ജിഷ വധം; പോലീസ് പറയുന്നത് ഒന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് വേറൊന്ന്

ജിഷ വധം; പൊരുത്തക്കേടുകള്‍ നിറഞ്ഞ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പോലീസ് പറയുന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ ഗുരുതര പൊരുത്തക്കേടുകള്‍

ജിഷ വധം;  പോലീസ് പറയുന്നത് ഒന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് വേറൊന്ന്

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി ജിഷ കൊല്ലപ്പെട്ടിട്ട് മാസം ഒന്ന് കഴിഞ്ഞു. ജിഷയുടെ കൊലപാതകം സോഷ്യല്‍ മീഡിയകളിലും ഓപ്പണ്‍ ഫോറങ്ങളിലും സജീവ ചര്‍ച്ചയായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എങ്കിലും ജിഷയുടെ മരണത്തെ സംബന്ധിച്ച പോലീസ്അന്വേഷണം എവിടെയും എത്താതെ കിടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറുന്നു, അന്വേഷണ സംഘത്തെ പുനക്രമീകരിക്കുന്നു, തുടങ്ങിയ കണ്ണില്‍ പൊടിയിടുന്ന ചെപ്പടി വിദ്യകളാണ് ജിഷ മരിച്ചു 36 ദിവസം കഴിഞ്ഞിട്ടും നാം കാണുന്നത്.


ഇതുവരെ നടന്ന അന്വേഷണത്തില്‍ പോലീസ് വീഴ്ചകള്‍ മാത്രാമാണ് വരുത്തിയിരിക്കുന്നത്. പോലീസ് ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും ഇത് ഒളിഞ്ഞും തെളിഞ്ഞും സമ്മതിച്ചിട്ടുമുണ്ട്. തുടക്കത്തിലെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ് നിര്‍ണായകമായ പല തെളിവുകളും നഷ്ടപ്പെട്ടത്.

ജിഷയുടെ മൂന്നു ഡയറികള്‍, പെന്‍ക്യാമറ, ഒരു ജോഡി ചെരിപ്പ് എന്നീ നിര്‍ണായകമായ തൊണ്ടികള്‍ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുക്കുന്നത് നാലാം ദിവസം മാത്രമാണ്. അത്രയും ദിവസം പോലീസ് എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. പട്ടികജാതി, പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം 2015-ലെ ഭേദഗതി അനുസരിച്ച് പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിക്കുന്നതിലും പോലീസ് അമ്പേ പരാജയപ്പെട്ടു.

ജിഷ കൊല്ലപ്പെട്ടത് ഏപ്രില്‍ 28 ന് വൈകിട്ട് 5 മണിക്കും 5.45 നും ഇടയിലാണ് എന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. പോസ്റ്റ് മോര്‍ട്ടം നടന്നിട്ടുള്ളത് 29-ന് ഉച്ചക്ക് ശേഷം രണ്ടരയോടെയും. അതനുസരിച്ച് പോലീസ് പറയുന്നതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. അതായത് പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ മരണം നടന്നിട്ട് കുറഞ്ഞത് 34/ 36 മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. അതനുസരിച്ച് ജിഷ കൊല്ലപ്പെട്ടത് തലേന്ന് (27-ന്) അര്‍ധരാത്രിക്ക് ശേഷം അല്ലെങ്കില്‍ അന്ന് പുലര്‍ച്ചെയാണ്. വയറ്റില്‍ ദഹിച്ചിട്ടില്ലാത്ത രൂപത്തില്‍ ഭക്ഷണമുണ്ടായിരുന്നു എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ പുലര്‍ച്ചെയല്ല, അര്‍ധരാത്രി തന്നെയാണ് കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലാണ് നാം എത്തിചേരുന്നത്. ഇത്ര സുപ്രധാനമായ ഒരു കണ്ടെത്തല്‍ എങ്ങനെ പോലീസിനു കിട്ടാതെ പോയിയെന്ന ചോദ്യം സംശയങ്ങള്‍ ജനിപിക്കുന്നു.

അന്നേ ദിവസം വൈകിട്ട് നാല് മണിയോടെ വെള്ളമെടുക്കാനായി ജിഷ പുറത്തു നില്‍ക്കുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയാണ് പോലീസിന്റെ നിലപാടിന് ആധാരം. സംഭവം നടന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ടാണ് നാട്ടുകാര്‍ ഇത്തരം വിവരങ്ങള്‍ പോലീസിനോട് പറയാന്‍ തയ്യാറായത് എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ ഭാഗമാണ് മരണസമയം സംബന്ധിച്ച സുപ്രധാന സൂചന നല്‍കുന്നത്. Rigor mortis passed off from all parts of the body except at ankles. Post mortem staining at the back, not fixed.There was marbling on both side of lower part of face, chin, front of neck, upper part of of chest and top of shoulders. 


മൃതശരീരത്തിന് ഈ മാറ്റം സംഭവിക്കുന്നത് കുറഞ്ഞത് 36 മണിക്കൂറിനു ശേഷമാണെന്ന് വിദഗ്തര്‍ വിലയിരുത്തുന്നു. മരണം നടന്ന്‍ എട്ടു പത്തു മണിക്കൂറിനുള്ളില്‍ ശരീരം മരവിച്ച് വടി പോലെയാവും. അടുത്ത 24 മണിക്കൂര്‍ ഈ മരവിപ്പ് നിലനില്‍ക്കും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോരോ അവയവങ്ങളായി മരവിപ്പ് വിടും. 34 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ശരീരം ശരീരം പൂര്‍ണമായും മരവിപ്പ് വിട്ട് മൃദുലമാവും. അഴുകാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്. ശരീരം പൂര്‍ണമായും മരവിപ്പ് വിട്ടിരുന്നു എന്ന പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍ നല്‍കുന്ന സൂചന കുറഞ്ഞത് 36 മണിക്കൂര്‍ മുന്‍പാണ് മരണം നടന്നത് എന്നാണ്.

മാത്രമല്ല, ആന്തരികാവയവങ്ങള്‍ അഴുകാന്‍ തുടങ്ങിയിരുന്നു എന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. Blood stained frothy fluid seen oozing out of nostrils
എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശം അഴുകാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശ്വാസകോശം അഴുകാന്‍ തുടങ്ങുമ്പോള്‍ അകത്തുള്ള വായു പുറത്തേക്കു തള്ളും. അപ്പോള്‍ മൂക്കിലൂടെ രക്തം കലര്‍ന്ന സ്രവം പുറത്തേക്കു വമിക്കാന്‍ ഇടയുണ്ട്.അന്തരീക്ഷ താപനില ഉയര്‍ന്നതാണെങ്കില്‍ മൃതശരീരം പെട്ടെന്ന് അഴുകും എന്നതും വസ്തുതയാണ്. പക്ഷേ അതുകൊണ്ട് അഞ്ചോ ആറോ മണിക്കൂറിന്റെ വ്യത്യാസമേ വരൂ എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മരണസമയം സംബന്ധിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഈ വസ്തുതകള്‍ക്ക് കടകവിരുദ്ധമായ നിഗമനമാണ് പോലീസിനുള്ളത്.

കടപ്പാട്: ഓപ്പണ്‍ മാഗസിന്‍

Read More >>