വീടോ ശൗചാലയമോ ഇല്ലാത്ത ആദിവാസികള്‍ക്ക് നടക്കാന്‍ ഇന്റര്‍ലോക്ക് പാകിയ വഴികള്‍; ആദിവാസി ഊരുകളില്‍ ടൈല്‍സ് പാകി അധികൃതര്‍ നടത്തിയത് കോടികളുടെ അഴിമതി

വൃത്തിയുള്ള വഴികളല്ല, കയറിക്കിടക്കാന്‍ ഒരു വീടാണ് വേണ്ടെതെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടിട്ടും ഇന്റലോക്ക് ചെയ്തശേഷം വീടുകളുടെ പണിതുടങ്ങാമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്റര്‍ലോക്കിന്റെ പണി കഴിഞ്ഞതോടെ നല്‍കിയ വാഗ്ദാനം അങ്ങനെതന്നെ അവശേഷിക്കുകയും ചെയ്തു. സമഗ്ര കോളനി വികസന പദ്ധതിയില്‍ വീട് നിര്‍മാണം ഉള്‍പ്പെടുത്തിയിട്ടില്ലെന്നു വയനാട് ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഫണ്ട് തട്ടിപ്പിനായി മാത്രം തട്ടിക്കൂട്ടിയെടുത്ത ഒരു പദ്ധതിയായിരുന്നു 'ഇന്റര്‍ലോക്ക് വികസന'മെന്നുള്ളതാണ് ഇതിലൂടെ തെളിയുന്നത്.

വീടോ ശൗചാലയമോ ഇല്ലാത്ത ആദിവാസികള്‍ക്ക് നടക്കാന്‍ ഇന്റര്‍ലോക്ക് പാകിയ വഴികള്‍; ആദിവാസി ഊരുകളില്‍ ടൈല്‍സ് പാകി അധികൃതര്‍ നടത്തിയത് കോടികളുടെ അഴിമതി

കയറിക്കിടക്കാന്‍ മേല്‍ക്കൂര മറഞ്ഞ ഒരു വീടോ കുടിക്കാന്‍ ശുദ്ധവെള്ളമോ പ്രഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു കക്കൂസോ പോലുമില്ലാത്ത വീടുകള്‍. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. കാലത്തൊഴുത്തിനേക്കാള്‍ ദയനീയമായ കൂരകള്‍ക്ക് മുന്നിലൂടെ കടന്നുപോകുന്ന വഴികളില്‍ പക്ഷേ ലക്ഷങ്ങള്‍ ചെലവിട്ട് ഇന്റര്‍ലോക്ക് പാകിയിരിക്കുന്നു. ദരിദ്രരായ ആദിവാസികള്‍ക്ക് ആഹാരവും കുടിവെള്ളവും നല്‍കാതെ ഇന്റര്‍ലോക്ക് ടൈല്‍സ് പാകിക്കൊടുത്ത് അധികൃതര്‍ നടത്തിയത് കോടികളുടെ അഴിമതിയാണെന്നാണ് റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാകുന്നത്.


വയനാട് വേങ്ങപ്പള്ളി മാടക്കുന്ന് ഒന്നാം വാര്‍ഡിലെ ഒരുമ്മല്‍ പണിയ കോളനിവാസികള്‍ക്കിടയിലാണ് സര്‍ക്കാരിന്റെ തലതിരിഞ്ഞ ഇന്റര്‍ലോക്ക് വികസനം നടപ്പിലായത്. ഇന്റലോക്ക് പാകി വഴികള്‍ മോടി പിടിപ്പിച്ച കോളനിയില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു കക്കൂസ് പോലുമില്ലെന്നുള്ളതാണ് സത്യം. കുട്ടികളും മുതിര്‍ന്ന സ്ത്രീകളുമടക്കം 150 പേരാണ് ഈ കോളനിയില്‍ താമസിക്കുന്നത്. കോളനിക്കുള്ളില്‍ രണ്ട് കിണറുകളുണ്ടെങ്കിലും അതില്‍ ഒന്നില്‍ മലിനജിലമായതിനാല്‍ അത് ഉപയോഗിക്കുന്നില്ല. മേല്‍ക്കൂര പഴകി നാശോന്മുഖമായ കോളനികളിലെ വീടുകളുടെ സ്ഥിതി മഴക്കാലമായാല്‍ ദയനീയമാകും. പ്ലാസ്റ്റിക് ഷിറ്റുകള്‍ കെട്ടി മഴയെ ചെറുത്ത് ജീവിക്കുന്നവര്‍ക്ക് ഇന്റര്‍ലോക്ക് വികസനം നല്‍കി കോടികള്‍ മുക്കുകയാണ് ഉദ്യോഗസ്ഥര്‍.

വൃത്തിയുള്ള വഴികളല്ല, കയറിക്കിടക്കാന്‍ ഒരു വീടാണ് വേണ്ടെതെന്ന് കോളനിവാസികള്‍ ആവശ്യപ്പെട്ടിട്ടും ഇന്റലോക്ക് ചെയ്തശേഷം വീടുകളുടെ പണിതുടങ്ങാമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. എന്നാല്‍ ഇന്റര്‍ലോക്കിന്റെ പണി കഴിഞ്ഞതോടെ നല്‍കിയ വാഗ്ദാനം അങ്ങനെതന്നെ അവശേഷിക്കുകയും ചെയ്തു. സമഗ്ര കോളനി വികസന പദ്ധതിയില്‍ വീട് നിര്‍മാണം ഉള്‍പ്പെടുത്തിയിട്ടില്ലെന്നു വയനാട് ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഫണ്ട് തട്ടിപ്പിനായി മാത്രം തട്ടിക്കൂട്ടിയെടുത്ത ഒരു പദ്ധതിയായിരുന്നു 'ഇന്റര്‍ലോക്ക് വികസന'മെന്നുള്ളതാണ് ഇതിലൂടെ തെളിയുന്നത്.

ഒരുമ്മല്‍ കോളനിയില്‍ മാത്രമല്ല, വെള്ളമുണ്ട പഞ്ചായത്തിലെ രണ്ട് കാട്ടുനായ്ക്ക കോളനികളിലും തലതിരിഞ്ഞ ഇന്റര്‍ലോക്ക് വികസനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഒന്നരക്കോടിയിലധികം രൂപ ചെലവിട്ട് നടത്തിയ തലതിരിഞ്ഞ വികസനത്തിന്റെ പ്രയോജനം ഒരുവര്‍ഷം പിന്നിട്ടിട്ടും കോളനി നിവാസികള്‍ക്ക് അനുഭവിക്കാനായിട്ടില്ല എന്നുള്ളതാണ് വാസ്തവം.

വെള്ളമുണ്ടയിലെ മംഗലശേരി, വാളാരംകുന്ന് കാട്ടുനായ്ക്ക കോളനികളിലേക്കുള്ള റോഡുകളാണ് ഇന്റര്‍ലോക്ക് ടൈല്‍ പാകിയത്. വെള്ളമുണ്ട ടൗണില്‍ നിന്നും മംഗലശേരി കാട്ടുനായ്ക്ക കോളനിയിലേക്കുള്ള അഞ്ച് കിലോമീറ്ററില്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് ഗതാഗത യോഗ്യമാക്കിയിട്ടുള്ളത്. ബാക്കി വരുന്ന മൂന്ന് കിലോമീറ്ററില്‍ കോളനിയോട് ചേര്‍ന്ന 1.27 കിലോമീറ്റര്‍ ദൂരമാണ് 2015 ല്‍ ഇന്റര്‍ലോക്ക് ചെയ്തത്. ഇതിനിടയിലുള്ള ഒന്നര കിലോമീറ്റര്‍ ഭാഗം ഗതാഗതയോഗ്യമല്ലാതെ തകര്‍ന്നിരിക്കുകയാണെന്നുള്ളതാണ് മറ്റൊരു സത്യം. ഇന്റര്‍ലോക്ക് പതിച്ച ഭാഗങ്ങളില്‍ ഓവുചാലുകള്‍ പോലുള്ള കാര്യങ്ങള്‍ നിര്‍മ്മിക്കാത്തതിനാല്‍ നിര്‍മിക്കാത്തതിനാല്‍ മഴക്കാലത്ത് വെള്ളമൊഴുകി കാല്‍നടയാത്രയും ദുഷ്‌കരമായിരിക്കുകയാണ്. ഫണ്ട് സ്വന്തമാക്കുകയെന്നതില്‍ കവിഞ്ഞ് വികസനങ്ങള്‍ക്ക് യാതൊരു പ്രാമൂഖ്യവും നല്‍കിയിട്ടില്ലെന്നുള്ളത് ഇതിലൂടെ വ്യക്തമാണ്.

വാളാരംകുന്ന് കോളനിയിലെ ആറ് കുടുംബങ്ങള്‍ക്ക് ഇപ്പോഴും വാസയോഗ്യമായ വീടോ ടോയ്ലറ്റോ ഇല്ല. ഈ കോളനിയിലേക്കും 1.7 കിലോമീറ്റര്‍ ദൂരം പാതകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിപ്പിക്കാന്‍ 83.37 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പ്രസ്തുത കോളനിയിലെ പണിയ കുടുംബങ്ങള്‍ക്ക് വീടും കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കു ടോയ്ലറ്റുകളും ഇല്ല എന്നുള്ളതും ഇന്റലോക്ക് അഴിമതിയുടെ ആഴം എടുത്തുകാണിക്കുന്നു.

വയനാട്ടിലെ 30 കോളനികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2015-16 വര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പ് സമഗ്ര കോളനി വികസന പദ്ധതി പ്രകാരം ആവിഷ്‌ക്കരിച്ച ഇന്റര്‍ലോക്ക് വികസനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന ഏജന്‍സിയാണ് നടപ്പാക്കിയത്. 30 കോളനികളില്‍ തലതിരിഞ്ഞ വികസനം നടപ്പാക്കാന്‍ ഏകദേശ 30 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി ഒരുമ്മല്‍ കോളനിയില്‍ ഇന്റര്‍ലോക്ക് പാകാന്‍ 96 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഒരുമ്മല്‍ കോളനിയില്‍ ആകെയുള്ള 73 സെന്റ് സ്ഥലത്ത് 27 വീടുകളാണുള്ളത്. വേറെ വീടുനിര്‍മ്മിക്കാന്‍ ഇവിടെ ഇനി സ്ഥലവും ബാക്കിയില്ല. കോളനിയില്‍ സ്ഥല പരിമിതിയുണ്ടെന്ന കാര്യം മറച്ചുവെച്ച് വീടുകളുടെ മുറ്റത്ത് ഇന്റര്‍ലോക്ക് പാകാനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കുകയായിരുന്നു.

ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ചത് തിരുവനന്തപുരത്ത് നിന്നും നേരിട്ടാണെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളേയോ വാര്‍ഡ് അംഗത്തെയോ ഐടിഡിപി ഓഫീസറെയോ പ്രസ്തുത പദ്ധതിയെക്കുറിച്ച് യാതൊരു വിവരവും അറിയിച്ചിരുന്നില്ല. ഇവിടെയുള്ള കുടുംബങ്ങളെ മറ്റു സ്ഥലങ്ങളിലേക്കു പുനരധിവസിപ്പിച്ച് വീട് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്വയനാട് ജില്ലാ ഐടിഡിപി ഓഫീസര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇന്റര്‍ലോക്ക് പാകിയ 96 ലക്ഷം രൂപ പാഴാകുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.