ജിഷ വധക്കേസ്; ഒരാളെ കണ്ണൂരില്‍ കസ്റ്റഡിയിലെടുത്തു

കൊലപാതകം നടന്ന ദിവസം ജിഷയുടെ വീടിനു സമീപം ഇരിങ്ങോള്‍കാവില്‍ നാട്ടുകാര്‍ കണ്ട അപരിചിതനോടു സാമ്യമുള്ള രേഖാ ചിത്രം കഴിഞ്ഞ ദിവസം പോലീസ് തയ്യാറാക്കി പുറത്തുവിട്ടിരുന്നു.

ജിഷ വധക്കേസ്; ഒരാളെ കണ്ണൂരില്‍ കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ സംഘം തയാറാക്കിയ രേഖാ ചിത്രത്തോടു ഏറെ സാമ്യം തോന്നിയ ഇതര സംസ്ഥാനക്കാരനെ കണ്ണൂരില്‍ കസ്റ്റഡിയിലെടുത്തു. രേഖാചിത്രത്തോട് സാമ്യമുള്ളവരെ സംബന്ധിച്ചു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം ജിഷയുടെ വീടിനു സമീപം ഇരിങ്ങോള്‍കാവില്‍ നാട്ടുകാര്‍ കണ്ട അപരിചിതനോടു സാമ്യമുള്ള രേഖാ ചിത്രം കഴിഞ്ഞ ദിവസം പോലീസ് തയ്യാറാക്കി പുറത്തുവിട്ടിരുന്നു. ഇരിങ്ങോള്‍കാവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ചെറിയ വിഡിയോ ക്യാമറ, കാവിമുണ്ട് എന്നിവയെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

ഇരിങ്ങോള്‍കാവിലെ മുക്കും മൂലയും പരിശോധിക്കുന്നതിനായി 30 പേരടങ്ങുന്ന പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സംഭവം നടന്ന് 36 ദിവസം പിന്നിട്ടെങ്കിലും കൊലയാളിയെ സംബന്ധിച്ച എന്തെങ്കിലും സൂചന ഇരിങ്ങോള്‍കാവില്‍ അവശേഷിക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കാവിനുള്ളില്‍ ആറടിയിലേറെ നീളത്തില്‍ കുഴിയെടുത്തതു നേരത്തേ സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു.