ഡിസ്നി 'സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ മോഷ്ട്ടവായ കഥ'

ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത തിരുവനന്തപുരം സ്വദേശി ഡിസ്നി ജെയിംസ്‌ നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു...

ഡിസ്നി

അടുത്ത് കാലത്ത് പുറത്തിറങ്ങിയ യുവ താരങ്ങള്‍ അണിനിരന്ന ചിത്രമാണ് 'മുത്തുഗൌ". ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചയാളാണ് ഡിസ്നി ജെയിംസ്‌. 'സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ മോഷ്ടാവ്' എന്ന പഞ്ച് ഡയലോഗുമായി ചിത്രത്തിലൂടനീളം നിറഞ്ഞു നില്‍ക്കുന്ന ഡിസ്നി തന്‍റെ സിനിമ വിശേഷങ്ങള്‍ നാരദ ന്യൂസുമായി പങ്ക് വയ്ക്കുന്നു...


  • സിനിമയിലേക്കുള്ള എന്ട്രി...


കോളേജില്‍ പഠിക്കുന്ന കാലത്ത് ചെയ്തിരുന്ന മിമിക്രി പ്രോഗ്രാമുകളും സ്കിറ്റുകളും മറ്റുമാണ് അഭിനയത്തോടുള്ള ആഗ്രഹം മനസ്സില്‍ വളര്‍ത്തിയത്‌. തുടര്‍ന്ന് സംവിധായകരോട് ചാന്‍സ് ചോദിച്ച് നടക്കുന്നത് ഒരു പതിവാക്കി. തിരുവനന്തപുരം ആസ്ഥാനമാക്കിയ ഒട്ടനവധി സംവിധായകരുടെ വീടുകളില്‍ ചാന്‍സ് ചോദിച്ചു ചെന്നിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ട്ടിക്കുന്ന കാലത്ത് എന്റെ ഒരു വിദ്യാര്‍ഥി അണിയിച്ചു ഒരുക്കിയ 'തോന്നിവാസം' എന്ന പേരിലുള്ള ഒരു മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധ നേടിയിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഈ ആല്‍ബത്തില്‍ ഞാനും ഇനിയയുമാണ്‌ അഭിനയിച്ചിരിക്കുന്നത്. അത് പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് ചോദിച്ചു പലരും എന്റെയടുത്ത് വരുന്നത് ഏറെ സന്തോഷമുണ്ടാക്കിയിട്ടുണ്ട്. തുടക്കകാലത്ത് ഭരത് ഗോപി സാറിന്റെ കൂടെ ഒരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അന്ന് ആസെറ്റില്‍ വച്ച് അദ്ദേഹം നല്‍കിയ ഉപദേശങ്ങള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

പിന്നെ എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് പോണ്ടിച്ചേരിയില്‍ ആദിശക്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഞാന്‍ പങ്കെടുത്ത ഒരു ആക്ടിംഗ് വര്‍ക്ക്ഷോപ്പ് ആണ്. അന്തരിച്ച വീണ പാണി ചവ്ല എന്ന ആര്‍ട്ടിസ്റ്റ് ജീവിച്ചിരുന്നപ്പോള്‍  നടത്തിയ ആ വര്‍ക്ക്‌ഷോപ്പ് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. പാര്‍വതി മേനോന്‍ ഒക്കെ ആ വര്‍ക്ക്‌ ഷോപ്പില്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ട്. നമ്മുടെ ശരീരവും മനസ്സും ശബ്ദവും ഒക്കെ പാകപ്പെടുത്തി ഒരു സെല്‍ഫ് ഡിസ്ക്കവറി നടത്താന്‍ 11 ദിവസങ്ങള്‍ നീണ്ട ആ വര്‍ക്ക്‌ഷോപ്പ് സഹായിച്ചു. അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ആരും ആ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കണം എന്ന് ഞാന്‍ പറയും.

ഇതൊക്കെയാണ് സിനിമയിലേക്ക് വരാനുള്ള പ്രചോദനം.

  • ചെറുതെങ്കിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് 'മെമ്മറീസില്‍' താങ്കള്‍ അവതരിപ്പിച്ചത്. ആ റോളിലേക്ക് എത്തിപ്പെട്ടത്...


ആദ്യം അഭിനയിക്കുന്നത് ഹൌസ് നമ്പര്‍ 13 എന്ന ചിത്രത്തില്‍ ആണ്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് മികച്ച ടെക്നീഷ്യന്‍മാരായിരുന്നുവെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.അതിനു ശേഷം 'അന്ധേരി' എന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണ്ണി, ബിയോണ്‍ എന്നിവരോടൊപ്പം മികച്ച ഒരു പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചു. ആ കഥാപാത്രത്തിന്റെ രൂപത്തില്‍ എടുത്ത ഒരു ഫോട്ടോ ജിത്തു ജോസഫിന്റെ കണ്ണില്‍ പെട്ടു. അങ്ങനെ അദ്ദേഹം എന്നെ വിളിക്കുകയും ഞാന്‍ അദ്ദേഹത്തെ പോയി കാണുകയും ചെയ്തു.അങ്ങനെയാണ് ഞാന്‍ മെമ്മറീസില്‍ എത്തുന്നത്. ആ ചിത്രത്തില്‍ ഒരു സീനിലെ പ്രത്യക്ഷപ്പെടുന്നുള്ളൂ എങ്കിലും വളരെ ക്രൂഷ്യല്‍ ആയ ഒരു റോള്‍ ആണ് ലഭിച്ചത്.

  • ഒരു രംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു റോള്‍ അവതരിപ്പിക്കാന്‍ മാനസികമായി ബുദ്ധിമുട്ട് തോന്നിയില്ലേ..?


എന്നോട് ഒരിക്കല്‍ നടന്‍ നെടുമുടി വേണു ചേട്ടന്‍ പറഞ്ഞിട്ടുണ്ട് അറിയപ്പെടാത്ത ഒരു ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് അറിയപ്പെടുന്ന ഒരു ചിത്രത്തില്‍ ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണെന്ന്. മെമ്മറീസിലെ റോളിനെപ്പറ്റി ആദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല. പക്ഷെ വേണുചേട്ടന്‍ പറഞ്ഞ അതെ കാര്യം തന്നെയാണ്  ജിത്തു ജോസഫും എന്നോട് പറഞ്ഞത്. അത് ആലോചിച്ചപ്പോള്‍ പിന്നെ വിഷമം മാറി കഥാപാത്രത്തെ എങ്ങനെ മികച്ചതാക്കാം എന്നതില്‍ മാത്രമായി ശ്രദ്ധ.

  • പ്രിഥ്വിരാജുമൊത്തു അഭിനയിച്ച അനുഭവം എങ്ങനെയായിരുന്നു?


ഒരു സീനിലെ അഭിനയിച്ചുള്ളൂ എങ്കിലും നടന്‍ എന്ന നിലയില്‍ വളരെയധികം ബഹുമാനം എനിക്ക് അദ്ദേഹത്തോട് തോന്നിയിരുന്നു. സീനില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ റിഹേഴ്സല്‍ എടുക്കുമ്പോള്‍ തന്നെ അതേപോലെ അഭിനയിച്ചു കാണിക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് പ്രിഥ്വിരാജ്. കൂടെ അഭിനയിക്കുന്നയാളെ അദ്ദേഹം വളരെയധികം കംഫര്‍ട്ടബിള്‍ ആക്കും. പിന്നെ ആ സീനിന്റെ  ചിത്രീകരണ വേളയില്‍ എനിക്ക് ചെറിയൊരു അപകടം സംഭവിച്ചിരുന്നു. സീനിലെ സ്റ്റണ്ട് ഉപകരങ്ങങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ആളിന്റെ ഭാഗത്ത്‌ നിന്നും സംഭവിച്ച പിഴവ് മൂലമാണ് അപകടം സംഭവിച്ചത്. അത് കണ്ടുകൊണ്ടു നിന്ന പ്രിഥ്വിരാജ് അയാളെ വളരെയധികം ശകാരിക്കുകയും എന്റെ ഭാഗത്ത്‌ നിന്ന് സംസാരിക്കുകയും ചെയ്തു. വെറുമൊരു പുതുമുഖമായ എനിക്ക് വേണ്ടി അദ്ദേഹം അത്രയും ചെയ്തത് എനിക്ക് വളരെയധികം സന്തോഷം ഉണ്ടാക്കിയ അനുഭവമാണ്.

  • തുടര്‍ന്ന് അഭിനയിച്ച 'നോര്‍ത്ത് 24 കാത'ത്തിലെ കഥാപാത്രം വേണ്ടാന്നുവെച്ചശേഷം സംവിധായകന്‍ തിരിച്ചുവിളിച്ചു തന്നതാണെന്ന് കേട്ടിട്ടുണ്ട്. അതേക്കുറിച്ച്...


അതില്‍ ഒരു റെയില്‍വേ ഗാര്‍ഡിന്റെ വേഷമാണ് ചെയ്തത്. ഒരു സീനില്‍ മാത്രമേ ഞാന്‍ വന്നുപോകുന്നുള്ളൂ. ഞാന്‍ ആ ചിത്രത്തിന്റെ ഓടീഷനില്‍ പങ്കെടുത്തിരുന്നു. ഒരു പോലീസ്കാരന്റെ വേഷമാണ് ഞാന്‍ ആദ്യം ചെയ്യാനിരുന്നത്. പക്ഷെ അതിന്റെ സംവിധായകനായ അനില്‍ രാധാകൃഷ്ണന്‍മേനോന്‍ എന്നോട് പറഞ്ഞു ആ വേഷം ഇനിയില്ല. പകരം ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ റോള്‍ ചെയ്യാമോ എന്ന്.  ഓട്ടോ ഡ്രൈവിംഗ് എനിക്ക് അറിയില്ലെങ്കിലും പഠിച്ചുവരാം എന്ന ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു എനിക്കറിയാമെന്ന്. അങ്ങനെ 5 ദിവസത്തോളം ഞാന്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ തയ്യാറെടുത്തു പോയെങ്കിലും മഴ മൂലം ഷൂട്ടിംഗ് നടന്നില്ല. ആറാം ദിവസം എനിക്ക് വീട്ടിലേക്കു പോകേണ്ട ഒരു അത്യാവശ്യം ഉണ്ടായപ്പോള്‍ ഞാന്‍ റോള്‍ വേണ്ടാന്നുവെച്ചു മടങ്ങാന്‍ തുടങ്ങി. സെറ്റില്‍ നിന്നിറങ്ങി ഞാന്‍ ബസ്‌ കയറുന്നതിനു മുന്പായി എനിക്ക് അനില്‍ രാധാകൃഷ്ണന്റെ കോള്‍ വന്നു. ഇപ്പോള്‍ വന്നാല്‍ ഒരു ഗാര്‍ഡിന്റെ കഥാപാത്രം ചെയ്യാമെന്നു. അങ്ങനെ ഞാന്‍ തിരിച്ചുചെന്ന് ആ റോള്‍ ചെയ്തു. അതില്‍ ഒരു സ്റ്റേഷന്‍ മാസ്റ്ററുടെയും ഗാര്‍ഡിന്റെയും രണ്ടു കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. അവ രണ്ടും കൂട്ടിച്ചേര്‍ത്തു ഗാര്‍ഡിന്‍റെ ഒരൊറ്റ കഥാപാത്രമാക്കി മാറ്റി എനിക്ക് തരികയായിരുന്നു.

  • ചുരുങ്ങിയ കാലത്തെ അഭിനയജീവിതത്തില്‍ താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടീനടന്മാര്‍ ആരൊക്കെയെന്നു പറയാമോ?


ഞാന്‍ അഭിനയിച്ച ഓരോ സിനിമകളിലെയും നടീനടന്മാരില്‍ നിന്നും ടെക്നീഷ്യന്‍മാരില്‍ നിന്നുമൊക്കെ ഒരുപാടു പഠിക്കാനുണ്ട് എന്നാണു എനിക്ക് തോന്നുന്നത്. പ്രിഥ്വിയുമോതുള്ള അനുഭവം ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതുപോലെ എന്നും ഇപ്പോഴും എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഷോട്ട് എടുക്കുംവരെ ചിരികളികളുമായി നിന്നിട്ട് ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ ഒരു നിമിഷം കൊണ്ട് കഥാപാത്രമായി മാറുന്നത് ഞാന്‍ അത്ഭുദത്തോടെ നോക്കിനിന്നിട്ടുണ്ട്.  ഓരോ രംഗവും മികച്ചതാക്കാന്‍ എത്രത്തോളം  എഫര്‍ട്ട് കൊടുക്കണം എന്ന്  ഞാന്‍ പഠിച്ചത് ജിലേബിയില്‍ ജയസൂര്യയുടെ ഒപ്പം പ്രവര്‍ത്തിച്ചപ്പോഴാണ്. സത്യന്‍ അന്തിക്കാട്‌ വെറുമൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്നോടുപോലും നല്‍കുന്ന ബഹുമാനവും കരുതലും കണ്ടുപഠിക്കേണ്ടതാണ്. അതുപോലെ തന്നെ വത്സല മേനോന്‍,കെപിഎസി സി ലളിത, നെടുമുടി വേണു, മോഹന്‍ ലാല്‍,അതുല്‍ കുല്‍ക്കര്‍ണി,ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഗോകുല്‍ സുരേഷ്,പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവരൊക്കെ കൂടെ അഭിനയിച്ചവരില്‍ എന്നെ ഏറെ സ്വാധീനിച്ച ആര്‍ട്ടിസ്റ്റുകളാണ്.

  • 'മുദ്ദ്‌ഗൌവിലെ ഗോകുല്‍ സുരേഷുമൊത്തുള്ള അനുഭവങ്ങള്‍ ..


ഒരു പുതുമുഖമാണെങ്കിലും തന്മയത്വത്തോടെയുള്ള പ്രകടനമാണ് ഗോകുല്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അദ്ദേഹം മേരി റോയ്യുടെ സ്കൂളായ പള്ളിക്കൂടത്തിലാണ് പഠിച്ചത്. അവിടെ ഐച്ചിക വിഷയമായി കഥകളി പഠിച്ചതിനാലാവണം അഭിനയത്തിന്റെ ഒരു സ്പാര്‍ക്ക് അദ്ദേഹത്തിന്റെ ഉള്ളില്‍ തുടക്കം മുതലേ കാണപ്പെട്ടു.

  • മുദ്ദ്‌ഗൌവിലെ ഡിസ്നി എന്ന കഥാപാത്രവും സംഭാഷണവും വളരെയധികം ശ്രദ്ധേയമായിരുന്നു. ആ പേരിന്റെയും ഡയലോഗിന്റെയും പിന്നിലുള്ള കഥ എന്താണ്?


ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വളരെ വ്യത്യസ്തമായ പേരുകളാണ് നല്‍കിയിരിക്കുന്നത്. റാംബോ, കുമ്മാരി പുത്തരി തുടങ്ങി വ്യത്യസ്തമായ പേരുകള്‍ ആലോചിച്ചപ്പോള്‍ എന്റെ റോളിന്റെ പേരും ഡിസ്നി എന്നുതന്നെ ഇടാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ പേരില്‍ സ്വതേ ഒരു വ്യത്യസ്തതയുടെ അംശം ഉണ്ടല്ലോ. ചിത്രത്തിലെ എന്റെ ഡയലഗായ " സൌത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ കാര്‍ മോഷ്ടാവ് .." സംവിധായകന്റെ ഭാവനയില്‍ ഉദിച്ചതാണ്‌. ഒരു സംഭവം ആണ് എന്ന് സ്വയം വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഹൈപ് ആയിരുന്നു ആ ഡയലോഗ്.

  • വാണിജ്യ സിനിമളില്‍ ഇപ്പോള്‍ ഒരു സ്ഥിരം സാന്നിധ്യം ആയിട്ടുണ്ട്‌ ഡിസ്നി. എന്നാല്‍ ഡിസ്നി അഭിനയിച്ച കലാമൂല്യമുള്ള ചില ചിത്രങ്ങള്‍ ആര്‍ട്ട് സിനിമ എന്ന ലേബല്‍ ഉള്ളതിനാല്‍ ആളുകള്‍ കാണാതെ പോയിട്ടുണ്ട്. അതേക്കുറിച്ച്...


ഞാന്‍ അഭിനയിച്ച മുഹമ്മദ്‌ റാസി സംവിധാനം ചെയ്ത 'വെളുത്ത രാത്രികള്‍' എന്നചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രം ഒതുങ്ങിപ്പോയ ചിത്രമാണ്. ദേസ്ഥയവസ്കിയുടെ 'വൈറ്റ് നൈറ്റ്സ്' എന്ന നോവലിനെ ആസ്പദമാക്കിയ ചിത്രത്തിലെ എന്റെ പ്രകടനത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു. ഇതേ നോവലിന്റെ അടിസ്ഥാനമാക്കിയാണ് സഞ്ജയ്‌ലീല ബന്‍സാലി 'സാവരിയ' നിര്‍മ്മിച്ചത്. ഇത്ര നല്ലയൊരു ചിത്രം വിതരണം ചെയ്യാന്‍ ആളില്ലാതെ തീയറ്ററുകള്‍ കാണാതെ പോകുന്നതില്‍ വിഷമമുണ്ട്.

  • പുതിയ പ്രോജക്റ്റുകള്‍...


ഞാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്ന 'മുഖപടങ്ങള്‍' എന്ന  ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ഞാന്‍ ഈ ചിത്രത്തില്‍ ചെയ്യുന്നത്.

അതിന്റെ ഒപ്പം ഒരു തിരക്കഥയുടെ കൂടി പണിപ്പുരയിലാണ് ഞാന്‍ ഇപ്പോള്‍ . ഒരു യഥാര്‍ത്ഥ സംഭവത്തെ ബേസ് ചെയ്ത സ്ക്രിപ്പ്റ്റ് ആണ്. പരസ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന എന്റെ സുഹൃത്ത്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പറയാറായിട്ടില്ല.അന്തരിച്ച ഒരു പ്രമുഖ വ്യക്തിയുടെ ജീവിതമായിരിക്കും ചിത്രത്തിന്റെ പ്രമേയം. ഈ വ്യക്തിയുടെ പേര് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. പക്ഷെ അദ്ദേഹം പല സംഭാവനകളും സമൂഹത്തിനു നല്കിയിട്ടുള്ള, ഉന്നതന്മാരുമായി സൗഹൃദം പങ്കിട്ടിരുന്ന വ്യക്തിയാണ്. കുറച്ചു റിസര്‍ച്ച് ആവശ്യമുള്ളതിനാല്‍ തിരക്കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

കൂടാതെ ചില ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരങ്ങളും വന്നിട്ടുണ്ട്. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍...