പ്രതിഫലമില്ലാത്ത മാധ്യമ ഉപദേഷ്ടാവായി ബ്രിട്ടാസിന് നിയമനം

കൈരളി എംഡി ജോൺ ബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവായും അഡ്വ. എം കെ ദാമോദരനെ നിയമോപദേഷ്ടാവായും ശമ്പളമില്ലാത്ത തസ്തികയിൽ നിയമിക്കാനുള്ള തീരുമാനം വിവാദമാകുന്നു

പ്രതിഫലമില്ലാത്ത മാധ്യമ ഉപദേഷ്ടാവായി ബ്രിട്ടാസിന് നിയമനം

തിരുവനന്തപുരം:  പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസിന് പ്രതിഫലം കൂടാതെയുള്ള മാദ്ധ്യമ ഉപദേഷ്ടാവായി നിയമനം. മാദ്ധ്യമകാര്യങ്ങൾ നോക്കാനായി സ്പെഷ്യൽ സെക്രട്ടറി എന്ന ഔദ്യോഗികപദവിയിൽ കവിയും നിരൂപകനും എഴുത്തുകാരനും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനുമായ പ്രഭാ വര്‍മ്മ ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹത്തിന് മുകളില്‍ ഒരു നിയന്ത്രണ ശക്തിയായി ബ്രിട്ടാസിനെ കുടിയിരുത്തുന്നത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് പ്രസ് സെക്രട്ടറി ആയിരുന്നു പ്രഭാവർമ്മ. എന്നാൽ ഇത്തവണ ആ പദവി ഒഴിവാക്കിയിരുന്നു. ബ്രിട്ടാസിനെ നിയമിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ്, ഈ പദവി വേണ്ടെന്നു വച്ചത് എന്ന വാദത്തിനാണ് ഇതോടെ ബലം വയ്ക്കുന്നത്.


പ്രഭാവർമ്മയ്ക്ക് കീഴിലായിരുന്നു ഡൽഹിയിൽ ജോൺ ബ്രിട്ടാസ് പത്രപ്രവർത്തനം തുടങ്ങിയത്.  സാഹിത്യ അക്കാദമി അവാര്‍ഡ്‌ അടക്കം നേടിയ പ്രഭാ വര്‍മ്മയെപോലെ  മുതിര്‍ന്ന ഒരു മാധ്യമ പ്രവര്‍ത്തകന് താരതമ്യേന ഇളംമുറക്കാരനായ ജോണ്‍ ബ്രിട്ടാസിന്റെ 'ഉപദേശം' എത്രത്തോളം ഉപകാരപ്രദമാകുമെന്നതും കാത്തിരുന്നുകാണേണ്ട വസ്തുതയാണ്.

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ പേരും പറഞ്ഞു നടക്കാന്‍ സാധ്യതയുള്ള ' അവതാരങ്ങളെ' പറ്റി പിണറായി പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ആയശേഷമുള്ള തന്റെ ആദ്യ ഡൽഹി സന്ദർശന വേളയിൽ കേന്ദ്ര മന്ത്രിസഭാ അംഗങ്ങളെ സന്ദർശിക്കവെ ഔദ്യോഗിക സംഘത്തിനൊപ്പം ബ്രിട്ടാസിനെയും കൂട്ടിയത് വിവാദമായിരുന്നു. അവതാര പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു, അത്.  മുഖ്യമന്ത്രിക്കൊപ്പം കാറിൽ കയറാനെത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ തള്ളി ബ്രിട്ടാസ് ഓദ്യോഗികവാഹനത്തിൽ കയറിയതും വിമർശനത്തിന് ഇടയാക്കി. പുതിയ നിയമനം കൂടി ആയതോടെ ബ്രിട്ടാസിനെ 'രാജമുദ്രയുള്ള അവതാര'മായി അവരോധിക്കുകയാണെന്ന അഭിപ്രായം രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാവുകയാണ്.

ബ്രിട്ടാസിനെ പോലെ തന്നെ പ്രതിഫലം കൂടാതെയുള്ള സര്‍ക്കാര്‍ സേവനത്തിന് രണ്ടുപേരെ കൂടി നിയമിച്ചിട്ടുണ്ട്. അഡ്വ എംകെ ദാമോദരനെ ലീഗല്‍ അഡ്വസൈറായും വി എസ് എസ് സി ഡയറക്ടര്‍ ആയിരുന്ന ചന്ദ്രദത്തനെ ശാസ്ത്ര ഉപദേഷ്ടാവായും ആണ് സർക്കാർ നിയമിച്ചത്.

മുമ്പ് സിപിഎം നേതാവ് എം വി ജയരാജനെതിരായ കോടതി അലക്ഷ്യക്കേസിൽ ശുംഭൻ എന്ന പദത്തിന് പ്രകാശം പരത്തുന്നവൻ എന്നാണ് അർത്ഥം എന്നു വിശദീകരിക്കാൻ സംസ്കൃതവിദ്വാനായ സാക്ഷിയെ കോടതിയിൽ ഹാജരാക്കിയത് അന്ന് ജയരാജന്റെ അഭിഭാഷകനായിരുന്ന എം കെ ദാമോദരനായിരുന്നു. ലാവലിൻ കേസിൽ ഇദ്ദേഹം പിണറായി വിജയനു വേണ്ടി ഹാജരായിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പല കോടതികളിലും കേസ് തോൽക്കുകയോ കൂടുതൽ നീട്ടിവയ്ക്കപ്പെടുകയോ ചെയ്തെങ്കിലും പിണറായി വിജയന് ഇദ്ദേഹത്തിലുള്ള വിശ്വാസത്തിൽ ഇളക്കം തട്ടിയില്ല. ഒടുവിൽ വിചാരണ കൂടാതെ കേസ് തള്ളിയതോടെ അദ്ദേഹം അർപ്പിച്ച വിശ്വാസം പൂർണ്ണമായി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജൻ അടക്കമുള്ളവർക്കെതിരെ ചുമത്തിയ യുഎപിഎ കേസിന്റെ വിചാരണാവേളയിൽ നാടൻ ബോംബ് സ്ഫോടകവസ്തുവല്ല എന്ന വാദം ഹൈക്കോടതിയിൽ ഉയർത്തിയതും ഇദ്ദേഹമാണ്.

Read More >>