പുസ്തകങ്ങൾ വാങ്ങി വായിക്കണം; ജോയി മാത്യു

പുസ്തകങ്ങൾ വില കൊടുത്ത് വാങ്ങണമെന്ന് ജോയ് മാത്യു. ബഹറനിൽ പ്രവാസി എഴുത്തുകാരുടെ കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകങ്ങൾ വാങ്ങി വായിക്കണം; ജോയി മാത്യു

'പുസ്തക പ്രകാശനം നിവഹിക്കുന്ന ആൾ അതേ വേദിയിൽ വച്ച് പുസ്തകം വില കൊടുത്ത് വാങ്ങുന്നത് ഒരു പക്ഷേ ഇത് ആദ്യമായിരിക്കും'. ബഹറിനിലെ ചെറു കഥാ കൃത്തുക്കൾ ചേർന്ന് എഴുതിയ 'മണൽ മഞ്ഞയിൽ നിന്നും ഇലപ്പച്ചയിലേയ്ക്ക്' എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനത്തിന് വേണ്ടി ബഹറിനിൽ എത്തി സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായ ജോയി മാത്യൂ.

തുടർന്ന് പുസ്തകത്തിന്റെ വിലയായ ഒരു ബഹറിൻ ദിനാർ നൽകി ഒരു ആദ്യപ്രതി അദ്ദേഹം വേദിയിൽ വച്ച് തന്നെ സ്വന്തമാക്കി.


'ഇത് ഒരു സന്ദേശമാണ് നൽകുന്നത്' തുടർന്ന ജോയി മാത്യൂ പറഞ്ഞു. 'എഴുത്തിനേയും എഴുത്തുകാരേയും സ്‌നേഹിച്ച് ഇവിടെ വന്ന നിങ്ങൾ എല്ലാവരും ഈ പുസ്തകം വില കൊടുത്ത് തന്നെ വാങ്ങണം. അങ്ങിനെയാണ് നിങ്ങളുടെ ആദരവ് പ്രകടമാക്കേണ്ടത്. ഈ ഒരു ദിനാർ ഞാൻ ഇവിടെ വന്ന് കടം വാങ്ങിയതല്ല. ബഹറിനിൽ ഞാൻ നായകനായി ചിത്രീകരിച്ച മോഹവലയം എന്ന് സിനിമയുടേ ചിത്രീകരണം കഴിഞ്ഞു പോകുമ്പോൾ കൈയ്യിൽ സ്വന്തമായി ഉണ്ടായിരുന്നതാണ്. പുസ്തകം വാങ്ങുവാൻ തന്നെ കൊണ്ടുവന്നതാണ്, അല്ലാതെ ആകസ്മികമായി സംഭവിച്ചതല്ല.'

'സിനിമ സംവിധായകന്റെ കലയാണ് എന്നതൊക്കെ ശരി തന്നെ, പക്ഷേ, പൊതു ജനം അറിയുന്നത് അഭിനയിക്കുന്നവരിലൂടെയാണ്. ന്നെ ഇപ്പോൾ ഇവിടെ ക്ഷണിച്ചത് ഞാൻ ഒരു നടനായതുകൊണ്ടാണ്. എന്റെ കൂടെ നിന്ന് സെൽഫി എടുക്കുന്നത്, എന്റെ ഇന്റർവ്യൂ എടുക്കുന്നത്, എനിക്ക് വേദികൾ ലഭിക്കുന്നത് എല്ലാം ഞാൻ ഒരു നടൻ ആയതുകൊണ്ടാണ്. അതുകൊണ്ട് ഇപ്പോൾ എനിക്ക് അനഭിനയമാണ് ഇഷ്ടം.' കാരണം, ടോൾ ബൂത്തിൽ, ട്രാഫിക് ബ്ലോക്കിൽ എന്തിന് പോലീസ് സ്റ്റേഷനിൽ പോലും അഭിനേതാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു- നാലാൾ അറിയുന്നു. എനിക്ക് ജീവിതത്തിൽ ആസ്വദിക്കാനാവുന്നത് മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ഇപ്പോൾ അഭിനയമാണ് പ്രധാനം.

സിനിമയേയും സിനിമാക്കാരേയും വലിയ കാര്യമായി കാണേണ്ടതില്ല. അല്പം ഭാവനയും തന്റേടവും ഉണ്ടെങ്കിൽ ആർക്കും സിനിമ ചെയ്യാം. നിത്യ ജീവിതത്തിൽ ചെയ്യുന്നത് ക്യാമറയുടെ മുൻപിൽ ചെയ്താൽ അഭിനയമായി. ചില ജോലികൾ ചെയ്യാൻ സാങ്കേതിക ജ്ഞാനമുണ്ടാകണം, അത്രയുമേയുള്ളൂ.

ബഹറിനിൽ ചിത്രീകരിച്ച, ടി വി ചന്ദ്രൻ സംവിധാനം ചെയ്ത മോഹവലയങ്ങൾ എന്ന ചിത്രത്തിലെ നായകന്റെ വേഷം അഭിനയ ജീവിതത്തിലെ ഒരു നാഴികല്ലാകേണ്ട ചിത്രമായിരുന്നു. നിർഭാഗ്യവശാൽ അത് പ്രദർശനത്തിന് എത്തിക്കാൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. വിതരണക്കാരുടെ മുൻപിൽ സിനിമ പ്രവർത്തകരും മുട്ടുമടക്കേണ്ടിവരുന്നു എന്നത് പുതിയ കാലത്തിന്റെ ശാപമാണ്- അദ്ദേഹം കൂട്ടി ചേർത്തു. ഇടനിലക്കാർ നിർമ്മാതാക്കുളുടേയും പ്രേക്ഷകന്റേയും ഇടയിൽ നിന്ന് കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു ലോകക്രമമാണ് ഇന്ന് ഉള്ളത്. നല്ല സിനിമകൾ നിർമ്മിക്കപ്പെടുകയും അത് ജനങ്ങളിൽ എത്തുകയും ചെയ്യണം. പക്ഷേ അതിനു കടമ്പകൾ ഏറെയുണ്ട്.

ആരും കാണാത്ത സിനിമയിൽ അഭിനയിക്കാൻ താല്പര്യമില്ല. അവാർഡുകൾ കഴിവിന്റെ അംഗീകാരമല്ല. രണ്ടു വർഷം മുൻപ് മികച്ച ക്യാമറമാനുള്ള ആവാർഡ് ആർക്കായിരുന്നു എന്ന് ആർക്കെങ്കിലും ഓർമ്മയുണ്ടോ? ജനങ്ങൾ സ്വീകരിച്ചാൽ അതാണ് മികച്ച അംഗീകാരം.

'രാഷ്ട്രീയമായി ഞാൻ ഇടതുപക്ഷ ചിന്താഗതിക്കാരനാണ്' തിരഞ്ഞെടുപ്പിനേപ്പറ്റി പരാമർശിക്കാനും അദ്ദേഹം മറന്നില്ല. കേരളത്തിൽ ഒരു ഭരണമാറ്റം അനിവാര്യമായിരുന്നു. അത് സാധച്ചിരിക്കുന്നു. ഇനി പ്രതിപക്ഷമായിരിക്കാനാണ് എനിക്കിഷ്ടം. കാരണം അന്ധമായ പാർട്ടി പ്രണയം എനിക്ക് ഇല്ല. എങ്കിലും ഈ സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story by