ഇന്ത്യക്ക് ചരിത്ര വിജയം; ധോണിക്ക് മധുര പ്രതികാരം

പരമ്പരയിലെ ആദ്യമൽസരത്തിൽ രണ്ടു റൺസിന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി നാണം കേട്ട ധോണിയുടെ ടീം ഇന്ത്യക്ക് രണ്ടാം ട്വന്റി 20യില്‍ ചരിത്ര വിജയം

ഇന്ത്യക്ക് ചരിത്ര വിജയം; ധോണിക്ക് മധുര പ്രതികാരം

ഹരാരെ: പരമ്പരയിലെ ആദ്യമൽസരത്തിൽ രണ്ടു റൺസിന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി നാണം കേട്ട ധോണിയുടെ ടീം ഇന്ത്യക്ക് രണ്ടാം ട്വന്റി 20യില്‍ ചരിത്ര വിജയം. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‌വേയെ തകര്‍ത്തത്. ചരിത്രത്തില്‍ ആദ്യമായിയാണ് ഒരു ട്വന്റി 20 മത്സരം ഇന്ത്യ 10 വിക്കറ്റിന് വിജയിക്കുന്നത്.

സ്കോർ: സിംബാബ്‌വെ - 20 ഓവറിൽ ഒൻപതിന് 99. ഇന്ത്യ - 13.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 103.ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ മൽസരത്തിൽ തീർത്തും നിറം മങ്ങിയ ഋഷി ധവാൻ, ജയ്ദേവ് ഉനദ്ഘട്ട് എന്നിവർക്ക് പകരം ബരീന്ദർ സ്രാൻ, ധവാൽ കുൽക്കർണി എന്നിവരെ ഉൾപ്പെടുത്തി ഇറങ്ങിയ ഇന്ത്യ,തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. അഞ്ചാം ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ബരീന്ദർ സ്രാനാണ് സിംബാബ്‌വെയുടെ നടുവൊടിച്ചത്. സ്രാൻ അശോക് ഡിൻഡയ്ക്ക് ശേഷം ട്വന്റി20യിൽ ഒരു ഓവറിൽ മൂന്നോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായി. 32 പന്തിൽ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ പീറ്റർ മൂറാണ് അവരുടെ ടോപ്സ്കോറർ.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർ മൻദീപ് സിങ് അർധസെഞ്ചുറി (52) നേടി. ലോകേഷ് രാഹുൽ 40 പന്തിൽ 47 റൺസെടുത്ത് പുറത്താകാതെ നിന്നു. പരമ്പരയിലെ ആദ്യ മൽസരത്തിൽ ട്വന്റി20 അരങ്ങേറ്റത്തിനിറങ്ങിയ രാഹുൽ, ആദ്യപന്തിൽ തന്നെ പുറത്തായി നാണക്കേടിന്റെ ഒരു 'റെക്കോർഡും' സ്വന്തമാക്കിയിരുന്നു. ട്വന്റി20യിൽ ഇന്നിങ്സിന്റെ ആദ്യ പന്തിൽത്തന്നെ പുറത്താകുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയ രാഹുൽ രണ്ടാം മൽസരത്തിൽ ഇതിന് പ്രാശ്ചിത്തം ചെയ്തു.

Read More >>