സഹോദരനുമായി കലാഭവന്‍ മണിക്ക് അടുപ്പമുണ്ടായിരുന്നില്ല: ജാഫര്‍ ഇടുക്കി

രാമകൃഷ്ണന്റെ പല കാര്യങ്ങള്‍ക്കും ജിന്റോ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണിയുടെ അച്ഛന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച കുന്നശേരി രാമന്‍ മെമ്മോറിയല്‍ എന്ന കെട്ടിടത്തില്‍ ഡാന്‍സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ ജിന്റോയോട് ശുപാര്‍ശ ചെയ്യാന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സ്വന്തം ചേട്ടനല്ലേ നേരിട്ടു ചോദിക്ക് എന്ന് ജിന്റോ പറഞ്ഞെങ്കിലും രാമകൃഷ്ണന്‍ ചോദിച്ചിരുന്നില്ല.

സഹോദരനുമായി കലാഭവന്‍ മണിക്ക് അടുപ്പമുണ്ടായിരുന്നില്ല: ജാഫര്‍ ഇടുക്കി

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചും മണിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ഉയരുന്ന ആരോപണങ്ങളെ കുറിച്ചും നടനായ ജാഫര്‍ ഇടുക്കി സംസാരിക്കുന്നു. ജാഫര്‍ ഇടുക്കിയുമായി നാരദ ന്യൂസ് പ്രതിനിധി സുധീഷ് സുധാകരന്‍ നടത്തിയ അഭിമുഖം

കലാഭവന്‍ മണിയുമായി വ്യക്തിബന്ധമുള്ള ആളെന്ന നിലയ്ക്ക് മണിയും കുടുംബവും തമ്മിലുള്ള അകല്‍ച്ചയെ കുറിച്ച് താങ്കള്‍ക്ക് അറിയുമായിക്കുമല്ലോ?

മണി എന്ന വ്യക്തിക്ക് കുടുംബവുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇക്കാര്യങ്ങളൊന്നും മണിയോട് ചോദിച്ചിട്ടുമില്ല. മാത്രമല്ല ഇതൊന്നും ചോദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടവുമല്ല. രണ്ട് മൂന്ന് മാസമായി മണി പാടിയില്‍ തന്നെ ആയിരുന്നു എന്നത് കേട്ടു കേള്‍വി അല്ലാതെ ഞാന്‍ കണ്ടിട്ടില്ല. കലാഭവന്‍ മണി ഭാര്യയോടും മകളോടും ഫോണിലൂടെ വളരെ സ്‌നേഹത്തോടെ സംസാരിക്കുന്നത് പലപ്പോഴും നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാന്‍ . കുടുംബവുമായി ഇത്രമാത്രം ബന്ധമുള്ള ഒരാള്‍ക്ക് കുടുംബ പ്രശ്‌നം ഉണ്ടായിരുന്നു എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആളുകളൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ മണിക്ക് കുടുംബ പ്രശ്‌നമുണ്ടോ എന്ന സംശയം എനിക്കുമുണ്ട്. എന്നാലും അങ്ങനെ ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.


ജാഫര്‍ ഇടുക്കിക്കും സാബുവിനും എതിരെ മണിയുടെ സഹോദരന്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നുണ്ട്. നിങ്ങളെ പൊലീസ് മുറയില്‍ ചോദ്യം ചെയ്യണം എന്ന് പോലും പറഞ്ഞിരുന്നു. ഇത്തരത്തില്‍ നിങ്ങള്‍ക്ക് എതിരെ സഹോദരന്‍ സംസാരിക്കാനുള്ള കാരണം എന്തായിരിക്കാം?


മരിച്ചത് കലാഭവന്‍ മണിയെ പോലൊരു പ്രതിഭയാണ്. ആ സാഹചര്യത്തില്‍ സഹോദരന്‍ ഇത്തരത്തിലൊക്കെ തന്നെ ആകും പ്രതികരിക്കുന്നത്. എന്നാല്‍ പ്രതികരിക്കുന്നതിന് ഒരു പരിധിയുണ്ട്. കലാഭവന്‍ മണിയുടെ സഹോദരനെ രണ്ടോ മൂന്നോ തവണ മാത്രമേ കണ്ടിട്ടുള്ളൂ. മണിയുടെ സാന്നിദ്ധ്യത്തില്‍ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ മണി സഹോദരനെ കൂടുതല്‍ അടുപ്പിച്ചിരുന്നില്ല എന്നറിയാമായിരുന്നു. മണി ആളുകള്‍ക്കൊന്നും സഹോദരനെ പരിചയപ്പെടുത്തുകയോ കൂടെ നിര്‍ത്തുകയോ ചെയ്തിരുന്നില്ല. മണിയുടെ സര്‍ക്കിളില്‍ ഒരിക്കല്‍ പോലും രാമകൃഷ്ണനെ കണ്ടിട്ടില്ല.

മണി സഹോദരനെ കൂടെ നിര്‍ത്താതിരുന്നതില്‍ എന്തെങ്കിലും കാരണമുള്ളതായി അറിയുമോ?

മണിയുടെ സഹായിയായ പയ്യനുണ്ട് ജിന്റോ . അവന്‍ പറഞ്ഞ് പല കാര്യങ്ങളും എനിക്കറിയാം . മണി സംഘടിപ്പിച്ച പരിപാടിയില്‍ രാമകൃഷ്ണന്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ഇഷ്യു ഉണ്ട്. വിശിഷ്ടാതിഥികള്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്. എന്നാല്‍ രാമകൃഷ്ണന്റെ നൃത്തം പത്ത് നാല്‍പ്പത് മിനിറ്റ് നീണ്ടു പോയതിനാല്‍ ആ പരിപാടി മൊത്തത്തില്‍ വലിഞ്ഞു പോയി. ചേട്ടന്റെ സ്റ്റേജില്‍ എനിക്ക് നൃത്തം അവതരിപ്പിക്കണമെന്ന് രാമകൃഷ്ണന്‍ ജിന്റോ വഴി ശുപാര്‍ശ ചെയ്താണ് അങ്ങനെ ഒരു അവസരം ലഭിച്ചത്. പരിപാടി പൂര്‍ത്തിയാകും മുന്‍പ് രാമകൃഷ്ണന്‍ അവിടെ നിന്ന് പോയി. മാത്രമല്ല നൃത്തം അവതരിപ്പിച്ചതിന്റെ പേരില്‍ രാമകൃഷ്ണന്‍ 40000 രൂപ മണിയോട് ചോദിച്ചു. ഇത് മണി ജിന്റോയോട് പരാതി പോലെ പറയുകയും ചെയ്തിരുന്നു. എന്ത് കാരണം തന്നെ ആയാലും മണി സഹോദരനെ അടുപ്പിക്കാറില്ലായിരുന്നു.

മണിയുടെ പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ പോലും സഹോദരന് വേറൊരാളുടെ ശുപാര്‍ശ വേണമായിരുന്നു അല്ലേ?

അതെ അതെ. രാമകൃഷ്ണന്റെ പല കാര്യങ്ങള്‍ക്കും ജിന്റോ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണിയുടെ അച്ഛന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച കുന്നശേരി രാമന്‍ മെമ്മോറിയല്‍ എന്ന കെട്ടിടത്തില്‍ ഡാന്‍സ് സ്‌കൂള്‍ നിര്‍മ്മിക്കാന്‍ ജിന്റോയോട് ശുപാര്‍ശ ചെയ്യാന്‍  രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. സ്വന്തം ചേട്ടനല്ലേ നേരിട്ടു ചോദിക്ക് എന്ന് ജിന്റോ പറഞ്ഞെങ്കിലും രാമകൃഷ്ണന്‍ ചോദിച്ചിരുന്നില്ല. പിന്നീട് ആരോ പറഞ്ഞ് മണി അറിഞ്ഞ ശേഷം രാമകൃഷ്ണന് അവിടെ ഡാന്‍സ് സ്‌കൂള്‍ തുടങ്ങാന്‍ സൗകര്യം ചെയ്ത് കൊടുക്കുകയായിരുന്നു.

മണിക്ക് സഹോദരനോട് കുടുംബ വൈരാഗ്യം ഒന്നുമില്ലായിരുന്നു. അനിയന്‍ വലിയ പ്രശ്‌നക്കാരനാണെന്ന തരത്തിലുളള അകല്‍ച്ചയായിരുന്നില്ല. അടുപ്പിച്ചിരുന്നില്ല അത്ര തന്നെ. എന്നാലും ഇത്തരത്തിലുള്ള ചെറിയ ചെറിയ സഹായങ്ങളൊക്കെ മണി സഹോദരന് ചെയ്തു കൊടുത്തിരുന്നു. മണി വലിയ സിനിമാ നടനായി പല ഭാഷകളില്‍ അഭിനയിച്ചു. ഇപ്പോള്‍ മണിയില്ല. അപ്പോള്‍ രാമകൃഷ്ണന് എന്തും പറയാം. ചോദിക്കാന്‍ ആളില്ലല്ലോ.

രാമകൃഷ്ണന്‍ ആരോപണം ഉന്നയിക്കുന്ന ഓരോ ആളുകളോടും നിങ്ങള്‍ അന്വേഷിക്കൂ. അവരില്‍ നിന്നെല്ലാം പല കാര്യങ്ങളും ലഭിക്കും. മണിയുടെ സ്വന്തം അനിയന്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ഞങ്ങളെ പോലുള്ള കുടുംബമുള്ള ആളുകളെ ആണ് ബാധിക്കുന്നത്. രാമകൃഷ്ണന്റെ സംസാരം , കുടുംബം എന്താണെന്ന് അറിയാത്ത, കുടുംബം നശിക്കുന്നത് എന്താണെന്ന് അറിയാത്ത ഒരാളുടെ സംസാരമായി മാത്രമേ കണക്കാക്കുന്നുള്ളൂ.

സമീപ ദിവസങ്ങളില്‍ പോലും ജാഫര്‍ ഇടുക്കിക്ക് എതിരെ രാമകൃഷ്ണന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരുന്നല്ലോ?

ഈ കഴിഞ്ഞ ദിവസവും രാമകൃഷ്ണന്‍ എനിക്കെതിരെ പോസ്റ്റിട്ടിരുന്നു. കോഴിക്കോട് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്ന വഴി ചാലക്കുടിയില്‍ എത്തിയപ്പോള്‍ ഒന്ന് ഫ്രഷാകണമായിരുന്നു. ഹോട്ടലൊന്നും ബുക്ക് ചെയ്യാനുള്ള സമയം ഉണ്ടായിരുന്നില്ല. മണിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആയിരുന്ന ജോബിയെ വിളിച്ച് സൗകര്യം ചെയ്ത് തരണം എന്നാവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിനെ നേരെ കല്ലേറുണ്ടായെന്നും അതിനാല്‍ ഇക്ക ഇങ്ങോട്ട് വരേണ്ടെന്നുമാണ് ജോബി പറഞ്ഞത്. മണിയുടെ സ്വന്തക്കാരും ബന്ധുക്കളും താമസിക്കുന്നിടത്താണ് വീട്. ഇക്ക ഇങ്ങോട്ട് വന്നെന്ന് അറിഞ്ഞാല്‍ അത് പ്രശ്‌നമാകുമെന്ന് പറഞ്ഞു. പിന്നെ മണിയുടെ പഴയൊരു പാചകക്കാരനുണ്ട് ,മുന്‍പ് സിനിമാ സെറ്റില്‍ വച്ചുള്ള പരിചയമാണ് അയാളുമായി എനിക്കുള്ളത്. അയാളെ വിളിച്ച് ആവശ്യം അറിയിച്ചു. അയാള്‍ക്ക് അവിടെ ഒരു പൊതിച്ചോര്‍ വില്‍ക്കുന്ന കടയുണ്ട് ഇപ്പോള്‍. പുണ്യാളന്‍ കാറ്ററിംഗ് സര്‍വീസ് എന്ന പേരില്‍. മണിയുടെ പരിചയക്കാരും ബന്ധുക്കളും ഉള്ള സ്ഥലത്താണ് കട. അതിനാല്‍ കടയിലേക്ക് പോകാതെ അവരെല്ലാം താമസിക്കുന്ന വീട്ടില്‍ പോവുകയാണ് ചെയ്തത്. വീട്ടിലും ചെറിയ തോതില്‍ അവിടെ അവര്‍ക്ക് കാറ്ററിംഗ് സര്‍വീസ് നടത്തുന്നുണ്ട്.

മണിയുടെ കൂടെ ഉണ്ടായിരുന്നവര്‍ പലരും ഇപ്പോള്‍ പട്ടിണിയാണ്. അവരില്‍ പലരും ഈ കാറ്ററിംഗ് സര്‍വീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മണിയുടെ പഴയ ഡ്രൈവര്‍ പീറ്ററും അവര്‍ക്കൊപ്പമുണ്ട്. അവിടെ നിന്ന് ഫ്രഷായ ശേഷം വേഗം തന്നെ തിരിച്ചു പോകാനായിരുന്നു പരിപാടി. അവിടെയുള്ളവര്‍ നിര്‍ബന്ധിച്ചെങ്കിലും ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല. പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായി നിരവധി ആളുകള്‍ അവിടെയുണ്ടായിരുന്നു. അവരെല്ലാം സല്‍ഫി എടുക്കണമെന്ന് പറഞ്ഞപ്പോള്‍ അവരുടെ കൂടെ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഞാന്‍ അവിടെ നിന്ന് അവരുണ്ടാക്കിയ അച്ചാര്‍ ടെയ്റ്റ് ചെയ്യുന്ന ഫോട്ടോ പുണ്യാളന്‍ കാറ്ററിംഗ് സര്‍വീസുകാര്‍ തന്നെ പോസ്റ്റ് ചെയ്തു. മൂന്നോ നാലോ ഫോട്ടോകള്‍ അവര്‍ എടുത്ത് ഷെയര്‍ ചെയ്തിട്ടുണ്ട്. ആ ഫോട്ടോ ആണ് ഇതിലും വലിയ തെളിവ് ഇനി വേണോ എന്ന പേരില്‍ രാമകൃഷ്ണന്‍ പ്രചരിപ്പിച്ചത്. മണിയെ അപായപ്പെടുത്താല്‍ സഹായിച്ചതിന് പീറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഫര്‍ ഇടുക്കിക്ക് ട്രീറ്റ് നല്‍കുന്നു എന്ന പേരിലാണ് ഫോട്ടോ പ്രചരിപ്പിച്ചത്.

ഇത്രയും നാള്‍ ആരോപണങ്ങള്‍ക്ക് അവഗണിക്കുകയാണ് ചെയ്തിരുന്നത്. ഇനിയിപ്പോള്‍ അതിന്റെ ആവശ്യമില്ല.  ഭാര്യയും മക്കളും സഹോദരങ്ങളും മാത്രമാണ് ഇപ്പോഴും കൂടെയുള്ളത്. ബാക്കിയുള്ളവരെല്ലാം കള്ള്, ചാരായം എന്ന് കേട്ടപ്പോള്‍ തന്നെ ബന്ധം ഉപേക്ഷിച്ച് പോയി. പള്ളിയും ഒക്കെയായി ജീവിക്കുന്നതാ എന്റെ കുടുംബം. ഇനി അതൊക്കെ നോക്കിയിരുന്നാല്‍ കഴിയില്ല. പ്രതികരിക്കും. രാമകൃഷ്ണനെ കുറിച്ച് എനിക്ക് പറയാന്‍ പ്രത്യേകിച്ച് മോശം കാര്യങ്ങളൊന്നുമില്ല. അത്തരത്തില്‍ മോശമായി ജീവിക്കുന്ന ആളുമല്ല രാമകൃഷ്ണന്‍. ഞങ്ങളെ പോലുള്ളവരെ ഇങ്ങനെ ക്രൂശിച്ച് കൊണ്ടിരിക്കുന്നു എന്നത് മാത്രമാണ് രാമകൃഷ്ണനെ കുറിച്ച് പറയാനുള്ള ആക്ഷേപം.

മണിയുടെ ഭാര്യാ പിതാവ്  മണിയുടെ സുഹൃത്തുക്കളെ വീട്ടില്‍ കയറ്റാറില്ലെന്ന് മുന്‍പ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ?

എന്നെയും വീട്ടില്‍ കയറ്റാറുണ്ടായിരുന്നില്ല. മുന്‍പൊരിക്കല്‍ മണിയുടെ വീട്ടില്‍ പോയപ്പോള്‍ ഇത്തരമൊരു അനുഭവം ഉണ്ടായിരുന്നു.വീടിന്റെ ഗേറ്റില്‍ വച്ച് മണിയെ കാണണമെന്ന് പറഞ്ഞെങ്കിലും ഭാര്യാ പിതാവ് മണിയിവിടില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എത്ര വലിയ നടന്‍ മണിയെ കാണാൻ  ചെന്നാലും  അദ്ദേഹം അങ്ങനെയാണ് പ്രതികരിക്കുക. അതിപ്പോൾ മമ്മൂട്ടിയോ മോഹൻലാലോ അമിതാഭ് ബച്ചനോ ആയിക്കോട്ടെ. മുഖത്തേക്ക് നോക്കാതെ മണി ഇവിടില്ലാ എന്ന് പറയും.

മണിയുടെ മരണത്തെ കുറിച്ച് ജാഫര്‍ ഇടുക്കിയുടെ അഭിപ്രായമെന്താണ്?

അത് ഞാന്‍ നേരത്തെ പറഞ്ഞതാണ്. മണിയെ അപായപ്പെടുത്താല്‍ മനുഷ്യ ജന്‍മമുള്ള ഒരാള്‍ക്കും കഴിയില്ല. മൃഗങ്ങള്‍ക്ക് മാത്രമേ കഴിയൂ. കൂടാതെ മണി എന്ന് പറയുന്ന വ്യക്തി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. എന്റെ അറിവ് പ്രകാരം മണിക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. കീഴാര്‍നെല്ലി അരച്ച് പാലില്‍ കുടിക്കുമായിരുന്നു. ലിവര്‍സിറോസിസ് ആണെന്നോ വൃക്കരോഗം ആണെന്നോ ഒന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

രാമകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ

ഇല്ല. എനിക്കതിന് സമയമില്ല. കല്യാണ പ്രായമായ കൊച്ചുണ്ട്. കേസും കൂട്ടവുമായൊന്നും നടക്കാന്‍ സമയമില്ല.

മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം കരിയറിനെ ബാധിച്ചിട്ടുണ്ടോ?


തീര്‍ച്ചയായും. എന്റെ സ്വന്തക്കാര്‍ തന്നെ വന്ന് സിനിമാ പ്രവര്‍ത്തനം നിര്‍ത്തണം എന്ന് പറഞ്ഞത് ഇതിന് ഉദാഹരണമല്ലേ.  എന്നാല്‍ ഫീല്‍ഡില്‍ നിന്ന് അത്തരമൊരു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാലും ഇത് ബാധിച്ചിട്ടില്ലെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. ഇതിന് ശേഷം അഭിമുഖം നല്‍കിയപ്പോഴെല്ലാം അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഉള്‍പ്പെടെ ഉള്ളവരോട് അഭിപ്രായം ചോദിച്ചിരുന്നു. സിനിമയില്‍ ഉള്ളവരെല്ലാം തന്നെ എന്നെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. മോശം ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഒരു സിനിമ നല്ല ഹിറ്റായി വന്നപ്പോളാണ് വിവാദം. ഇതിന്റെ തിരക്കില്‍പ്പെട്ട് കുറെ സിനിമകള്‍ നഷ്ടമായി.

കലാഭവന്‍ മണി പറഞ്ഞു കേട്ടതിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി എല്ലാം തന്നെ ഒരു അടുപ്പവും ഇഷ്ടവുമുണ്ട്. അതിപ്പോഴുമുണ്ട്. തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും കുടുംബമുണ്ടെന്ന് ആലോചിക്കുന്നത് നല്ലതായിരിക്കും. വിവാദം മൂലമുണ്ടായ നഷ്ടങ്ങള്‍ ഒന്നും തിരിച്ചു കിട്ടുകയില്ല. അത് നഷ്ടങ്ങള്‍ തന്നെ ആകും. പറഞ്ഞത് ശരിയായില്ലെന്ന് രാമകൃഷ്ണന്‍ തന്നെ വന്ന് പറയും. പക്ഷേ അതൊന്നും അന്ന് മാധ്യമങ്ങളാരും പ്രസിദ്ധീകരിക്കാൻ വഴിയില്ല.