അതിരപ്പള്ളിയെ എതിർക്കുന്നത് വനം സംരക്ഷിക്കാൻ; കാനം രാജേന്ദ്രൻ സംസാരിക്കുന്നു

കാനം രാജേന്ദ്രൻ സംസാരിക്കുന്നു. അതിരപ്പള്ളി, മദ്യനയം, സിപിഐയുടെ തെരഞ്ഞെടുപ്പ് വിജയം എന്നിവയെക്കുറിച്ച്...

അതിരപ്പള്ളിയെ എതിർക്കുന്നത് വനം സംരക്ഷിക്കാൻ; കാനം രാജേന്ദ്രൻ സംസാരിക്കുന്നു

നിലപാടുകളിലെ കാർകശ്യമാണ് കാനം രാജന്ദ്രനെ എന്നും വ്യത്യസ്തനാക്കുന്നത്. ഇതേ കാർകശ്യത്തിന്റെ പേരിൽ പലപ്പോഴും സിപിഎമ്മുമായി ഇടഞ്ഞിട്ടുമുണ്ട്. എന്നാൽ ഇലക്ഷൻ കാലത്ത് കേരളം കണ്ടതു മറ്റൊരു കാനം രാജന്ദ്രനെ. ഇടതുമുന്നണിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ബുദ്ധിപൂർവ്വം നിലപാടുകളെടുത്തു. മാധ്യമങ്ങളിൽ വിവാദമാകാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളിൽനിന്നും മാറിനിന്നു. അതേസമയം സിപിഐയുടെ സീറ്റ് വർദ്ധിപ്പിക്കാനുള്ള ധീരമായ തീരുമാനങ്ങൾക്ക് ചുക്കാൻ പിടിച്ചു.ഇടതുമുന്നണിയുടെ രൂപീകരണശേഷമുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിജയമാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഈ വിജയം കാനം രാജേന്ദ്രന്റെ കൂടി വിജയമാണ്.

കുറെ കാലത്തിനുശേഷം എൽഡിഎഫിൽ സിപിഐ വിമതസ്വരം ഉയർത്തുന്നത് അതിരപ്പള്ളി വിഷയത്തിലാണ്. അതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ള ആദ്യ ആലോചനകൾ ഉണ്ടായപ്പോൾ ശക്തമായ എതിർപ്പാണ് സിപിഐ ഉയർത്തിയത്. കാനം രാജന്ദ്രനാണ് ഇക്കാര്യത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. അതിരപ്പള്ളി പദ്ധതിക്ക് പാർട്ടി എതിരല്ലെന്നും എന്നാൽ വനം സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകണമെന്നുമാണ് കാനം രാജന്ദ്രന്റെ നിലപാട്.


യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെയും കാനം പ്രതികരിക്കുന്നു. കാനം രാജന്ദ്രന്റെ പ്രതികരണങ്ങളാണ് യുഡിഎഫ് സർക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

കാനം രാജേന്ദ്രൻ സംസാരിക്കുന്നു. അതിരപ്പള്ളി, മദ്യനയം, സിപിഐയുടെ തെരഞ്ഞെടുപ്പ് വിജയം എന്നിവയെക്കുറിച്ച്...


ആതിരപ്പള്ളിയുടെ വിഷയത്തിലെ സിപിഐയുടെ നിലപാട് ഒന്ന് വിശദീകരിക്കാമോ?

പ്രകൃതിക്കും മനുഷ്യനും പ്രാധാന്യം കൊടുക്കുന്ന വികസന കാഴ്ചപ്പാടാണ് സിപിഐയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ അതിരപ്പള്ളി പോലെയുള്ള പദ്ധതികൾ വരുമ്പോൾ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് പാർട്ടി വളരെ ഗൗരവത്തിൽ ആലോചിക്കുന്നുണ്ട്. അതിരപ്പള്ളി ഒരു പഴയ പദ്ധതിയാണ്. വർഷങ്ങളുടെ പഴക്കമുള്ള പദ്ധതിയാണ്. കാലം വളരെ വേഗം മാറുകയാണ്. പദ്ധതി വിഭാവനം ചെയ്യപ്പെട്ട സമയത്തെ പ്രകൃതിയോ ജീവിതരീതിയോ അല്ല ഇപ്പോഴത്തേത്. കാലാവസ്ഥാ വ്യതിയാനത്തിന്റെയൊക്കെ പശ്ചാത്തലത്തിൽക്കൂടി വേണം ഇത്തരം പദ്ധതികളെ നോക്കിക്കാണേണ്ടത്. ഒരിക്കൽ അതിരപ്പള്ളി പദ്ധതിക്ക് പരിസ്ഥിതി ക്ലിയറൻസ് കിട്ടിയതാണ്. എന്നാൽ പിന്നീട് അതിനെതിരായിട്ടുള്ള നിലപാടുകൾ ഉണ്ടായി. ഗാഡ്ഗിൽ കമ്മറ്റിയുടെ റിപ്പോർട്ടിൽതന്നെ അതിനെതിരെയുള്ള പരാമർശങ്ങളുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ അതിനെക്കുറിച്ച് വിശദമായി തന്നെയുള്ള പഠനവും വിലയിരുത്തലും ആവശ്യമുണ്ട് എന്നതാണ് സിപിഐയുടെ നിലപാട്.

എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ട് വന്നപ്പോൾ ഇത് പരിഗണിക്കാമെന്നായി. ഇന്ന് പരിസ്ഥിതി ക്ലിയറൻസ് ഇല്ലാത്ത പദ്ധതിയാണ് അതിരപ്പള്ളി. ഇതിനെ സംബന്ധിച്ചെല്ലാം തന്നെ വിശദമായ പഠനങ്ങളും പരിശോധനകളും ആവശ്യമുണ്ട്. ഈ പദ്ധതിയുടെ സാമ്പത്തികവശങ്ങളും പരിശോധിക്കണം. 163 മെഗാവാട്ടിന്റെ ഒരുപദ്ധതിക്ക് ആവശ്യമായ വെള്ളം കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ അതിരപ്പള്ളിയിൽ ഇല്ലെന്നാണ് വിദഗ്ദന്മാർ പറയുന്നത്. 27.6 മെഗാവാട്ട് വൈദ്യുതി മാത്രം ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അതിരപ്പള്ളിയിൽ ഉള്ളതെന്നും വാദങ്ങളുണ്ട്. മഴക്കാലത്ത് മാത്രമാണ് നദിയിൽ ആവശ്യത്തിന് വെള്ളമുള്ളത്. വരൾച്ചയുടെ കാലങ്ങളിൽ അവിടെനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വലിയ മുതൽമുടക്ക് വേണ്ടിവരുന്ന പദ്ധതികൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുമോ എന്ന ചോദ്യത്തിനും ഉത്തരം വേണം.

ഇതിനൊക്കെ പുറമെയാണ് പദ്ധതിമൂലം നശിപ്പിക്കപ്പെടുന്ന 136 ഹെക്ടർ കാട്. വനവകാശനിയമ പ്രകാരം ആദിവാസികൾക്ക് അവകാശപ്പെട്ടതാണ് വനഭൂമി. അവരുടെ അനുവാദമില്ലാതെ അവിടെ ഒരുപദ്ധതിയും കൊണ്ടുവരാൻ സാധിക്കില്ല. ആദിവാസികളുമായി എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ നടന്നതായി ഇതുവരെ വിവരങ്ങളൊന്നുമില്ല. 136 ഹെക്ടർ ഈ ആവശ്യത്തിന് ഉപയോഗിക്കണമെങ്കിൽ അതിന് തുല്യമായ നഷ്ടപരിഹാരം നൽകാനുള്ള പണം കൂടി കണ്ടെത്തേണ്ടതുണ്ട്. പഴയ കണക്കുപ്രകാരമുള്ള തുകയും കാടിന്റെ നഷ്ടപരിഹാരവും എല്ലാംകൂടി വരുമ്പോൽ രണ്ടായിരം കോടിയോളമാകും പദ്ധതിച്ചെലവ്. ഇത്രയും രൂപ മുടക്കുന്ന പദ്ധതിയിൽനിന്ന് എത്ര വൈദ്യുതി കിട്ടും,  ഒരു യൂണിറ്റ് വൈദ്യുതിയുടെ വിലയെത്ര, ഇങ്ങനെ പല ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം.

പരിസ്ഥിതി നാശം ഒഴിവാക്കണം. ഇതെല്ലാം കാലങ്ങളായി ചർച്ച ചെയ്യുന്ന കാര്യങ്ങളാണ്. അതിനൊന്നിനും ഇപ്പോഴും മാറ്റമില്ല. വളരെ പഴയൊരു പദ്ധതിയെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെ അഭിപ്രായം പറയാൻ സാധിക്കൂ.

പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഈ പദ്ധതിയുമായി മുന്നോട്ട് പോകണമെന്നു തന്നെയാണ് സിപിഎമ്മിന്റെ നിലപാട് എന്നാണ് കടകംപള്ളി സുരേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകൾ വ്യക്തമാക്കുന്നത്. ഇതിനെ ശക്തമായി എതിർക്കാൻ തന്നെയാണ് പരിസ്ഥിതി പ്രവർത്തകരുടെ തീരുമാനം. സിപിഐ ഇക്കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ വാദഗതികളാണോ മുന്നോട്ട് വെയ്ക്കുന്നത്?


പരിസ്ഥിതി പ്രവർത്തകരുടെ വാദം ഉന്നയിച്ചു എന്നത് ശരിയല്ല. സിപിഐയുടെ വാദങ്ങൾ പരിസ്ഥിതി പ്രവർത്തകർ മുന്നോട്ട് കൊണ്ടുപോയി എന്ന് പറയുന്നതാകും ശരി. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സങ്കല്പത്തിൽ സിപിഐ പ്രാധാന്യം നൽകുന്നത് മനുഷ്യനും പ്രകൃതിക്കുമാണ്. പ്രകൃതി സംരക്ഷിക്കപ്പെടണം. അത് സംരക്ഷിച്ച് കൊണ്ട് മാത്രമേ വികസനം സാധ്യമാകൂ. ലോകത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന പുതിയ വികസനസങ്കല്പമെല്ലാം പരിസ്ഥിതി സംരക്ഷണത്തിൽ അധിഷ്ഠിതമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

ലോകരാജ്യങ്ങളിൽ വൻകിട പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നില്ല. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കേണ്ടതാണ്. സോളാറിനെക്കുറിച്ച് ആലോചിക്കണം. കാറ്റാടിയന്ത്രങ്ങൾ വ്യാപകമാക്കണം. തിരമാലകളിൽനിന്ന് പോലും വൈദ്യുതി ഉത്പാദിപ്പിക്കാം. ഇതെല്ലാം നടപ്പിലാക്കാവുന്നതാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത പദ്ധതികൾ എന്തൊക്കെയാണെന്ന് സർക്കാർ പരിശോധിക്കണം. ഇതിനൊക്കെ വേണ്ടിയും പഠനങ്ങൾ നടത്താവുന്നതാണ്.

എൽഡിഎഫിലെ ഒരു കക്ഷിയെന്ന നിലയിൽ സിപിഐ അതിന്റെ നിലപാട് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ വ്യക്തമായ നിലപാടിൽതന്നെയാണ് ഇപ്പോഴും ഉറച്ച് നിൽക്കുന്നത്. എന്നാൽ വൈദ്യുതി വേണ്ട എന്ന നിലപാട് പാർട്ടിക്കില്ല. പരിസ്ഥിതി സൗഹൃദമായ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക തന്നെവേണം. ജനങ്ങളുടെ ആശങ്ക അകറ്റണം.

വൈദ്യുതിയില്ലാതെ രാജ്യം പുരോഗമിക്കും എന്നൊരു സങ്കല്പം കമ്യൂണിസ്റ്റുകാർക്ക് ഒരിക്കലുമില്ല. വൈദ്യുതി വ്യവസായ പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ്. എന്നാൽ എങ്ങനെയും വൈദ്യുതി ഉണ്ടാക്കാം എന്ന സങ്കല്പത്തിലല്ല, പുതിയ കാലഘട്ടത്തിലെ ചിന്താഗതി. വൈദ്യുതി വേണം, പക്ഷേ പ്രകൃതിനാശവും ഉണ്ടാകാതെ നോക്കണം. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ളവയെ പരിഗണിക്കണം.

ഇതിനർത്ഥം വലിയ പദ്ധതികളോട് പാർട്ടിക്ക് പൂർണ്ണ എതിർപ്പാണ് എന്നല്ല. കേരളം നിലനിൽക്കുന്ന ഇടുക്കി ജലവൈദ്യുത പദ്ധതി ഞങ്ങളുടെ ഭരണകാലത്താണ് ഉണ്ടായത്. അങ്ങനെ നോക്കിയാൽ വലിയ പദ്ധതികൾ വിഭാവന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുള്ള പാർട്ടിയാണ്. പക്ഷേ അവിടന്നൊക്കെ ലോകം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. ഈ മാറ്റങ്ങളെക്കൂടി ഉൾക്കൊള്ളുന്നതാവണം പുതിയ പദ്ധതികൾ എന്നതാണ് പാർട്ടിയുടെ നിലപാട്.

മന്ത്രിസഭ അധികാരമേറ്റതിന്റെ നാലാം ദിവസംതന്നെ സർക്കാരിൽ ഭിന്നത എന്ന നിലയിലാണ് വാർത്തകൾ വരുന്നത്. വിഎസ് സുനിൽകുമാറും പദ്ധതിക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ടല്ലോ? സിപിഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കടകംപള്ളി സുരേന്ദ്രനും പിണറായി വിജയനും പദ്ധതി സംബന്ധിച്ച കാര്യങ്ങൾ പുനഃപരിശോധിക്കാൻ സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്.


സർക്കാരിൽ ഭിന്നത എന്നു പറഞ്ഞത് മാധ്യമങ്ങളാണ്. ഭിന്നത മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പ്രസിദ്ധീകരിച്ചതാണ്. അതിൽ അതിരപ്പള്ളിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് സർക്കാരിന്റെ നിലപാടുകൾ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ ആകണമെന്ന് ഞങ്ങൾ പറഞ്ഞത്. എൽഡിഎഫിലെ വിവിധ പാർട്ടികൾ ചേർന്നാണ് പ്രകടനപത്രികയ്ക്ക് രൂപംനൽകിയത്. എൽഡിഎഫ് ഒരു മാനിഫെസ്റ്റോ മുന്നോട്ടുവച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് ജനങ്ങൾ അംഗീകരിച്ചതാണ്. ഞങ്ങളെ തെരഞ്ഞെടുക്കുകയെന്ന് പറഞ്ഞാൽ ഞങ്ങൾ മുന്നോട്ട് വെച്ച മാനിഫെസ്റ്റോ ജനങ്ങൾ അംഗീകരിച്ചുവെന്നാണ് അർത്ഥം. അതിന് വീണ്ടും ചർച്ചയുടെ ആവശ്യമില്ല.

2021-ഓട് കൂടി 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടി, നിലവിലുള്ള ഡാമുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കുകയും അറ്റകുറ്റപ്പണികൾ ചെയ്യുകയും ആഴം കൂട്ടുകയും അതേപോലെ പുതിയവ നിർമ്മിക്കണം എന്നൊക്കെ എൽഡിഎഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിരപ്പള്ളി എന്നൊരു പേര് ഉപയോഗിച്ചിട്ടില്ല. എൽഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ലാത്ത കാര്യമാണ് അതിരപ്പള്ളി. അത് നടപ്പിലാക്കുമെന്ന് പറയുമ്പോൾ വളരെ സ്വഭാവികമായും അതിനെ എതിർക്കും. വിഷയത്തിൽ പ്രതികരിച്ച് ഞാൻ പറഞ്ഞത് മന്ത്രിക്ക് അംഗീകരിക്കപ്പെട്ട വിഷയത്തിൽ പ്രതികരിക്കാം; എന്നാൽ അംഗീകരിക്കാത്ത വിഷയത്തിൽ പറയുമ്പോൾ എൽഡിഎഫിൽ ചർച്ച ചെയ്യണം എന്ന് മാത്രമാണ്. കൂട്ടായി ചർച്ച ചെയ്ത് മുന്നോട്ടു പോകുന്നതാണ് ഉചിതമെന്നാണ് പറഞ്ഞത്. അത് സർക്കാരിന്റെ ഭിന്നിപ്പല്ല കാണിക്കുന്നത്. അങ്ങനെയാക്കി മാറ്റിയത് മാധ്യമങ്ങളാണ്.

പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങൾ മന്ത്രിമാർ പറയാൻ പാടില്ലെന്ന താങ്കളുടെ പ്രസ്താവന മുഖ്യമന്ത്രി തള്ളിക്കളഞ്ഞിട്ടുണ്ടല്ലോ? ഭരണത്തിൽ ഇടപെടേണ്ടെന്ന പരോക്ഷ സൂചനയല്ലേ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഉള്ളത്?

പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങൾ പറയരുത് എന്നല്ല ഉദ്ദേശിച്ചത്. പുതിയ സാമൂഹിക യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് നാളെ പുതിയ തീരുമാനം ഉണ്ടാക്കാം. എന്നാൽ അതെല്ലാം ചർച്ചകളുടെ തുടർച്ചയായിട്ട് വേണം ഉണ്ടാകാൻ. അവരവരുടെ വകുപ്പുകളിലെ കാര്യങ്ങളെക്കുറിച്ച് പറയാൻ മന്ത്രിമാർക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഈ വിഷയത്തിൽ ഞാനും പിണറായി വിജയനും തമ്മിൽ അഭിപ്രായ വ്യത്യാസമൊന്നുമില്ല.

എൽഡിഎഫ് വിവിധ പാർട്ടികളുടെ കൂട്ടായ്മയാണ്. ആ മുന്നണിയുടെ മിനിമം പരിപാടിയാണ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത്. ഒരേവിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടകകക്ഷികൾക്ക് വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. കൂട്ടായ ചർച്ചകളിലൂടെയാണ് അതെല്ലാം പരിഹരിക്കുന്നത്. മന്ത്രിമാർക്കും ഇതുപോലെ അഭിപ്രായങ്ങൾ കാണും. അത് അവരുടെ രാഷ്ട്രീയ സ്വാതന്ത്ര്യമാണ്. എന്നാൽ ആ സ്വാതന്ത്ര്യം സർക്കാരിന്റെ ദൈംനംദിന കാര്യങ്ങളെയും പ്രഖ്യാപനങ്ങളെയും ബാധിക്കാൻ പാടില്ല.

വനംവകുപ്പിന്റെ അംഗീകാരമില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് സാധിക്കില്ലല്ലോ. സിപിഐയുടെ കൈവശമാണ് വനംവകുപ്പ്. പദ്ധതിക്കെതിരെയുള്ള നിലപാടാണോ വനംവകുപ്പും സ്വീകരിക്കുക?

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറയാൻ പോലും സാധിക്കില്ല. എത്രയോ കടമ്പകൾ കടന്നാലാണ് അത് സാധിക്കുക. പദ്ധതിക്കെതിരെയുള്ള നിലപാട് സ്വീകരിക്കുകയല്ല സിപിഐ ചെയ്തിട്ടുള്ളത്. വനം സംരക്ഷിക്കുക എന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവിടത്തെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും നല്ല ബോധ്യമുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് ഈ നിലപാട് സ്വീകരിക്കുന്നത്. വനഭൂമി നശിപ്പിക്കാതിരിക്കുക എന്നതാണ് സിപിഐ നിലപാട്. കേരളത്തിൽ ഒരു സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ വനവിസ്തൃതി വർദ്ധിച്ചത് 2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ലോകത്തിൽ എല്ലായിടത്തും വനവിസ്തൃതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

വെള്ളച്ചാട്ടത്തെ ബാധിക്കാതെ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒഴുകി വരുന്ന ജലം തടഞ്ഞു നിർത്താതെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും സർക്കാർ അതാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ തരത്തിലുള്ള ആലോചനകളോടുള്ള പാർട്ടിയുടെ നിലപാട് എന്തായിരിക്കും?


ഏത് തരത്തിലാണ് പിണറായി വിജയൻ അത് പറഞ്ഞതെന്നത് കൃത്യമായി അറിഞ്ഞിട്ടില്ല. അതിന്റെ വിശദാംശങ്ങൾ അറിയാതെ അതിൽ പ്രതികരിക്കാൻ സാധിക്കില്ല. ഏഴര കിലോമീറ്റർ പൈപ്പിലൂടെ വെള്ളം കൊണ്ടുവന്ന് പ്രവർത്തിപ്പിക്കുന്ന വൈദ്യുത പദ്ധതി എന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന ആലോചന. പുതിയ എന്തെങ്കിലും സാങ്കേതികവിദ്യ ഉണ്ടോയെന്ന് അറിയില്ല.

ആതിരപ്പള്ളി വിഷയത്തിൽ പ്രതിരോധമുയർത്തിയ സിപിഐ മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിക്കുന്ന സമീപനമാണല്ലോ എടുത്തിട്ടുള്ളത്? പുതിയ ഡാമിന് തമിഴ്‌നാടുമായി ചർച്ചയെന്ന നിലപാടിനെ പാർട്ടി പിന്തുണയ്ക്കുന്നുണ്ടോ? ബിജിമോൾ എംഎൽഎ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്?

കേരള സർക്കാർ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽതന്നെ തമിഴ്‌നാടുമായി ചർച്ച നടത്തണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതുതന്നെയാണ് പിണറായി വിജയനും പറഞ്ഞത്. ബിജിമോൾ എംഎൽഎ പറഞ്ഞതും പിണറായി വിജയൻ പറഞ്ഞതും ഒന്ന് തന്നെയാണ്. ഡാം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ജനങ്ങളുടെ സുരക്ഷ മാത്രമാണ് ഇരുവരും മുന്നോട്ട് വെച്ച കാര്യങ്ങളിൽ ഉള്ളത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പലതവണ ഞാൻ കണ്ടതാണ്. അതിൽ ഡാം നിർമ്മിക്കേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നില്ല.

യുഡിഎഫിന്റെ മദ്യനയത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ഒരു കമ്യൂണിസ്റ്റ് നേതാവ് താങ്കളാണ്. ഇത് സംബന്ധിച്ചുള്ള താങ്കളുടെ നിലപാട് ഒന്ന് വിശദീകരിക്കാമോ?


യുഡിഎഫിന്റെ മദ്യനയത്തെ ഞാൻ രൂക്ഷമായ ഭാഷയിൽ വിമർശിക്കുക മാത്രമല്ല, കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞ ഒന്നാണ്. ആ മദ്യനയത്തെ മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫും ഉമ്മൻ ചാണ്ടിയും ശ്രമിച്ചത്. ആ മദ്യനയം ജനങ്ങൾ തള്ളിക്കളഞ്ഞു. മദ്യനയത്തിനുവേണ്ടി വാദിച്ചവരെല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്തില്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞല്ലോ. ജനങ്ങൾ തള്ളിക്കളഞ്ഞ മദ്യനയത്തെക്കുറിച്ച് കൂടുതലെന്ത് പറയണം? ലോകത്തിൽ ഒരിടത്തും നടപ്പിലാകാത്ത ഒന്നാണ് മദ്യനിരോധനം. മദ്യവർജ്ജനമാണ് പ്രായോഗികം. ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണവുമാണ് ആവശ്യം. ലഹരിക്കെതിരെ, മദ്യത്തിന്റെ അമിതമായ ഉപയോഗത്തിനെതിരെ ഒരു വലിയ ജനകീയ മുന്നേറ്റം ഉണ്ടാകുകയാണ് വേണ്ടത്. മദ്യത്തിനും മയക്കുമരുന്നിനും എതിരായിട്ടുള്ള പ്രചാരത്തിന് കേരളത്തിന്റെ ബ്രാൻഡ് അംബാസിഡറായി സച്ചിൻ തെണ്ടുൽക്കറെ മുൻനിർത്താൻ തീരുമാനിച്ച സർക്കാരാണിത്. ഇതിലെല്ലാം കാണിക്കുന്നത് എൽഡിഎഫിന്റെ ആത്മാർത്ഥതയാണ്. മദ്യം ഒരു സാമൂഹിക വിപത്താണ്. നിരോധനം കൊണ്ടുമാത്രം അതിനെ നിയന്ത്രിക്കാൻ സാധിക്കില്ല. വലിയ ബോധവത്കരണം ആവശ്യമുണ്ട്. അതെല്ലാം മനസിലാക്കിക്കൊണ്ട് ശാസ്ത്രീയമായ നയമായിരിക്കും എൽഡിഎഫ് സർക്കാർ എടുക്കുന്നത്.

എൽഡിഎഫ് അധികാരത്തിൽ വന്നാൽ നിലവിലെ മദ്യനയം പുനഃപരിശോധിക്കുമെന്നാണ് താങ്കൾ പലതവണ പറഞ്ഞിട്ടുള്ളത്. എന്തായിരിക്കും പുതിയ സർക്കാരിന്റെ മദ്യനയം?

അത് സർക്കാരാണ് തീരുമാനിക്കുന്നത്. സുപ്രീം കോടതിയുടെ വിധി പ്രകാരം മദ്യനയം തീരുമാനിക്കാനുള്ള അവകാശം സർക്കാരിനാണ്. യുഡിഎഫിന്റെ ഗവൺമെന്റിന് കേരളത്തിന്റെ ആജീവനാന്തമുള്ള നയം തീരുമാനിക്കാനുളള അവകാശമൊന്നും ആരും നൽകിയിട്ടില്ല. അതുകൊണ്ട് ഞങ്ങൾ അധികാരത്തിൽ വന്നു. ഈ മന്ത്രിസഭ ചർച്ച ചെയ്ത് മദ്യനയം എന്താണെന്ന് തീരുമാനിച്ച്, അത് നടപ്പിലാക്കും.

ഇപ്പോഴത്തെ മദ്യനയം ഒരു പാർട്ടിയുടെ നയപരമായ തീരുമാനം എന്നതിലുപരി രണ്ട് നേതാക്കന്മാരുടെ ഉൾപ്പോരിന്റെ ഭാഗമാണെന്ന ധാരണ വ്യാപകമാണ്.  ഇതിനെയാണ് പുനഃപരിശോധിക്കാൻ പോകുന്നത്.

കോൺഗ്രസിന്റെ ഗ്രൂപ്പ് പോരിന്റെ ഭാഗമായുള്ള തീരുമാനം മാത്രമായിരുന്നു മദ്യനിരോധനം. അല്ലാതെ ജനനന്മയ്ക്കായി നടപ്പിലാക്കിയ ഒന്നാണെന്ന് ആരാണ് വിശ്വസിക്കുന്നത്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചു. എന്നാൽ അതിനെ ജനം തള്ളിക്കളഞ്ഞു.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നിൽ ബാർ മുതലാളിമാരെന്ന ആരോപണം യുഡിഎഫ് നേതാക്കന്മാർ പലതവണ ഉന്നയിച്ചതാണ്. മദ്യനയം പുനഃപരിശോധിക്കാൻ ശ്രമിച്ചാൽ ആ ആരോപണം ഉറപ്പിക്കാൻ സാധ്യതയില്ലേ?

മദ്യനയം പുനഃപരിശോധിക്കും എന്നല്ല പറഞ്ഞത്. എൽഡിഎഫ് ഗവൺമെന്റ് അതിന്റെ മദ്യനയം പ്രഖ്യാപിക്കും എന്ന് മാത്രമാണ്. പുനഃപരിശോധന ഒരു മാധ്യമഭാഷയാണ്. ഞങ്ങൾ എൽഡിഎഫിന്റെ മദ്യനയം പ്രഖ്യാപിക്കും. സുപ്രീം കോടതിയുടെ വിധിയിൽ ഉമ്മൻ ചാണ്ടിയുടെ നയം ശരിയാണ് എന്നല്ല പറഞ്ഞത്. സർക്കാരിന് നയം പ്രഖ്യാപിക്കാനുള്ള അവകാശമുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. അതുകൊണ്ട് ഇപ്പോ ഞങ്ങൾ അതിൽ ഇടപെടുന്നില്ല. ഞങ്ങൾ ഞങ്ങളുടെ നയം പ്രഖ്യാപിക്കും.

കേരളത്തിലെ പുതിയ മദ്യനയത്തിന് ദേശീയ തലത്തിൽതന്നെ സ്വീകാര്യത ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ എൽഡിഎഫ് സർക്കാർ അവരുടെ മദ്യനയം പ്രഖ്യാപിക്കുമ്പോൾ യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന് ബദൽ ആയിരിക്കുമോ?

സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിയിട്ടുള്ള ഏതെങ്കിലും ഒരു സ്ഥലം ചൂണ്ടിക്കാണിക്കാൻ ഉമ്മൻ ചാണ്ടിക്ക് സാധിക്കുമോ? ആർക്കെങ്കിലും പറ്റുമോ? തത്വത്തിൽ സ്ഥലങ്ങൾ കാണും. എന്നാൽ അവിടെ മദ്യം ലഭിക്കും. ഇത് പച്ചയായ യാഥാർത്ഥ്യമാണ്. ഇതൊരു ഉട്ടോപ്യൻ സങ്കല്പമാണ്. ഗാന്ധിജിയുടെ ജന്മനാടെന്നു പറഞ്ഞ് ഗുജറാത്തിൽ മദ്യനിരോധനം നടപ്പിലാക്കി. എന്നാൽ ഗുജറാത്തിൽ എവിടെ പോയാലും മദ്യം കിട്ടും. അവിടെ ഓരോ ജില്ലയിലും മദ്യനിരോധനം പിൻവലിച്ചു കൊണ്ടിരിക്കുകയാണ്. വക്കം പുരുഷോത്തമൻ ഗവർണറായിരുന്ന മിസോറാമിന്റെ കാര്യം അദ്ദേഹം പറയുന്നത് ഏതോ ചാനൽ ചർച്ചയിൽ കണ്ടിരുന്നു. അവിടെ ചെന്നയുടനെ പതുക്കെപ്പതുക്കെ മദ്യനിരോധനം പിൻവലിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

അതുകൊണ്ട് ജനങ്ങൾ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാജമദ്യവും കള്ളവാറ്റും അത്ര വ്യാപകമായിരുന്നു. ഇവിടെ വോട്ട് കിട്ടാൻ വേണ്ടി മാത്രമാണ് അങ്ങനെയൊരു മദ്യനയം യുഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. സ്ത്രീകളുടെ പിന്തുണ ലഭിക്കുമെന്നും ഉമ്മൻ ചാണ്ടിയും കൂട്ടരും കരുതുന്നുണ്ടാകും. കൂടുതൽ സ്ത്രീകൾ എൽഡിഎഫിനാണ് വോട്ട് ചെയ്തത്. അതാണ് എൽഡിഎഫിന് ഇത്രവലിയ വിജയമുണ്ടായത്.

500 ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയാണ് ജയലളിത സർക്കാർ അധികാരപ്രവേശനം ആഘോഷിച്ചത്. മദ്യം സംബന്ധിച്ച് എടുക്കുന്ന എന്ത് തീരുമാനവും ജനശ്രദ്ധ നേടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റാനും അധികാരം നിലനിർത്താനും പ്രതിച്ഛായ നന്നാക്കാനുമാണ് യുഡിഎഫ് മദ്യനയം പ്രഖ്യാപിച്ചത് എന്നത് വ്യക്തമാണ്. മദ്യനയത്തിലെ തുടർ ചർച്ചകളും തീരുമാനങ്ങളും വലിയ ചർച്ചയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമുണ്ടല്ലോ. ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ടോ?

ജനങ്ങളുടെ പ്രശ്‌നങ്ങളിലാണ് എൽഡിഎഫ് പ്രധാനമായും ചർച്ച നടത്തുന്നത്. വിലക്കയറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും എന്ന് ഞങ്ങൾ പറഞ്ഞത് അതുകൊണ്ടാണ്. 150 കോടി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവെയ്ക്കുന്നു എന്ന് പറഞ്ഞത് വില കുറയ്ക്കാൻ വേണ്ടിയാണ്. കേരളത്തിൽ 1440 കോടി രൂപയാണ് സാമൂഹികക്ഷേമ പെൻഷനുകൾക്ക് കുടിശിക ഉള്ളത്. അത് കൃത്യമായി കിട്ടുന്നില്ല. ഈ ജൂൺ മാസം മുതൽ വർദ്ധിപ്പിച്ച ആയിരം രൂപ ഉൾപ്പെടെയുള്ളത് വീട്ടിൽ കൊണ്ടുചെന്ന് കൊടുക്കും. ഇങ്ങനെ നിരവധിയായ ജനപക്ഷ നിലപാടുകളാണ് ഈ സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.

ആ ജനപക്ഷ നിലപാടുകൾക്ക് ജനങ്ങളുടെ പിന്തുണ എക്കാലത്തും ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.

എ കെ ആന്റണിയുടെ ചാരായനിരോധനം പോലും അനാവശ്യമായിരുന്നു എന്ന കാഴ്ചപ്പാടും സജീവമാണ്. മദ്യനിരോധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് മാറിമാറി വരുന്ന യുഡിഎഫ് സർക്കാരുകളാണല്ലോ?

യുക്തിപൂർവ്വമായ നിലപാടാണ് എൽഡിഎഫ് എക്കാലത്തും എടുത്തിട്ടുള്ളത്. എ കെ ആന്റണി സർക്കാർ ചാരായം നിരോധിച്ചപ്പോൾ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. അതൊരു പ്രശ്‌നമായി സർക്കാർ കണ്ടില്ല. പുതിയ എൽഡിഎഫ് സർക്കാർ വന്നപ്പോൾ പൂട്ടിയ ചാരായ ഷാപ്പുകൾ തുറക്കാനല്ല ശ്രമിച്ചത്. തൊഴിൽ നഷ്ടമായവരെ പുനരധിവസിപ്പിക്കാനാണ് ശ്രമിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏത് ഘട്ടത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. പൂട്ടിയതൊന്നും തുറന്നിട്ടില്ല. എന്നാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കും.

വീര്യം കൂടിയ മദ്യത്തിന്റെ വിൽപ്പന ബാറിൽനിന്ന് റോഡിലേക്ക് മാറ്റി എന്നത് മാത്രമാണ് ഇപ്പോഴത്തെ സർക്കാർ കൊണ്ടുവന്ന മാറ്റം. അല്ലാതെ എന്ത് മാറ്റമാണ് കഴിഞ്ഞ സർക്കാർ കൊണ്ടുവന്നത്. കേരളത്തിലുടനീളം സഞ്ചരിച്ചാൽ കിലോമീറ്ററുകണക്കിന് ക്യൂവാണ് ബിവറേജസ് കോർപ്പറേഷന് മുമ്പിൽ. അവിടെ വെയിലും മഴയും കൊണ്ട് ആളുകൾ ക്യൂ നിൽക്കുന്നു. അതാണോ ഏറ്റവും വലിയ സാമൂഹിക പുരോഗതി. മദ്യത്തിന്റെ ഉപഭോഗം കുറഞ്ഞിട്ടില്ല. മദ്യനയം നടപ്പിലാക്കുന്ന സമയത്ത് 24 പഞ്ച നക്ഷത്ര ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 29 ആയി. ബാറുകളുടെ എണ്ണം കുറയ്ക്കലാണ് പദ്ധതിയെങ്കിൽ എങ്ങനെ പഞ്ച നക്ഷത്ര ബാറുകളുടെ എണ്ണം കൂടുന്നത്. കേരളത്തിൽ സമ്പന്നരുടെ 33 ക്ലബ്ബുകളുണ്ട്. അവിടെയെല്ലാം ഇപ്പോഴും മദ്യം ലഭിക്കും. ലൈസൻസ് ഫീ കുറവാണ്.

ഇതൊക്കെയാണ് ഉമ്മൻ ചാണ്ടി സർക്കാർ മദ്യനയത്തിന്റെ അനന്തരഫലങ്ങൾ. കേരളം ഇപ്പോൾ നേരിടുന്ന പ്രധാനപ്പെട്ട മറ്റൊരു അപകടമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അത് യുഡിഎഫ് സർക്കാർ കണ്ടിട്ടുപോലുമില്ല. എന്നാൽ അതെല്ലാം നേരിടുന്നതിന് എൽഡിഎഫ് കൃത്യമായ നടപടികളെടുക്കും. കഞ്ചാവ് വേട്ട സജീവമാക്കും. ഓരോ ദിവസവും കിലോ കണക്കിന് കഞ്ചാവാണ് പിടികൂടുന്നത്. മദ്യനയത്തിന്റെ അനന്തരഫലമായി കൂടിയാണ് മയക്കുമരുന്നിന്റെ ഉപഭോഗം കൂടിയത്. അതും പുതിയ സർക്കാരിന്റെ അജണ്ടയിൽ പെട്ട കാര്യമാണ്.

സിപിഐയുടെ മുൻ സംസ്ഥാന സെക്രട്ടറിമാരെല്ലാം തന്നെ സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. എന്നാൽ താങ്കൾ വന്നതോടെ ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ പൂർണ്ണമായും ഇല്ലാതായി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണോ ഈ തീരുമാനം?

ഞങ്ങൾ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനും അതിന്റേതായ രാഷ്ട്രീയകാരണം ഉണ്ടായിരുന്നു. പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം മത്സ രിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ആ രാഷ്ട്രീയ നിലപാടുകളിൽനിന്ന് വ്യത്യസ്തമായ ഒന്നാണ് ഇടതുപക്ഷ പാർട്ടികൾ യോജിച്ച് മുന്നോട്ട് പോണമെന്ന് തീരുമാനിച്ചത്. പികെവി മുഖ്യമന്ത്രിപദം ഉപേക്ഷിച്ചാണ് ഇടതുമുന്നണിയുടെ ഐക്യത്തിനായി മുന്നോട്ട് വന്നത്. അതുതന്നെ ദേശീയതലത്തിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഉണ്ടായത്. ആ നിലപാട് തന്നെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സിപിഐ ഇപ്പോഴും മുന്നണിയിൽ നിൽക്കുന്നത്. അതിനർത്ഥം സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല എന്നർത്ഥമില്ല. ഞങ്ങൾ തമ്മിൽ നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് പാർട്ടിഫോറങ്ങളിൽ ചർച്ച ചെയ്യും. അങ്ങനെയുള്ള ആരോഗ്യമുള്ള നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. പരസ്യമായ വിവാദങ്ങൾ ഒഴിവാക്കി മുന്നണിയിലെ ഐക്യം ഉറപ്പിക്കുക എന്നത് നേതാക്കന്മാർ പാലിക്കേണ്ട കാര്യമാണ്.

എൽഡിഎഫിന്റെ പരസ്യത്തിൽ താങ്കളുടെ ചിത്രം ഉൾപ്പെടുത്തിയില്ല എന്നത് പോലും വിവാദമാക്കാൻ താത്പര്യപ്പെട്ടില്ല. ഇലക്ഷൻ കാലത്ത് ഇരുപാർട്ടികളും തമ്മിൽ പരസ്യ ഏറ്റുമുട്ടലിന് സാധ്യതയുണ്ടായിരുന്ന വിഷയമായിരുന്നു അത്.

മാധ്യമങ്ങൾ കരുതിയത് വലിയ വിവാദമാകുമെന്നാണ്. എന്നാൽ അതിനെക്കാൾ വലിയ രാഷ്ട്രീയകാര്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങളത് പരിഗണിച്ചതുപോലുമില്ല. അതിന്റെ ശരിതെറ്റുകൾ പാർട്ടിഫോറങ്ങളിലാണ് ചർച്ച ചെയ്യുന്നത്. അത് പരിഹരിക്കാനും പാർട്ടി സംവിധാനങ്ങൾക്ക് അറിയാം. മാധ്യമങ്ങളിൽ വിവാദമാക്കാനുള്ള കാര്യങ്ങൾ ഉണ്ടാക്കരുതെന്ന് തീരുമാനിച്ചിരുന്നു.

താങ്കളുടെ ചിത്രം ഉൾപ്പെടുത്തിയില്ലെന്ന് പറഞ്ഞാൽ സിപിഐയ്ക്ക് പ്രാതിനിധ്യം കിട്ടിയില്ലെന്നാണല്ലോ അർത്ഥം. ഇതിനോടുള്ള മറ്റ് നേതാക്കന്മാരുടെ നിലപാട് എന്തായിരുന്നു. പാർട്ടിയിൽ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നിട്ടില്ല എന്നാണോ?

അതിനെ എങ്ങനെ വ്യാഖ്യാനിച്ചാലും ഇടതുമുന്നണി രൂപീകരണ ശേഷം ഏറ്റവും വലിയ വിജയമാണ് സിപിഐയ്ക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. 27 സീറ്റിൽ മത്സ രിച്ചു. 19 സീറ്റിൽ വിജയിച്ചു. സിപിഐയ്ക്ക് പ്രാധാന്യമില്ലെന്ന് ജനങ്ങൾ പറഞ്ഞിട്ടില്ല. മത്സ രിച്ച ഓരോ നിയോജകമണ്ഡലത്തിലും പാർട്ടിയുടെ പ്രാധാന്യം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മേൽപ്പറഞ്ഞ വിഷയത്തിൽ സിപിഐയിലെ ഒരു കമ്മറ്റിയിലും ചർച്ച നടന്നിട്ടില്ല.

തെരഞ്ഞെടുപ്പിനുശേഷം താങ്കൾ മുന്നണി മാറ്റത്തിന്റെ സാധ്യതകൾ ആരാഞ്ഞിരുന്നു എന്നൊരു ആരോപണം ഉയർന്നല്ലോ. എന്താണ് അതിന് പിന്നിലുള്ള വസ്തുത? ഉമ്മൻ ചാണ്ടിയുമായി താങ്കൾ ചർച്ച നടത്തിയെന്ന ആരോപണവും ശക്തമാണ്.

ജീവിതത്തിൽ ധാരാളം ശത്രുക്കൾ ഉണ്ടാകാറുണ്ടല്ലോ. ഇത് അവരുടെ പ്രചാരണമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി സിപിഐ അടക്കമുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികൾ യുഡിഎഫിൽ ചേരുമെന്ന് ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ തുറന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ യുഡിഎഫിലേക്ക് എന്ന ഊഹാപോഹം ശക്തമായത്.

നമ്മുടെ രാജ്യത്ത് സ്വപ്‌നം കാണാൻ ലൈസൻസ് ആവശ്യമില്ല. ആർക്കും സ്വപ്‌നം കാണാൻ സാധിക്കും. അത് പ്രേമചന്ദ്രൻ കണ്ട സ്വപ്‌നമാണ്.

സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തോടുള്ള എതിർപ്പാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ എന്നായിരുന്നു വാർത്തകൾ.

ഈ തെരഞ്ഞെടുപ്പിന്റെ കാലത്തുതന്നെ പറഞ്ഞിരുന്നു, ജേഷ്ഠനേയും അനുജനേയും നിശ്ചയിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ സിപിഐ തന്നെയാണ് മുതിർന്നത്. സിപിഎം അല്ല വല്യേട്ടൻ.

സത്യത്തിൽ സിപിഎമ്മിനെക്കുറിച്ച് അങ്ങനൊരു ആരോപണം താങ്കൾക്കും പാർട്ടിക്കുമുണ്ടോ?

സിപിഎമ്മും സിപിഐയും വ്യത്യസ്ഥ പാർട്ടികളാണ്. അതുകൊണ്ടുതന്നെ പല കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. യോജിപ്പിന്റെ മേഖല വിപുലപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം.

കെ പി രാജേന്ദ്രൻ, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ തുടങ്ങി പ്രമുഖരെ മുഴുവൻ മാറ്റി നിർത്തിയാണ് സിപിഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷത്തിന് നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പായിട്ടും എന്തുകൊണ്ടാണ് ഇത്രയധികം മുതിർന്ന നേതാക്കന്മാരെ മാറ്റിനിർത്തിയത്?

ഈ നേതാക്കന്മാരെല്ലാം തന്നെ 2011ലെ തിരഞ്ഞെടുപ്പിലും ഞങ്ങൾ മാറ്റിനിർത്തിയതാണ്. രണ്ടോ മൂന്നോ തവണയിൽ കൂടുതൽ മത്സരിച്ചവരെ മാറ്റിനിർത്തണം എന്നത് പൊതു തീരുമാനം ആയിരുന്നു. അത് നടപ്പിലാക്കാനാണ് ശ്രമിച്ചത്. അല്ലാതെ പുതിയ ആളുകൾക്ക് എങ്ങനെ അവസരം കിട്ടും. പതിനഞ്ച് പുതിയ സ്ഥാനാർത്ഥികളെയാണ് സിപിഐ പരീക്ഷിച്ചത്. കൂട്ടായ തീരുമാനം ഉണ്ടായപ്പോൾ നാല് പുതിയ മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറും ഉണ്ടായി. ഞങ്ങൾ ചെറുപ്പക്കാർക്ക് മുൻതൂക്കം നൽകിയത് ജനങ്ങൾ സ്വീകരിച്ചു. ജെഎൻയുവിൽ നിന്നുള്ള മുഹമ്മദ് മൊഹ്‌സിൻ പട്ടാമ്പിയിലെ പാർട്ടിയംഗമാണ്. മൂവാറ്റുപുഴയിൽനിന്ന് എൽദോ. ഇതെല്ലാം ജനങ്ങൾ സ്വീകരിച്ചവരാണ്. വൈക്കത്ത് ഞങ്ങൾ സ്ഥിരമായി ജയിക്കുന്ന സീറ്റാണ്. അവിടെ ആശയെന്ന പെൺകുട്ടിയെ സ്ഥാനാർത്ഥിയാക്കി. 25,000ത്തിലധികം വോട്ടുകൾക്കാണ് ജയിച്ചത്. പുതിയ തലമുറയെ കൊണ്ടുവരാൻ വേണ്ടിയാണ് പഴയ നേതാക്കന്മാരെ മാറ്റിയത്. മാറ്റിയത് എന്നും പറയാൻ പറ്റില്ല. മാറിയതാണ്.

നേതാക്കന്മാർക്ക് ഒരു പഞ്ഞവുമില്ലാത്ത പാർട്ടിയാണ്. 27 സീറ്റിലും മത്സരിക്കാൻ നേതാക്കന്മാരുണ്ട്. അവരെല്ലാം മത്സ രിക്കാൻ തീരുമാനിച്ചാൽ പുതിയ തലമുറയിലെ ആർക്കും ഇടം കിട്ടില്ല. ഞാൻ 32ആം വയസിൽ വാഴൂർ മണ്ഡലത്തിൽനിന്ന് മത്സ രിച്ചതാണ്. രണ്ട് തവണ മത്സ രിച്ചു ജയിച്ചു. പിന്നീട് തോറ്റു. ഇപ്പോഴും ഞാൻ തന്നെ മത്സ രിച്ചാലെ ജയിക്കൂ എന്ന് പറയാൻ പറ്റില്ലല്ലോ.

മത്സരിച്ച 27 സീറ്റുകളിൽ 19 ഇടത്ത് ജയിക്കാൻ പാർട്ടിക്ക് സാധിച്ചു. ഇതിൽ ജയസാധ്യത കുറവമായ മൂവാറ്റുപുഴയും തൃശൂരും നെടുമങ്ങാടും പാർട്ടി സ്വന്തമാക്കിയത് സ്ഥാനാർത്ഥികളെ മണ്ഡലം മാറ്റിനിർത്തിയത് കൊണ്ടാണ്. ഇതെല്ലാം കാനം രാജേന്ദ്രന്റെ വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇത് കൂട്ടായ തീരുമാനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. സ്ഥാനാർത്ഥികളെ സിപിഐ കൂട്ടായി തീരുമാനിച്ചതാണ്. അല്ലാതെ ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ല. പാർട്ടി എക്‌സിക്യൂട്ടീവിൽ തീരുമാനിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. കയ്പ്പമംഗലത്ത് സുനിൽകുമാർ വിജയിച്ചിരുന്ന സീറ്റാണ്. അവിടെ നിന്ന് മാറ്റി തൃശൂരിൽ നിർത്താൻ തീരുമാനിച്ചത് പാർട്ടിയാണ്. അപ്പോൾ തൃശൂരിലും വിജയിച്ചു കയ്പ്പമംഗലത്തും വിജയിച്ചു. അങ്ങനെ സ്ഥാനാർത്ഥികളെ മാറ്റാൻ തീരുമാനിച്ചത് മികച്ച വിജയങ്ങളാണ് ഉണ്ടാക്കിയത്. ധീരമായ തീരുമാനങ്ങൾ എടുത്തതു കൊണ്ടാണ് ഇത്ര വലിയ വിജയം പാർട്ടിക്കുണ്ടായത്. പുതുമുഖങ്ങളെ കൊണ്ടുവരാൻ തീരുമാനിച്ചത് കൊണ്ടാണ് ഇത്ര വലിയ വിജയം ഉണ്ടായതെന്നാണ് എന്റെ വിലയിരുത്തൽ.

പല തരത്തിൽ നോക്ക�