ലെന്‍സ്‌ നാളെ തീയറ്ററുകളില്‍; സംവിധായകന്‍ ജയപ്രകാശ് മനസ്സ് തുറക്കുന്നു

'ഹോസ്റ്റേജ് ഡ്രാമ സെറ്റ് ഇന്‍ എ ചാറ്റ് റൂം വേള്‍ഡ്'. ഇതാണ് ലെന്‍സ്‌. നിരവധി അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ് ജയപ്രകാശ് രാധകൃഷ്ണന്‍ സംവിധാനം ചെയ്ത ലെന്‍സ്‌

ലെന്‍സ്‌ നാളെ തീയറ്ററുകളില്‍; സംവിധായകന്‍ ജയപ്രകാശ് മനസ്സ് തുറക്കുന്നു
'ഹോസ്റ്റേജ് ഡ്രാമ സെറ്റ് ഇന്‍ എ ചാറ്റ് റൂം വേള്‍ഡ്'. ഇതാണ് ലെന്‍സ്‌. നിരവധി അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ് ജയപ്രകാശ് രാധകൃഷ്ണന്‍ സംവിധാനം ചെയ്ത ലെന്‍സ്‌. പ്രമുഖ സംവിധായകനായ ലാല്‍ ജോസ് തീയറ്ററുകളില്‍ എത്തിക്കുന്ന ലെന്‍സ്‌ ഒരു കൂട്ടം നവാഗതരുടെ മലയാള സിനിമയിലേക്കുള്ള കടന്നു വരവിന് കൂടി വഴി ഒരുക്കുകയാണ്. 
ചിത്രത്തെ കുറിച്ച് സംവിധായകന്‍ ജയപ്രകാശ് രാധാകൃഷ്ണ
ന്‍ മനസ്സ് തുറക്കുന്നു... • ഈ വരുന്ന ജൂണ്‍ 17 സിനിമാ ചരിത്രത്തിലെ വളരെ പ്രത്യേകതയുള്ള ഒരു ദിനമായി കണക്കാക്കാം. ഒഴിവുദിവസത്തെ കളി, താങ്കളുടെ ലെന്‍സ്‌ എന്നീ ചിത്രങ്ങള്‍ക്ക് ഇതുവരെ മലയാള ചിത്രങ്ങള്‍ക്ക് കിട്ടാത്ത ഒരു  ഹൈപ് കിട്ടുന്നുണ്ട്‌ എന്ന് തോന്നുന്നുണ്ടോ?


തീര്‍ച്ചയായും. എല്‍ജെ ഫിലിംസ് തീയറ്ററുകളില്‍ എത്തിക്കുന്ന ചിത്രമായതിനാല്‍ ഇപ്പറഞ്ഞപോലെ ഒരു ഹൈപ് ചിത്രത്തിന് കിട്ടുന്നുണ്ട്‌. ലെന്‍സ്‌ ഞാന്‍ വളരെ മുന്‍പേ ചെയ്ത ഒരു ചിത്രമാണ്. കണ്ടു ശീലിച്ച വ്യാവസായിക സിനിമകളില്‍ നിന്നും മാറിനില്‍ക്കുന്ന ഒരു ചിത്രമാണ് ലെന്‍സ്‌. അങ്ങനെയൊരു ചിത്രം തീയറ്ററുകളില്‍ എത്തും എന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ലാല്‍ ജോസ് ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തത് കൊണ്ടാണ് ഇത് സാധ്യമായത്. പിന്നെ വാണിജ്യ സിനിമ,കലാമൂല്യമുള്ള സിനിമ എന്നീ ഭേദമില്ലാതെ എല്ലാ തരാം സിനിമകളും പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാലമാണ് ഇത്. അതുകൊണ്ട് ഇത്തരം ചിത്രങ്ങള്‍ ഇറങ്ങാന്‍ പറ്റിയ  സമയമാണ് ഇപ്പോള്‍ ഉള്ളത്.

പിന്നെ ലെന്‍സ്‌ ആയാലും ഒഴിവുദിവസത്തെ കളി ആയാലും അതിനുപിന്നിലുള്ള സെലിബ്രിറ്റി സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. ഞാന്‍ തന്നെ പണം മുടക്കി ഈ ചിത്രം തീയറ്ററുകളില്‍ എത്തിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ കളിക്കില്ല,. കാരണം തീയറ്ററുടമകള്‍ക്ക് എന്റെ ചിത്രം ഓടിയത് കൊണ്ട് ലാഭമുണ്ടാകില്ല. എന്നാല്‍ ലാല്‍ ജോസ് അവതരിപ്പിക്കുന്ന ചിത്രം, ആഷിഖ് അബു അവതരിപ്പിക്കുന്ന ചിത്രം എന്ന് പറയുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള വിശ്വാസം കൂടുകയാണ്. ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ ഭാവിയില്‍ ഇതുപോലെയുള്ള നല്ല ചിത്രങ്ങള്‍ക്ക് മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാനാകും.

 • കലാമൂല്യമുള്ള ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്താതത്തില്‍ തീയറ്റര്‍ ഉടമകള്‍ക്കും ഡിസ്ട്രിബ്യൂട്ടെഴ്സിനും പങ്കുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?


പങ്കുണ്ട്, പക്ഷെ അതില്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ഡിസ്ട്രിബ്യൂറ്റേഴ്സ് ആയാലും തീയറ്റര്‍ ഉടമകള്‍ക്കായാലും കലാമൂല്യമുള്ള ചിത്രങ്ങളെ പ്രൊമോട്ട് ചെയ്യുക, അല്ലെങ്കില്‍ വളര്‍ന്നു വരുന്ന പ്രതിഭകലെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതല്ല കാര്യം. എന്തിന്റെയും അടിസ്ഥാനം പണമാണ്. ഇത്തരം ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തിക്കുമ്പോള്‍ ഞാന്‍ നേരത്തെ പറഞ്ഞപോലെ പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത എന്നൊരു ഘടകമുണ്ട്‌. അവര്‍ക്ക് ലാഭം കിട്ടാത്തിടത്തോളം അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അവിടെയാണ് ഈ സെലിബ്രിറ്റികള്ളുടെ സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുന്നത്. അല്ലെങ്കില്‍ ചലച്ചിത്രമേളകളില്‍ മാത്രം ഇത് ഒതുങ്ങിപ്പോകുമായിരുന്നു.

 • 'ലെന്‍സ്‌' എന്ന ചിത്രത്തെ സംവിധായകന്‍ എന്ന രീതിയില്‍ എങ്ങനെ വിശേഷിപ്പിക്കാം?


അന്യന്റെ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള ഒരു പ്രവണത നമുക്കെല്ലാവര്‍ക്കുമുണ്ട്.ഒരു പരിധി വരെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഒക്കെ ഇതിനെ വളര്‍ത്തുന്നുമുണ്ട്. എത്തിനോക്കുമ്പോള്‍ ആലോചിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ എന്തിനും ഒരു ധാര്‍മ്മിക അതിര്‍വരമ്പ് ഉണ്ട്. എന്തു കാണണം എന്ത് കാണണ്ട എന്നാ ബോധം ഉണ്ടാവണം. ഇന്ന് അതില്ല എന്ന് മാത്രമല്ല ഇങ്ങനെ ചെയ്‌താല്‍ പിടിക്കപ്പെടില്ല, ആരും നമ്മളെ കാണില്ല എന്ന ധൈര്യം ആളുകളുടെ മനസ്സില്‍ വളര്‍ന്നിട്ടുണ്ട്. ഇതിനെയാണ് ചിത്രം ചോദ്യം ചെയ്യുന്നത്. ഇതാണ് ലെന്‍സിന്റെ ഉള്ളടക്കവും.

 • സംവിധായകന്‍ തന്നെ നായകനായത് സാമ്പത്തിക ലാഭം മുന്നില്‍ കണ്ടാണോ?


സത്യത്തില്‍ ഞാന്‍ നായകനാകാന്‍ ഉദ്ദേശിച്ചിരുന്നില്ല. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ചില പ്രമുഖ താരങ്ങളെ നായകവേഷം ചെയ്യാന്‍ സമീപിച്ചതുമാണ്. അവര്‍ അതിനു തയ്യാറായില്ല. കൂടാതെ പ്രമുഖ താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അവര്‍ക്ക് നല്‍കേണ്ടി വരുന്ന പ്രതിഫലം കൂടി കണക്കില്‍ എടുക്കേണ്ടിവരും. ഇതൊക്കെ കൊണ്ട് അവസാനം ഞാന്‍ നായകനായാല്‍  ചിത്രം ചെറിയ ബജറ്റില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് ആ റോള്‍ ഞാന്‍ കൈകാര്യം ചെയ്യേണ്ടി വന്നത്.

 • പല അഭിമുഖങ്ങളിലും താങ്കള്‍ പറയുകയുണ്ടായി ഈ ചിത്രത്തെ പൂര്‍ണ്ണമായും ഒരു മലയാള ചിത്രം എന്ന് പറയാന്‍ കഴിയില്ല എന്ന്. അതെന്താണെന്ന് കുറച്ചുകൂടി വ്യക്തമാക്കാമോ?


അതിന്റെ കാരണം മറ്റൊന്നുമല്ല, ചിത്രത്തില്‍ ഒരു തമിഴ് കഥാപാത്രമുണ്ട്, ഒരു ഹിന്ദി കഥാപാത്രമുണ്ട് മലയാളി കഥാപാത്രങ്ങളുണ്ട്. ഇവരെല്ലാം പരസ്പരം ആശയവിനിമയം നടത്തുന്നത് കൂടുതലായും ഇംഗ്ലീഷിലാണ്. അതുകൊണ്ട് ചിത്രത്തില്‍ കൂടുതലായും ഇംഗ്ലീഷ് സംഭാഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നെ ഇന്നത്തെ സോഷ്യല്‍ മീഡിയയില്‍ ആളുകളും കൂടുതലായും സംവദിക്കുന്നതും ഇംഗ്ലീഷിലാണ്. ഇതാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരി്ക്കുന്നത്. അതുകൊണ്ടാണ് പറഞ്ഞത് ചിത്രത്തെ പൂര്‍ണ്ണമായും മലയാള ഭാഷാ ചിത്രം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ലെന്ന്.

 • താങ്കളെ കൂടാതെ ചിത്രത്തിലെ മറ്റുതാരങ്ങള്‍ ആരൊക്കെയാണ്?


പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കാതാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ചിത്രത്തിലെ ഉദയകുമാര്‍ എന്നാ നടനെ സംവിധായകന്‍ രഞ്ജിത്ത് പാലേരി മാണിക്യത്തിലൂടെ അവതരിപ്പിച്ചതാണ്. മറ്റൊരു നടിയായ മിശാല്‍ ഘോഷല്‍ രാജറാണി, വിസാരണയ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാസഞ്ചര്‍ എന്ന മലയാള ചിത്രത്തിലെ 'അണലി ഷാജി' എന്ന വില്ലനെ അവതരിപ്പിച്ച ആനന്ദ്‌ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നു.

 • ലാല്‍ ജോസിലേക്ക് ഈ ചിത്രം എത്തുന്നത് എങ്ങനെയാണ്?


സിനിമയില്‍ പ്രവര്‍ത്തിച്ച പല ടെക്നീഷ്യന്മാരും അദ്ദേഹത്തെ പരിചയം ഉള്ളവരാണ്. അതില്‍ ഒരാളായ രാജ കൃഷ്ണന്‍ ആണ് ലാല്‍ ജോസ് സാറിന്റെ നമ്പര്‍ തന്നു അദ്ദേഹത്തെ പരിചയപ്പെടാന്‍ പറഞ്ഞത്. അങ്ങനെ ലാല്‍ ജോസ് ഈ ചിത്രം കാണുകയും വിതരണം ചെയ്യാമെന്ന് സമ്മതിക്കുകയും ആയിരുന്നു.

 • ഇത്രത്തോളം വ്യത്യസ്തമായ ഒരു കഥയുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു?


വളരെ പോസിറ്റീവായ പ്രതികരണമാണ് അവരില്‍ നിന്നും ലഭിച്ചത്. കഥ കേട്ടപ്പോള്‍ തന്നെ അവര്‍ നിര്‍മ്മിക്കാമെന്നു ഏറ്റു. എന്നാല്‍ നായകസ്ഥാനത് ഒരു പ്രമുഖ താരത്തെ വേണം എന്നായിരുന്നു അവരുടെ ആഗ്രഹം. അതിനായി കുറെ ശ്രമിച്ചതുമാണ്‌. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞപോലെ ചില സാഹചര്യങ്ങള്‍ മൂലം ഞാന്‍ നായകനാകാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

 • സിനിമയോടുള്ള താല്പര്യം കുട്ടിക്കാലം മുതലേ ഉള്ളതാണോ? എപ്പോഴാണ് സിനിമയാണ് എന്റെ വഴി എന്ന തീരുമാനം എടുത്തത്‌?


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോണോ ആക്റ്റിനായി സ്റ്റേജില്‍ കയറി കൈയ്യടി നേടിയപ്പോള്‍ തുടങ്ങിയതാണ്‌ അഭിനയത്തോടുള്ള ആവേശം. പിന്നെ അത് വളര്‍ന്നപ്പോള്‍ 3ര്ഷംഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്ടിംഗ് കോഴ്സ് ചെയ്തു. അതിനൊക്കെ ശേഷമാണ് ചെറിയ വേഷങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. ഉറുമി, എന്നെ അറിന്താല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ഇതിനൊക്കെ ശേഷമാണ് ഇപ്പോള്‍ സ്വന്തമായി സിനിമ ചെയ്യുന്നിടം വരെ എത്തിയത്.


 • ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സെന്‍സര്‍ ബോര്‍ഡ്. ബോര്‍ഡുമായി താങ്കളുടെ അനുഭവം എങ്ങനെയായിരുന്നു?


ഭാഗ്യവശാല്‍ എന്റെ സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചിട്ടില്ല. എല്ലാവര്ക്കും കാണാവുന്ന വിധത്തില്‍ യു ഇ സര്‍ട്ടിഫിക്കറ്റ് ആണ് നല്കിയിരിക്കുന്നത്. വളരെ നല്ല പ്രതികരണമാണ് ബോര്‍ഡ് അധികൃതരില്‍ നിന്നും എനിക്ക് ലഭിച്ചതും.

 • താങ്കള്ക് ലഭിച്ച ഈ പിന്തുണ എന്ത്കൊണ്ട് മറ്റു ചിത്രങ്ങള്‍ക്ക് ലഭിക്കുന്നില്ല? ഇപ്പോള്‍ ഉദ്ത പഞ്ചാബിനു 89 കട്ടുകള്‍ നിര്‍ദ്ദേശിച്ച കാര്യം ദേശീയ മാധ്യമങ്ങളിലൂടെ എല്ലാവര്ക്കും അറിവുണ്ടാകുമല്ലോ. ഇതെപ്പറ്റി എന്താണ് താങ്കള്‍ക്കു പറയാനുള്ളത്?


ഇക്കാര്യത്തില്‍ ഇന്നലെ വന്ന ബോംബെ ഹൈക്കോടതിയുടെ വിധി ശെരിഎന്നാണ് എനിക്ക് തോന്നുന്നത്. കോടതി പറഞ്ഞതുപോലെ ചിത്രത്തിന്റെ അന്തര്‍സത്തയെ ബാധിക്കുന്ന രീതിയിലുള്ള കട്ടുകള്‍ നിര്‍ദ്ദേശിച്ചു ചിത്രത്തെ ആകെമൊത്തം മുറിച്ചുമാറ്റാന്‍ ബോര്‍ഡിനു അധികാരമില്ല. വിദേശ സിനിമകളില്‍ എന്ത് കൊണ്ടാണ് എ സര്‍ട്ടിഫിക്കറ്റ്, യു എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ക്ക് നല്‍കുന്നത് എന്ന് വ്യക്തമായി എഴുതിക്കാണിക്കാറുണ്ട്.ചിലപ്പോള്‍ ചിത്രത്തിലെ വയലന്‍സ് കൊണ്ടായിരിക്കാം, അല്ലെങ്കില്‍ ഉപയോഗിക്കുന്ന ഭാഷ കൊണ്ടായിരിക്കാം . അത് പിന്നെ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ട്‌. അതുപോലെ ഇവിടെയും ആ സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്ക്‌ കൊടുക്കണം എന്നാണു എന്റെ അഭിപ്രായം.

 • അവാര്‍ഡുകള്‍ അംഗീകാരങ്ങള്‍ ?


ബെംഗളൂരു, സ്പെയിന്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ മത്സരവിഭാഗത്തിലും പൂനെ, ചെന്നൈ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ഔദ്യോഗിക വിഭാഗത്തിലും ലെന്‍സ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2015ല്‍ ഈ സിനിമയുടെ സംവിധാനത്തിന് മികച്ച നവാഗത സംവിധായകനുള്ള ഗൊലാപുഡി ശ്രീനിവാസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഗ്നിസാക്ഷിയുടെ സംവിധാനത്തിന് ശ്യാമപ്രസാദിന് നേരത്തെ ഈ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. താരേ സമീന്‍ പര്‍ എന്ന സിനിമയുടെ സംവിധാനത്തിന് ആമിര്‍ ഖാനും ഈ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

 • ലെന്‍സിനു ശേഷം ഇനി അടുത്ത പ്രോജക്റ്റുകള്‍ ഏതൊക്കെയാണ്?


ലെന്‍സിനു മുന്പ് ഞാന്‍ എഴുതി പൂര്‍ത്തിയാക്കിയ വേറൊരു തിരക്കതയുണ്ട്. അത് ഒരു സുഹൃത്തിനെവെച്ച് സംവിധാനം ചെയ്യാന്‍ ഞന ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ല. ആ ചിത്രം ചെയ്യണം എന്നതാണ് എന്റെ അടുത്ത ലക്‌ഷ്യം. പിന്നെ സിനിമയല്ലാതെ വേറെ ഒരു ജോലിയും എനിക്ക് അറിയില്ല. അതുകൊണ്ട് അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയില്‍ തന്നെ തുടരും.

 • വ്യത്യസ്തമായ സിനിമകളെ പ്പറ്റി താങ്കള്‍ നേരത്തെ പറയുകയുണ്ടായി. അതുപോലെ വ്യത്യസ്തമായ സിനിമയായി സന്തോഷ്‌ പണ്ഡിററ്റിനെപ്പോലെ ഒരു സംവിധായകന്റെ ചിത്രത്തെയും കണക്കാക്കാന്‍ സാധിക്കുമോ?


ഞാന്‍ പറയട്ടെ, എനിക്ക് വളരെ ഇഷ്ടമുള്ള ഒരാളാണ് സന്തോഷ പണ്ഡിറ്റ്‌. എല്ലാരേയും പോലെ അദ്ദേഹം വാണിജ്യ സിനിമകള്‍ കണ്ടു വളര്‍ന്നയാളാണ്. എല്ലാ ഭാഷകളിലും തട്ടുപൊളിപ്പന്‍ സിനിമകള്‍ ഇറങ്ങാറുണ്ട്‌. അത്തരത്തില്‍ ഉള്ള എല്ലാ മസാലകളും ചേര്‍ന്ന ഒരു വന്പിച്ച വാണിജ്യ സിനിമ റീക്രിയേറ്റ് ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. അത് അദ്ദേഹം സംവിധാനം ചെയ്തു അഭിനയിച്ചു കാശ് മുടക്കി ഇറക്കുന്നു. അത് കാണണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അല്ലാതെ ആ സിനിമ നിര്‍മ്മിച്ചതിന്റെ പേരില്‍ 
അദ്ദേഹത്തെ കരിവാ
രി തേക്കേണ്ട കാര്യമില്ല എന്നാണു ഞാന്‍ വിശ്വസിക്കുന്നത്.

പിന്നെ ഞാന്‍ വിശ്വസിക്കുന്നത്  കഴിവിന് ആധാരം മികച്ചത് സൃഷ്ടിക്കുക എന്നത് മാത്രമല്ല മറിച്ചു മനസ്സിനു ശേരിയെന്നു തോന്നുന്ന കാര്യങ്ങളെ അതിനോട് നീതി പുലര്‍ത്തി ആവിഷ്കരിക്കുക എന്നതാണ് . ആ അര്‍ത്ഥത്തില്‍ അദേഹം കഴിവുള്ള കലാകാരന്‍ തന്നെയാണ്.

Read More >>