ജോ കോക്‌സ് : ബ്രിട്ടൻ കണ്ട ആത്മാര്‍ത്ഥതയുടെ മുഖം

ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന ഹിത പരിശോധന കോക്സിന്റെ വിയോഗത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ് ഭരണകൂടം. അതോടൊപ്പം ജിബ്രാള്‍ട്ടറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നടത്താനിരുന്ന റാലിയും മാറ്റിയിരിക്കുന്നു. കേവലം പതിമൂന്നു മാസക്കാലം മാത്രം ജനപ്രതിനിധിയായിരുന്ന കോക്‌സ് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ആ നാടിനെന്നു വ്യക്തമാക്കുകയാണ് ഇവയെല്ലാം.

ജോ കോക്‌സ് : ബ്രിട്ടൻ കണ്ട ആത്മാര്‍ത്ഥതയുടെ മുഖം

സുഹൈൽ അഹ്മദ്

"എന്റെ വേദന അസഹനീയമാണ്":  കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട ബ്രിട്ടീഷ് എം പി ജോ കോക്സ് മരണത്തെ മുഖാമുഖം കണ്ട നിമിഷം തന്നെ ചികിത്സിച്ച് ഡോക്ടറോട് പറഞ്ഞ വാക്കുകളാണിത്. ഒരു പാടു ജനങ്ങളുടെ നൊമ്പരങ്ങള്‍ അറിയുകയും അറുതി വരുത്താന്‍ കിണഞ്ഞു ശ്രമിക്കുകയും ചെയ്ത് ജോ കോക്സിനെ വേദനിപ്പിച്ചതു എന്തായിരുന്നു ?

ജോ കോക്സിന്റെ ആ വേദനയെ വ്യാഖ്യാനക്കേണ്ടിയിരിക്കുന്നു.  അശരണരുടെയും അഭയാര്‍ഥികളുടെയും വേദനയകറ്റാന്‍ കര്‍മ്മ നിരതരാവുകയും അതിനു വേണ്ടി പാര്‍ലമെന്റില്‍ ശബ്ദിക്കുകയും പ്രധാന മന്ത്രി ഡേവിഡ് കാമറൂണിനെ കണക്കറ്റു വിമര്‍ശിക്കുകയും ചെയ്ത ജോ കോക്സിനു സഹിക്കാന്‍ കഴിയാത്ത  ആ വേദന തനിക്കു പറ്റിയ അക്രമത്തില്‍ നിന്നുള്ളത് മാത്രമാവില്ല. ചെയ്യാനൊരുപാടു കര്‍മ്മങ്ങള്‍ ബാക്കി വച്ചു ബ്രിട്ടന്‍ കണ്ട ആത്മാര്‍ത്ഥതയുടെ രാഷ്ട്രീയ മുഖം വിട പറയുമ്പോള്‍; ജോ കോക്സ് നിങ്ങള്‍ക്കു മാത്രമല്ല , സാര്‍വ ലോക സാഹോദര്യ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച ആര്‍ക്കും വേദന അസഹനീയമാവുന്നു.


കേവലമൊരു രാഷ്ട്രീയ ജീവിയല്ല കോക്സ്. പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു പോലും  2015 മെയ് മാസത്തില്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ വടക്കന്‍ ഇംഗ്ലണ്ടിലെ സ്പന്ദനമറിഞ്ഞ എം പിയെ കുറിച്ചു നാട്ടുകാര്‍ പറഞ്ഞതിങ്ങനെയാണ്. ' കാലങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്കൊരു നല്ല ജനപ്രതിനിധിയെ കിട്ടി. വടക്കന്‍ ഇംഗ്ലണ്ടിന്റെ മനസറിയുന്ന, ഞങ്ങളുടെ വ്യവസായത്തിലും നാടിന്റെ വികസനത്തിലും താല്‍പര്യം കാണിച്ച എം.പി' . ഒരു വ്യക്തിയുടെ മരണ ശേഷം ഉണ്ടായേക്കാവുന്ന കേവലം വാക് പ്രയോഗങ്ങളല്ല ഇതൊന്നും. മറിച്ചു മനസറിഞ്ഞുള്ള  പ്രസ്താവനകള്‍ തന്നെ.

ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന ഹിത പരിശോധന കോക്സിന്റെ വിയോഗത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് ഭരണകൂടം. അതോടൊപ്പം ജിബ്രാള്‍ട്ടറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി  ഡേവിഡ് കാമറൂണ്‍ നടത്താനിരുന്ന റാലിയും മാറ്റിയിരിക്കുന്നു. കേവലം പതിമൂന്നു മാസക്കാലം മാത്രം ജനപ്രതിനിധിയായിരുന്ന കോക്‌സ് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ആ നാടിനെന്നു വ്യക്തമാക്കുകയാണ് ഇവയെല്ലാം.

1974 ജൂണ്‍ 22 നു ജനിച്ച  കോക്സ് സ്വന്തം കുടുംബത്തില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. ടൂത്ത് പേസ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു പിതാവ്. അമ്മ  സ്‌കൂള്‍ സെക്രട്ടറിയും. സ്‌കൂള്‍ ഒഴിവുള്ള ദിവസങ്ങളില്‍ അച്ഛനോടൊപ്പം ടൂത്ത് പേസ്റ്റ് നിറയ്ക്കാന്‍ സഹായിയായി കോക്സ് പോകാറുണ്ടായിരുന്നു.

പ്രാഥമിക വിദ്യാഭാസത്തിനു ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ നേരെ പോവുന്നത് സന്നദ്ധ സംഘടനയായ ഓക്സ് ഫാമിലേക്കാണ്. പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയും നവജാത ശിശുക്കളുടെ സംരക്ഷണത്തിനും വേണ്ടിയും സ്വന്തം യുവത്വം ഒഴിഞ്ഞു വച്ച ധീരവനിത. തന്റെ നേതൃമികവും സംഘടനാപാടവവും  കാര്യപ്രാപ്തിയും ഉപയോഗിച്ച്  വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ പിന്‍ ബലത്തില്‍ ഓക്സ്ഫാമിന്റെ നയതന്ത്ര ഉപദേഷ്ടാവായി ഇതിനിടയില്‍ ജോ കോക്സ് വളര്‍ന്നു. അതിനിടയില്‍  ബാരന്‍സ് കിന്നോക്ക് , ജോണ്‍ വാലി എന്നീ ബ്രിട്ടീഷ് എംപിമാരുടെ ഉപദേശകയായും സേവനം അനുഷ്ഠിച്ചു. രാഷ്ട്രീയ വേദികളിലും കോക്സ് ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യമായി മാറുകയായിരുന്നു.

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ രാഷ്ട്രം സ്വീകരിച്ച പിന്തിരിപ്പന്‍ നിലപാടുകളെ കണക്കറ്റു വിമര്‍ശിക്കുകയും പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ പോലെ നിരാശ സമ്മാനിക്കുന്ന ഭരണാധികാരിയാണെന്നു പരസ്യമായി പറയുകയും ചെയ്തതോടെ രാഷട്രീയ വേദികളില്‍ കോക്സ് നിറ സാന്നിധ്യമായി മാറി. ഇതു കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ ബാറ്റ്ലി ആന്റ് സ്പെന്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും  വിജയിക്കാനും വരെ കാരണമായി.

അവിടം കൊണ്ടൊന്നും തീര്‍ന്നില്ല കോക്സിന്റെ പോരാട്ട വീര്യം. സിറിയന്‍ പ്രശ്നത്തില്‍ ബ്രിട്ടീഷ് നിലപാടില്‍ അയവു വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തുകയും അതോടൊപ്പം വ്യത്യസ്ത പാര്‍ട്ടികളിലെ എംപിമാരെ സംഘടിപ്പിച്ച് ഓള്‍ പാര്‍ട്ടി പാര്‍ലിമെന്ററി ഫ്രണ്ട്സ് ഓഫ് സിറിയ എന്ന കൂട്ടായ്മ ഉണ്ടാക്കുകയും ചെയ്തു. അതോടൊപ്പം സിറിയയിലെ ബ്രിട്ടീഷ് പട്ടാളത്തിന്റെ നേതൃത്വത്തില്‍ സിറിയക്കു അകത്തു തന്നെ സിവില്‍ സേഫ് ഹെവന്‍സ് (പൗര സുരക്ഷിത കേന്ദ്രം ) സ്ഥാപിക്കാന്‍ ആവശ്യമായ നിയമം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. കോക്സിന്റെ ഈ സംരംഭത്തെ അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള നിതാന്ത പോരാട്ടമെന്നു ആദ്യം ബ്രിട്ടനും പിന്നീടു  ലോകവും വിശേഷിപ്പിച്ചു.

ഓക്സ് ഫാം പ്രവര്‍ത്തന കാലത്തു സുഡാനിലെ ദര്‍ഫാറിലെ ജീവിത കാലയളവ് മറക്കാന്‍ കഴിയില്ലെന്നു കോക്സ് ഒരിക്കല്‍ പറഞ്ഞു. സ്ത്രീകള്‍ നിരന്തരമായി ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികളെ വന്‍ തോതില്‍ പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്യുകയും ചെയ്ത കാലം. എല്ലാ കുട്ടികളുടെയും കയ്യില്‍ റഷ്യന്‍ നിര്‍മ്മിത കലാഷ്നികഫ് തോക്കുകള്‍. തമാശയ്ക്കു വേണ്ടി കുട്ടികള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കു നേരെ പോലും വെടിയുതിര്‍ക്കുന്ന പ്രകൃതം. അവിടെ ദിവസങ്ങളോളം താമസിച്ചു ബോധവല്‍ക്കരണം നടത്തിയ കോക്സ് ഇങ്ങനെ കൂടി പറഞ്ഞു: "ഒരു പ്രശ്നത്തെ കാര്യബോധത്തോടെ നേരിട്ടില്ലെങ്കില്‍ നാള്‍ക്കു നാള്‍ അതു വഷളാവുകയേ ഉള്ളൂ." ഇത്തരത്തില്‍ ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ അലസമായും ഭീകരമായും നടന്നു നീങ്ങിയ പല സമൂഹങ്ങള്‍ക്കിടയിലും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുമായി കോക്സ്  എന്നും സജീവമായിരുന്നു.

'ഇന്നു മുതല്‍ താന്‍ വ്യത്യസ്തമായ ജീവിതം നയിക്കേണ്ടിയിരിക്കുന്നു, എറെ പ്രയാസം നിറഞ്ഞ, അതിലേറെ വേദനയുള്ള, പേരിനു പോലും സന്തോഷ സാധ്യതയില്ലാത്ത, സ്നേഹം ഏറ്റുവാങ്ങാന്‍ കഴിയാത്ത ജീവിതം'  ജോ കോക്സിന്റെ ഭര്‍ത്താവ് ബെര്‍ണാഡ് കോക്സിന്റെ വാക്കുകളാണിത്. കുടുംബ ബന്ധങ്ങള്‍ അത്രയേറെ ഭദ്രമല്ലാത്ത ബ്രിട്ടനില്‍ സന്തുഷ്ടകുടുംബം നയിച്ചവരായിരുന്നു ഇരുവരുമെന്നു കൂടെ തെളിയിക്കുകയാണീ വാക്കുകള്‍.

ബ്രിട്ടീഷ് ചരിത്രത്തില്‍ ജന പ്രതിനിധികള്‍ കൊല്ലപ്പെടുക എന്നത് അസ്വാഭാവികതയാണ്. 1990 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായിരുന്ന ലാന്‍ ഗൗ കൊല്ലപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സംഭവം രാജ്യത്തു നടക്കുന്നതും രാജ്യം നടുങ്ങുന്നതും.

തോമസ് മയര്‍ എന്ന 52 കാരനായ  കൊലയാളിയെ പോലീസ് പിടികൂടിയിരിക്കുന്നു.'ബ്രിട്ടന്‍ ആദ്യം' എന്നു പറഞ്ഞാണ് കൊലയാളി വെടിയുതിർത്തതെന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ സാർവ ലൗകിക സാഹോദര്യം എന്ന സ്വപ്നം ഉയര്‍ത്തിപ്പിടിച്ച കോക്സിനെതിരെ ഉതിര്‍ത്ത വെടിയുണ്ടയെക്കാള്‍ മൂര്‍ച്ചയുള്ളതായിരുന്നു ആ വാക്ക്. ഒരു പക്ഷേ അതാവണം എനിക്കു വേദന അസഹനീയമാണെന്ന് അവസാനവാക്കായി കോക്സ് ഉച്ഛരിച്ചതും. അതോടൊപ്പം വലതുപക്ഷ തീവ്രവാദ സംഘടനയുടെ പേരാണ്  'ബ്രിട്ടന്‍ ആദ്യം' എന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നു ശക്തമായി വാദിച്ചവരില്‍ ഒരാളായിരുന്നു കോക്സ്. ഇതാവാം അക്രമത്തിനു പിന്നിലെ കാരണം എന്നു ന്യായമായും സംശയിക്കാവുന്നതാണ്.

Read More >>