍ കായികംഗത്ത് ജീവിതം സമര്‍പ്പിച്ചവരാണ് എന്ന് തുടര്‍ന്ന് പറയുകയും ചെയ്തു. വാക്കുകള്‍ കൂട്ടിപ്പറഞ്ഞപ്പോള്‍ ഘടനയില്‍ അപാകത സംഭവിച്ചിട്ടുണ്ടാകാം, ഒരു കോമയുടെ കുറവ്. പക്ഷേ എന്റെ ഇംഗിതം വളരെ വ്യക്തമായിരുന്നു. മറ്റ് പലയിടങ്ങളിലും ഞാന്‍ അഞ്ജു ബോബി ജോര്‍ജ്ജ് എന്ന് നിരവധി വട്ടം പറഞ്ഞിട്ടുമുണ്ട്. ആ എനിക്ക് ഭര്‍ത്താവ് ബോബി ജോര്‍ജ്ജ് ആരാണെന്ന് അറിയില്ല എന്ന് പറഞ്ഞാല്‍ അതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ല.

അഞ്ജു ബോബി ജോര്‍ജ്ജിന്റെ ഭര്‍തൃ കുടുംബം എന്റെ ഏറ്റവും അടുത്ത സുഹൃദ് വലയമാണ്. ഭര്‍ത്താവിന്റെ അച്ഛന്‍ അഡ്വ. ജോര്‍ജ്ജ് ജോസഫ് എന്റെ അടുത്ത സഹപ്രവര്‍ത്തകനാണ്. മേരി ജോര്‍ജ്ജാണ് ഭാര്യ. അവര്‍ക്ക് 8 ആണ്‍മക്കളും 2 പെണ്‍മക്കളും അടക്കം 10 മക്കളാണ്. ഒന്‍പതാമെത്തെ മകനാണ് അഞ്ജുവിന്റെ ഭര്‍ത്താവ് ബോബി ജോര്‍ജ്ജ്. രണ്ടാമത്തെ മകനാണ് രാജ്യം കണ്ട മികച്ച വോളിബോള്‍ താരമായിരുന്ന ജിമ്മി ജോര്‍ജ്ജ്. ഇവരില്‍ ഒരു പെണ്‍കുട്ടിയെ ഒഴിച്ച് ബാക്കി എല്ലാവരെയും എനിക്ക് നേരിട്ടറിയാം. ആദ്യത്തെ മകനാണ് റിട്ട. ഐജി ജോസ്. എനിക്ക് അടുത്തറിയാവുന്ന ഒരു കുടുംബത്തെ കുറിച്ച് അങ്ങനെയൊരു അബദ്ധം എനിക്ക് സംഭവിക്കും എന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്.

എനിക്ക് ആ കുടുംബത്തെ വ്യക്തമായി അറിയാം. ഇ.പി ജയരാജന്‍ പറഞ്ഞത് പോലെ വിടുവായത്തം പറഞ്ഞതല്ല. അറിയാത്ത കാര്യം വിളിച്ചു കൂവിയതല്ല. അറിയുന്ന കാര്യം ഞാന്‍ പറഞ്ഞു എന്നു മാത്രമേയുള്ളൂ. ഇനിയും സംശയം തീരാത്തവരുണ്ടെങ്കില്‍ അജ്ഞുവിന്റെ ഭര്‍ത്താവ് ബോബി ജോര്‍ജ്ജിനെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ബന്ധപ്പെട്ടാല്‍ ആ കുടുംബവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ സാധിക്കും. പറഞ്ഞതില്‍ ഒരു അബദ്ധവും എനിക്ക് സംഭവിച്ചിട്ടില്ല എന്ന് പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്മാരെയും സ്നേഹിതന്മാരെയും മാധ്യമപ്രവര്‍ത്തകരെയും അറിയിക്കാന്‍ ഈ സന്ദര്‍ഭം ഞാന്‍ ഉപയോഗിക്കുകയാണ്.

Read More >>