കലഹമൊടുങ്ങാതെ യാക്കോബായ സഭ: മെത്രാനെ നീക്കിയും പുനഃസ്ഥാപിച്ചും തുടരുന്ന കിടമത്സരം

നീ നിന്റെ സഹോദരനോട് അന്യായമായി എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ സന്ധ്യ മയങ്ങും മുന്നെ അവനോടു ചെന്ന് നിരപ്പായിട്ടു വരാനും അതിനുശേഷമേ അത്താഴം കഴിക്കാവൂ എന്നും ഉദ്ബോധിപ്പിച്ച ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ തമ്മിലാണ് ഈ വഴക്ക്. അപ്പോസ്തോല പ്രവർത്തികളിൽ പോലും പരാമർശിക്കുന്ന അന്ത്യോഖ്യയിലെ ക്രിസ്തീയ പാരമ്പര്യത്തിന്റെ തുടർച്ച അവകാശപ്പെടുന്ന സഭയാണിതെന്നതാണ് വിധിവൈപരീത്യം. ഇവർ ഇതിലൂടെ എന്തു ക്രിസ്തീയ സാക്ഷ്യമാണ് നൽകുന്നത് എന്ന് അൽമായർക്കൊട്ടു നിശ്ചയവുമില്ല.

കലഹമൊടുങ്ങാതെ യാക്കോബായ സഭ: മെത്രാനെ നീക്കിയും പുനഃസ്ഥാപിച്ചും തുടരുന്ന കിടമത്സരം
കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് യാക്കോബായ സഭയിൽ നടക്കുന്നത്. ഇടുക്കി ഭദ്രാസനാധിപൻ ആയിരുന്ന മോർ ക്ലീമിസിനെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ചുമതലയിൽ നിന്ന് ഒഴിവാക്കിയത് ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്നുവെന്നും ഉള്ളിൽ ഇനിയും പലതും ചീഞ്ഞുനാറുന്നുണ്ടെന്നും തെളിയിക്കുന്നതാണ്, ഇന്നലെ നടന്ന available synodഉം ഇന്നു പാത്രിയാർക്കീസ് ബാവ റദ്ദാക്കിയ സുനഹദോസ് തീരുമാനവും.

അവെയിലബിൾ സിനഡ് എന്നു പറയാൻ കാരണമുണ്ട്. മുമ്പ് രാജ്മോഹൻ ഉണ്ണിത്താൻ സിപിഎമ്മിലെ അവെയ്ലബിൾ പിബിയെ കുറിച്ചു പറഞ്ഞതുപോലെയാണത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവ പുത്തൻകുരിശിലിരുന്നു ഫോണെടുത്തു കറക്കിയാൽ ഓടിവരാവുന്ന അകലത്തിലുള്ള മെത്രാന്മാരെ കൂടിയിട്ടുള്ളൂ. അവർക്ക് കൂടിയിരുന്നു സൊറപറഞ്ഞ് എണീറ്റുപോകാം എന്നല്ലാതെ സഭാഭരണം സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങളെടുക്കാനുള്ള അധികാരമില്ല.

സൊസൈറ്റി ആക്റ്റിൽ രജിസ്റ്റർ ചെയ്ത പുതിയ സഭ

ബാവാകക്ഷി - മെത്രാൻ കക്ഷി പോരിനൊടുവിൽ സുപ്രീം കോടതി വിധിയിൽ നിന്നു ബാവാകക്ഷിയിൽ പെട്ട പള്ളികളെ ‘രക്ഷിക്കാൻ’ വേണ്ടി 2002ൽ ഉണ്ടാക്കിയ പുതിയ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന ഈ പുതിയ സഭയിൽ വിശ്വാസകാര്യങ്ങളിൽ തീരുമാനമെടുക്കാൻ ചുമതലപ്പെട്ട സുനഹദോസ് അഥവാ മെത്രാന്മാരുടെ synod കൂടണമെങ്കിൽ ആകെ മെത്രാന്മാരിൽ മൂന്നിൽ രണ്ടുപേർ ഉണ്ടാവണം. അല്ലാതെ ക്വാറം തികയില്ല. 32 മെത്രാന്മാരുള്ള സഭയിൽ 21 മെത്രാന്മാരെങ്കിലും ഒന്നിച്ചാലേ എന്തെങ്കിലും നടക്കൂ എന്നു സാരം. എന്നാൽ 13 മെത്രാപ്പൊലീത്തമാർ മാത്രം പങ്കെടുത്ത സുനഹദോസ് ആണ് കോട്ടയം ഭദ്രാസനാധിപനായ ഡോ. തോമസ് മാർ തീമോത്തിയോസിനെ തത്സ്ഥാനത്തുനിന്ന് ആറുമാസത്തേക്കു സസ്പെൻഡ് ചെയ്യാനും ഭരണം ശ്രേഷ്ഠ ബാവ നേരിട്ടു നടത്താനും തീരുമാനിച്ചത്. തീരുമാനം ഉടനെ തന്നെ പത്രങ്ങളിൽ എത്തിക്കുകയും ചെയ്തു.

അങ്ങനെ മനോരമ മുതൽ മംഗളം വരെയുള്ള പത്രങ്ങൾ ഇന്ന് സാമ്പത്തിക ക്രമക്കേട് മൂലം കോട്ടയം ഭദ്രാസനാധിപനെ സസ്പെൻഡ് ചെയ്തു എന്ന മട്ടിലുള്ള വാർത്ത പ്രസിദ്ധീകരിച്ചു. മറുനാടൻ മലയാളി ഒരുപടി കൂടി കടന്ന് അദ്ദേഹത്തിനെതിരെ സ്ത്രീവിഷയത്തിൽ പരാതി ഉയർന്നിരുന്നു എന്നും മെത്രാപ്പൊലീത്തയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടായിരുന്നു എന്നും വാർത്തയെഴുതി.

വ്യാഴാഴ്ച സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തര സുന്നഹദോസാണ് മെത്രാപോലീത്തയെ ആറുമാസത്തേക്ക് ചുമതലയില്‍നിന്ന് മാറ്റാനുള്ള തീരുമാനമെടുത്തത്. ഇതിനുള്ള പശ്ചാത്തലവും പറയണം. സഭയിലെ പിളർപ്പ് ഔദ്യോഗികമായതിനു ശേഷം സഭയുടെ പേരിൽ സ്വത്തുക്കളില്ലാതായ പശ്ചാത്തലത്തിൽ സഭയ്ക്ക് വേണ്ടി സ്വത്തുവകകൾ സമ്പാദിക്കാൻ മെത്രാന്മാരെ താത്ക്കാലികമായി അനുവദിച്ചിരുന്നു. എന്നാൽ ഇത് പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്നതായും മെത്രാന്മാരുടെ കുടുംബാംഗങ്ങൾ അംഗങ്ങളാവുന്ന ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും ഒക്കെ പേരിലേക്ക് സ്വത്തുക്കൾ എഴുതുന്നതായും ആരോപണമുണ്ടായി.

ഇതേ തുടർന്ന് ആകമാന സിറിയൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായി 2014ൽ സ്ഥാനാരോഹണം ചെയ്ത ആബൂൻ മാർ ഇഗ്നേഷ്യസ് അഫ്രേം ദ്വിതീയൻ ബാവ, സഭയുടെ മെത്രാന്മാരോടെല്ലാം തങ്ങളുടെ പേരിലും ട്രസ്റ്റുകളുടെ പേരിലും സൊസൈറ്റികളുടെ പേരിലും സമ്പാദിച്ച, സഭയ്ക്ക് അർഹതപ്പെട്ട സ്വത്തുക്കൾ എല്ലാം സഭയുടെ പേരിലേക്ക് എഴുതി നൽകണമെന്ന കല്പന പുറപ്പെടുവിച്ചു. എന്നാൽ വലിയ ഇടയനെ അനുസരിച്ചെന്നു വരുത്തുകയും വേണം, അനുസരിക്കാനൊട്ടു മനസ്സുമില്ല എന്ന മട്ടായിരുന്നു മെത്രാന്മാർക്കു പൊതുവെ.

വിലയാധാരത്തിനു പകരം വിൽപത്രം

ആബൂൻ മോർ തോമസ് പ്രഥമൻ കാതോലിക്ക ബാവയാണ് ആദ്യ തീരുമാനം പ്രഖ്യാപിച്ചത്. തന്റെ സ്വത്തുക്കളെല്ലാം താൻ സഭയ്ക്കായി സമർപ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് എത്ര സ്വത്ത് എന്ന് ചോദിക്കരുത്. അറിയില്ല. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രീഗോറിയോസും പത്രത്താളുകളിൽ സ്വത്തു സഭയ്ക്ക് നൽകി നിറഞ്ഞുനിന്നു. ഇതു സംബന്ധിച്ച മനോരമ വാർത്ത ഇങ്ങനെ പറയുന്നു:

“കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത എന്ന നിലയിൽ സ്വന്തം പേരിലുള്ള 26 വസ്തുവകകളുടെ പിന്തുടർച്ചാവകാശം പിൻഗാമികൾക്കും ഭദ്രാസന കൗൺസിലിനുമായിരിക്കുമെന്ന വിൽപത്രം മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫീസിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് ഭദ്രാസന സമിതികൾ വിളിച്ചു കൈമാറിയത്. ഈ സ്വത്തുക്കളിൽ മെത്രാപ്പൊലീത്തയുടെ കുടുംബാംഗങ്ങൾക്കോ മറ്റാർക്കെങ്കിലുമോ അവകാശം ഉണ്ടാവില്ല. സ്വത്തുക്കൾ കൈമാറിയെങ്കിലും ഭദ്രാസനാധിപൻ എന്ന നിലയിൽ മരട് ഗ്രിഗോറിയൻ ട്രസ്റ്റ് സ്കൂൾ, താബോർ ഹൈറ്റ്സ് ട്രസ്റ്റ് എന്നിവയുടെ മാനേജിങ് ട്രസ്റ്റിയായി അദ്ദേഹം തുടരും. രണ്ടു ട്രസ്റ്റുകളുടെ കീഴിൽ നഗരത്തിലെ ഏഴ് ഏക്കർ സ്ഥലവും സ്വന്തം പേരിൽ വിവിധ സ്ഥലങ്ങളിലായുള്ള ആറ് ഏക്കർ സ്ഥലവും കൈമാറ്റം ചെയ്തവയിൽ ഉൾപ്പെടും.”

അപ്പോൾ സംഗതി അതാണ്. ഒന്നുമുതൽ 26 വരെ നമ്പറിട്ട് തന്റെ സ്വത്തുക്കൾ മുഴുവൻ ലിസ്റ്റ് ചെയ്യുകയും പിന്തുടർച്ചാവകാശം വിൽപ്പത്ര പ്രകാരം തന്റെ പിൻഗാമിക്കാവും എന്ന് വെളിപ്പെടുത്തുകയും മുന്തിയ രണ്ടു ട്രസ്റ്റുകളുടെയും തലപ്പത്ത് തുടരുകയുമാണ് അദ്ദേഹം. തൃപ്പൂണിത്തുറ ഹിൽ പാലസിനടുത്തുള്ള ക്യംതാ സെമിനാരിയോടു ചേർന്ന് ജോർജ്ജിയൻ അക്കാദമി എന്ന സ്ഥാപനവും ഇദ്ദേഹത്തിന്റേതായുണ്ട് എന്ന ആരോപണമുണ്ട്. വിൽപത്രത്തിന് ഒരു സൗകര്യമുണ്ട്. അത് രജിസ്റ്റർ ചെയ്യുന്ന വ്യക്തിക്ക് ആറുമാസത്തിനു ശേഷം എപ്പോൾ വേണമെങ്കിലും അത് റിവോൿ ചെയ്യാം. എന്നിട്ട് പുതിയ വിൽപത്രം രജിസ്റ്റർ ചെയ്യാം. സ്വത്തുക്കൾ നിയമപരമായി എഴുതിക്കൊടുക്കുന്നതും കാലശേഷം അനുഭവം ഇന്നവർക്കാകും എന്നു വില്ലെഴുതി വയ്ക്കുന്നതും ഒരേപോലെയല്ലെന്ന് സാരം. എന്നാൽ പത്രത്തിൽ ആഘോഷമായി വാർത്തവരാൻ ഇത്രമതി.

കുടുംബാംഗങ്ങളെ കുത്തിനിറച്ചും ട്രസ്റ്റ്

ഇതേ വഴി പിന്തുടരാൻ കോട്ടയം ഭദ്രാസനാധിപനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ട്രസ്റ്റ് സംബന്ധിച്ച നിയമങ്ങൾ അതിന് തടസ്സം നിൽക്കുന്നു എന്നായിരുന്നു, അദ്ദേഹത്തിന്റെ നിലപാട്. ഇദ്ദേഹത്തിന്റെ കീഴിൽ പുറ്റടിയിലെ ഹോളിക്രോസ് ട്രസ്റ്റിനു കീഴിലുള്ള കോളജിന്റെ ഉടമസ്ഥത സംബന്ധിച്ചും തർക്കമുണ്ടായി. മോർ തീമോത്തിയോസിന്റെ കുടുംബക്കാരെ കുത്തിനിറച്ച ട്രസ്റ്റ് എന്നതായിരുന്നു, ആക്ഷേപം.

അതോടെ അദ്ദേഹത്തിനെതിരെ അന്വേഷണത്തിനു മൂന്നംഗ കമ്മിഷനെ നിശ്ചയിച്ചു. ആ കമ്മിഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനു വിളിച്ചുകൂട്ടിയ സിനഡിനു മുന്നോടിയായി അനുരഞ്ജനശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കോട്ടയം ഭദ്രാസനാധിപനെ പുറത്താക്കി ഭരണം കാതോലിക്കാ ബാവ ഏറ്റെടുക്കണം എന്നാവശ്യപ്പെടുന്ന, എ4 പേപ്പറിൽ പേനകൊണ്ടെഴുതിയ ഇൻസ്റ്റന്റ് പോസ്റ്ററുകളും പിടിച്ചു കുറച്ചു ചെറുപ്പക്കാർ സിനഡ് യോഗം ചേരുന്ന പാത്രിയാർക്കൽ സെന്ററിനു മുന്നിൽ നിലയുറപ്പിച്ചു. തക്കസമയത്തു തന്നെ പ്രിയങ്ക ചോപ്ര വിവാദവും വന്നെത്തി. അതോടെ സിനഡിൽ തീരുമാനമായി. ആറുമാസത്തേക്ക് തോമസ് മാർ തീമോത്തിയോസിന് സസ്പെൻഷൻ. ഭരണം ശ്രേഷ്ഠ കാതോലിക്ക നേരിട്ടു നടത്തും.

അന്വേഷണ റിപ്പോർട്ട് പൂർണ്ണരൂപത്തിൽ

യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസിനെതിരായ വൈദികരുടെ പരാതികളെ സംബന്ധിച്ച് അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട്

Posted by Narada News Malayalam on 10 June 2016


ചുണ്ണാമ്പു തൊട്ടു നിർത്തിയിരിക്കുന്ന സേവേറിയോസ്

ഇതേ കാരണത്താൽ അടുത്ത കരു വെട്ടാനായി ഒരുക്കി നിർത്തിയിരിക്കുകയുമാണ്. അങ്കമാലി ഭദ്രാസനാധിപൻ സേവേറിയോസ് മെത്രാപ്പൊലീത്തയെ ആണ് ഉന്നമിട്ടിരിക്കുന്നത്. നെടുമ്പാശേരിക്കു സമീപം ഒരു കാൻസർ കെയർ സെന്റർ തുടങ്ങാൻ ഗൾഫിൽ പിരിവിനു ചെന്നപ്പോൾ സ്വത്തുകാര്യം പറഞ്ഞു ചില അൽമായക്കാർ ഇദ്ദേഹത്തെ അപമാനിച്ചുവിട്ടു എന്നാണ് കരക്കമ്പി.  മുമ്പ് ബാവാകക്ഷിയുടെ കേസ് നടത്തി നടന്നിരുന്ന മിലിത്തിയോസിനും അത്താനാസിയോസിനും ഒപ്പം പരുമല പള്ളിയിൽ പോയി 1884ലെ ഭരണഘടനാ പ്രകാരമുള്ള പള്ളിപ്രതിപുരുഷ യോഗത്തിൽ പങ്കെടുത്ത് മെത്രാൻകക്ഷിക്കാരനായി മാറിയശേഷം തിരിച്ചുവന്നതാണ് സേവേറിയോസ്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ശ്രേഷ്ഠ ബാവ കഴിഞ്ഞാൽ ഏറ്റവും സീനിയർ മെത്രാപ്പൊലീത്ത. അന്ന് ബലംപിടിച്ചു മാറിനിന്നിരുന്നെങ്കിൽ അടുത്ത കിരീടാവകാശി.

അത്തരമൊരു കളങ്കമില്ലാത്ത സീനിയർ മെത്രാപ്പൊലീത്ത ആയിരുന്നു തീമോത്തിയോസ്. നിലവിലെ കാതോലിക്ക കാലംചെയ്താൽ സ്വാഭാവികമായും മലങ്കര മെത്രാപ്പൊലീത്തയും കിഴക്കിന്റെ കാതോലിക്കയും ആയി സ്ഥാനമേൽക്കേണ്ടിയിരുന്നയാൾ. അതാണ്, അദ്ദേഹത്തിനെതിരെ ഈ നീക്കം നടക്കാൻ കാരണവും.

പിൻഗാമിയാക്കാൻ സുനഹദോസ് സെക്രട്ടറിയാക്കി

വളരെ നാളുകൾക്കു മുമ്പു തന്നെ തന്റെ പിൻഗാമി ജോസഫ് മാർ ഗ്രീഗോറിയോസ് ആവുമെന്ന പ്രഖ്യാപനം ആബൂൻ തോമസ് പ്രഥമൻ നടത്തിയിരുന്നു. അന്ന് അതു വലിയ വിവാദമായി. തുടർന്ന് അദ്ദേഹം തന്റെ പ്രസ്താവനയിൽ നിന്നു പിന്നാക്കം പോയി. എന്നാൽ അതിനുശേഷമാണ്, കൊച്ചി ഭദ്രാസനാധിപനെ തന്നെ, സിനഡിന്റെ സെക്രട്ടറിയാക്കി അദ്ദേഹം നിയമിച്ചത്. ഈ സാഹചര്യത്തിൽ മാർ തീമോത്തിയോസിന്റെ സീനിയോരിറ്റി മറികടന്ന് മാർ ഗ്രീഗോറിയോസ് തന്നെ മുഖ്യാസനത്തിലേക്ക് എത്തുമെന്ന് പൊതുവിൽ ധാരണയായി. ഇവിടെ നിന്നു തുടങ്ങുന്നു, അടുത്തഘട്ടത്തിലെ അധികാര വടംവലി.

ഭിന്നിച്ചു നേടുന്ന സ്ഥാനവും സ്നേഹവും

അതിശക്തരും ഇടതു രാഷ്ട്രീയബന്ധങ്ങളുണ്ടായിരുന്നവരുമായ മിലിത്തിയോസും അത്താനാസിയോസും കക്ഷി മാറിയതല്ല, അതിനുള്ള അവസരം അന്ന് സീനിയർ മെത്രാപ്പൊലീത്തയായിരുന്ന തോമസ് മാർ ദീവന്നാസ്യോസ് (ഇന്നത്തെ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ) ഒരുക്കിയതാണ് എന്ന വാദമുണ്ട്. വഴക്കവസാനിപ്പിച്ച് സഭ യോജിപ്പിൽ പോകണമെന്നും തനിക്ക് സ്വത്തുവകകളുടെയൊന്നും കൈകാര്യകർതൃത്വം ആവശ്യമില്ലെന്നും അന്ത്യോഖ്യയിലെ കാലംചെയ്ത പരിശുദ്ധ സഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവ പറഞ്ഞതനുസരിച്ചായിരുന്നു, അവർ പരുമലയിലെ പള്ളിപ്രതിപുരുഷയോഗത്തിനെത്തിയത്. എന്നാൽ യോഗം ബഹിഷ്കരിച്ച് പുതിയ ഭരണഘടനയുണ്ടാക്കുകയും ധൃതിപിടിച്ച് പുതിയ സഭ രജിസ്റ്ററാക്കുകയുമാണ് മാർ ദീവന്നാസ്യോസ് ചെയ്തത്. അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് അപ്പച്ചനാണ് അദ്ദേഹം. അത്രമേൽ സ്നേഹവാത്സല്യങ്ങളോടെയാണ് അവർ അദ്ദേഹത്തെ കൊണ്ടുനടക്കുന്നതും.

അതേതായാലും അവിടെ നിൽക്കട്ടെ. അവരിരുവരും ഇപ്പോൾ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയിലെ മെത്രാപ്പൊലീത്തമാരാണ്. സേവേറിയോസ് തിരികെയെത്തുകയും ചെയ്തു. ഏതായാലും ഇവർ പക്ഷം മാറുന്നതിനുമുൻപ് മാർ ദീവന്ന്യാസ്യോസിനെതിരായ പക്ഷത്ത് ഇവർക്കൊപ്പം നിലയുറപ്പിച്ചിരുന്നയാളാണ് മാർ തീമോത്തിയോസ്. അതായത്, മലങ്കരയിലെ യാക്കോബായ സഭയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള ecclesiastical politics തന്നെയാണ് നടക്കുന്നത്.

സിഎസ്ഐ സഭയുമായുള്ള വട്ടിപ്പണക്കേസ് മുതൽ തുടങ്ങുന്നതാണ് മലങ്കരസഭയിലെ വ്യവഹാരങ്ങൾ. മൂന്നു നൂറ്റാണ്ടു കഴിഞ്ഞിട്ടും അതിനൊരറുതിയില്ല എന്നതാണ് കഷ്ടം. നീ നിന്റെ സഹോദരനോട് അന്യായമായി എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ സന്ധ്യ മയങ്ങും മുന്നെ അവനോടു ചെന്ന് നിരപ്പായിട്ടു വരാനും അതിനുശേഷമേ അത്താഴം കഴിക്കാവൂ എന്നും ഉദ്ബോധിപ്പിച്ച ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ തമ്മിലാണ് ഈ വഴക്ക്. അപ്പോസ്തോല പ്രവർത്തികളിൽ പോലും പരാമർശിക്കുന്ന അന്ത്യോഖ്യയിലെ ക്രിസ്തീയ പാരമ്പര്യത്തിന്റെ തുടർച്ച അവകാശപ്പെടുന്ന സഭയാണിതെന്നതാണ് വിധിവൈപരീത്യം.

വിഭാഗീയതയ്ക്ക്ക് ആക്കം കൂട്ടി പാത്രിയാർക്കൽ സന്ദർശനം

തിരികെ വിഷയത്തിലേക്കു വരാം. പാത്രിയാർക്കീസ് ബാവയായി ചുമതലയേറ്റ ശേഷം മാർ അഫ്രേമിന്റെ മലങ്കരസന്ദർശനത്തിനു ചുക്കാൻ പിടിച്ചത്, മാർ തീമോത്തിയോസ് ആയിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ വരവിനു തടയിടാൻ തോമസ് പ്രഥമൻ ബാവ കിണഞ്ഞു ശ്രമിച്ചിരുന്നു എന്നാണ് സഭയിൽ ഒരു വിഭാഗം ആരോപിക്കുന്നത്. അഫ്രേം ദ്വിതീയൻ ഇവിടെയെത്തുക മാത്രമല്ല, ദീർഘകാലമായി നിലനിന്നിരുന്ന ഒരു മുറിവ് ഉണക്കുന്ന പ്രവർത്തിയിൽ ഏർപ്പെടുകയും ചെയ്തു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എന്ന സംഘടനയുടെ തലപ്പത്ത് ഉള്ളതുകൊണ്ടുകൂടിയാവും നവീകരണസഭയായി സ്വയം പ്രഖ്യാപിച്ച് പിരിഞ്ഞുപോവുകയും തുടർന്ന് അന്നത്തെ പാത്രിയാർക്കീസ് മുടക്കുകയും ചെയ്ത മാത്യൂസ് മാർ അത്താനാസിയോസ് വലിയ മെത്രാപ്പൊലീത്തയുടെ പിന്മുറക്കാരായ മാർത്തോമ സഭയുമായി ഒത്തുപോകാനും മാരാമൺ കൺവെൻഷൻ സന്ദർശിച്ച് അനുഗ്രഹപ്രഭാഷണം നടത്താനും അദ്ദേഹം തയ്യാറായി. അവിടേക്കും അദ്ദേഹത്തെ അനുഗമിച്ചത് യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപനായിരുന്നു.

ബിലീവേഴ്സ് ചർച്ചിൽ കണ്ണെറിഞ്ഞ് കാതോലിക്ക 

ഇതേ സമയം തന്നെ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സമാന്തരമായി മറ്റൊരു നീക്കം നടന്നു. മാർത്തോമ്മാ സഭാ വിശ്വാസികൾക്കിടയിൽ സുവിശേഷ പ്രാസംഗികനായി തുടങ്ങുകയും പിന്നീട് സ്വന്തമായി സഭ സ്ഥാപിച്ച്, മെത്രാൻ പട്ടത്തിൽ നിന്നു വിരമിച്ച ഒരു മുൻ സിഎസ്ഐ മെത്രാനിൽ നിന്നു കൈവയ്പ് സ്വീകരിക്കുകയും ചെയ്ത് മെത്രാനായി മാറിയ കെ പി യോഹന്നാൻ എന്ന ബിലീവേഴ്സ് ചർച്ച് സ്ഥാപകനുമായി ചർച്ച നടത്തുകയാണ് അദ്ദേഹം ചെയ്തത്. കാലങ്ങളായി നടക്കുന്ന കേസുകെട്ടുകൾ മൂലം സഭയ്ക്ക് സ്വത്തുവകകൾ കുറവാണ്. അതേ സമയം ബിലീവേഴ്സ് ചർച്ച് ആവട്ടെ, കോടികളുടെ ആസ്തിയുള്ള പുതുതലമുറ സഭയും. ഈ സ്വത്തിലായിരുന്നു, കാതോലിക്ക ബാവയുടെ കണ്ണ് എന്നാണു പറയപ്പെടുന്നത്.

കെ പി യോഹന്നാന് ഇവാഞ്ചലിക്കൽ സഭകളിൽ നിന്ന് വ്യത്യസ്തമായി പാരമ്പര്യം അവകാശപ്പെടുന്ന എപ്പിസ്കോപ്പൽ സഭകൾക്കിടയിൽ കാര്യമായ ബഹുമാനമില്ല. ഇത് ആർജ്ജിക്കുന്നതിന് സിറിയൻ ഓർത്തഡോക്സ് സഭയുമായി കൂട്ടുചേരുന്നതിലൂടെ സാധിക്കും. സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിൽ പ്രത്യേക സഭയായിട്ടാണ് മലങ്കരയിലെ യാക്കോബായ സുറിയാനി സഭ നിലകൊള്ളുന്നത്. ചിങ്ങവനം കേന്ദ്രമാക്കിയുള്ള യാക്കോബായ ക്നാനായ സഭയും ഇങ്ങനെ പ്രത്യേക സഭയുടെ പദവി വഹിക്കുന്നുണ്ട്. ഇതേ പോലെ, വളരെ ലൂസ് ആയിട്ടുള്ള ഒരു ബന്ധത്തിനു പുറത്ത് അന്ത്യോഖ്യാ പാത്രിയാർക്കീസിനെ സഭാതലവനായി അംഗീകരിക്കുന്ന സ്വതന്ത്ര ശീർഷകത്വമുള്ള സഭയായി വരാനായിരുന്നു, കെ പി യോഹന്നാന്റെ ശ്രമം. ഇതിനെതിരെ ഏറ്റവുമധികം എതിർപ്പുയർത്തിയതും ഈ നീക്കത്തിന് പാതിയാർക്കീസ് ബാവയുടെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പാക്കിയതും മാർ തീമോത്തിയോസ് ആയിരുന്നു. കാതോലിക്ക ബാവയും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ച വിഷയമായിരുന്നു, ഇത്.

ഇടവക മെത്രാപ്പൊലീത്തയുടെ അധികാരവും മുകളിൽ നിന്നുള്ള ഇടപെടലും

ഏറ്റവുമൊടുവിൽ ഭദ്രാസനത്തിലെ വൈദികരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് 45-ഓളം പുരോഹിതർ ഭദ്രാസന മെത്രാപ്പൊലീത്തയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തി. മൂന്നുവർഷത്തിലധികം ഒരു പള്ളിയിൽ ഒരു പുരോഹിതനെ വികാരിയായി തുടരാൻ അനുവദിക്കില്ല എന്നതാണ് കോട്ടയം ഭദ്രാസനത്തിലെ നടപ്പുരീതി. ഇതു കർശനമായി നടപ്പാക്കുകയും വൈദികരെ തലങ്ങുംവിലങ്ങും സ്ഥലംമാറ്റുകയും ചെയ്യുന്നു എന്നുള്ളതായിരുന്നു, പരാതി. അതിൽ ഒരു വൈദികന്റെ സ്ഥലംമാറ്റം റദ്ദാക്കാൻ കാതോലിക്ക ബാവ ഇടപെട്ടിട്ടും നടപ്പാക്കാൻ മെത്രാപ്പൊലീത്ത ഉറച്ചുനിന്നു എന്നതും വിഷയമായി.

തുച്ഛമായ ശമ്പളം; താങ്ങാനാവാത്ത ജീവിതച്ചെലവ്

ഈ പരാതിക്ക് മറ്റൊരു പിന്നാമ്പുറം കൂടിയുണ്ട്. ഭദ്രാസനത്തിലെ വൈദികരുടെ പ്രതിമാസ ശമ്പളം നിലവിൽ പതിനായിരം രൂപ മാത്രമാണ്. ഇപ്പോഴത്തെ നിലയ്ക്ക് അതൊന്നിനും തികയില്ല. പള്ളിക്കാർ നൽകുന്ന കൈമുത്തും മാമോദീസ, വിവാഹം, പെരകൂദാശ, തൈലാഭിഷേകം, കബറടക്കം തുടങ്ങിയ അവസരങ്ങളിൽ ഇടവകക്കാർ നൽകുന്ന കൈമടക്കും ഒക്കെക്കൊണ്ടാണ് വൈദികവൃത്തിയല്ലാതെ മറ്റു തൊഴിലുകളൊന്നും ഇല്ലാത്ത പുരോഹിതന്മാർ ജീവിച്ചുപോകുന്നത്. സ്വന്തമായി ജോലിയുള്ള വിദ്യാസമ്പന്നരായ പുരോഹിതന്മാർ മുതൽ ബിസിനസ് നടത്തി സമ്പന്നരായ പുരോഹിതന്മാർ വരെയടങ്ങുന്ന വേറൊരു വിഭാഗവുമുണ്ട്. ഓരോ ഭദ്രാസനത്തിലും പുരോഹിതന്മാരുടെ ശമ്പളം വേറെവേറെയാണ്. എണ്ണായിരം രൂപ മാത്രം ശമ്പളമുള്ള ഭദ്രാസനവുമുണ്ട്. ഏതായാലും കോട്ടയം ഭദ്രാസനത്തിലെ പുരോഹിതന്മാർ തങ്ങളുടെ ശമ്പളം 25000 രൂപ എങ്കിലും ആക്കണം എന്ന ആവശ്യമുന്നയിച്ചു. അച്ചന്മാരുടെ ശമ്പളയിനത്തിൽ 15,000 രൂപ വരെ നൽകാൻ തയ്യാറാണെന്നും എന്നാൽ അതിൽക്കൂടുതൽ ഭദ്രാസനത്തിലേക്ക് അടയ്ക്കാൻ തങ്ങൾക്കു കെല്പില്ലെന്നും അതിനു തക്ക വരുമാനം പള്ളിക്കില്ലെന്നും മിക്ക ഇടവകക്കമ്മറ്റികളും നിലപാടെടുത്തു. ഭദ്രാസന പള്ളിപ്രതിപുരുഷ യോഗത്തിൽ ഈ നിലപാടിനാണ് മേൽക്കൈ കിട്ടിയത്. ഭദ്രാസന മെത്രാപ്പൊലീത്തയും ഈ നിലപാടിനൊപ്പമായിരുന്നു. സ്ഥലം മാറ്റം കൂടിയായപ്പോൾ ഭദ്രാസനാധിപനെതിരെ തിരിയാൻ ഇത്രയും പുരോഹിതന്മാർ തയ്യാറായതിനു പിന്നിൽ അദ്ദേഹത്തിന്റെ ഈ നിലപാടായിരുന്നു എന്ന് പതുക്കെ പറയേണ്ട കാര്യമല്ല. അതേസമയം കൊച്ചി ഭദ്രാസനത്തിലെ മുഴുവൻ വൈദികരും ഒപ്പം നിൽക്കുന്നു എന്നതാണ് ജോസഫ് മാർ ഗ്രീഗോറിയോസിന്റെ ബലം.

ആറ്റാമംഗലത്തെ ഭരണഘടനയും ശവമടക്കും


പ്രിയങ്ക ചോപ്രയുടെ വല്യമ്മ മധു ജ്യോത്സ്ന അഖൗരിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദമാണ് ഏറ്റവുമൊടുവിൽ തീമോത്തിയോസിനെതിരെ ആയുധമായത്. കുമരകം ആറ്റാമംഗലം പള്ളി ഇടവകാംഗമായിരുന്ന മേരി ജോൺ മതംമാറി വിവാഹം കഴിക്കുകയും അതുവഴി ഇടവകാംഗത്വം നഷ്ടമാവുകയും ചെയ്തു എന്നതായിരുന്നു പള്ളിക്കമ്മിറ്റിയുടെ നിലപാട്. സ്വന്തമായി ഭരണഘടനയുള്ള പള്ളിയാണ്, കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് ചർച്ച്. അവിടുത്തെ കാര്യങ്ങളിൽ അവസാനവാക്ക് ഇടവകപ്പൊതുയോഗമാണ്. തന്റെ മാമോദീസ നടന്ന പള്ളിയിൽ തന്നെ കബറടക്കവും നടക്കണം എന്നതായിരുന്നു, അവരുടെ ആശ. രണ്ടുവർഷം മുമ്പ് അവർ ആറ്റാമംഗലം പള്ളി സന്ദർശിക്കുകയും കുമ്പസാരം നടത്തി കുർബാന കൈക്കൊള്ളുകയും ചെയ്തിരുന്നു. ആറ്റാമംഗലം പള്ളിയുടെ ചുവരിൽ കാണുന്ന രാജാരവിവർമ്മ വരച്ച ചിത്രം പോലും അവരുടെ കുടുംബം പള്ളിക്ക് സംഭാവന ചെയ്തതാണ്. പള്ളിയുടെ രൂപകല്പനയിൽ മേരി ജോണിന്റെ പിതാവും പങ്കുവഹിച്ചിരുന്നു. മിശ്രവിവാഹിത ആയിരുന്നെങ്കിലും പള്ളിയിൽ പോകുന്നത് ഒരുകാലത്തും മുടക്കിയിരുന്നില്ല. അവസാനകാലത്ത് സ്ഥിരമായി മുംബയിൽ പള്ളിയിൽ പോകുമായിരുന്നു.

മതം മാറിയ വ്യക്തിയെ കബറടക്കാനാവില്ല എന്ന നിലപാടിൽ ഇടവക കമ്മിറ്റി ഉറച്ചുനിന്നു. ജീവിച്ചിരുന്ന കാലത്ത് അവർ ഇതിനുള്ള അപേക്ഷ നൽകിയിരുന്നില്ലെന്നും അങ്ങനെ പ്രത്യേകമായി അപേക്ഷിച്ചിരുന്നെങ്കിൽ തങ്ങൾ അനുവദിക്കുമായിരുന്നു എന്നുമാണ് പള്ളിക്കമ്മിറ്റിയുടെ ട്രസ്റ്റി ഏബ്രഹാം പി വി എൻഡിടിവിയോടു പറഞ്ഞത്. പ്രിയങ്ക ചോപ്രയല്ല, ഇടവകക്കാരുടെ വിശ്വാസമാണ് പള്ളിക്കു വലുത് എന്ന നിലപാടായിരുന്നു ഇടവക വികാരി, ഫാദർ സൈമൺ മാനുവലിന്റേത്.

അതേസമയം മൃതദേഹം വച്ചു വിലപേശുന്നതിനെതിരായ നിലപാടായിരുന്നു, മാർ തീമോത്തിയോസിന്റേത്. മരിച്ചുപോയ വ്യക്തിയെ കബറടക്കുന്നത് പുണ്യപ്രവർത്തിയാണെന്നും അവർ മതം മാറിയതാണെന്നും ദൂരദേശത്തു വിവാഹം കഴിച്ചുപോയതാണെന്നും പറഞ്ഞ് അതിനുള്ള അവസരം നിഷേധിക്കുന്നത് ക്രൈസ്തവമോ മാനുഷികമോ അല്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു.

ബാവാ-മെത്രാൻ കക്ഷിവഴക്ക് രൂക്ഷമായി നിന്ന് സമയത്ത് പല ഭദ്രാസനങ്ങളിലും ശവസംസ്കാരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോഴും കോട്ടയം ഭദ്രാസനത്തിനു കീഴിലെ പള്ളികളിൽ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തർക്കമുള്ള പള്ളികളിൽ ഭാഗംവച്ചു പിരിയാനുള്ള നടപടികൾ വളരെ നേരത്തെ തന്നെ കൈക്കൊണ്ടിരുന്നു. ഇരുപക്ഷവുമുള്ള പള്ളികളിൽ ഭൂരിപക്ഷമുള്ള വിഭാഗത്തിന് മാതൃദേവാലയം വിട്ടുകൊടുക്കുകയും ന്യൂനപക്ഷ വിഭാഗത്തിന് പള്ളിപണിയാൻ സ്ഥലവും സഹായവും നൽകുകയും ചെയ്യുക എന്ന നിലപാടാണ് അവിടെ കൈക്കൊണ്ടിരുന്നത്. എന്നാൽ ഇവിടെ ഒരു സെലിബ്രിറ്റിയുൾപ്പെടുന്ന പ്രശ്നത്തിൽ അവരുടെ വല്യമ്മയുടെ മൃതദേഹവും വച്ച് വിലപറയുന്ന അനുഭവം ദൗർഭാഗ്യകരമായെന്നും ഒരാളുടെ മരണശേഷമല്ല, അവരോടു വീറും വാശിയും കാണിക്കേണ്ടതെന്നും ഉള്ള നിലപാടായിരുന്നു, മാർ തീമോത്തിയോസ് മുന്നോട്ടുവച്ചത്.

അങ്ങനെയാണ്, പരുമല മാർ ഗ്രീഗോറിയോസ് ട്രസ്റ്റിനു കീഴിലുള്ള പൊൻകുന്നത്തെ സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ ഇടവകാംഗങ്ങളുടെ കൂടി സമ്മതത്തോടെ മേരി ജോണിന്റെ സംസ്കാരം തീമോത്തിയോസിന്റെ പ്രധാന കാർമ്മികത്വത്തിൽ നടത്തുന്നത്. ട്രസ്റ്റുകളുടെ അസ്തിത്വവും ഉടമസ്ഥതയും സംബന്ധിച്ച വിവാദത്തിന് ആക്കം കൂട്ടുന്നതുകൂടിയായിരുന്നു, ഈ തീരുമാനം.

തീമോത്തിയോസിന്റെ 'ബിജെപി ബന്ധം'

തീമോത്തിയോസ് തിരുമേനിക്ക് മുംബയിലടക്കം സ്വത്തുവകകളുണ്ടെന്നും ബിജെപി നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മൂലമാണ്, സഭാതാത്പര്യം ഹനിച്ച് മതംമാറിയ വ്യക്തിയുടെ കബറടക്കം ക്രിസ്തീയ വിശ്വാസപ്രകാരം നടത്താൻ അദ്ദേഹം മുൻകൈയെടുത്തതെന്നും ആക്ഷേപിച്ചാണ് ഇതിനെ മറുവിഭാഗം നേരിട്ടത്. മുമ്പ് പൗരസ്ത്യ മറിയൻ തീർത്ഥാടനകേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം സൂനോറോ കത്തീഡ്രലിൽ പ്രശസ്തമായ എട്ടുനോയമ്പു പെരുന്നാളിനിടെ ഓർത്തഡോക്സ് വിഭാഗം കാതോലിക്ക ബാവ കടന്നുകയറുമെന്നു പറഞ്ഞപ്പോൾ പള്ളി സംരക്ഷിക്കാൻ ആർഎസ്എസുകാർ കാവൽ നിന്ന സംഭവവും ഇതിന് ഉദാഹരണമായി ഇവർ ഉയർത്തി.

വിവിധ കക്ഷിനേതാക്കളുമായി കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ്, മാർ തീമോത്തിയോസ്. പൊതുവേ രാഷ്ട്രീയബന്ധം സമ്പാദിക്കുന്ന മെത്രാന്മാർ ഏതെങ്കിലും ഒരു കക്ഷിയുമായി മാത്രം ഒട്ടിനിൽക്കുമ്പോൾ ബിജെപി, കോൺഗ്രസ്, സിപിഐ(എം) തുടങ്ങിയ പ്രമുഖ പാർട്ടികളുടെയെല്ലാം നേതൃത്വവുമായി നല്ല ബന്ധം പുലർത്തുന്നതിൽ കരുതലോടെ നീങ്ങിയ വ്യക്തികൂടിയായിരുന്നു ഇദ്ദേഹം.

സ്വർഗീയവിരുന്നു പോലെയുള്ള പുതുതലമുറസഭകൾ വെല്ലുവിളി ഉയർത്തുന്ന കോട്ടയത്തെ സവിശേഷസാഹചര്യത്തിൽ ഇത്തരം ബന്ധം ഇദ്ദേഹത്തിന് തുണയായിട്ടുമുണ്ട്. തങ്കു പാസ്റ്ററിന്റെ ഹെവൻലി ഫീസ്റ്റിനെ നേരിടാൻ ആദ്യം കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലിലും പിന്നീട് മണർകാട് പള്ളിയിലും ധ്യാനപ്രസംഗങ്ങൾ ആരംഭിച്ചതോടെ എക്യുമെനിക്കൽ പാതയിലേക്ക് സഭയെ പറിച്ചുനടുകയാണെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. എസ്എൻഡിപി യോഗം കോട്ടയം യൂണിയനും യാക്കോബായ സഭ കോട്ടയം ഭദ്രാസനവും ഒരുമനസ്സോടെ തങ്കുപാസ്റ്ററെ ആക്രമിച്ച ഘട്ടമായിരുന്നു, അത്.

തൂത്തൂട്ടിയിലെ ധ്യാനകേന്ദ്രവും വിവാദങ്ങളും

ഇതിനിടെ തൂത്തൂട്ടിയിൽ സാന്ത്വന ചികിത്സാ കേന്ദ്രം നടത്തിയിരുന്ന പിഎംജി ട്രസ്റ്റിന്റെ നേതൃത്വത്തിൽ സഖറിയാസ് തേറാമ്പിൽ എന്ന പുരോഹിതന്റെ കാർമികത്വത്തിൽ ധ്യാനം തുടങ്ങുകയും ഇദ്ദേഹം സഖറിയാസ് മാർ പീലക്സീനോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായി അഭിഷേഷം ചെയ്യപ്പെടുകയും ചെയ്തതോടെ എതിർപ്പ് രൂക്ഷമായി. ഇടുക്കി ഭദ്രാസനാധിപനായ മാർ ക്ലീമിസിനെ സാമ്പത്തിക ക്രമക്കേട് പറഞ്ഞു നീക്കം ചെയ്തതിനു ശേഷം മാർ പീലക്സീനോസ് ആണ് നിലവിൽ ഇടുക്കി ഭദ്രാസനാധിപൻ. ഇദ്ദേഹത്തിന്റെ കീഴിൽ കോട്ടയം തിരുവഞ്ചൂരിനടുത്തു തൂത്തൂട്ടിയിൽ പുതിയ പള്ളി സ്ഥാപിച്ചതോടെ പഴയ ചാപ്പലിൽ കൂടിയിരുന്ന തണ്ടാശ്ശേരി, പറമ്പുകര, അമയന്നൂർ ഭാഗത്തുള്ള യാക്കോബായ വിശ്വാസികളും ട്രസ്റ്റ് പ്രവർത്തകരും തമ്മിൽ പ്രകടമായ അകൽച്ചയിലാണ്. ധ്യാനകേന്ദ്രത്തിൽ പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസത്തിനു വിരുദ്ധമായ, പെന്തക്കോസ്ത് രീതിയിലുള്ള പ്രാർത്ഥനകൾ നടത്തുന്നു, കത്തോലിക്ക സഭയുടെ വിശുദ്ധരുടെ ചിത്രങ്ങൾ വച്ചാരാധിക്കുന്നു, കൊന്ത ചൊല്ലുന്നു, കല്ലുപാകിയ വഴിയിലൂടെ കുരിശിന്റെ വഴി സംഘടിപ്പിച്ചു, കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ശ്രേഷ്ഠ കാതോലിക്ക ബാവ പ്രാർത്ഥനായജ്ഞം നടത്തിയപ്പോൾ പിന്തുണയർപ്പിച്ച് യൂത്ത് അസോസിയേഷൻ വച്ച ബാനർ മെത്രാൻ ഇടപെട്ട് അഴിച്ചുമാറ്റി, മെത്രാൻകക്ഷിക്കാരായ ആളുകളെ ധ്യാനകേന്ദ്രത്തിന്റെ ഗായകസംഘത്തിലും ട്രസ്റ്റ് ഭരണസമിതിയിലും ഉൾപ്പെടുത്തുന്നു തുടങ്ങിയവയാണ് പരാതികൾ.ഇദ്ദേഹമാണ് ഇംഗ്ലണ്ട്, അയർലണ്ട് അടക്കമുള്ള സ്ഥലങ്ങളിലെ പാത്രിയാർക്കൽ പ്രതിനിധി. ധ്യാനപ്രസംഗത്തിനൊടുവിൽ പാപബോധം ഉണർത്തി വിശ്വാസികളായ സ്ത്രീകളുടെ സ്വർണ്ണവും പണവും കാണിക്കയായി വാങ്ങുന്നു എന്ന ആരോപണവും ഇദ്ദേഹത്തിനെതിരെ ചിലർ ഉയർത്തിവിട്ടിരുന്നു. കോട്ടയം ഭദ്രാസനാധിപന് ഇതുസംബന്ധിച്ച പരാതി നൽകിയെങ്കിലും ഇടപെടുന്നില്ല എന്നും പറയുന്നു.

കോട്ടയം പള്ളിക്കത്തോട്, അരീപ്പറമ്പ് ഭാഗങ്ങളിൽ പടർന്നു കിടക്കുന്ന സമ്പന്നമായ മൊറിയാങ്കൽ കുടുംബാംഗമാണ്, മോർ തീമോത്തിയോസ്. ഇദ്ദേഹത്തെ നീക്കിയ നടപടി പാത്രിയാർക്കീസ് ബാവ സ്റ്റേ ചെയ്യുകയും തൽസ്ഥിതി തുടരാൻ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ താത്കാലിക വിജയം ഇദ്ദേഹത്തിനു കൈവന്നിരിക്കയാണ്. പാത്രിയാർക്കീസ് ബാവ നിയോഗിക്കുന്ന അഞ്ചംഗ കമ്മിഷന്റെ റിപ്പോർട്ടിനെ ആശ്രയിച്ചാകും തുടർനടപടികൾ.

സോഷ്യൽ മീഡിയയിലേക്കു പടരുന്ന യുദ്ധങ്ങൾ

അതേസമയം സഭയിലെ സംഭവവികാസങ്ങളെ ചൊല്ലി ഫേസ്ബുക്കിലും യുദ്ധം മുറുകുകയാണ്. സിറിയൻ ഓർത്തഡോക്സ് ചർച്ച് അൽമായ ഫോറം, ജേക്കബൈറ്റ് വിഷൻ, ഗൂർഗാൻ തുടങ്ങിയ ഫേസ്ബുക്ക് പേജുകൾ പരസ്പരമുള്ള പോർവിളികളാലും അവകാശവാദങ്ങളാലും മുഖരിതമാണ്. വ്യവഹാരപ്രേമം ഈ സഭയിൽ നിന്നു വിട്ടുപോകില്ല എന്നുതന്നെയാണ് ഈ ഗോഗ്വാ വിളികൾ തെളിയിക്കുന്നത്. ഗത്സമനയിൽ മുട്ടുകുത്തിയിരുന്ന്, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ, എങ്കിലും എന്റെയിഷ്മല്ല, അവിടുത്തെ തിരുവിഷ്ടം നിറവേറപ്പെടട്ടെ എന്ന് പിതാവിനോട് അഭ്യർത്ഥിച്ച ക്രിസ്തുവിന്റെ വഴിയെ മുട്ടിപ്പായി പ്രാർത്ഥിക്കാനേ സമാധാനം കാംക്ഷിക്കുന്ന അയ്മേനിക്കു കഴിയൂ.

Read More >>