മഴക്കാലത്തെ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

കോരിച്ചൊരിയുന്ന മഴയില്‍ അലസമായിരുന്നു, ആവി പറക്കുന്ന ചൂടോടെ കപ്പയും കാന്താരി ഉടച്ചതും കഴിക്കുന്നതു ഓര്‍ക്കുവാന്‍ തന്നെ മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നു

മഴക്കാലത്തെ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്

മഴയും വിശപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നു അനുഭവസ്ഥര്‍ പറയും. പ്രത്യേകിച്ച് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതിരിക്കുന്ന ഒരു സമയമാണെങ്കില്‍, വിശപ്പ്‌ കൂടുകയും ചെയ്യും. പുറത്തു പെയ്യുന്ന മഴയെ നോക്കി, വീട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരുന്നു, കപ്പ പുഴുങ്ങിയതും,കാന്താരി ഉടച്ചതും ചേര്‍ത്തു കഴിക്കുന്ന ഓര്‍മ്മ തന്നെ പലരിലും ഇപ്പോള്‍ വിശപ്പ്‌ ഉണര്ത്തിയിട്ടുണ്ടാകാം. അകമ്പടിയ്ക്ക് കട്ടന്‍ കാപ്പി കൂടെയുണ്ടെങ്കില്‍ പറയുകയും വേണ്ട! വേനല്‍ക്കാലം ദാഹത്തിന്റെ നാളുകളാണ് എങ്കില്‍, മഴക്കാലം വിശപ്പിന്റെതാണ് എന്ന് പറയുന്നതും അത് കൊണ്ട് തന്നെയാകും. വേനല്‍ കാലത്ത് എന്തിനെന്നു അറിയാതെ നമ്മുടെ മനോനില എപ്പോഴും ചെറുതായെങ്കിലും അസ്വസ്തമായിരിക്കും, മഴക്കാലത്ത് പൊതുവേ ആശ്വാസകരവും !


മഴയോടു മലയാളിക്ക് ഉള്ള പ്രണയം ആകാം, മഴക്കാലത്ത്‌ അവര്‍ മാനസികമായി കൂടുതല്‍ ആശ്വാസം അനുഭവിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം ഭക്ഷണ കാര്യത്തിലും അല്‍പ്പം ശ്രദ്ധ ചെലുത്തിയാല്‍, ഇത് ശരീരത്തിനു ഒരു യോഗയുടെ അനുഭവം സമ്മാനിക്കുവാന്‍ കഴിയുന്ന കുറെ ദിവസസങ്ങളായി മാറ്റാവുന്നതാണ്.

കര്‍ക്കിടകത്തിന്റെ വരവോടെ, പണ്ടു കാലങ്ങളില്‍ കര്‍ക്കിടക കഞ്ഞി നിര്‍ബന്ധമായിരുന്നതും ഇത്തരം ഒരു ഭക്ഷണവൃതത്തിന്‍റെ ഭാഗമായിരുന്നു. കര്‍ക്കിടകമാസത്തിലെ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കാനും വേണ്ടിയുള്ള മലയാളിയുടെ രക്ഷയാണ് മരുന്ന് കഞ്ഞി. 23 ആയുര്‍വേദ കൂട്ടുകള്‍ ഉപയോഗിച്ചാണ് ഈ കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുന്നത്. ഇന്ന് ഇത്തരം കഞ്ഞിക്കൂട്ടുകള്‍ റെഡിമെയ്ഡ് ആയി വിപണിയില്‍ ലഭ്യമാണ്.
മഴക്കാലം രോഗങ്ങളുടെ കാലം കൂടിയായതിനാല്‍, രോഗപ്രതിരോധത്തിന്നുള്ള സ്വാഭാവിക ഉപാധി കൂടിയായിരിക്കണം ഈ സമയത്തെ ഭക്ഷണം.

ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ പോലുള്ള ജലാംശം കുറഞ്ഞ പച്ചക്കറികളാണ് മഴക്കാലത്ത് നല്ലത്. ഉണക്കമുന്തിരി, ഈന്തപ്പഴം തുടങ്ങിയ വരണ്ട പഴങ്ങള്‍ കൂടുതലായി കഴിക്കാം. ധാന്യങ്ങളില്‍ ഗോതമ്പ്, മൈദ, റവ എന്നിവ ശരീരത്തിലെ അനാവശ്യജലാംശത്തെ ഊറ്റിക്കളയുന്നവയാണ്. ശരീരത്തിന് കൂടുതല്‍ ഊര്‍ജം വേണ്ട കാലം കൂടിയാണ് മഴക്കാലം. പാല്‍, പാലുല്പന്നങ്ങള്‍, പഞ്ചസാര, എണ്ണക്ക് പകരം നെയ്യ് എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഉലുവക്കഞ്ഞി നിത്യേന കഴിക്കുന്നത് വാതരോഗികള്‍ക്ക് സന്ധിവേദന, നടുവേദന എന്നിവ ഒഴിവാക്കാന്‍ സഹായിക്കും എന്ന് ആയുര്‍വേദം പറയുന്നു.

ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസം ആറു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച വെള്ളം ഒഴിവാക്കാം. വാതം അധികരിക്കുന്ന കാലമായതിനാല്‍ സന്ധിരോഗങ്ങളെ വര്‍ധിപ്പിക്കുന്നതിനും തണുപ്പിച്ച വെള്ളം കാരണമാകും. കുടിക്കാനുള്ള വെള്ളം തിളപ്പിച്ചാറ്റി വൃത്തിയായി വേണം ഉപയോഗിക്കുവാന്‍. ജലജന്യ രോഗങ്ങളുടെ കാലമാണ് മഴക്കാലം എന്ന് മറക്കരുത്.

ആരോഗ്യമുള്ള ശരീരവും മനസ്സുമായി മഴക്കാലം ആസ്വദിക്കാന്‍ ഭക്ഷണത്തിലും അല്‍പ്പം മിതത്വം പാലിക്കുന്നത് നല്ലതായിരിക്കും.

Story by