ഉന്നതരായ ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് ഇനി മുതല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട; സര്‍ക്കുലറുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

ഇതുസംബന്ധിച്ച പ്രത്യേക സര്‍ക്കുലര്‍ (1/2016) ഡിജിപി: ജേക്കബ് തോമസ് പുറപ്പെടുവിച്ചു. ആരോപണങ്ങളില്‍ വിജിലന്‍സിലെ 10 എസ്പിമാര്‍ക്കും 34 ഡിവൈഎസ്പിമാര്‍ക്കും പ്രവര്‍ത്തമേലുദ്യോഗസ്ഥനെ ഫോണില്‍ വിവരമറിയിച്ചശേഷം മിന്നല്‍ പരിശോധന, ത്വരിതാന്വേഷണം, പ്രാഥമികാന്വേഷണം എന്നിവയിലേതു വേണമെന്നു നിശ്ചയിക്കാനും കേസെടുക്കാനും ഇനി അധികാരമുണ്ടാകുമെന്നാണ് സര്‍ക്കുലര്‍ പ്രകാരം ലഭിക്കുന്ന സൂചന.

ഉന്നതരായ ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് ഇനി മുതല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട; സര്‍ക്കുലറുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

വിജിലന്‍സിന് കേസെടുക്കാന്‍ ഇനി സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട. മന്ത്രിമാര്‍, മറ്റു രാഷ്ട്രീയപ്രമുഖര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ രഹസ്യാന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന രീതിയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പൊളിച്ചെഴുതിയത്. സത്യസന്ധമായ അന്വേഷണങ്ങള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം വിജിലന്‍സിന് ആവശ്യമാണെന്ന വ്യക്തമായ ധാരണ മുന്‍നിര്‍ത്തിയാണ് വിജിലന്‍സിന്റെ മുന്നിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ ഡയറക്ടര്‍ തീരുമാനിച്ചിരിക്കുന്നത്.


ഇതുസംബന്ധിച്ച പ്രത്യേക സര്‍ക്കുലര്‍ (1/2016) ഡിജിപി: ജേക്കബ് തോമസ് പുറപ്പെടുവിച്ചു. ആരോപണങ്ങളില്‍ വിജിലന്‍സിലെ 10 എസ്പിമാര്‍ക്കും 34 ഡിവൈഎസ്പിമാര്‍ക്കും പ്രവര്‍ത്തമേലുദ്യോഗസ്ഥനെ ഫോണില്‍ വിവരമറിയിച്ചശേഷം മിന്നല്‍ പരിശോധന, ത്വരിതാന്വേഷണം, പ്രാഥമികാന്വേഷണം എന്നിവയിലേതു വേണമെന്നു നിശ്ചയിക്കാനും കേസെടുക്കാനും ഇനി അധികാരമുണ്ടാകുമെന്നാണ് സര്‍ക്കുലര്‍ പ്രകാരം ലഭിക്കുന്ന സൂചന.

നിലവിലെ വിജിലന്‍സ് അന്വേഷണ രീതിയില്‍ നിന്നുള്ള പൊളിച്ചെഴുത്താണ് പ്രസ്തുത സര്‍ക്കുലര്‍ ഇറക്കിയതിലൂടെ ജേക്കബ് തോമസ് നടത്തിയിരിക്കുന്നത്. നിലവിലെ വിജിലന്‍സ് മാന്വല്‍ പ്രകാരം അഴിമതിക്കാര്‍ക്കെതിരേ അന്വേഷണം നടത്താനും കേസെടുക്കാനും സര്‍ക്കാരിന്റെയോ ഡയറക്ടറുടെയോ അനുമതി ആവശ്യമാണ്. ഉന്നതങ്ങളില്‍ പിടിപാടുള്ള അഴിമതിക്കാര്‍ക്ക് ഈ സാഹചര്യം പലപ്പോഴും രക്ഷപ്പെടാന്‍ പഴുതൊരുക്കാറുണ്ട്. നടപടികളിലെ ഈ കാലതാമസവും അനാവശ്യ ഇടപെടലുകളും ഇല്ലതാക്കാന്‍ ലക്ഷ്യമിട്ടു തന്നെയാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

ജൂണ്‍ നാലിന് പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പിന്‍ബലത്തില്‍ നൂറുകണക്കിന് അഴിമതിക്കേസുകളാണ് വിജിലന്‍സ് എസ്പിമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഉന്നതസ്ഥാനീയര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഡയറക്ടര്‍ മുതല്‍ ആഭ്യന്തര സെക്രട്ടറിവരെയുള്ളവരുടെ അനുവാദം വേണമെന്നിരിക്കേ ഈ നടപടിയിലൂടെ പലപ്പോഴും സാധാരണക്കാര്‍ കുടുങ്ങുകയും വന്‍സ്രാവുകള്‍ വലപൊട്ടിക്കുകയും ചെയ്യും. ഈ രീതി അവസാനിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ തലത്തിലുള്ള അഴിമതിക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനുതകുന്ന നിയമ പരിഷ്‌കരണവുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എത്തിയത്.

യൂണിറ്റ് ഡിവൈഎസ്പിമാര്‍ക്കു ഒരു പരാതി കിട്ടിയാല്‍ നിലവില്‍ അന്വേഷിക്കാന്‍ അധികാരമില്ല. എന് നാല്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം യൂണിറ്റ് ഡിവൈഎസ്പിക്കോ എസ്പിക്കോ പരാതി ലഭിച്ചാല്‍ അതേപ്പറ്റി അന്വേഷിക്കാന്‍ ആരുടെയും അനുമതി ആവശ്യമില്ല. 15 ദിവസത്തിനകം തീരുമാനമുണ്ടാകണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിക്കുന്ന പരാതികള്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് മാനേജര്‍ പരിശോധിച്ചശേഷം ഡയറക്ടര്‍ക്കോ എഡിജിപിക്കോ മാര്‍ക്ക് ചെയ്യണമെന്നും യൂണിറ്റ് ഡിവൈഎസ്പിക്കു നേരിട്ടോ ഡയറക്ടര്‍ മുഖാന്തിരമോ ലഭിക്കുന്ന പരാതികളെക്കുറിച്ചു ഫോണില്‍ മേലുദ്യോഗസ്ഥരെ അറിയിച്ചശേഷം നടപടികളുമായി മുന്നോട്ടുനീങ്ങാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷിക്കുന്ന പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാല്‍ വാട്സ്ആപ് മുഖേനയോ എസ്എംഎസിലൂടെയോ മേലുദ്യോഗസ്ഥനെ അറിയിച്ചശേഷം കേസ് അവസാനിപ്പിക്കുകയും ചെയ്യാം. നയപരമായ കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതാണെങ്കില്‍ സര്‍ക്കാരിന് അയച്ചുകൊടുക്കണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എ്‌നാല്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനശൈലി മനസിലാക്കിയിരിക്കണമെന്നും സര്‍ക്കുലര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

മുമ്പ് ജേക്കബ് തോമസ് വിജിലന്‍സ് എ.ഡി.ജി.പിയായിരിക്കേ സെക്രട്ടേറിയറ്റില്‍ മിന്നല്‍ പരിശോധന നടത്തി ഫയലുകള്‍ പിടിച്ചെടുക്കുകയും ഒരു മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പ്രതികൾ ആരായാലും, എത്ര സ്വാധീനമുള്ളവരായാലും നടപടിക്കു മടിക്കേണ്ടെന്ന സൂചനയാണ് ഈ സര്‍ക്കുലര്‍ വഴി ജേക്കബ് തോമസ് കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുന്നതിലൂടെ വിജിലന്‍സിന്റെ ഭാഗത്തു നിന്നും വരാനിരിക്കുന്ന നടപടികള്‍ കാര്‍ക്കശ്യമേറിയതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.