പി പി തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ജോലിക്ക് പോയിട്ടുണ്ടെന്നു ജിഷയുടെ പിതാവ് പാപ്പു

കല്യാണത്തിനു മുന്‍പും രാജേശ്വരി അവിടെ ജോലിക്ക് പോയിട്ടുണ്ട്. ഈ വിവരം അന്വേഷണസംഘത്തെ അറിയിക്കുമെന്നു പാപ്പു പറഞ്ഞു.

പി പി തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ജോലിക്ക് പോയിട്ടുണ്ടെന്നു ജിഷയുടെ പിതാവ് പാപ്പു

ജിഷാ വധക്കേസില്‍ പ്രത്യേക അന്വേഷണസംഘം ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണങ്ങള്‍ക്ക് പാത്രമായ കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ജോലിക്ക് പോയിട്ടുണ്ടെന്നു പാപ്പു പറഞ്ഞു. എന്നാല്‍ രാജേശ്വരി ജോലിക്കു പോയ സമയത്ത് ജിഷ കൊച്ചുകുട്ടിയായിരുന്നുവെന്നും പാപ്പു പറയുന്നു.

ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന പി പി തങ്കച്ചന്റെ വിശദീകരണം തെറ്റാണെന്നു പാപ്പു മൊഴിയെടുക്കാന്‍ പോകുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ സമയത്ത് ജിഷയും ദീപയും കൊച്ചുകുട്ടികളായിരുന്നുവെന്നും പാപ്പു പറഞ്ഞു. കല്യാണത്തിനു മുന്‍പും രാജേശ്വരി അവിടെ ജോലിക്ക് പോയിട്ടുണ്ട്. ഈ വിവരം അന്വേഷണസംഘത്തെ അറിയിക്കുമെന്നു പാപ്പു പറഞ്ഞു.


ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വന്‍ശക്തികളാണെന്ന് അന്വേഷണസംഘത്തോട് പറയുമെന്നും പാപ്പു സൂചിപ്പിച്ചു. ജിഷ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആലുവ പോലീസ് ക്ലബ്ബില്‍ കൊണ്ടുപോയാണ് ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴിയെടുത്തത്. ഡിവൈഎസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.

ഇതിനിടെ ഡിജിപി ലോക്നാഥ് ബെഹ്റ ജിഷ വധക്കേസ് അന്വേഷണം വിലയിരുത്തുന്നതിനായി ഇന്നു പെരുമ്പാവൂരിലെത്തും. ഉച്ചയ്ക്കു മുന്‍പു കൊച്ചിയില്‍ എത്തുന്ന ഡിജിപി, അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപി ബി. സന്ധ്യ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

ജിഷയുടെ കുറുപ്പംപടിയിലെ വീടും ഡിജിപി ബെഹ്റ സന്ദര്‍ശിച്ചേക്കും. സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ ഉടന്‍ ജിഷ കൊലക്കേസ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം നല്‍കുമെന്നു ഡിജിപി അറിയിച്ചിരുന്നു.