സുധീരനെതിരെ പടയൊരുക്കം; സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എ ഗ്രൂപ്പ്

ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും കെപിസിസി പ്രസിഡന്‍റിന്‍റെ ഏഴു ദിവസസത്തെ ദില്ലിയി ചര്‍ച്ച തന്‍റെ പരാജയത്തിനു കാരണമായെന്നും കെ ബാബു യോഗത്തില്‍ ആരോപിച്ചു

സുധീരനെതിരെ പടയൊരുക്കം; സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എ ഗ്രൂപ്പ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ തുറന്നടിച്ച്  മുന്‍ മന്ത്രി കെ ബാബു രംഗത്ത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത പരാജയം വിലയിരുത്താന്‍ നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെപിസിസി എക്സിക്യൂട്ടിവിലാണ് വിഎം സുധീരനെതിരെ കെ ബാബു തുറന്നടിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്‍റെ  കാലത്ത് ഇഷ്ടമില്ലാത്ത വകുപ്പ് തന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.  മാത്രമല്ല അപ്രായോഗിക മദ്യനയം നടപ്പാക്കാനായി തന്നെ മുള്‍മുനയില്‍ നിര്‍ത്തി നിര്‍ബന്ധിതനാക്കിയതായും കെ ബാബു ആരോപിച്ചു.  ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്നും കെപിസിസി പ്രസിഡന്‍റിന്‍റെ ഏഴു ദിവസത്തെ ദില്ലി ചര്‍ച്ച തന്‍റെ പരാജയത്തിനു കാരണമായെന്നും കെ ബാബു യോഗത്തില്‍ ആരോപിച്ചു.


തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിഞ്ഞതുപോലെ പാര്‍ട്ടി നേതൃത്വവും ഉത്തരവാദിത്വമേറ്റെടുക്കണമെന്നു കെ. ബാബു പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടാത്തവനെന്ന തോന്നലുണ്ടാക്കി തന്നെ നിര്‍ത്തുകയും തോല്‍വി വാങ്ങിത്തരുകയുമായിരുന്നെന്ന് ബാബു പറഞ്ഞു

അതെസമയം  കോണ്‍ഗ്രസില്‍ ഉടന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. സംഘടനാ നേതൃത്വത്തിന്റെ പരാജയമാണു തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കിടയാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സുധീരനെതിരെ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് എക്സിക്യൂട്ടിവില്‍നിന്നു പുറത്തുവരുന്നത്. പരാജയകാരണം വിലയിരുത്താന്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഇന്നും തുടരുകയാണ്.  നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് വിഎം സുധീരന്‍ ഇന്ന് മറുപടി നല്‍കും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗരേഖയും തയ്യാറാക്കും. 30 ഇന നിര്‍ദേശങ്ങളടങ്ങിയ നയരേഖയും യോഗം ചര്‍ച്ച ചെയ്യും.

Read More >>