റിയോ ഒളിമ്പിക്‌സ്: ഇന്ത്യൻ ടെന്നീസിലെ വിവാദങ്ങൾ

എന്താണ് ഇന്ത്യൻ ടെന്നീസിലെ വിവാദങ്ങൾ. എടിപി സർക്യൂട്ടിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ഇന്ത്യൻ ഡബിൾസ് കളിക്കാർ സാനിയ, ലിയാണ്ടർ, ബോപണ്ണ, ഭൂപതി എന്നിവരായിരുന്നു. ഇന്ത്യക്ക് രണ്ട് ഡബിൾസ് മിക്‌സഡ് ഡബിൾസ് ടീമുകളെ അയക്കാനും സാധിക്കുമായിരുന്നു. പേസും ഭൂപതിയും ബോപ്പണ്ണയും ആദ്യ ഇരുപത് റാങ്കുകളിൽ ഉള്ളതിനാലായിരുന്നു അത്. എന്നാൽ ഭൂപതിയും ബോപ്പണ്ണയും പേസുമായി കളിക്കില്ലെന്ന് പരസ്യമായി പ്രസ്താവിച്ചതോടെ അസോസിയേഷൻ വെട്ടിലായി. രാജേഷ് പരമേശ്വരൻ എഴുതുന്നു

റിയോ ഒളിമ്പിക്‌സ്: ഇന്ത്യൻ ടെന്നീസിലെ വിവാദങ്ങൾ

രാജേഷ് പരമേശ്വരൻ 

ലണ്ടൻ ഒളിമ്പിക്‌സിന് ശേഷം വീണ്ടും ഒരു ടെന്നീസ് ടീം വിവാദം കൂടെ ഇന്ത്യൻ ടെന്നീസിൽ പുകയുന്നു. ലിയാണ്ടർ പേസ് തന്റെ ഒൻപതാം ഒളിമ്പിക്‌സ് കളിക്കാൻ ഒരുങ്ങുമ്പോൾ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ലിയാണ്ടറോടുള്ള അതൃപ്തി ആ മോഹത്തിന് തടയിടുമോ എന്നാണ് കായികലോകം ഉറ്റുനോക്കിയത്. രോഹൻ ബോപ്പണ്ണ നേരിട്ട് പ്രവേശനം നേടിയതോടെയും ലോക റാങ്കിംഗിൽ 125 ആം സ്ഥാനത്തുള്ള സാകേത് മൈനെനിയെ ബോപണ്ണ നാമനിർദ്ദേശം ചെയ്തു എന്ന വാർത്തകൾ പുറത്ത് വന്നതോടെയും ഊഹാപോഹങ്ങൾ സജീവമായി. എന്നാൽ പേസ് - ബൊപ്പണ്ണ ടീമിനെ തിരഞ്ഞെടുത്ത ടെന്നീസ് അസോസിയേഷൻ എല്ലാ ചോദ്യങ്ങൾക്കും വിരാമമിട്ടു.


2012 ലണ്ടൻ ഒളിമ്പിക്‌സ്മിക്‌സഡ് ഡബിൾസ് ഭൂപതിയുമായി കളിയ്ക്കാൻ സാനിയ താൽപ്പര്യം കാണിച്ചതോടെ പേസിനോടുള്ള മറ്റ് ഇന്ത്യൻ താരങ്ങളുടെ എതിർപ്പ് മറ നീക്കി പുറത്തുവന്നു. ലിയാണ്ടർ ആയിരുന്നു അന്ന ഏറ്റവും ഉയർന്ന റാങ്കുള്ള കളിക്കാരൻ. ATP/WTA തലത്തിൽ ഇന്ത്യൻ താരങ്ങൾ മറ്റ് വിദേശതാരങ്ങളുമായി ചേർന്നാണ് കളിക്കുന്നത്, അതിനാൽ തന്നെ ഒളിമ്പിക്‌സിന് മാത്രമായി ഉണ്ടാക്കുന്ന ടീമുകൾക്ക് മികവ് പുലർത്തൽ അസാധ്യമായിരിക്കും. എന്തായാലും സാനിയയുടെ താല്പ്പര്യങ്ങൾ ബലികൊടുത്ത് ഒത്തുതീർപ്പിലെത്തി അസോസിയേഷൻ. സിംഗിൾസിലും ഡബിൾസിലും വർഷങ്ങളോളം ഇന്ത്യയുടെ ഒന്നാം നമ്പർ താരമായ സാനിയയെ ഒരു ഒത്തുതീർപ്പ് കണ്ണിയായി ഉപയോഗിച്ചത് ഒരുപക്ഷെ, സ്ത്രീകൾക്കൽപ്പം താഴ്ന്നാലെന്താ എന്നാ ഇന്ത്യൻ യുക്തിയുടെ സാന്നിധ്യം സ്‌പോർട്ട്‌സിലും വ്യത്യസ്തമല്ല എന്ന് കാണിക്കുന്നതായി.

ഭൂപതിയുടെയും പെസിന്റെയും ആവശ്യങ്ങൾ നടന്നു, പേസ് വിഷ്ണുവർദ്ധനുമായി പുരുഷ ഡബിൾസിലും സാനിയയുമായി മിക്‌സഡ് ഡബിൾസിലും പങ്കെടുക്കാൻ ധാരണയായി, ഭൂപതി - ബൊപ്പണ്ണ സഖ്യവും പേസ് - വിഷ്ണുവർധൻ സഖ്യവും രണ്ടാം റൌണ്ടിൽ പുറത്തായി. രണ്ടാം സീഡായ സോംഗ - ലോദ്ര സഖ്യത്തോട് പേസ് സഖ്യം പൊരുതി തോറ്റപ്പോൾ സീഡ് ചെയ്യപ്പെടാത്ത ഗാസ്‌കെ - ബെന്നറ്റോ സഖ്യം അനായാസം നേരിട്ടുള്ള സെറ്റിൽ ഭൂപതി - ബോപ്പണ്ണ സഖ്യത്തെ കീഴടക്കി. ഇന്ത്യക്ക് മെഡൽ ഒന്നും കിട്ടിയില്ലെങ്കിലും പ്രമുഖതാരങ്ങൾക്ക് ഇഷ്ടപ്രകാരം പങ്കാളികളെ കിട്ടിയെന്ന് ആശ്വസിക്കാം. ഭൂപതിയുടെ പത്ത് ഗ്രാന്റ്സ്ലാം ഫൈനലുകളിൽ ആറും ലിയാണ്ടർ പങ്കാളി ആയപ്പോഴായിരുന്നു. ഒളിമ്പിക്‌സ് വർഷത്തിൽ മിക്‌സഡ് ഡബിൾസ് കിരീടം നേടിയത് സാനിയയോടോപ്പവും. എന്നാൽ അതിനെ വകവെക്കാതെ പെസുമായി കളിക്കില്ല എന്ന നിർബന്ധബുദ്ധിക്ക് ഭൂപതി വഴങ്ങിയപ്പോൾ ഇന്ത്യക്ക് നഷ്ടമായത് ഒന്നോ രണ്ടോ മെഡലുകളും.

2016 റിയോ ഒളിമ്പിക്‌സ്

ഇന്ന് സ്ഥിതി അൽപ്പം വ്യത്യസ്ഥമാണ്. മഹേഷ് ഭൂപതി പങ്കാളികളില്ലാതെ ഏതാണ്ട് വിരമിച്ച പോലെ തുടരുന്നു. പേസ് ഡബിൾസിൽ പഴയ നേട്ടങ്ങളുടെ നിഴൽ മാത്രം. ബോപ്പണ്ണ നല്ല ഫോം നിലനിർത്തുന്നു. മെർജിയയുമായുള്ള കൂട്ടുകെട്ട് ഈ വർഷത്തെ ഡബിൾസ് റേസിൽ ആറാമത് നിൽക്കുന്നു.ലിയാണ്ടർ വ്യക്തിഗത റാങ്കിംഗിൽ 46 ആമതാണ്. സാകേതിന്റെ പ്രകടനം ഈ വർഷം മികച്ചതാണ് , എന്നാൽ ലിയാണ്ടറിന് പകരമാകുമോ എന്ന് കണ്ടുതന്നെ അറിയണം. എന്തായാലും സാനിയ വനിതാ ഡബിൾസിലും മിക്‌സഡ് ഡബിൾസിലും ലോകനിലവാരത്തിലുള്ള സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്നു. അതിനാൽ സാനിയയുടെ ആവശ്യങ്ങൾ അവഗണിക്കുക പ്രയാസമാകും. ഇന്ത്യൻ പുരുഷ ടെന്നീസിൽ ലിയാണ്ടറിന്റെ സ്ഥാനത്തിന് സമാനമാണ് സാനിയയുടെത്. സാനിയയുടെ തീരുമാനം ബഹുമാനിക്കണം എന്നത് ന്യായമെങ്കിലും ബോപ്പണ്ണയേക്കാൾ മികച്ച മിക്‌സഡ് ഡബിൾസ് റെക്കോർഡ ഉള്ള പേസിനെ പങ്കാളിയാക്കാതിരിക്കുന്നത് ബുദ്ധിശൂന്യതയായേക്കാം. ഡബിൾസിലും മിക്‌സഡ് ഡബിൾസിലും ഒഴിവാക്കപ്പെട്ടാൽ പേസിന്റെ റിയോ സ്വപ്നം തകർന്നു വീണേക്കാം. കരിയർ ഡബിൾസ് - മിക്‌സഡ് ഡബിൾസ് ബഹുമതി നേടിയ , സിംഗിൾസ് വെന്കലമെഡൽ നേടിയ ഒരുപാട് ഡേവിസ് കപ്പ് വിജയങ്ങൾ സമ്മാനിച്ച പേസ് എന്നാ പ്രതിഭയെ ഒഴിവാക്കിയ ഒരു ഒളിമ്പിക് ടീമായിരിക്കുമോ ഇന്ത്യ റിയോയിലെക്കയക്കുന്നത് എന്ന് കാത്തിരുന്നു കാണാം.

എന്തുകൊണ്ട് പേസ് ഒറ്റപ്പെടുന്നു?

ഡേവിസ് കപ്പിലും ഒളിമ്പിസ്‌കിലും ഏഷ്യൻ ഗെയിമ്‌സിലുമെല്ലാം ഇന്ത്യയുടെ മറ്റ് താരങ്ങൾ എന്തുകൊണ്ട് പെസിനോപ്പം കളിക്കാൻ വിസമ്മതിക്കുന്നു എന്നത് ഇന്ത്യൻ ടെന്നീസിലെ ഏറ്റവും വലിയ ദുരൂഹതകളിൽ ഒന്നാണ്. 1999 ൽ എല്ലാ ഗ്രാൻസ്ലാമുകളിലും ഫൈനൽ കളിച്ച പേസ് ഭൂപതി സഖ്യം അന്താരാഷ്ട്ര ടെന്നീസിലെ മികച്ച ജോടികളിൽ ഒന്നായിരുന്നു. എന്നിട്ടും ആ കൂട്ടുകെട്ട് തകർന്നു. ഇനിയൊരിക്കലും ഒരുമിച്ച് കളിക്കില്ലെന്ന് പറയുന്ന ഒരു വൈരത്തിലെക്കാണ് ആ കൂട്ടുകെട്ട് ചെന്നെത്തിയത്. പിന്നീട് പല താരങ്ങളും പെസുമായി കളിക്കില്ലെന്ന് പറഞ്ഞു രംഗത്തെത്തി. താരങ്ങൾക്ക് മാത്രമറിയുന്ന ഒരു രഹസ്യാമായി ഈ ചോദ്യം അവശേഷിക്കുന്നു. മാർട്ടിന മാർക്കും സ്റ്റെപ്പാനെക്ക് പോലുള്ള പ്രഗൽഭ സിംഗിൾസ് താരങ്ങൾക്കും പെസുമായുള്ള കൂട്ടുകെട്ട് ഒരു അഭിമാനമായിരിക്കുമ്പോൾ ഇന്ത്യൻ ടെന്നീസിലെ ജീവിക്കുന്ന ഇതിഹാസം ഒറ്റപ്പെടുന്നത് എന്തുകൊണ്ടാകാം? ഭൂപതിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബോ സ്‌പോർട്ട് ബൊപ്പണ്ണയുടെയും സാനിയയുടെയും കരിയർ മാനേജ് ചെയ്യുന്നു എന്നത് ഒരു വസ്തുതയാണ്. അതെന്തായാലും ഈ വിവാദങ്ങളിൽ പങ്കുവഹിക്കുന്നുണ്ടോ എന്ന് പറയാനാവില്ല. എങ്കിലും പേസ് കൂടെ ഉൾപ്പെട്ട ഒരു ടീമിനാണ് കൂടുതൽ മെഡൽ സാധ്യത എന്ന വിശ്വസിക്കുന്നവരാണ് ടെന്നീസ് ലോകത്ത് അധികവും.

മെഡൽ സാധ്യത

പേസ് - ബൊപ്പണ്ണ, സാനിയ - ബൊപ്പണ്ണ ടീമുകൾക്ക് മികച്ച സാധ്യതയാണുള്ളത്. പുരുഷ ഡബിൾസിൽ ബ്രയാൻ സഹോദരന്മാർ, ഫെഡറർ - വാവ്രിങ്ക ജോഡി എന്നിവർ ഇത്തവണയും വെല്ലുവിളി ഉയർത്തും. ഫ്രഞ്ച് ജോടിയായ ഹെർബെർട്ട് - മാഹു എന്നിവരും സ്‌പെയിനിന്റെ ഫെലിസിയാനോ - മാർക്ക് ലോപ്പസ് ജോടിയും കൊളംബിയയുടെ കബാൽ - ഫരാ ജോടിയും മെഡൽ പ്രതീക്ഷയുയര്ത്തുന്നു. എടിപി ടൂരിലും ഇവർ ഒരുമിച്ച് കളിക്കുന്നു എന്നത് (സ്വിസ് ജോഡി ഒഴികെയുള്ളവർ ) ഇവർക്ക് മുൻതൂക്കം നൽകുന്നു. വനിതാ ഡബിൾസിൽ സാനിയക്ക് സാധ്യത കുറവാണ്. വില്യംസ് സഹോദരിമാരും കഴിഞ്ഞ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേടിയ ചെക്ക് ജോടിയും ഇത്തവണയും വെല്ലുവിളി ഉയർത്തും. ഹിംഗിസും ഫെഡററും ചേർന്നാൽ മിക്‌സഡ് ഡബിൾസ് കൂടെ സ്വിസ് മേധാവിത്വത്തിന് വഴങ്ങിയെക്കാം. എങ്കിലും സാനിയ - ബൊപ്പണ്ണ ജോടിക്ക് എളുപ്പമുള്ള ഒരു ഡ്രോ കിട്ടിയാൽ മെഡൽ പ്രതീക്ഷക്ക് വകയുണ്ട്, എല്ലാ രാജ്യങ്ങളും ടീം തീരുമാനിക്കുമ്പോൾ ചിത്രം കൂടുതൽ വ്യക്തമാവും. എന്തായാലും റിയോയിലെ ഒന്നോ രണ്ടോ മെഡലുകൾ ഇന്ത്യൻ ടെന്നീസിലെ പുകയുന്ന വിവാദങ്ങളെ കുറച്ച് നാളത്തെക്ക് കൂടെ കത്തിപ്പടരാതെ സൂക്ഷിച്ചേക്കാം. 1996 ൽ പേസ് സമ്മാനിച്ച വെങ്കലത്തെക്കാൾ തിളക്കമുള്ള ഒരു മെഡൽ റിയോയിൽ സമ്മാനിച്ച് പേസ് വിടവാങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, കാത്തിരിക്കാം.

Read More >>