ഇസ്ലാം എന്നാല്‍ സമാധാനമാണെന്ന് കൈലാസ് സത്യാര്‍ത്ഥി

കുട്ടികളാണ് എല്ലായിടത്തും പ്രധാന ഇരകളാകുന്നത്. അവര്‍ അഭയാര്‍ത്ഥികളാവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.നമ്മളിനിയും കുട്ടികളെ ഇരകളായി തുടരാനനുവദിക്കരുത്. ഓരോ രാജ്യവും രാജ്യത്തെ പൗരന്മാരും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഇസ്ലാം എന്നാല്‍ സമാധാനമാണെന്ന് കൈലാസ് സത്യാര്‍ത്ഥി

യുഎസ്:  ഇസ്ലാമെന്നാല്‍ സമാധാനത്തിന്റെ മതമാണെന്നു സമാധാന നോബേല്‍ സമ്മാന ജോതാവ് കൈലാസ് സത്യാര്‍ത്ഥി. ഇസ്ലാമിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ചെറിയ വിഭാഗത്തിന്റെ നടപടികള്‍ മുസ്ലീം സമൂഹത്തെ മുഴുവന്‍ ദോഷകരമായി ബാധിക്കുന്നുണ്ട്.
മുസ്ലീം സമൂഹത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍  അഭയാര്‍ത്ഥികളായി എത്തുന്നവരെ സ്വീകരിക്കുന്നതുള്‍പ്പെടയുള്ള വിഷയത്തില്‍ പ്രതികൂലമായ നിലപാടെടുക്കാന്‍ കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. സമാധാനവും നീതിയും സ്വാതന്ത്ര്യവും സമത്വവും പഠിപ്പിക്കുന്ന ഖുര്‍ ആനില്‍   ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നതിന് ധാരാളം തെളിവുകളുണ്ടെന്നും കൈലാസ് സത്യാര്‍ത്ഥി പറഞ്ഞു. നോര്‍വീജിയന്‍ നോബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിര്‍ഭാഗ്യവശാല്‍ ചിലരുടെ ഇടപെടലുകളാണ് ഇസ്ലാമിനെ മേശമായി ചിത്രീകരിക്കുന്നത്. ചലര്‍ ഇതു വൈകാരികമായി ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍  രാഷ്ട്രീയ  മുതലെടുപ്പിനു ദുരുപയോഗം ചെയ്യുന്നു. എന്നാല്‍ ലോകത്ത് തന്നെ സമാധാനത്തിന്റെയും മനുഷ്യത്വത്തന്റെയും പ്രതിനിധികളാണ് മുസ്ലീങ്ങള്‍. പല മുസ്്ലിം രാജ്യങ്ങളിലെ ജനങ്ങളും  ഇക്കാര്യങ്ങള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.

ഇന്ന് പലരും മതങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇതുവഴി യുവാക്കളില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യുന്നു. വര്‍ഗീയ വാദം വളര്‍ത്താനും മതത്തെ ഉപയോഗപ്പെടുത്തുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇസ്ലാമിന്റെ പേരില്‍ ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സത്യാര്‍ത്ഥി പറഞ്ഞു.  ഇത്തരം പ്രവണതകളെ നാം എതിര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഞെട്ടിച്ച അഭയാര്‍ത്ഥി പ്രശ്‌നത്തിലെ പ്രധാന  ഇരകളാണ് കുട്ടികള്‍. ഒരു കുട്ടി പോലും അഭയാര്‍ഥി ആയി ഉണ്ടാവരുത്. കലാപത്തിലും സംഘട്ടനങ്ങളിലുമൊന്നും ഒരു കുട്ടി പോലും പ്രയാസപ്പെടാത്ത അവസ്ഥ ഉണ്ടാവണമെന്നും കൈലാസ് സത്യാര്‍ത്ഥി പറഞ്ഞു.

കുട്ടികളാണ് എല്ലായിടത്തും പ്രധാന ഇരകളാകുന്നത്.  അവര്‍ അഭയാര്‍ത്ഥികളാവാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.നമ്മളിനിയും കുട്ടികളെ ഇരകളായി തുടരാനനുവദിക്കരുത്. ഓരോ രാജ്യവും രാജ്യത്തെ പൗരന്മാരും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വീടിന്റെ വാതിലുകളും  രാജ്യാതിര്‍ത്തികളും , നമ്മുടെ ഖജനാവുകളും  എല്ലാത്തിനുമപ്പുറം നമ്മുടെ ഹൃദയങ്ങളും അഭയാര്‍ത്ഥികളായ കുട്ടികള്‍ക്കായി തുറന്നിടണം.മതവും വിശ്വാസവും അതിര്‍ത്തിയും പരിഗണിക്കാതെ കുട്ടികളെ സ്വീകരിക്കണം. ഓരോ കുട്ടികളും നമ്മുടെതാണെന്ന ബോധ്യവും നമുക്കു വേണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സത്യാര്‍ത്ഥി മറുപടി നല്‍കി. പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ലെന്നും ഒരു രാജ്യത്തിലെ പ്രധാന മന്ത്രിയെക്കാള്‍ പതിന്മടങ്ങാണ് സാധാരണ ജനങ്ങളോടുള്ള ധാര്‍മ്മിക ഉത്തരവാദിത്തമെന്നും അദ്ദേഹം വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു