ധോണി തുഴഞ്ഞു; സിംബാബ്‌വേയോട് ഇന്ത്യ തോറ്റു

അവസാന പന്ത് വരെ ആവേശം മുറ്റിനിന്ന സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്കു തോല്‍വി.

ധോണി തുഴഞ്ഞു; സിംബാബ്‌വേയോട് ഇന്ത്യ തോറ്റുഹരാരെ:  അവസാന പന്തില്‍ ജയിക്കാന്‍ നാലു റണ്‍സായിരുന്നു ഇന്ത്യയ്‌ക്കു വേണ്ടിയിരുന്നതെങ്കിലും പന്ത് നേരിട്ട നായകന്‍ ധോണിക്ക് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. സിംബാബ്‌വേയെക്ക് എതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് തോല്‍വി.

സ്‌കോര്‍- സിംബാബ്‌‌വെ 20 ഓവറില്‍ ആറിന് 170 & ഇന്ത്യ 20 ഓവറില്‍ ആറിന് 168. എല്‍ട്ടണ്‍ ചിഗുംബുരയാണ് മാന്‍ ഓഫ് ദ മാച്ച്.


സിംബാബ്‌വെ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യക്ക് രണ്ടു റണ്‍സ് തോല്‍വി.


മാഡ്സിവ എറിഞ്ഞ അവസാന ഓവറില്‍ ധോണിയും അക്ഷര്‍ പട്ടേലും ക്രീസില്‍ നില്‍ക്കെ ഇന്ത്യയ്‌ക്ക് ആറുപന്തില്‍ ജയിക്കാന്‍ എട്ടു റണ്‍സ് മാത്രം മതിയായിരുന്നുവെന്നതും ഇന്ത്യയുടെ തോല്‍വിയുടെ ആഘാതം കൂട്ടുന്നു.

48 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍. മാന്‍ദീപ് സിങ് 31 റണ്‍സെടുത്തപ്പോള്‍ നായകന്‍ എം എസ് ധോണി 19 റണ്‍സുമായി പുറത്താകാതെ നിന്നു. സിംബാബ്‌വെയ്‌ക്കുവേണ്ടി ചാമു സിഭാഭ, ടൗറൈ മുസാറബാനി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ആറിന് 170 റണ്‍സെടുക്കുകയായിരുന്നു. പുറത്താകാതെ  26 പന്തില്‍ 54 റണ്‍സെടുത്ത എല്‍ട്ടണ്‍ ചിഗുംബുരയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കു വേണ്ടി ജസ്‌പ്രിത് ബംറ രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ റിഷി ധവാന്‍, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

പരമ്പരയിലെ അടുത്ത മല്‍സരം ജൂണ്‍ 20ന് ഹരാരെയില്‍ നടക്കും.

Read More >>