കെജിഎസ് എന്ന മൂന്നക്ഷരം

ഇന്ത്യയുടെ കലാപാരമ്പര്യത്തിൽ ചുവർചിത്രങ്ങൾക്കും ചുവർ കലയ്ക്കും സവിശേഷമായ പ്രാധാന്യം ഉണ്ടെന്നു തന്റെ ഗുരുക്കന്മാരിൽ നിന്നും, അവരുടെ കൃതികളിൽ നിന്നും മനസിലാക്കിയത് കൊണ്ടാകണം കെ.ജി.എസ് തൻറെ സർഗ്ഗ ജീവിതത്തിലെ നല്ലൊരു ഭാഗം ചുവർചിത്രങ്ങളും ചുവർകലയും ചെയ്യുന്നതിനായി വിനിയോഗിച്ചത്. കെജിഎസ് സ്മരണ- ജോണി എംഎൽ എഴുതുന്നു.

കെജിഎസ് എന്ന മൂന്നക്ഷരം

ജോണി എംഎൽ

കെ.ജി.എസ് എന്ന മൂന്ന് അക്ഷരങ്ങളിൽ ലോകമെമ്പാടും അറിയപ്പെട്ടിരുന്ന കലാകാരൻ കെ.ജി സുബ്രഹ്മണ്യൻ അന്തരിച്ചു. ബറോഡയിലുള്ള സ്വവസതിയിൽ, ഏകദേശം ഒരു മാസം മുമ്പ് ഉണ്ടായ ഒരു വീഴ്ചയെ തുടർന്ന് വിശ്രമിക്കുകയായിരുന്നു അദ്ദേഹം. 92 വയസ്സായിരുന്നു. ഒരു ജീവിതകാലമത്രയും വരച്ചും എഴുതിയും പഠിപ്പിച്ചും സഞ്ചരിച്ചും സംഘടിപ്പിച്ചും സർഗ്ഗ സമ്പൂർണ്ണമായ ഒരു ജീവിതം നയിച്ചിരുന്ന കെജിഎസിനെ സംബന്ധിച്ചിടത്തോലം കല ചെയ്യാത്ത കലയുമായി സംവദിക്കാത്ത ഒരു ജീവിതം മരണത്തിനു സമാനമായിരുന്നു. വീഴ്ചയെത്തുടർന്ന് ഇടുപ്പിന് തകരാറുണ്ടായതിനെ തുടർന്ന് കെ.ജി.എസിനു കിടപ്പു വിശ്രമം ഡോക്ടറുമാർ കൽപ്പിച്ചിരുന്നു. അങ്ങനെ മേൽക്കൂരയിലെ ഫാനിനെയും ഗൗളിയെയും, നിശാശലഭങ്ങളെയും, നിഴലുകളെയും നോക്കി അദ്ദേഹം എത്ര നാൾ വേണമെങ്കിലും കഴിക്കുമായിരുന്നു- നടു നിവർത്തി കിടക്കയിൽ ചാരിയിരുന്നു അവയെ ഒക്കെയും ചിത്രങ്ങളാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ. അതിനു കഴിയാതെ വന്നപ്പോൾ കെ.ജി.എസ് മരണത്തെ സ്വയം ക്ഷണിച്ചതാകാം. വരയ്ക്കാനാകാത്ത ജീവിതത്തിൽ നിന്നു കെ.ജി.എസ് പിൻമാറിയേക്കുമെന്ന് അദ്ദേഹത്തിന്റെ ആത്മമിത്രങ്ങൾ ഭയപ്പെട്ടിരുന്നു. ആ ഭയം ശരിയായെങ്കിലും ഒരു കലാകാരന് മൃത്യു സ്വയം വരിക്കാൻ കഴിയുമെന്നും കെ.ജി.എസ് സ്വന്തം മരണത്തിലൂടെ തെളിയിച്ചു.


k-g-subramanyan_11924-ൽ കൽപ്പാത്തിയിൽ ജനിച്ച കെ.ജി.എസ് ഗാന്ധിയൻ ആശയങ്ങളാൽ പ്രചോദിതനായി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും അറസ്റ്റ് മരിക്കുകയും ചെയ്തു. പുതിയ തലമുറയ്ക്ക് ഇത്തരമൊരു ആമുഖം, അതും പ്രശസ്തനായ ഒരു കലാകാരനെ കുറിച്ച് ആദ്യമായിരിക്കും. ജീവിതം മുഴുവൻ ഗാന്ധിയനായി ജീവിച്ച കെ.ജി.എസിനു ഗാന്ധിയുടേത് അല്ലാത്തത് എന്നു പറയാൻ ഒരു ശീലമേ ഉണ്ടായിരുന്നുള്ളു. സിഗരറ്റ് വലി. അതുപക്ഷേ അദ്ദേഹം ഒരു ഘട്ടത്തിൽ ഉപേക്ഷിച്ചു. കെജിഎസിന്റെ ശിക്ഷ്യരായിരുന്നവരിൽ പലരും ഓർക്കുന്നുണ്ടാകും, വിരലുകളിൽ എരിയുന്ന സിഗരറ്റുമായി ക്ലാസെടുക്കുന്ന ആ ആധ്യാപകനെ. അത്വലിച്ച് വിദ്യാർത്ഥികളുടെ മുഖത്തേക്ക് അദ്ദേഹം പുകയൂതിയില്ല.മ റിച്ച്, നീറുന്ന സിഗരറ്റ് അദ്ദേഹത്തിന്റെ മനസിന്റെ തീഷ്ണതയുടെ ഒരു ബാല്യപ്രതീകമായി നിലകൊണ്ടു.

മദ്രാസ് പ്രസിഡൻസി കോളേജിലാണ് കെജിഎസ്വിദ്യഭ്യാസം ആരംഭിച്ചതെങ്കിലും സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തവും അറസ്റ്റുമൊക്കെ അദ്ദേഹത്തെ പിന്നെ അവിടെ അവിടെ തുടരാൻ അനുവദിച്ചില്ല. വരയ്ക്കാൻ അറിയാമായിരുന്നത് കൊണ്ട് കെജിഎസ് ശാന്തിനികേതനിൽ വിദ്യാർത്ഥിയായി ചേർന്നു. നന്ദലാൽ ബോസ്, ബിനോദ് ബിഹാരി മുഖർജി, രാംകിങ്കർ ബെയ്ജ് തുടങ്ങിയ അതികായന്മാരുടെ ശിക്ഷ്യനായാണ് തുടക്കം. ആരംഭത്തിൽത്തന്നെ മാതൃകയാക്കാൻ പറ്റിയ ഒരു അധ്യാപകനെ അന്വേഷിക്കുകയായിരുന്നു കെജിഎസ്. രാംകിങ്കർ ബെയ്ജിനെക്കുറിച്ച് എവുതിയ ദീർഘമായ ലേഖനത്തിൽ കെജിഎസ് ഇങ്ങനെ അക്കാലം ഓർക്കുന്നു. ഒരു കലാകാരനെക്കുറിച്ചുള്ള ആദർശബിംബം പേറി നടന്നിരുന്ന ഞങ്ങൾക്ക് അതിന് കിടപിടിക്കുന്ന ഒരു സമൂർത്ത ജീവപ്രതിഭയെ യഥാർത്ഥ ലോകത്തിൽ കണ്ടെത്താനുള്ള ഞങ്ങളുടെ അന്വേഷണവും സജീവമായിരുന്നു. മനസിലെ കാൽപ്പനിക ബിംബം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരവും അതിന്റെ ഊർജ്ജ സാന്നിധ്യത്തിന് അനുരൂപമായ അനുരണവും നൽകാൻ ശ്ക്തരായ കലാകാരന്മാരൊന്നും തന്നെ ഞങ്ങളുടെ അന്വേഷണ വീഥിയിൽ അഭിമുഖമായി വന്നിരുന്നില്ല. വന്നവരെല്ലാം അമിതമാംവിധം പദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നവരായും യാന്ത്രികമാംവിധം തൊഴിലാഭിമുഖ്യം പുലർത്തുന്നവരായും നാടകീയമാംവിധം അരാജകവാദികളായും അതുമല്ലെങ്കിൽ അസഹനീയമാംവിധം സ്‌ത്രൈണസ്വഭാവമുള്ളവരായും കാണപ്പെട്ടു. എന്നാൽ ശാന്തിനികേതനിൽ എത്തിച്ചേർന്നപ്പോൾ ഞങ്ങളുടെ കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് അനുരൂപരായ ആദർശബിംബങ്ങളെ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. അവരിൽ രാംകിങ്കർ ഞങ്ങളുടെ യൗവ്വനതീവ്രതയ്ക്ക് തികച്ചും അനുയോജ്യനായി കാണപ്പെട്ടു. അദ്ദേഹം നന്ദലാൽ ബോസിനെപ്പോലെയോ ബിനോദ് ബാബുവിനെപ്പോലെയോ ഏകാന്തതയെ ഉപാസി്ക്കാൻ താത്പര്യമുള്ളവനായിരുന്നില്ല. തുറന്ന് ഇടപഴകുന്ന പെരുമാറ്റ രീതിയും ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചെന്ന് കാണാൻ കഴിയുന്ന സമീപനവും അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷതകളായിത്തോന്നിയ യാതൊരു വിധത്തിലുള്ള നാട്യവുമില്ലാത്ത, അടിമുടി കലയെ ആരാധിക്കുന്ന ഒരു കലാകാരനാനാണ് അദ്ദേഹം എന്ന് മനസിലായി. ചുറ്റുപാടും കണ്ടതൊക്കെയും അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. ആഹ്ലാദാവേശങ്ങളെ എപ്പോഴും പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്ന അദ്ദേഹം പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുകയാിയരുന്നു, അദ്ദേഹമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു (രാംകിങ്കറും സൃഷ്ടികളും- കെജിഎസ്- പരിഭാഷ: ജോണി എംഎൽ)

k-g-subramanyan_2രാംകിങ്കറിനെക്കുറിച്ച് കെജിഎസ് എഴുതിയ വാക്കുകൾ സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതുമ്പോഴും അനുയോജ്യമായി വരാമായിരുന്നു. അത്രയധികം സഹഭാവം കെജിഎസിന് രാംകിങ്കറുമായി ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു വ്യത്യാസം ചൂണ്ടിക്കാണിക്കാനുണ്ടാകുമെങ്കിൽ അത് കെജിഎസിന്റെ ധൈഷണിക വ്യാപാരങ്ങളും രചനകളുമാണ്. വരയ്‌ക്കൊപ്പം ആശയസംവേദനത്തിനായി വാക്കുകളെയും അദ്ദേഹം ഉപയോഗിച്ചു. മൂവിംഗ് ഫോക്കസ്, ലിവിംഗ് ട്രഡിഷൻ, ക്രിയേറ്റീവ് സർക്യൂട്ട്, മാജിക്ക് ഓഫ് മേക്കിങ്ങ് തുടങ്ങിയവയാണ് പ്രധാന പഠനഗ്രന്ഥങ്ങൾ. രണ്ട് കവിതാ സമാഹാരങ്ങളും പത്തോളം കുട്ടികൾക്കായി രചിച്ച് ചിത്രണം ചെയ്ത പുസ്തകങ്ങളും വിവിധകാലങ്ങളിൽ സർക്കാർ വകുപ്പുകളും പ്രതിനിധികളുമായും ഒക്കെ നടത്തിയ എഴുത്തുകുത്തുകളും പുസ്തുക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാന്തിനികേതിന്റെ പൊതു അന്തരീക്ഷം തന്നെയാകണം വരകൾക്കൊപ്പം വാക്കുകളെയും ഇത്രയേരെ പ്രാധാന്യമുള്ള ആശയസംവേദന മാധ്യമമായി സ്വീകരിക്കാൻ കെജിഎസിനെ പ്രേരിപ്പിച്ചത്. രബിന്ദ്രനാഥ ടാഗോറിന്റെയും അബനീന്ദ്രനാഥ ടാഗോറിന്റെയും രചനാവിലാസങ്ങൾ നന്ദലാൽ ബോസിലും ബിനോദ് ബിഹാരി മുഖർജിയിലും സംക്രമിച്ചിരുന്നു. ഇതേ പശ്ചാത്തലത്തിൽ വൈദ്യൂതാഗാതം തന്നെയാണ് കെജിഎസിനെ ഒരു എഴു്ത്തുകാരൻ കൂടിയാക്കിയത്.

എന്താണ് ആധുനികത എന്ന ചോദ്യമാണ് കെജിഎസിനെ തന്റെ ലേഖന രചനകളിലേക്ക് നയിച്ചത്. ആധുനികത എന്നാൽ പശ്ചാത്യലോകം അവരുടെ ഭൗതിക- അനുഭവ പരിസരങ്ങളിൽ വച്ച് കണ്ടെത്തുന്ന പ്രയോഗങ്ങളെയും സിദ്ധാന്തങ്ങളെയും അതേപടി അനികരിക്കലല്ല എന്ന് കെജിഎസ് കണ്ടെത്തി. കല എന്നാൽ ഏകകേന്ദ്രീകൃത വ്യവസ്ഥയല്ലെന്നും ബഹുകേന്ദ്രീകൃതവും ബഹുസ്വരവുമാണെന്ന് അദ്ദേഹം ഇന്ത്യയുടെ ചരിത്രത്തിലൂടെ വ്യക്തമാക്കി. സർഗാത്മകത എന്നാൽ ഭൂതകാലവുമായി ബന്ധമുള്ളതാണെന്നും, ഭൂതികാലത്തിൽ നിന്നുള്ള വീണ്ടെടുപ്പുകളും കലഹങ്ങളും ഒരുപോലെ പ്രസക്തമാണെന്നും അദ്ദേഹം വാദിച്ചു. പാരമ്പര്യത്തിന്റെ പുരോഗതി എന്ന ആശയം അതിന്റെ പ്രതിലോമ സ്വഭാവങ്ങളെ മാറ്റിനിർത്തി അവതരിപ്പിച്ചു. ആഗോളിയത എന്നാൽ നവപ്രാദേശിക തന്നെയാണെന്ന് അദ്ദേഹം സമർത്ഥിച്ചു കെ.ജി.എസിനെ സൂക്ഷ്മമായി പഠിച്ചത് കൊണ്ടാകാം പ്രാദേശിക ആധുനികതകൾ എന്ന ആശയം (Regional Modernisms) കലാചരിത്രകാരനായ ആർ.ശിവകുമാറിന് മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞത്. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ രചിച്ച ലേഖനങ്ങളിൽ കലാകാരൻ ഒരു ഷാമാൻ കൂടിയാണെന്ന് ആദിമ യാഥാർത്ഥ്യത്തിലേക്ക് കെ.ജി.എസ് ഉന്മുഖനാകുന്നതു കാണാം.

k-g-subramanyan_3കെ.ജി.എസിന്റെ രചനകൾ ആശയപരമായി രണ്ടു ഗതിവേഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ഒന്ന്, തനിക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ അല്പം ഹാസ്യം കലർന്ന രതിനിബിഡമായ ആവിഷ്‌ക്കാരം. രണ്ട്, വളരെ ബോധപ്പൂർവ്വം സൃഷ്ട്ടിച്ചെടുത്തിട്ടുള്ള സ്വകാര്യമായ ചില മിത്തുകളും പുരാണങ്ങളും കെ.ജി.എസിൻറെ ചിത്രങ്ങൾ 'ശൈലീപരമായി' പുരോഗമിക്കുമ്പോഴും അദ്ദേഹത്തിൻറെ നർമ്മ ബോധവും, രതി ബോധവും നഷ്ടപ്പെടുന്നില്ല. നിറങ്ങളുടെ പരീക്ഷണങ്ങളും ത്രിമാനതയുടെ പൂർണ്ണമായ ഇല്ലാതാക്കലും പരന്ന പ്രതലങ്ങളോടുള്ള ആഭിമുഖ്യവും അദ്ദേഹത്തെ പോപ് ആർട്ടിന്റെ കളത്തിൽ പോലും കൊണ്ട് നിർത്താറുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യമായ ഇതിഹാസങ്ങളിലും, പുരാണങ്ങളിലും കഥാപാത്രങ്ങൾ ദേവന്മാരും, അസുരന്മാരും ഒക്കെയായി കടന്നു വന്ന് ആധുനിക കാലത്തിന്റെ പുരാതന പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒരു മതത്തിന്റെയും വക്താവ് ആകാതെ തന്നെ പല മതങ്ങളുടെയും പുരാവൃത്തങ്ങളിലെ ആദിരൂപങ്ങളെ അദ്ദേഹം സ്വന്തം ചിത്രങ്ങളിൽ സ്വാംശീകരിക്കുന്നു. ഒരിക്കൽ പോലും നിശ്ചലം ആകാത്ത ആ സർഗ്ഗശേഷി കെ.ജി.എസ് ഉപയോഗപ്പെടുത്തുന്നത് ഡ്രോയിങ്ങുകളിലാണ്. കുരങ്ങച്ചാരും ആളുകളും പക്ഷികളും ചെടികളുമൊക്കെ ആ പ്രപഞ്ചത്തിൽ ഉടലെടുത്തു കൊണ്ടിരുന്നു.

ഇന്ത്യയുടെ കലാപാരമ്പര്യത്തിൽ ചുവർചിത്രങ്ങൾക്കും ചുവർ കലയ്ക്കും സവിശേഷമായ പ്രാധാന്യം ഉണ്ടെന്നു തന്റെ ഗുരുക്കന്മാരിൽ നിന്നും, അവരുടെ കൃതികളിൽ നിന്നും മനസിലാക്കിയത് കൊണ്ടാകണം കെ.ജി.എസ് തൻറെ സർഗ്ഗ ജീവിതത്തിലെ നല്ലൊരു ഭാഗം ചുവർചിത്രങ്ങളും ചുവർകലയും ചെയ്യുന്നതിനായി വിനിയോഗിച്ചത്. 1955ൽ ബറോഡയിലെ ജ്യോതി ലിമിറ്റെഡിനു വേണ്ടിയാണ് കെ.ജി.എസ് ആദ്യത്തെ മ്യുറൽ അഥവാ ചുവർചിത്രം ചെയ്യുന്നത്. തുടർന്ന് 1958ൽ ബറോഡയിലെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്‌സിൽ രണ്ടാമത്തെ ചിത്രം ചെയ്തു. ലക്‌നോവിലെ രബീന്ദ്രാലയിൽ കിംഗ് ഓഫ് ഡാർക്ക് ചേംബർ ആണ് മൂന്നാമത്തേത്. ബറോഡ ഫാക്കൽറ്റിയിൽ ചെയ്ത റിലീഫ് മ്യുറൽ(1965), ഡൽഹിയിലെ ഗാന്ധി ദർശനിൽ ഇന്ത്യ ഓഫ് മൈ ഡ്രീംസ് പവിലിയന് വേണ്ടി ചെയ്ത മ്യുറൽ 1969) ജ്യോതി ലിമിറ്റെഡിലെ റിലീഫ് (1974) കലാഭാവന ശാന്തി നികേതൻ മ്യുറൽ 1988) ബ്ലാക്ക് ആൻഡ് വൈറ്റ് മ്യുറൽ കലാഭാവന ശാന്തിനികേതൻ 1990-93, മാസ്റ്റർ മോർഷായി സ്റ്റുഡിയോ കലാഭാവനാ ശാന്തിനികേതൻ (2011-12) ഫ്രം കോൺഫ്‌ലിക്റ്റ് ടു കണൈ്വവാളിറ്റി (2010), വാർ ഓഫ് റെലിക്‌സ് (2012) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന മ്യുറലുകൾ.

എന്തിലും ഏതിലും ആഹ്ലാദം കണ്ടെത്തുന്ന കലാകാരൻ ആയിരുന്നു കെ.ജി.എസ്. 2011ൽ ഒരു ശസ്ത്രക്രിയയെ തുടർന്ന്, വിശ്രമിക്കുന്ന വേളയിൽ ആണ് വാർ ഓഫ് റെലിക്‌സ് എന്ന മഹത്തായ രചന അദ്ദേഹം നടത്തിയത്. കേന്ദ്രസർക്കാരിന്റെ ഹാൻഡ്സ് ക്രാഫ്റ്റ്‌സ് ബോർഡിൽ അദ്ദേഹം കുറെ വർഷങ്ങൾ ജോലി നോക്കുകയുണ്ടായി. ഇന്ത്യയിലെ കരകൌശല രംഗത്തെ പുനർജീവിപ്പിക്കുന്നതിൽ കെ.ജി.എസിന്റെ സംഭാവനകൾ ചെറുതല്ല. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ ചില പദ്ധതികളിൽ അഭിപ്രായം ആരാഞ്ഞുകൊണ്ട്, കെ.ജി.എസിനു എഴുതിയിരുന്നു. അതിനെല്ലാം വ്യക്തവും വിമർശനാത്മകവുമായ മറുപടികൾ കെ.ജി.എസ് എഴുതിയിരുന്നു. അത്തരത്തിൽ ഉള്ള 17 കത്തുകൾ കൽക്കട്ടയിലെ സാഗർ പബ്ലിഷര്‌സ് 'ലെറ്റർസ്' എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്. സർക്കാരിനെയോ, സർക്കാർ പ്രതിനിധികൾ ആയ സെക്രട്ടറിമാരേയോ, മന്ത്രിമാരെയോ പുകഴ്ത്താൻ കെ.ജി എസ് ശ്രമിക്കുന്നില്ല എന്ന് മാത്രം അല്ല, അവ ചെയ്യാൻ ഇടയുള്ള അബദ്ധങ്ങളെ കാര്യമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.

ആഗോളീയതയുടെ കാലത്ത് മനുഷ്യന് ശരീരവലിപ്പവും ആയുസ്സും കൂടി വരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ആനുപാതികമായി മാന്യതയ്ക്ക് കുറവ് വരുന്നുണ്ട്. മാന്യത എന്നത് അടിമുടി പാലിച്ചിരുന്ന കലാകാരന്മാരുടെ തലമുറയിലെ അവസാന കണ്ണികളിൽ ഒന്നാണ് കെ.ജി.എസിന്റെ മരണത്തോടെ അറ്റിരിക്കുന്നത്. ശാന്തിനികേതനത്തിൽ വിശ്വഭാരതി സർവ്വകലാശാല കെ.ജി.എസിന് ആജീവനാന്തം നൽകിയിരുന്ന ഭവനം കെ.ജി.എസ് ഏതാനും വർഷങ്ങൾക്കു മുൻപ് സർവ്വകലാശാലയ്ക്കു തിരികെ നൽകി. ആ മന്ദിരത്തിൽ 'ബിനോദ് ബിഹാരി മുഖർജീ ഗവേഷണപഠനകേന്ദ്രം' സ്ഥാപിക്കണം എന്ന നിർദ്ദേശത്തോടെയാണ് അദ്ദേഹം അത് വിട്ടുകൊടുത്തത്. തന്റെ ഗുരുവിൻറെ പേരിലുള്ള ആ പഠനകേന്ദ്രം ആരംഭിക്കുന്നത് കാണാൻ നിൽക്കാതെ കെ.ജി.എസ് യാത്രയായി.