രാഷ്ട്രീയ നേതാക്കളുടെ അബദ്ധങ്ങള്‍ തുടരുന്നു; അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജെന്ന് കെ സുധാകരന്‍

അഞ്ജു ബോബി ജോര്‍ജ് കേരളത്തിന് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്നും അവരുടെ ഭര്‍ത്താവ് ജിമ്മി ജോര്‍ജും കുടുംബം മുഴുവനും കേരളത്തിന് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കിയതാണെന്നായിരുന്നു വാര്‍ത്താ സമ്മേളത്തില്‍ മുന്‍ കായികമന്ത്രി കൂടിയായ സുധാകരന്റ വാക്കുകള്‍.

രാഷ്ട്രീയ നേതാക്കളുടെ അബദ്ധങ്ങള്‍ തുടരുന്നു; അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജെന്ന് കെ സുധാകരന്‍

രാഷ്ട്രീയ നേതാക്കളുടെ അബദ്ധങ്ങള്‍ സംസ്ഥാന കായിക മന്ത്രി ഇപി ജയരാജനില്‍ അവസാനിക്കുന്നില്ല. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി കേരളത്തിന് വേണ്ടി മെഡലുകള്‍ നേടിയെന്ന ഇപി ജയരാജന്റെ പരാമര്‍ശത്തിന് പിന്നാലെ നാക്ക് പിഴയുമായി മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരനും.

ലോക അത്‌ലറ്റിക്‌സ് മെഡല്‍ ജേതാവും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച ഇപി ജയരാജനെതിരെ കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്റെ നാക്ക് പിഴച്ചത്.


അഞ്ജു ബോബി ജോര്‍ജ് കേരളത്തിന് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്നും അവരുടെ ഭര്‍ത്താവ് ജിമ്മി ജോര്‍ജും കുടുംബം മുഴുവനും കേരളത്തിന് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കിയതാണെന്നായിരുന്നു വാര്‍ത്താ സമ്മേളത്തില്‍ മുന്‍ കായികമന്ത്രി കൂടിയായ സുധാകരന്റ വാക്കുകള്‍.മുന്‍ കായിക താരമായ റോബര്‍ട്ട് ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. ബോബി ജോര്‍ജ് തന്നെയാണ് അഞ്ജുവിന്റെ പരിശീലകനും. ജിമ്മി ജോര്‍ജാകട്ടെ അകാലത്തില്‍ പൊലിഞ്ഞ രാജ്യത്തിന്റെ മികച്ച വോളിബോള്‍ താരവും. 1987 നവംബര്‍ 30 ന് ഇറ്റലിയിലുണ്ടായ വാഹനാപകടത്തിലാണ് ജിമ്മി ജോര്‍ജ് കൊല്ലപ്പെടുന്നത്.

തന്നെ കായിക മന്ത്രി ഇപി ജയരാജന്‍ അപമാനിച്ചെന്നാരോപിച്ച് ഇന്ന് അഞ്ജു ബോബി ജോര്‍ജ് രംഗത്തെത്തിയിരുന്നു. അഞ്ജു അടക്കം സ്പോര്‍ട്‌സ്  കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ച് കായിക മന്ത്രി ജയരാജന്‍ തട്ടിക്കയറിയെന്നും എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണി മുഴക്കിയെന്നുമായിരുന്നു അഞ്ജു ബോബി ജോര്‍ജിന്റെ ആരോപണം. ഇതിനെതിരെ മുഖ്യമന്ത്രിക്കും അഞ്ജു ബോബി ജോര്‍ജ് പരാതി നല്‍കിയിരുന്നു.

ഇപി ജയരാജനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് ജയരാജനെ വിമര്‍ശിക്കാന്‍ വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തില്‍ സുധാകരന് നാക്ക് പിഴച്ചത്.

ഇതാദ്യമായല്ല നേതാക്കള്‍ക്ക് നാക്ക് പിഴവുണ്ടാകുന്നത്. ലോകമറിയുന്ന ബോക്‌സിംഗ് താരം മുഹമ്മദലിയെ കേരളത്തിന്റെ കായിക താരമാക്കിയ ഇപി ജയരാജനായിരുന്നു ഇതില്‍ ഏറ്റവും ഒടുവിലത്തേത്. മഹാത്മാ ഗാന്ധിയുടെ പേര് തെറ്റായി പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് അബദ്ധ പരാമര്‍ശങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി' എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഒരു വട്ടമല്ല രണ്ട് തവണയാണ് മോദിക്ക് നാക്ക് പിഴച്ചത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ആയതിന് ശേഷവുമായി രണ്ട് തവണ 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി' എന്നായിരുന്നു മോദി പറഞ്ഞത്.

രണ്ടുവർഷംമുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന വേളയില്‍ അന്നത്തെ സിനിമാ-സാംസ്കാരിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്ക് പിഴച്ചതും വലിയ വാര്‍ത്തയായിരുന്നു.