'കൊ'ച്ചി 'പ'ള്ളുരുത്തിക്കാരന്‍ സുധി കോപ്പ മനസ്സ് തുറക്കുന്നു

2013ല്‍ ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി എത്തിയ 'ആമേനിലെ' സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം സുധിക്ക് മലയാളസിനിമയില്‍ 'ബ്രേക്ക്' സമ്മാനിച്ചു.

2009ല്‍ പുറത്തിറങ്ങിയ മോഹന്‍ ലാല്‍ചിത്രം 'സാഗര്‍ എലിയാസ് ജാക്കി' എന്ന ചിത്രത്തിലൂടെയാണ് സുധി. എസ് എന്ന സുധി കോപ്പ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ചിത്രത്തിലെ വേഷം സുധി എന്ന നടന് വേണ്ടത്ര ശ്രദ്ധനേടി കൊടുത്തില്ല. പിന്നീട് 2013ല്‍ ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി എത്തിയ 'ആമേനിലെ' സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം സുധിക്ക് മലയാളസിനിമയില്‍ 'ബ്രേക്ക്'  സമ്മാനിച്ചു.

അവിടെ നിന്ന് ഇങ്ങോട്ട് ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ച സുധി കോപ്പ നാരദ ന്യൂസിനോട് മനസ്സ് തുറക്കുന്നു...


 • ഒരുപിടി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്റെ പേരിലുമുണ്ട് വ്യത്യസ്ഥത. എന്താണ് പേരിലെ 'കോപ്പ'?


ഞാന്‍ ഒരു കൊച്ചിക്കാരനാണ്. കൊച്ചിയിലെ പള്ളുരുത്തിയാണ് എന്റെ സ്വന്തം സ്ഥലം. കൊച്ചിയുടെ 'കോ'യും പള്ളുരുത്തിയുടെ 'പ'യും എടുത്ത് ഞാന്‍ 'കോപ്പയാക്കി'. കൊച്ചി പള്ളുരുത്തിക്കാരന്‍ സുധി കോപ്പ. സിനിമയില്‍ എത്തുന്നതിന് ഒക്കെ വളരെ മുന്‍പ് ഞാന്‍ ഈ മാറ്റം വരുത്തിയിരുന്നു.

 • സുധി കോപ്പ എങ്ങനെ സിനിമയിലേക്ക് എത്തി?


ചെറുതും വലുതുമായ ഒരുപിടി നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും ഒരു നല്ല സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആയിരുന്നില്ല. എനിക്ക് നാടകം എന്നത് സിനിമയിലേക്കുള്ള ചവിട്ടുപടിയായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ നാടകത്തില്‍ എത്തിയത്. ഒരുപാട് ചാന്‍സ് ചോദിച്ചും സംവിധായകരുടെ വീടുകളില്‍ കയറി ഇറങ്ങിയുമൊക്കെയാണ് സിനിമയില്‍ എത്തുന്നത്.

 • സുധി കോപ്പ ചെയ്തിട്ടുള്ളതെല്ലാം വ്യത്യസ്തമായ വേഷങ്ങളാണ്. ആമേനായാലും, ആട് ആയാലും, യു ടു ബ്രൂട്ടസായാലുമെല്ലാം സുധിയുടെ കഥാപാത്രത്തിന്  വ്യത്യസ്ത സ്വഭാവമാണ്. അതിന് പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടോ?


ഇല്ല. ഒരിക്കലുമില്ല. സംവിധായകന്‍ തരുന്ന കഥാപാത്രത്തെ എന്നെ കൊണ്ടുകഴിയുന്ന വിധം അഭിനയിച്ചു ഫലിപ്പിക്കുകയെന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്നെ തേടി വരുന്ന കഥാപാത്രങ്ങളെ എന്നെ കൊണ്ട് ആവും വിധം മികച്ചതാക്കുകയെന്നത് മാത്രമാണ് എന്റെ ലക്ഷ്യം.

 • കഥാപാത്രത്തിന് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്?


ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്, കഥാപാത്രത്തെ പഠിക്കുക, കഥാപാത്രമായി ജീവിക്കുക എന്നൊക്കെ. അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാവും. പക്ഷെ എനിക്ക് അത് എന്താ എന്ന് അറിയില്ല. നേരത്തെ പറഞ്ഞ പോലെ സംവിധായകന്‍ പറയുന്ന കാര്യം അദ്ദേഹത്തിന് വേണ്ട രീതിയില്‍ അവതരിപ്പിക്കുക എന്ന് മാത്രമേ ഞാന്‍ ചിന്തിക്കാറുളളു.

 • സുധി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?


മലയാള സിനിമയിലെ ഒരു ചെറിയ നടന്‍ മാത്രമാണ് ഞാന്‍. ഞാന്‍ ഇല്ലെങ്കില്‍ ഇവിടെ ഒരു സിനിമയും മുടങ്ങി പോകില്ല. അതുകൊണ്ടു തന്നെ കിട്ടുന്ന കഥാപാത്രങ്ങളെ നല്ലവണ്ണം അവതരിപ്പിക്കുകയെന്നതു മാത്രമാണ് എന്റെ ആഗ്രഹം. അഭിനയ മോഹം കൊണ്ടു മാത്രം സിനിമയില്‍ എത്തിയ ആളായതു കൊണ്ടാവും എന്നെ തേടി വരുന്ന ഏതു വേഷവും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.

 • സുധി എന്ന നടനു  'ബ്രേക്ക്'  തന്ന ചിത്രമേതാണ്?


സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് ഞാന്‍ മലയാള സിനിമ ലോകത്ത് എത്തുന്നത്. ആ ചിത്രത്തില്‍ ഒരു ചെറിയ വേഷമായിരുന്നു. പിന്നീട് ലിജോ ജോസ് പള്ളിശ്ശേരി സംവിധാനം ചെയ്ത ആമേനിലെ 'സെബാസ്റ്റ്യന്‍' എന്ന കഥാപാത്രമാണ് എനിക്ക് ബ്രേക്കായി മാറിയത്. പിന്നീട് വന്ന യു ടൂ ബ്രൂട്ടസ്, ആട്, ഹാപ്പി വെഡിംഗ് എല്ലാം എനിക്ക് പ്രീയപ്പെട്ട വേഷങ്ങള്‍ തന്നെ.

 • വ്യത്യസ്തമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് കൊണ്ടാവും ചിലര്‍ എങ്കിലും സുധിയെ 'മലയാളത്തിലെ ജോണി ഡെപ്പ്' എന്ന് വിളിക്കുന്നത്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?


ഇപ്പോഴും പൂര്‍ണതയുള്ള ഒരുനടനായി ഞാന്‍ മാറിയിട്ടില്ല. ഒരു 'നടന്‍' എന്നു പറയാന്‍ - സ്വയം പറയാന്‍ -എനിക്കിപ്പോഴും സാധിക്കുകയില്ല.  ഇനിയും ഒരുപാടു പഠിക്കാനും വളരാനുമുണ്ട്. ഇംഗ്ലീഷ് സിനിമകള്‍ അധികം കാണുന്ന ഒരാളല്ല ഞാന്‍. ജോണി ഡെപ്പ് ചിത്രങ്ങള്‍ കണ്ടിട്ടുമ്മില്ല.

 • ഇംഗ്ലീഷ് സിനിമകള്‍ അധികം കാണാറില്ലയെന്നു പറഞ്ഞു.  മറ്റു ഭാഷാ ചിത്രങ്ങള്‍ കാണാറുണ്ടോ?


മലയാളം-തമിഴ് ചിത്രങ്ങളാണ് ഞാന്‍ കൂടുതലും കാണുന്നത്. ഹിന്ദി ചിത്രങ്ങള്‍ കാണുന്നത് വിരളമാണ്. ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ഇപ്പോഴും ഭയമാണ്. എന്റെ വേഷങ്ങളില്‍ എന്തൊക്കെയോ കുറവുകളും പിഴവുകളും ഒക്കെയുള്ളതായി എനിക്ക് തോന്നും. കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നും തോന്നാറുണ്ട്. തീയറ്ററില്‍ പോയി എന്റെ സിനിമ കാണാനും എനിക്ക് പേടിയാണ്. പോയാല്‍ തന്നെ എവിടെയെങ്കിലും ഒളിച്ചിരുന്ന് ആരുമറിയാതെ കാണാനാണ് എനിക്കിഷ്ടം.

 • മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ്‌ ജോഡികളുണ്ട്. മോഹന്‍ലാല്‍-ജഗതി മുതല്‍ ഇങ്ങ് നിവിന്‍പോളി- അജു വര്‍ഗീസ്‌ വരെ. ഇവരുടെയിടയിലേക്കാണോ ചെമ്പന്‍ വിനോദ്-സുധികോപ്പ സഖ്യവും കടന്നു വരുന്നത്?


ചെമ്പന്‍ വിനോദ് അതുല്യനായ ഒരു കലാകാരനാണ്. അദ്ദേഹത്തിന്‍റെ കൂടെ സപ്തമശ്രീ തസ്ക്കര, ആട്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഒരു ജോഡിയെന്ന നിലയിലേക്ക് ഒന്നും ഉയര്‍ന്നിട്ടില്ല. ആട് എന്നചിത്രത്തില്‍ ഒരു സീനില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചത്. അദ്ദേഹത്തെ പോലെയൊരു കലാകാരന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതു തന്നെ വലിയ ഭാഗ്യമായാണു ഞാന്‍ കരുതുന്നത്.

 • ചലച്ചിത്ര 'താരമായ' ശേഷം സുധി കോപ്പയ്ക്ക് എന്ത് മാറ്റം വന്നു?


ഒരു ചലച്ചിത്ര താരമാണു ഞാന്‍ എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഇപ്പോഴും വീട്ടിലേക്ക് മണ്ണെണ്ണ വാങ്ങാന്‍ പോകുന്നത് ഞാന്‍ തന്നെയാണ്. പുറത്ത് ഒക്കെ പോകുമ്പോള്‍ ആരെങ്കിലും എന്നെ തിരിച്ചറിഞ്ഞു പിടിച്ചു നിര്‍ത്തി ഫോട്ടോ എടുത്താല്‍ പോലും പേടിയാണ്. "എവിടെയോ കണ്ടിട്ടുള്ള ഒരു നടന്റെ കൂടെ ദ അവന്‍ ഫോട്ടോ എടുക്കുന്നു" എന്ന് ആരെങ്കിലും പറയുമോ എന്ന പേടി എനിക്കുണ്ട്. പിന്നെ പണ്ടത്തെ പോലെയല്ല, പണ്ട് നടന്ന് ഓട്ടോ പിടിച്ചു പോയിരുന്ന ഞാന്‍ ഇന്ന് ഊബറും ഒലയും ഒക്കെ പിടിച്ചു പോകും. അത്രയൊക്കെ തന്നെ...

 • സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനങ്ങളെ പലപ്പോഴും വിവാദങ്ങള്‍ ബാധിക്കാറുണ്ട്...


സിനിമ താരങ്ങളും മനുഷ്യരാണ്. അവര്‍ക്കും അവരവരുടെതായ നിരീക്ഷണങ്ങളും വീക്ഷണങ്ങളുമുണ്ട്. അതിനെ കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. എനിക്കും എന്റെതായ രാഷ്ട്രീയമുണ്ട്. അത് എന്നെ അടുത്ത് അറിയുന്നവര്‍ക്ക് അറിയാം.

 • സുധിയുടെ ഇനി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെ?


ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'ദം' എന്ന ചിത്രത്തിലാണ്. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. എന്നെ കൂടാതെ നെല്‍സന്‍, ബാസ്റ്റിന്‍, ഫെലിക്സ് തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'രമണിയേച്ചിയുടെ നാമത്തിൽ' എന്ന ഹ്രസ്വചിത്രത്തിന്‍റെ അണിയറക്കാർ ഒരുക്കുന്ന 'കവി ഉദ്ദേശിച്ചത്' എന്ന ആസിഫ് അലി ചിത്രമാണ് മറ്റൊന്ന്. ലിജു തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിജു മേനോന്‍-അസീഫ് അലി ജോഡിയുടെ 'അനുരാഗ കരിക്കിന്‍ വെള്ള'മാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. 'ഹാപ്പി വെഡിംഗ്', 'ഒരു മുറൈ വന്ത് പാര്‍ത്തായ' തുടങ്ങിയ ചിത്രങ്ങള്‍ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു.